Pages

Thursday, October 3, 2019

രണ്ട് വരകൾ
---------------------
✒Haneef Labbakka Pakyara
അദ്ധ്യാപകൻ ക്ലാസ്സിലേക്ക് കയറിയ ഉടനെ ബോർഡിൽ ഒരു വര വരച്ചു,
എന്നിട്ട് വിദ്യാർത്ഥികളോട് പറഞ്ഞു,“ഈ വരയിൽ ഒന്നും ചെയ്യാതെ  ഈ വരയെ ചെറുതാക്കണം,ആർക്ക് സാധിക്കും?"

വിദ്യാർത്ഥികൾ ആശ്ചര്യപ്പെട്ടു,
ആ വരയെ ഒന്നും ചെയ്യാതെ എങ്ങിനെയാണ് ചെറുതാക്കാനാകുക?
വിദ്യാർത്ഥികൾ പറഞ്ഞു,“ആ വരയെ ഒന്നും ചെയ്യാതെ അതിനെ ചെറുതാക്കാൻ ഒരിക്കലും സാധ്യമല്ല”

അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഒന്ന് നോക്കി മറ്റൊന്നും പറയാതെ
ആ ചെറിയ വരക്ക് നേരെ താഴെ മറ്റൊരു വര വരച്ചു മുമ്പത്തിനേക്കാൾ വലിയ വര.
ആദ്യത്തെ വരയെ ഒന്നും ചെയ്യാതെ തന്നെ ആ വര ചെറുതാകുകയും ഇപ്പോൾ വരച്ചത് വലിയ വരയാകുകയും ചെയ്തു.

ആ വിദ്യാർത്ഥികൾ അന്ന് അവരുടെ ജീവിതത്തിലെ വലിയ ഒരു പാഠം പഠിച്ചു.
മറ്റുള്ളവർക്ക് നഷ്ടം വരുത്താതെ
മറ്റുള്ളവരെ മോശക്കാരാക്കാതെ
അവരോട് അസൂയപ്പെടാതെ
മറ്റുള്ളവരേക്കാൾ മുന്നിലെത്താനുള്ള
കഴിവ് ആ വിദ്യാർത്ഥികൾ കുറഞ്ഞ സമയം കൊണ്ട് തന്നെ പഠിച്ചിരുന്നു.

തീർച്ചയായും ജീവിതത്തിൽ മുന്നേറാൻ  ശ്രമിക്കണം,എന്നാൽ അത് ഒരിക്കലും മറ്റുള്ളവരെ വീഴ്ത്തിയാകരുത്.
അതാണ് മനുഷ്യത്വം.
പെൺ മക്കൾ
————————
✒Haneef Labbakka Pakyara
പെൺകുട്ടികൾ‌ പഠിക്കുന്ന സ്കൂളിലെ ടീച്ചർ സുന്ദരിയും,പഠിപ്പിക്കാൻ ഏറെ കഴിവുള്ള ടീച്ചറുമായിരുന്നു.
കല്ല്യാണം കഴിഞ്ഞിരുന്നില്ല അവരുടെ.

ഒരു ദിവസ്സം പെൺകുട്ടികൾ ടീച്ചറോട് ചോദിച്ചു,
“മിസ്സ്,നിങ്ങൾ‌ ഇത് വരെ എന്ത് കൊണ്ടാണ് കല്ല്യാണം കഴിക്കാത്തത്?”
ടീച്ചർ പറഞ്ഞു,
“ഞാൻ ഒരു കഥ പറയാം,
എല്ലാവരും ശ്രദ്ധിച്ച് കേൾക്കണം”

“ഒരു വീട്ടിലെ മാതാപിതാക്കൾക്ക് നാല് പെൺ മക്കൾ ഉണ്ടായിരുന്നു,
അഞ്ചാമതും ആ സ്ത്രീ ഗർഭിണിയായി,
പ്രസവത്തിന്റെ ദിവസ്സം അടുക്കുന്തോറും
ഭർത്താവ് ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു,
ഭർത്താവ് പറഞ്ഞു,“ഈ പ്രാവശ്യവും പെൺകുഞ്ഞ് ആണെങ്കിൽ എവിടെയെങ്കിലും കൊണ്ട് പോയി കളയും ഞാൻ അതിനെ”

എന്നാൽ‌ വിധിയെ മാറ്റാൻ ആർക്കും സാധ്യമല്ലല്ലൊ
ഈ പ്രാവശ്യവും‌ പെൺകുഞ്ഞിന് തന്നെയാണ് ആ മാതാവ് ജന്മം നൽകിയത്.

“രാത്രി ഭർത്താവ് കുഞ്ഞിനെയുമെടുത്ത്  പോയി കവലയിലെ സ്ട്രീറ്റ് ലൈറ്റിന് താഴെ വെച്ചു.
പാവം മാതാവ് രാത്രി മുഴുവൻ ആ പിഞ്ചു പൈതലിനു വേണ്ടി‌
പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
പിറ്റേ ദിവസം അതിരാവിലെ പിതാവ് കവലയിൽ ചെന്ന് നോക്കിയപ്പോൾ കുഞ്ഞ് അവിടെത്തന്നെ ഉണ്ടായിരുന്നു,
ആരും കുഞ്ഞിനെ കൊണ്ട് പോയിരുന്നില്ല.
പിതാവ് കുഞ്ഞിനെയുമെടുത്ത് തിരിച്ച് വീട്ടിലേക്ക് വന്നു”

“പിറ്റേ ദിവസ്സം രാത്രിയും കുഞ്ഞിനെക്കൊണ്ട്‌ പോയി കവലയിൽ വെച്ചു,
പക്ഷെ;അതിന്റെ പിറ്റേ ദിവസ്സം അതിരാവിലെ പോയി നോക്കുമ്പോൾ കുഞ്ഞ് അവിടെ തന്നെ ഉണ്ടായിരുന്നു
ആരും കൊണ്ട് പോയിരുന്നില്ല.
ഇതേ പോലെ മൂന്ന് ദിവസ്സം തുടർന്നു,
അവസാനം ആ പിതാവ് സൃഷ്ടാവിന്റെ വിധിയിൽ വിശ്വസിച്ച് കുഞ്ഞിനെ കൊണ്ട് പോയി കളയാനുള്ള ശ്രമം ഉപേക്ഷിച്ചു”

“ഒന്നര വർഷത്തിനു ശേഷം ആ മാതാവ് വീണ്ടും ഒരു കുഞ്ഞിന് കൂടി ജന്മം നൽകി.
അത് ആൺകുട്ടിയായിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് പെണ്മക്കളിൽ ഒരു പെൺ കുഞ്ഞ് രോഗം വന്ന് മരണപ്പെട്ട് പോയി”

“വീണ്ടും മാതാവ് ഗർഭിണിയാകുകയും
ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു,
എന്നാൽ വിധി ആ മാതാവിനെ പരീക്ഷിച്ച് കൊണ്ടിരുന്നു,
ഓരോ ആൺകുഞ്ഞ് ജനിച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും ഒരു പെൺകുഞ്ഞ് എന്തെങ്കിലും രോഗമോ അപകടമോ കാരണം മരണപ്പെട്ട് പോകുമായിരുന്നു”

“അവസാനം ആ വീട്ടിൽ നാല് ആൺ കുട്ടികൾ ഉണ്ടാകുകയും എന്നാൽ പെൺകുട്ടികളിൽ ഒരാൾ ഒഴികെ എല്ലാവരും മരണപ്പെട്ട് പോകുകയും ചെയ്തു.
ബാക്കി ഉണ്ടായിരുന്നത് പിതാവ് അന്ന് കൊണ്ട് പോയി കളയാൻ ശ്രമിച്ച പെൺകുട്ടി ആയിരുന്നു”

“ഒരു ദിവസ്സം ആ മാതാവും മരണപ്പെട്ടു.
നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും പിതാവും ആ വീട്ടിൽ ജീവിച്ചു.
കുട്ടികൾ എല്ലാവരും വലിയ കുട്ടികളായി”

ടീച്ചർ തുടർന്നു,
“ആ വീട്ടിലെ പിതാവ് കൊണ്ട് പോയി കളയാൻ ശ്രമിച്ച ആ പെൺകുട്ടിയാണ്
ഈ ഞാൻ”

“ ഞാൻ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം,
എന്റെ പിതാവിന് പ്രായമേറെയായി
സ്വയം ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല,
എന്റെ സഹോദരന്മാരെല്ലാം കല്ല്യാണം കഴിച്ച് താമസവും മാറി,
ഇപ്പോൾ പിതാവിനെ പരിചരിക്കാനും ശ്രദ്ധിക്കാനും ഞാനല്ലാതെ മറ്റാരുമില്ല”

“സഹോദരന്മാർ ഇടക്ക് വന്ന് സുഖവിവരങ്ങൾ അന്വേഷിക്കും,
എന്റെ പിതാവ് ഇടക്കിടയ്ക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് പറയും,
“ചെറുപ്പത്തിൽ ഞാൻ നിന്നോട് ചെയ്ത് പോയ തെറ്റിന് നീ എനിക്ക് മാപ്പ് നൽകണേ മോളേ..”

ടീച്ചർ തുടർന്നു,
“ഞാൻ ഒരു കഥ വായിച്ചിരുന്നു,
ഒരു പിതാവും മകനും ഫുട്ബോൾ കളിച്ച് കൊണ്ടിരിക്കെ മകന് പ്രോൽസാഹനം ലഭിക്കട്ടെ എന്ന് കരുതി പിതാവ് എപ്പോഴും കളിക്കിടെ തോറ്റ് കൊടുക്കുമായിരുന്നു”

“ഇത് ആ പിതാവിന്റെ മകൾ എന്നും കാണുമായിരുന്നു,
മകൾക്ക് പിതാവ് എന്നും പരാജയപ്പെടുന്നത് കണ്ട് സഹിച്ചില്ല,
ഒരു ദിവസ്സം പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് മകൾ പറഞ്ഞു,
“ഉപ്പയുടെ കൂടെ ഞാൻ കളിച്ചോട്ടെ ഉപ്പാ.,
ഉപ്പ ഇങ്ങിനെ തോൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നില്ല..
ഉപ്പാക്ക് വേണ്ടി ഞാൻ തോൽക്കാം ഉപ്പാ.”
ടീച്ചർ പറഞ്ഞു നിർത്തി.

ഓർക്കുക പെൺമക്കൾ പിതാവിന് സൃഷ്ടാവിൽ നിന്നും ലഭിക്കുന്ന ഏറ്റവും‌ വലിയ അനുഗ്രഹങ്ങളിലൊന്നാണ്.
അവൾ കാരുണ്യമാണ്..
മറക്കില്ല ഈ ആയുസ്സുള്ളവരേക്കും
-------------------------
✒Haneef Labbakka Pakyara
“എന്റെ മോൻ എന്നോട് നേര് പറഞ്ഞേ,
കളവ് പറയല്ലേ മോനേ..
എന്താ ന്റെ മോനോട് ഡോക്ടർ പറഞ്ഞത്?”
തലമുടിയിൽ തടവിക്കൊണ്ടാണ്
എന്റെ ഈ ലോകത്തിലെ സ്വർഗ്ഗം
എന്റെ പൊന്നുമ്മ എന്നോട് ചോദിച്ചത്.

പിടിച്ചു നിൽക്കുകയായിരുന്നു,
ഞാനെന്ന ധൈര്യശാലി.
പക്ഷെ ആ സ്നേഹത്തിനു മുന്നിൽ
ആ താലോടലിനു മുന്നിൽ
തോറ്റു പോയി..

ചുണ്ടുകൾ വിറച്ചു
ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്ക് വരാൻ പാടു പെട്ടു

“ഉമ്മാ ന്റെ ഉമ്മ പേടിക്കരുത്..”
“എനിക്ക് കേൻസറാണത്രെ ഉമ്മ..
ഒപറേഷനും മറ്റും പെട്ടെന്ന് ചെയ്യണം
പക്ഷേ...”

“പിന്നെന്താണ് ന്റെ മോനെ പക്ഷെ;?!!”

ഉമ്മാ ഡോക്ടർ പറയുന്നത്,
“എനിക്കിനി ഏറിയാൽ ആറ് മാസമേ ഉള്ളുവത്രെ ഉമ്മാ..”

“യാ അല്ലാഹ്...”
ചേർത്ത് പിടിച്ചു
എന്റെ മുഖം പൊട്ടിക്കരഞ്ഞു ഉമ്മ.

“എനിക്ക് എന്റെ മോനെ കണ്ടിട്ട്
കൊതി തീർന്നിട്ടില്ലല്ലോ അല്ലാഹ്..”
“പതിനേഴാമത്തെ വയസ്സിൽ‌ കടൽ കടന്ന് പോയതല്ലെ,
മുപ്പത് വർഷമായില്ലെ നാട് വിട്ടിട്ട്..
ഇന്നിപ്പോൾ ഞാനെങ്ങിനെ സഹിക്കും
അല്ലാഹ്”

“ഉമ്മാ ഇനി ഒരു ടെസ്റ്റ് കൂടി കിട്ടാനുണ്ട്,
നാളെ ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേക്ക് കിട്ടുമെന്നാ ഡോക്ടർ പറഞ്ഞത്”

“ഇല്ല മോന് ഒന്നും ഉണ്ടാകില്ല,
നാളെ അല്ലാഹ് നമുക്ക് നല്ലതേ കേൾപ്പിക്കൂ..
നമുക്ക് ദുആ ചെയ്യാം അല്ലാഹുവിനോട്”

രാത്രിയിൽ ഭക്ഷണം ഇറങ്ങുന്നില്ല,
തൊണ്ടയ്ക്ക് താഴെ ഇറങ്ങുന്നില്ല,
ഉമ്മ അടിത്തിരുന്ന് പത്തിരി കഷ്ണങ്ങളാക്കി പ്ലൈറ്റിലിട്ട് കറി ഒഴിച്ച്
“കഴിക്ക് മോനേ.."എന്ന് പറഞ്ഞ് കൊണ്ടേയിരുന്നു

രാത്രി ഉറക്കം വരുന്നില്ല
തിരിഞ്ഞും മറിഞ്ഞും
കിടന്നു
അല്ലാഹുവിനോട് ദുആ ചെയ്ത് കൊണ്ടിരുന്നു.

ഇടയ്ക്കിടക്ക് ഉമ്മയുടെ മുറിയുടെ വാതിൽക്കൽ ചെന്ന് നോക്കി
കട്ടിലിൽ ഇരുന്ന് ദുആ ചെയ്ത് കൊണ്ടിരിക്കുന്ന ഉമ്മയെ കണ്ടു

അകത്തേക്ക് ചെന്നു,
ഉമ്മയുടെ അരികിൽ ഇരുന്നു.
ഒരു കൈയിൽ ഖുർആൻ പിടിച്ച്
മറു കൈ കൊണ്ട് എന്റെ തല തടവിക്കൊണ്ട് ഉമ്മ ചോദിച്ചു,
“ഉറക്കം വരുന്നില്ലേ മോനേ..”
“ഇല്ല ഉമ്മാ...”.
തലയെ ഉമ്മയോട് ചേർത്ത് വെച്ചു.
“എന്റെ ഉമ്മ എനിക്ക് മാപ്പാക്കണം
അറിയാതെ ഞാൻ ഉമ്മാനെ
ബേജാറാക്കിപ്പോയിട്ടുണ്ടെങ്കിൽ”

“എന്തിന് മോനെ ഇങ്ങിനെ സങ്കടപ്പെടുന്നത്?”
എന്റെ മോനെ ഞാനല്ലെ ബേജാറാക്കിട്ടുണ്ടാകൂ..”
“ന്റെ മോന് ഒന്നും ഉണ്ടാകില്ല
ഇൻ ഷാ അല്ലാഹ് നാളെ
ഡോക്ടർ വിളിച്ച് ഒന്നൂല്ലാന്ന് പറയും”

എപ്പോഴോ അറിയാതെ കണ്ണടച്ചു

സുബ് ഹി ബാങ്ക് കേട്ടാണ് ഉണർന്നത്
വേഗം പള്ളിയിലേക്ക് പോകാൻ റെഡിയായി
വാതിൽ തുറന്ന് വാതിലനടുത്ത് നിന്നിരുന്ന ഉമ്മയുടെ
നെറ്റിയിൽ മുത്തം നൽകി
“ഞാൻ നിസ്കരിച്ചിട്ട് വരാം ഉമ്മാ
ദുആ ചെയ്യ് ഉമ്മാ..”

കഴിയുന്നില്ല സങ്കടം
ഒരു ദിവസം കൊണ്ട്
ജീവിതം ആകെ മാറി മറിഞ്ഞത്
പോലെ

ഇന്നലെ രാവിലെ എത്ര സന്തോഷത്തോടെയാണ്
എല്ലാവരും ഹോസ്പിറ്റലിലേക്ക് ടെസ്റ്റിനും മറ്റും പോയത്
ചിന്തിച്ചിട്ട് പോലുമില്ല
ഇങ്ങിനെ ഒരു റിസൾട്ട് ആയിരിക്കുമെന്ന്
ഒന്നുമുണ്ടാകില്ല എന്ന പൂർണ്ണ വിശ്വാസമായിരുന്നു.

പള്ളിയിൽ നിന്നും വന്നു
ഉച്ച വരെ എല്ലാവരും ദുആകളുമായി
കഴിഞ്ഞു
അർക്കും വിശപ്പ് തോന്നിയില്ല
പേരിന് എന്തൊക്കെയോ കഴിച്ചെ‌ന്ന് വരുത്തി.

സമയം പന്ത്രണ്ട് കഴിഞ്ഞ്
നെഞ്ചിടിപ്പ് കൂടി
ഉമ്മായുടെ അടുത്ത് പോയിരുന്നു
ഒരു മണിയായി

ഡോക്ടറുടെ കോൾ വന്നില്ല
ഒന്നേ കാൽ ആയി
അങ്ങോട്ടേക്ക് വിളിച്ചു
ബിസിയായിരുന്നു
അഞ്ചു മിനിറ്റ് കഴിഞ്ഞു
ഡോക്ടറുടെ കോൾ വന്നു,
“സർ പറയൂ..”
“പേടിക്കരുത് ഞാൻ സംശയിച്ചതും
ഇന്നലത്തെ റിപ്പോർട്ടും പോലെത്തന്നെ
ഇന്നത്തെ റിപ്പോർട്ടും,
ഇന്ന് തന്നെ നിങ്ങൾ വരണം”

ഫോൺ കട്ട് ചെയ്തു
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി
എന്നാൽ
മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ
ഉറക്കെ വിളിച്ചു പറഞ്ഞു
തളരരുത്
ധൈര്യം കൈ വിടരുത്
ഉമ്മയ്ക്ക് ധൈര്യവും സമാധാനവും
സന്തോഷവും നൽകണം.

എവിടെ നിന്നോ ശക്തി ലഭിച്ചത് പോലെ
ഉമ്മയെ നോക്കി
പറഞ്ഞു
“ഉമ്മാ ഇല്ല ഉമ്മാ
റിപ്പോർട്ട് എന്തായിക്കോട്ടെ,
അല്ലാഹ് നമ്മളെ കൈവിടില്ല ഉമ്മാ”
“എന്റെ ഉമ്മാന്റെ ദുആ അല്ലാഹ്
കേൾക്കാതിരിക്കില്ല
നമുക്ക് ഇന്ന് തന്നെ ഡോക്ടറെ കാണാം”

പല ആശുപത്രികൾ
പല ഡോക്ടർമാർ
വർഷങ്ങൾ കഴിഞ്ഞു
ധൈര്യവും സമാധാനവും നൽകി
കൂടെ നിന്ന കൂട്ടുകാർ
ബന്ധുക്കൾ
എത്രയെത്ര പേർ
മറക്കില്ല
ഈ ആയുസ്സുള്ളവരേക്കും

നന്ദിയുണ്ട് പ്രിയരേ
ഏറെ നന്ദിയുണ്ട്
അവളുടെ ഡയറി
--------------------------
📝Haneef Labbakka Pakyara
WhatsApp 0091 9847378277
ഞാൻ ഭർത്താവിനോടൊപ്പമാണ്
എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.
എനിക്ക് വിഷമമില്ല മറിച്ച് ഞാൻ  സൃഷ്ടാവിന്റെ അനുഗ്രഹം
മനസ്സിലാക്കി സന്തോഷിക്കുന്നു
കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും വിവാഹമോചിതരെക്കുറിച്ചും
ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻ
ചിന്തിക്കുന്നത്.

എന്റെ മക്കൾ എന്നോട് രാത്രി കൊതുക് കടിച്ചിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല
രാവിലത്തെ ഭക്ഷണം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എന്നോട് പിണങ്ങുമ്പോഴും ഞാൻ സന്തോഷിക്കുന്നു.
കാരണം എന്റെ മക്കൾ രാത്രിയിൽ വീട്ടിൽ വന്ന് കിടന്നുറങ്ങുന്നു
അനാവശ്യ കൂട്ട് കെട്ടുകളില്ല
ഇഷ്ടമല്ല എന്ന് പറഞ്ഞാലും ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നു.
മക്കളില്ലാത്തവരെക്കുറിച്ചും
മാതാപിതാക്കളെ അനുസരിക്കാതെ ജീവിക്കുന്ന മക്കളെക്കുറിച്ചും ചിന്തിക്കുന്നു ഞാൻ
തീർച്ചയായും സൃഷ്ടാവിന്റെ അനുഗ്രഹം മനസ്സിലാക്കി അവനെ സുതുതിക്കുന്നു.

കറന്റ് ബില്ലും ഗ്യാസിനും മറ്റും‌ ചിലവ് കൂടുമ്പോഴും ഭർത്താവ് ഇടക്ക് വഴക്ക് പറയും പക്ഷെ അപ്പോഴും ഞാൻ സങ്കടപ്പെടാറില്ല
അവ ഇല്ലാതെ ജീവിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് ചിന്തിക്കുന്നു ഞാൻ.
സൃഷ്ടാവ് നൽകിയ അനുഗ്രഹത്തെ ഓർക്കുന്നു ഞാൻ.

എല്ലാ ദിവസ്സവും വീടും മുറ്റവും
ജനലും വാതിലുകളും  വൃത്തിയാക്കേണ്ടി വരുന്നു എനിക്ക്
പക്ഷെ ഞാൻ സന്തോഷിക്കുന്നു
ഒരു വീട് സ്വപ്നം കണ്ട് ജീവിക്കുന്നവരെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്
അപ്പോഴാണ് സൃഷ്ടാവിന്റെ അനുഗ്രഹം
മനസ്സിലാക്കുന്നതും സന്തോഷിക്കുന്നതും.

എല്ലാ ദിവസ്സവും അതിരാവിലെ എഴുന്നേൽക്കേണ്ടി വരുന്നു എനിക്ക്
പുഞ്ചിരിച്ച് കൊണ്ട് ഞാൻ സൃഷ്ടാവിനെ സ്തുതിച്ച് കൊണ്ട് എഴുന്നേൽക്കുന്നു
എനിക്ക് പുതിയ ഒരു പ്രഭാതം കൂടി കഴിവ് നൽകിയ സൃഷ്ടാവിനോട് നന്ദി പറയുന്നു
എത്ര പേരാണ് ഈ പ്രഭാതം കാണാതെ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുക
എത്ര പേരാണ് എന്നെപ്പോലെ എഴുന്നേൽക്കാനോ നടക്കാനോ സാധിക്കാതെ കിടക്കുന്നത്,
ഞാൻ അതാണ് ചിന്തിക്കുന്നത്.

ഇത്  എനിക്കും നിങ്ങൾക്കും വായിക്കാൻ സാധിക്കുന്നു നമ്മുടെ കണ്ണിന് കാഴ്ച ശക്തിയുണ്ട് എത്ര അനുഗ്രഹം ലഭിച്ചവരാണ്.
ഇത് വായിക്കാൻ കഴിയാത്ത മനസ്സിലാക്കാൻ കഴിയാത്തവരായി
ഈ ലോകത്ത് എത്ര പേരുണ്ട് അവരെക്കുറിച്ചോർക്കുമ്പോൾ നമുക്ക് ലഭിച്ച
അനുഗ്രഹം മനസ്സിലാക്കി  സന്തോഷിക്കൂ..

ജീവിതത്തിലെ വിലയേറിയ അനുഗ്രഹങ്ങളെ മനസ്സിലാക്കി നമ്മുടേയും നമ്മുടെ കൂടെയുള്ളവരുടേയും ജീവിതം സന്തോഷമാക്കാൻ ശ്രമിക്കുക.

വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം.

ഞാൻ ഏറെ സന്തോഷിക്കുന്നു
എന്റെ കുഞ്ഞു വരികൾ നിങ്ങളിലേക്ക് എത്തുന്നു.
അതിൽ സന്തോഷം കണ്ടെത്തുന്നു ഞാൻ.
ഒരു ഇസ്തിരിയുടെ കഥ
---------------------
📝Haneef Labbakka Pakyara
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ
ഒരിക്കൽ അവധിക്ക് വീട്ടിൽ വന്നപ്പോൾ ഉമ്മയോട് സംസാരത്തിനിടയ്ക്ക് പറഞ്ഞു,“ഞാൻ കൂടെ പഠിക്കുന്ന ചില കുട്ടികളുടെ ഡ്രസ്സിന് ഇസ്തിരി ഇട്ട് കൊടുക്കാറുണ്ട്,
അവർ എനിക്കതിന് കാശും തരും”.

അവൾ ആ കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞു,
“അങ്ങിനെ ചെയ്യരുതെന്ന് പറയണം,
സാധിക്കുമെങ്കിൽ അവൻ അവർക്ക് ഇസ്തിരി ഇട്ട് കൊടുത്തോട്ടെ,പക്ഷെ; പ്രതിഫലമൊന്നും വാങ്ങിക്കണ്ട എന്ന് പറയണം”.

അവൾ പറഞ്ഞു,“ഞാൻ അത് പറഞ്ഞതാ അവനോട്.
അപ്പോൾ അവൻ പറയുന്നു,“നല്ല കാശുള്ള വീട്ടിലെ കുട്ടികളുടെ ഡ്രസ്സിനാ ഞാൻ
ഇസ്തിരി ഇട്ട് കൊടുക്കാറ്,
അവരുടെ കൈയിൽ നല്ല കാശ് ഉണ്ട് എന്ന്”.

ഭർത്താവ് ചിരിച്ചു കൊണ്ട് പറഞ്ഞു,
“അവന്റെ ഒരു കാര്യം”

“അതല്ല അവൻ എന്നിട്ട് ആ കാശ് എന്ത് ചെയ്യുന്നു,എത്ര കാശാ വാങ്ങിക്കുന്നത്?”

ഭാര്യ പറഞ്ഞു,“എത്ര കാശാ വാങ്ങിക്കുന്നതെന്നൊന്നും ചോദിച്ചിട്ടില്ല ഞാൻ”
“പിന്നെ ...കാശ് എന്ത് ചെയ്യാനാ അവൻ... ഐസ്ക്രീമോ,ചോക്ലെറ്റോ വാങ്ങിക്കാണും”.

അവർ അത് പറഞ്ഞു ചിരിച്ചു.
അന്ന് രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് ഇരിക്കുമ്പോൾ ഉപ്പ ചോദിച്ചു മകനോട്,
“ഇസ്തിരിയൊക്കെ ഇട്ട് നല്ല പൈസ ഉണ്ടാക്കുന്നുണ്ടല്ലെ?”

അവൻ ചിരിച്ചു,“എപ്പോഴും ഇല്ല ഉപ്പാ..
ഇടക്ക് ചില കുട്ടികൾക്ക് ഇട്ട് കൊടുക്കും”.
“അവർ തരുന്ന പൈസ വാങ്ങിക്കും”.

“എന്നിട്ട് എന്ത് ചെയ്തു കാശൊക്കെ?”

“അതിന് ഞാൻ അത്രയൊന്നും വാങ്ങിക്കാറില്ല”.

“എങ്കിലും കിട്ടിയത് എന്ത് ചെയ്തു?”

“അത് ഞാൻ”...
എന്ന് പറഞ്ഞ് അവൻ താഴോട്ട് നോക്കി.

“എന്ത് പറ്റി?..
“സാരമില്ല ,ഉപ്പ വെറുതെ ചോദിച്ചതാ”.

ഉമ്മ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു, “അതെന്താ ഉപ്പ ചോദിക്കുമ്പോൾ നിനക്ക് എന്ത് ചെയ്തു പൈസ എന്ന് പറഞ്ഞാൽ?!”

“നീ മിണ്ടാതിരുന്നേ,സാരമില്ല പോട്ടെ”
ഉപ്പ മകന് വേണ്ടി വാദിച്ചു.

മകൻ മെല്ലെ തല ഉയർത്തി
പറഞ്ഞു,
“ഉപ്പാ എനിക്ക് കിട്ടുന്ന പൈസ ഞാൻ കൂടെ പഠിക്കുന്ന എന്റെ കൂട്ടുകാരനാണ്
കൊടുക്കാറ്”
അത് പറഞ്ഞപ്പോൾ
അവന്റെ കണ്ണ് നിറഞ്ഞത് പോലെ തോന്നി ഉപ്പാക്ക്.

ഉപ്പ അവനെ ചേർത്ത് പിടിച്ചു
“ഏത് കൂട്ടുകാരനാ മോനെ?”
“എന്തിനാ മോൻ സങ്കടപ്പെടുന്നത്?”

“ഒന്നുമില്ല ഉപ്പ” .
“അവൻ പാവമാ ഉപ്പാ”.
“എന്നെക്കാൾ ചെറുതാ അവൻ”.

“ഒരു ദിവസം ഉമ്മയും,ഉപ്പയും എന്നെ കാണാൻ വന്നപ്പോൾ ബിസ്കറ്റുകളും
ഫ്രൂട്ട്സുമെല്ലാം കൊണ്ട് വന്നിരുന്നു”.
“അന്ന് ഞാൻ അത് കഴിക്കുമ്പോൾ‌
അവനും കൊടുത്തു,

അവൻ മുന്തിരി കഴിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു”
“എന്താണെന്ന് ചോദിച്ചപ്പോൾ,അവൻ ആദ്യം പറഞ്ഞില്ല”

പിന്നെ ഞാൻ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു,
“എന്റെ ഉപ്പ മരിച്ചു പോയി,
ഞാനും,ഉമ്മയും,അനുജനും അനുജത്തിയും വാടക വീട്ടിലാണ് താമസം”

“എന്നെ ഇവിടെ ചേർക്കാൻ കൊണ്ട് വരുന്നതിന്ന് തലേ ദിവസം എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഞങ്ങൾ മാർക്കറ്റിൽ പോയിരുന്നു,
അന്ന് ഒരു കടയിൽ മുന്തിരി കണ്ട്
എന്റെ കുഞ്ഞു പെങ്ങൾ കരഞ്ഞു,
ഉമ്മാന്റെ കൈയിൽ ഉണ്ടായിരുന്ന പൈസ തീർന്ന് പോയത് കൊണ്ട്,
ഉമ്മ“ഇനിയൊരിക്കൽ‌ വാങ്ങിത്തരാം മോളെ”..എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു.

ഞാനിപ്പോൾ ഇത് തിന്നുമ്പോൾ എന്റെ കുഞ്ഞു പെങ്ങളെ ഓർത്ത് പോയി”

“പാവങ്ങൾ ....ഏറെ കഷ്ടത്തിലാ ഉപ്പാ അവരുടെ ജീവിതം,
പലരും സഹായിക്കുമത്രെ,പക്ഷെ; അവന്റെ ഉമ്മാക്ക് സുഖമില്ല,
ആശുപത്രിയിൽ തന്നെ കുറെ കാശ് ചിലവാകും എന്ന് പറഞ്ഞു ,അവൻ”.

“അതിനു ശേഷം ഞാൻ
പൈസക്കാരായ പിള്ളേരോട് ഇസ്തിരി ഇടാനുണ്ടെങ്കിൽ പറഞ്ഞോ ഞാൻ ഇട്ട്
തരാം എന്നും
കാശ് തരണമെന്നും പറഞ്ഞു,
അവർ സമ്മതിച്ചു,
ആ കിട്ടുന്ന കാശ് ഞാൻ എന്റെ  കൂട്ടുകാരന് നൽകും,
അവൻ വേണ്ട എന്ന് പറയും.
ഞാൻ നിർബന്ധിച്ച് കൊടുക്കും”

“ലീവിന് പോകുമ്പോൾ കുഞ്ഞു പെങ്ങൾക്കും അനുജനും ബിസ്കറ്റും മുന്തിരിയൊക്കെ വാങ്ങിക്കണമെന്ന് പറഞ്ഞു, ഞാനവനോട്”

മകന്റെ വാക്കുകൾ കേട്ട ഉപ്പയുടേയും ഉമ്മയുടേയും കണ്ണുകൾ നിറഞ്ഞു.

“അങ്ങനെ സഹായിക്കണമെങ്കിൽ‌ മോന് ഉപ്പാനോട് പറഞ്ഞാൽ പോരായിരുന്നോ?
എന്തിനാണ് അതിന് മോൻ ഇസ്തിരി ഇടാനൊക്കെ പോയത്?”

“അതല്ല ഉപ്പാ... ഞാൻ എന്തെങ്കിലും ചെയ്ത് ഉണ്ടാക്കുന്ന പൈസ കൊണ്ട് ആർക്കെങ്കിലും സഹായം ചെയ്യുന്നതല്ലേ ഉപ്പാ നല്ലത്”???

മകന്റെ ചോദ്യത്തിന്
മറുപടി പറഞ്ഞില്ല
മകനെ ചേർത്ത് പിടിച്ച്
ആ തലയിൽ തലോടി ഉപ്പ.
കാലത്തിന്റെ സമ്മാനം
--------------
📝Haneef Labbakka Pakyara
“ഇന്ന് ടൗണിലെ വലിയ പള്ളിയിൽ
മദ്രസ്സാ ഹാളിൽ സ്ത്രീകൾക്കായി ക്ലാസ്സുണ്ടത്രെ,
ഒരു വനിതാ ഡോക്ടറാണ് ക്ലാസ്സെടുക്കുന്നത്.
എല്ലാവരും പോകുന്നുണ്ട്.
നീ എന്നെ ഒന്ന് കാറിൽ കൊണ്ട് പോയി വിടണം.”

“ശരിയുമ്മാ കൊണ്ട് വിടാം”

“മോനേ...പോകുന്ന വഴിക്ക് ആ നഫീസത്താനെയും കൂട്ടണം”

“ശരിയുമ്മാ.”

വീട്ടിൽ നിന്നും പുറപ്പെട്ടു.
നഫീസത്ത അവരുടെ വീടിനു മുമ്പിലുള്ള ഗെയ്റ്റിൽ ഞങ്ങളെയും കാത്തു നില്പുണ്ടായിരുന്നു.

കാറിൽ കയറിയ ഉടനെ നഫീസത്ത ചോദിച്ചു. “അറിഞ്ഞോ ഇന്ന് ആരാ ക്ലാസ്സെടുക്കുന്നതെന്ന് ??”

ഉമ്മ പറഞ്ഞു“ഒരു ലേഡീ ഡോക്ടറാണെന്ന് അറിഞ്ഞു അതിൽ കൂടുതൽ ഒന്നും അറിയില്ല”

“നിനക്ക് ഓർമ്മയുണ്ടോ,പണ്ട് നമ്മുടെ ചെറിയ തോടിനടുത്തുള്ള
ക്വാർട്ടേർസിൽ താമസിച്ചിരുന്ന ജമീലാനെ ??,
“ഒരു ദിവസം രണ്ട് കുട്ടികളെയും കൊണ്ട് ആരുടെയോ കൂടെ നാട് വിട്ട് പോയവളെ”

ഉമ്മ‌ ഭയത്തോട് കൂടി ചോദിച്ചു,
“ജമീലാന്റെ??”

“അവളുടെ മൂത്ത മോളാണത്രെ ഈ ക്ലാസ്സെടുക്കാൻ വരുന്ന ലേഡി ഡോക്ടർ, ഈ മകളെയും കല്ല്യാ‌ണം കഴിച്ചിരിക്കുന്നത് വലിയ ഡോക്ടറാത്രെ”

“പള്ളിക്കമ്മറ്റിയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നുവത്രെ ഈ ഡോക്ടറെ കൊണ്ട് വരുന്നതിൽ,
നാട്ടിൽ അങ്ങനെ കാര്യമായ് ആർക്കും ഈ ഡോക്ടർ ഇന്ന ആളാണെന്ന് അറിയില്ല.അത് ഭാഗ്യം”

മദ്രസ്സാ വരെ ഉമ്മയുടേയും നഫീസത്താന്റെയും സംഭാഷണം കേട്ടതിൽ നിന്നും എനിക്ക് ആളെ
മനസ്സിലായി
സംശയം തീർക്കാൻ ഉമ്മയോടും
നഫീസത്താനോടും ചിലത് കൂടി ചോദിച്ചറിഞ്ഞു.

ഞാൻ ഓർക്കുകയായിരുന്നു.

അന്ന് പുതിയ വീട്ടിലേക്ക് താമസം മാറി
നാലു മാസം കഴിഞ്ഞു കാണും.

ഞങ്ങളുടെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടിയാണ് സീനത്ത്.
അവരുടെ കുടുംബം ആ നാട്ടിലേക്ക് മറ്റെവിടെ നിന്നോ വന്നവരാണെന്ന്
ആരോ പറഞ്ഞറിഞ്ഞിരുന്നു.
സീനത്ത് ഇടക്ക് മദ്രസ്സയിൽ
വരില്ല ഇടക്ക് നേരം വൈകിയിട്ടും വരും.

ഞങ്ങളുടെ ക്ലാസ്സിൽ പുതിയ ഉസ്താദ് വന്നിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.

നല്ല ഉസ്താദ് തമാശയൊക്കെ പറയും.
സ്നേഹത്തോടെ  ഞങ്ങൾ എല്ലാവരും
ഉസ്താദിനെ “ഉസ്താ”എന്നാണ് വിളിച്ചിരുന്നത്.
പക്ഷെ, ദേഷ്യം വന്നാലോ
അല്ലാഹ് ....ഉസ്താദിന്റെ അടി .!!
പേടിയാണെല്ലാവർക്കും.

അന്നും സീനത്ത് വൈകിയാണ് മദ്രസ്സയിലെത്തിയത്.

ഉസ്താദ് നല്ല ദേഷ്യത്തിലായിരുന്നു.
വാതിലിന് പുറത്തും അകത്തുമായി കാലുകൾ വെച്ച് സീനത്ത് ഉസ്താദിനോട് “അസ്സലാമു അലൈകും ഉസ്താ"എന്ന് പറഞ്ഞു

“ഓ എത്തിയോ നീ??
അല്ല സീനത്തേ എന്താ നിന്റെ പ്രശ്നം??”
“ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇത് നിനക്ക് ഫർളാണല്ലൊ(നിർബന്ധം) വരാൻ വൈകുക എന്നത്???”
“നിന്നെ ക്ലാസ്സിന് പുറത്ത് നിർത്തി നോക്കി,
അടി തന്നു,
നിനക്ക് ഒരു മാറ്റവുമില്ലല്ലൊ?!!”

“ഉപ്പാനെ കൂട്ടി വരാൻ പറഞ്ഞാൽ
ഉമ്മാനെയും കൂട്ടിവരും"
“എനി വൈകില്ല ഉസ്താദെ..
ഇപ്രാവശ്യത്തേക്കും മാപ്പ്
എന്നും പറഞ്ഞ് അവർ കരയാൻ തുടങ്ങും,
എന്താ ഞാൻ പറയുക നിന്റെ ഉമ്മയോട്”

ഒന്നും മിണ്ടാതെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു സീനത്ത്.
ഞാൻ നോക്കി എന്താ ഈ പെണ്ണ്
പുറത്തേക്ക് നോക്കുന്നത്
മദ്രസ്സയിൽ നിന്ന് നോക്കിയാൽ
പള്ളി പറമ്പിന്റെ ഒരു ഭാഗം കാണാം
അവിടേക്കാണ് അവളുടെ നോട്ടം.

പിറ്റേ ദിവസ്സവും വൈകി വന്ന സീനത്തിനെ കണ്ടപ്പോൾ ഉസ്താദ് പതിവ് പോലെ ദേഷ്യത്തിൽ
“ഞാൻ എത്ര പറഞ്ഞാലും നിനക്ക് ഒരു മാറ്റവും ഇല്ല അല്ലെ സീനത്തേ??”
അത് പറഞ്ഞ് മേശയുടെ മേലെയിരുന്ന
വടിയുമായി കസേരയിൽ നിന്നും എഴുന്നേറ്റു.

“ഉം ...കൈ നീട്ട്....”
ഉസ്താദ് അത് പറഞ്ഞപ്പോൾ
ഞാൻ എന്റെ കണ്ണുകൾ അടച്ചു.
കണ്ണിനകത്തെ ഇരുട്ടിൽ സീനത്തിന്റെ
കൈക്ക് ഏൽക്കാൻ പോകുന്ന അടിയുടെ വേദന കാണുകയായിരുന്നു ഞാൻ.

പക്ഷെ അടിക്കുന്നതോ സീനത്തിന്റെ ശബ്ദമോ ഒന്നും കേട്ടില്ല.
പതുക്കെ കണ്ണ് തുറന്നു നോക്കിയ ഞാൻ അത്ഭുതപ്പെട്ടു.

അടിക്കാനോങ്ങിയ വടി പുറകിൽ പിടിച്ച് സീനത്തിനോട് ഉസ്താദ് ചോദിക്കുന്നുണ്ടായിരുന്നു
“ഇതെന്താ മോളെ കൈക്ക് പറ്റിയത്?”

“ഒന്നൂല്ലാ ഉസ്താ..”അതും പറഞ്ഞ് അവൾ വീണ്ടൂം പള്ളിപ്പറമ്പിലേക്ക് നോക്കി
ഞാൻ കണ്ടു അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നു.
തട്ടത്തിന്റെ ഒരറ്റം കൊണ്ട് അവളത് തുടച്ചു.

“പറ മോളെ ...തീ പ്പൊള്ളിയത് പോലെ ഉണ്ടല്ലൊ,എന്താ പറ്റിയത്?”

ഉസ്താദ് കസേരയിൽ ഇരുന്നു,
വടി മേശപ്പുറത്ത് വെച്ചു.

ഒരു കൈ കൊണ്ട് അവളുടെ തല താലോടിക്കൊണ്ട് വീണ്ടും ചോദിച്ചു,
“എന്റെ മോളെ കൈ അറിയാതെ
അടുക്കളയിൽ വെച്ചോ മറ്റോ പൊള്ളിപ്പോയതോ,അല്ല ആരെങ്കിലും ?”

ആ ചോദ്യം ഉസ്താദ് അവിടെ നിർത്തി

ഉസ്താദ് ചോദിച്ചു,
“സീനത്തിന്റെ വീട്ടിൽ പോയി
ഇവളെ ഉപ്പാനോട് വരാൻ പറയണം,
ആരാ പോകുക?”

“ഞാൻ പോകാം ഉസ്താദെ..”

“ആ,നീ ഒറ്റക്ക് പോകണ്ട
മൻസൂറിനെക്കൂടി വിളിച്ചോ”

അവളുടെ തല താലോടിയിരുന്ന ഉസ്താദിന്റെ കൈ അവൾ തന്റെ രണ്ടു കുഞ്ഞു കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.
“വേണ്ട ഉസ്താ ഉപ്പാനെ വിളിക്കല്ലേ ഉസ്താ...”

“പിന്നെ എങ്ങിനെയാ മോളെ,
ഇത്ര നന്നായി കുഞ്ഞിന്റെ കൈ പൊള്ളിയിട്ടും ഒന്ന് ആശുപത്രിക്ക് പോലും കൊണ്ട് പോകാൻ കൂട്ടാക്കാത്ത അയാളോട് ഒന്ന് ചോദിക്കണമല്ലൊ??”

“വേണ്ട ഉസ്താ ഞാൻ പറയാം,
എങ്ങിനെയാ കൈ പൊള്ളിയേന്ന്”

“രാത്രിയിൽ എപ്പോഴും ബോധമില്ലാതെയാ ഉസ്താ എന്റെ ഉപ്പ പുരയിലേക്ക് വരിക.”

“എന്തെങ്കിലും ചെറിയ കാര്യത്തിന് ഉപ്പ ഉമ്മാനെ വഴക്ക് പറയും.
അടിക്കും.
ഉമ്മ ഇപ്പോൾ പേടി കൊണ്ട് എന്ത് ചെയ്താലും അറിയാതെ എന്തെങ്കിലും കുറവുകൾ ആയിപ്പോകും,
അപ്പോൾ ഉപ്പാക്ക് കൂടുതൽ ദേഷ്യം വരും വഴക്ക് പറയുമ്പോൾ
ഉമ്മയും ചിലപ്പോൾ എന്തെങ്കിലും മറുപടിയും പറയും അപ്പോൾ ഉപ്പ അടിക്കും”

“വഴക്കുണ്ടാക്കുന്ന ദിവസം ഉപ്പ കറിയും മറ്റും എടുത്ത് വലിച്ചെറിയും.
പിന്നെ ആർക്കും ഒന്നും ഉണ്ടാകില്ല.
എന്റെ കുഞ്ഞനിയത്തി പേടിച്ച് കരയും.”

“ഒന്നും കഴിക്കാതെയാ വൈകി വരുന്ന ദിവസങ്ങളിലെല്ലാം ഞാൻ വരുന്നത്.”

ഉസ്താദ് വീണ്ടും ചോദിച്ചു,“ഇന്ന് എങ്ങിനെയാ മോളെ കൈ പൊള്ളിയത്, അതും ഉപ്പ ചെയ്തതാണോ?”

“അത് ഉസ്താ...
ഉമ്മ ഇന്ന് ദോശയ്ക്കുണ്ടാക്കിയ ചട്ണിയിൽ ഉപ്പ് കൂടി പോയി അതിന് ഉപ്പ ഉമ്മയെ വഴക്ക് പറഞ്ഞ് അടിക്കാൻ
പോയി.ഉമ്മ പറഞ്ഞു,
കുറച്ച് ഉപ്പ് കൂടിയാൽ ഒന്നും ആയിപ്പോകില്ല
വേണമെങ്കിൽ കുറച്ച് കാത്തിരിക്ക്
വേറെ ഉണ്ടാക്കിത്തരാം എന്ന് ”

“മനുഷ്യന് തിന്നാൻ പറ്റാത്തത് ഉണ്ടാക്കി വെച്ചിട്ട് തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ച് ഉമ്മാനെ ചവിട്ടി,
പാത്രമെല്ലാം വലിച്ചെറിഞ്ഞു.
എന്നിട്ട് ചട്ടുകം ചൂടാക്കി ഉപ്പ ഉമ്മയുടെ നേരെ പോയപ്പോൾ ഞാൻ ചൂട് ചട്ടുകം എന്റെ കൈ കൊണ്ട് പിടിച്ചു ഉസ്താദെ.
എന്റെ ഉമ്മാനെ ചെയ്യുന്നത് എനിക്ക് സഹിക്കാനായില്ല ഉസ്താ”

അത് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ടവൾ വീണ്ടും മദ്രസ്സാ ജനാലയിൽ കൂടി പള്ളിപ്പറമ്പ് നോക്കി.

ഉസ്താദ് സ്വയം പറയുന്നുണ്ടായിരുന്നു.
“ഇങ്ങിനെയുമുണ്ടോ ഉപ്പമാർ
സ്വന്തം മക്കളോട് ഈ ക്രൂരത കാണിക്കാൻ എങ്ങനെ മനസ്സ് വരുന്നു??”

അപ്പോഴാണ് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സീനത്ത് അത് പറഞ്ഞത്
“ഉസ്താദെ അതെന്റെ സ്വന്തം ഉപ്പയല്ല,
എന്റെ ഉപ്പ മരിച്ചു പോയി ഉസ്താ”
പള്ളിപ്പറമ്പ് ചൂണ്ടിക്കാണിച്ച് കൊണ്ട്
അവൾ തുടർന്നു എന്റെ ഉപ്പ ആ ഖബർസ്ഥാനിലുണ്ട് ഉസ്താ”,
“ഈ ഉപ്പ എന്റെ ഉമ്മയെ രണ്ടാമത് കെട്ടിയ ആളാ..”

ഇപ്രാവശ്യം അത് കേട്ട ഉസ്താദിന്റെയും കണ്ണുകൾ നിറഞ്ഞു

സീനത്ത് ഇടക്കിടക്ക് പള്ളിപ്പറമ്പ് നോക്കിയിരുന്നത് എന്താണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

“മറ്റന്നാൾ വെള്ളിയാഴ്ച കമ്മറ്റിക്കാരോട് പറഞ്ഞ്
ഒരു മീറ്റിങ്ങ് വിളിപ്പിക്കുന്നുണ്ട്.
അന്ന് നിന്റെ ഉപ്പ എന്ന് പറയുന്ന ആ മനുഷ്യനെ വിളിപ്പിക്കുന്നുണ്ട്.”

“മോള് പോയി ഇരുന്നോ”

എന്നാൽ പിറ്റേ ദിവസ്സം സീനത്ത് ക്ലാസ്സിൽ വന്നില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആളുകൾ പറയുന്നത് കേട്ട് മനസ്സിലായത്.

സീനത്തിന്റെ ഉമ്മ സീനത്തിനെയും അനുജത്തിയേയും കൂട്ടി ഭർത്താവിനെ വിട്ട് ഒളിച്ചോടി പോയി എന്ന്.
എന്നാൽ ആരുടെ കൂടെയാണ് പോയതെന്ന് ആർക്കും അറിയില്ലായിരുന്നു.

ഞാൻ പഴയ ഓർമ്മകളിൽ നിന്നും ഉണർന്നു

ഉമ്മ പറഞ്ഞതിനേക്കാൾ കുറച്ചു നേരത്തെ തിരിച്ചെത്തി.
കാരണം ക്ലാസ്സെടുക്കാൻ വന്ന ഡോക്ടറെ
ഒന്ന് കാണണമെന്നുണ്ടായിരുന്നു.

കാറിന് പുറത്ത് ഉമ്മയെ കാത്തിരിക്കുമ്പോൾ ഉമ്മയുടെ കൈപിടിച്ച് ചിരിച്ച് സംസാരിച്ച് കൊണ്ട് പർദ്ദ ധരിച്ച തടിച്ച സ്ത്രീയെയും
കൂട്ടി എന്റെ അടുത്തേക്ക് വന്നു
ഉമ്മ  ചോദിച്ചു
“നിനക്ക് ഓർമ്മയുണ്ടോ സീനത്തിനെ?”
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത്രക്ക് മാറ്റമുണ്ടായിരുന്നു അവൾക്ക്.

ഞാൻ കുറച്ച് മാറി നിന്ന് ഉമ്മയുടെയും‌,സീനത്തിന്റെയും സംഭാഷണം കേൾക്കുകയായിരുന്നു.

കുശലാന്വേഷണങ്ങൾക്ക് ശേഷം പോകാൻ ഒരുങ്ങിയ സീനത്ത് ഉമ്മയെ കെട്ടിപ്പിടിച്ച് ഉമ്മയുടെ നെറ്റിയിൽ
ചുംബിച്ചു.
അവൾ തന്റെ കൈയിൽ നിന്നും ഒരു വള ഊരി ഉമ്മയുടെ കൈയിൽ വള അണിയിക്കാൻ ശ്രമിച്ചപ്പോൾ
ഉമ്മ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു “വേണ്ട മോളെ എന്റെ മോള് സന്തോഷത്തിലുണ്ടായിരുന്നാ മതി.”
പക്ഷെ; അവൾ സ്നേഹത്തോടെ അത് ഉമ്മാക്ക് അണിയിച്ചു.

സീനത്ത് പറയുന്നുണ്ടായിരുന്നു.
“ഞാൻ ഈ തിരക്കിനിടയിൽ ഇവിടെ വന്നത് തന്നെ ഉമ്മയെ കാണാനാ.”
തിരക്കിനിടയിൽ ഉമ്മയ്ക്ക് ഒന്നും വാങ്ങിക്കാൻ പറ്റിയില്ല.”

“എന്റെ ഉമ്മ മരിക്കുന്നത് വരെ പറയുമായിരുന്നു
ഉമ്മയെ സ്വന്തം സഹോദരിയെപ്പോലേ കണക്കാക്കി അന്ന് കാശെടുത്ത് തന്ന്
ഞങ്ങളെ സഹായിച്ചത്,
ഞങ്ങളുടെ മൂന്ന് ജീവനെ രക്ഷിച്ചത്,
എവിടെയെങ്കിലും പോയി ജീവിച്ചോളാൻ പറഞ്ഞത് നിങ്ങളാണെന്ന്,
നീ നല്ല നിലയിലാകുമ്പോൾ സന്തോഷത്തോടെ പോയി കാണണം
എന്നും പറഞ്ഞിരുന്നു.”

“നാട്ടിൽ എന്റെ ഉമ്മയെക്കുറിച്ച്  നല്ല ഒരു അഭിപ്രായമല്ല ആർക്കും എന്ന് എനിക്കറിയാം,
അത് അറിയുന്ന ആൾ എന്റെ ഉമ്മയും
നിങ്ങളും ഞാനും എന്റെ അനുജത്തിയും മാത്രമാണ്”.

“നിങ്ങൾ അന്ന് കൊടുത്ത കാശ് കൊണ്ട്  ഞങ്ങളെയും കൊണ്ട്  ബാംഗ്ലൂരിലെത്തിയ ഉമ്മ ഉമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു ബന്ധു വീട്ടിൽ പോയി.അവർ എല്ലാ സഹായങ്ങളും ചെയ്തു നൽകി ചെറിയ ഒരു ഹോട്ടൽ തുടങ്ങി,അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മക്കളെ നന്നായി പഠിപ്പിച്ചു,ഞങ്ങൾ നന്നായി പഠിച്ചു.
അനുജത്തി ഇന്ന് ഒരു സ്കൂളിൽ ടീച്ചറാണ് ”

“ഇപ്പോൾ ഈ കമ്മറ്റിക്കാർ തന്നെ വിളിച്ചപ്പോൾ എനിക്ക് നല്ല ധൈര്യം കിട്ടി ഇവിടെ വരാൻ.
അത് കൊണ്ടാ വന്നത്,
എപ്പോഴും യാത്രയും തിരക്കുമാണ് എനിക്കും എന്റെ ഭർത്താവിനും.
ഒരു ദിവസ്സം തീർച്ചയായും ഞങ്ങൾ വരുന്നുണ്ട് വീട്ടിലേക്ക്.”

രാത്രി  ഉമ്മയുടെ അടുത്ത് ചെന്നു.
ഉമ്മ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.

“എന്തു പറ്റി ഉമ്മാ?”

“ മോൻ ചോദിക്കാറില്ലെ
നമ്മുടെ കുടുംബത്തിലെ മറ്റുള്ളവർക്കെല്ലാം ഇഷ്ടം പോലെ സ്വത്തുണ്ടല്ലൊ എന്താ നമുക്ക് മാത്രം ഇല്ലാത്തതെന്ന്??”

“അതെ .”

“അതിന് കാരണം
നിന്റെ ഉപ്പുപ്പ ഒരു പ്രാവശ്യം കുറച്ച് സ്ഥലം വിറ്റിരുന്നു.
ആ കാശ് എന്റെ അടുത്ത് സൂക്ഷിച്ച് വെക്കാൻ പറഞ്ഞു.”

“ഒരു ദിവസ്സം സുബ് ഹിക്ക് ഈ ഡോക്ടർ മോളുടെ ഉമ്മയും അവളും അനുജത്തിയും കൂടി വന്നിട്ട് ഭർത്താവിന്റെ ഉപദ്രവവും,എപ്പോൾ വേണമെങ്കിലും അയാൾ അവരുടെ ജീവൻ അപകടത്തിലാക്കിയേക്കാം എന്നും പറഞ്ഞ്  കരഞ്ഞു 
അത് കേട്ട ഞാൻ മറ്റൊന്നും ആലോചിക്കാതെ ഉപ്പുപ്പ സൂക്ഷിക്കാൻ ഏല്പിച്ച മുഴുവൻ തുകയും അവർക്ക് എടുത്തു കൊടുത്തു ഞാൻ പറഞ്ഞു,
എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ എന്ന്.”

“നാട്ടിൽ മുഴുവൻ പാട്ടായത്
ഇവൾ ഭർത്താവിനെ ഉപേക്ഷിച്ച്
മറ്റാരുടെയോ കൂടെ ഒളിച്ചോടി എന്നായിരുന്നു,
അതറിഞ്ഞ് ഞാൻ പൈസ കൊടുത്ത വിവരം ഉപ്പുപ്പയും നിന്റെ ഉപ്പയും ആരോടും പറഞ്ഞില്ല.”

“പക്ഷേ; ഉപ്പുപ്പ എന്നോടുള്ള വാശിക്ക് ഉള്ള സ്വത്തെല്ലാം മറ്റുള്ളവർക്കെല്ലാം വീതിച്ച് നൽകി”

അന്ന് നിന്റെ ഉപ്പ പറഞ്ഞു
“എനിക്കറിയാം നിന്നെ ,
നീ നന്മയ്ക്കല്ലാതെ മറ്റൊന്നും ചെയ്യില്ല
എന്നും അറിയാം,
അതിനുള്ള പ്രതിഫലം
നിനക്ക് ഇന്നല്ലെങ്കിൽ നാളെ ലഭിക്കും.”
നിനക്ക് സന്തോഷമുള്ള സമാധാനം നൽകുന്ന കാര്യങ്ങൾ തീർച്ചയായും ഉണ്ടാകും ജീവിതത്തിൽ”

“ഞാനിന്ന്  ആ മോളെ കണ്ടത് മുതൽ
മരിച്ചു പോയ നിന്റെ ഉപ്പാന്റെ വാക്കുകൾ ഓർത്ത് പോയി മോനേ”

ഡോക്ടർ ഇട്ടു നൽകിയ
വളയിൽ
തലോടിക്കൊണ്ട്
ഉമ്മ പറഞ്ഞു നിർത്തി.
ഉണ്ണിമായയുടെ ഉപ്പ
-----------------
✒Haneef Labbakka Pakyara
ആധാർ കാർഡിൽ അഡ്രസ്സ് മാറ്റണമെങ്കിൽ ഏതെങ്കിലും ഗസറ്റഡ് ഓഫീസറുടെ ഒപ്പും സീലും വേണമായിരുന്നുവെന്ന് പറഞ്ഞപ്പോൾ അടുത്ത വീട്ടിലെ സാവിത്രിഏടത്തി പറഞ്ഞു അവരുടെ മകൾക്ക് ഗവർമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറേ പരിചയമുണ്ടെന്ന്.

പിറ്റേന്ന് രാവിലെ സാവിത്രിയേടത്തിയുടെ മകൾ ഉണ്ണിമായ വീട്ടിൽ വന്നു. ക്ഷേത്രത്തിൽ നിന്നും നേരെ വരുന്ന വരവാണ് .
നെറ്റിയിൽ ചന്ദനകുറി,മുടിയിൽ തുളസിപൂചൂടി സാരിയുടുത്തു പ്രസന്നതയോടെ വന്ന ഉണ്ണിമായ അയാളേയും കൂട്ടി ആശുപത്രിയിലെത്തി.

ഡോക്ടർ അവളെ കണ്ടു വിശേഷങ്ങൾ ചോദിച്ചു.
നേരത്തെ അവൾക്ക്‌ ഈ ഡോക്ടറെ പരിചയമുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.
വിശേഷങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അടുത്തു നിൽക്കുന്ന ആളെ കണ്ട് “ഇതാരാണ്,അച്ഛനാണോ”? “എന്താ വന്നത്”എന്നു ചോദിച്ചു.

“ഇത് എന്റെ ഉപ്പയാണ് മാഡം” എന്ന് പറഞ്ഞ് അവൾ അയാളുടെ  മുഖത്തേക്കു നോക്കി പുഞ്ചിരിച്ചു.
ഇതു കേട്ടപ്പോൾ അഭിമാനത്തോടെ അയാളും തല ഉയർത്തി നിന്നു.

ഒപ്പ് വാങ്ങി വീട്ടിൽ തിരിച്ചെത്തി

ഉണ്ണിമായ അവളുടെ വീട്ടിലേക്ക് പോയി
അവൾ പോകുന്നതും നോക്കി
വരാന്തയിൽ കസേരയിൽ ഇരിക്കുമ്പോൾ  പഴയ കഥകൾ മനസ്സിലേക്ക് ഫ്ലാഷ് ബാക്കായി വന്നു.

അത് റമസാൻ നോമ്പ് കാലമായിരുന്നു.
കുട്ടികൾ രണ്ട് പേരും ഭാര്യയുടെ ജേഷ്ടത്തിയുടെ വീട്ടിലേക്ക് നോമ്പ് തുറക്കായി പോയിരുന്നു.
ജേഷ്ടത്തിയുടെ ഭർത്താവ് വിദേശത്തായിരുന്നു അവരും രണ്ട് ചെറിയ കുട്ടികളും മാത്രമേ വീട്ടിലുള്ളൂ

നോമ്പ് തുറക്ക് അവരെ എല്ലാവരേയും  വിളിച്ചതായിരുന്നു.
അയാൾ പറഞ്ഞു നോമ്പ് തുറ വീട്ടിൽ നിന്ന് തന്നെയാകണം.
നമസ്കാരം ഞങ്ങളുടെ ചെറിയ പള്ളിയിൽ നിന്നും ഇല്ലെങ്കിൽ
ഒരു സമാധാനവും ഇല്ല.
അത് കൊണ്ട് ഞാനില്ല.
ഇവരെ കൊണ്ട് പോയ്ക്കോളൂ.
അങ്ങനെ  അന്ന് വീട്ടിൽ നോമ്പ് തുറക്കാൻ അയാളും ഭാര്യയുമായി മാത്രമായി.

അന്ന് വൈകിട്ട്
“ഉപ്പാ.. ഉപ്പാ”  എന്ന്
പുറത്തു നിന്നുള്ള ശബ്ദം കേട്ട്
അവളോട് പറഞ്ഞു,
“ഉണ്ണിമായയുടെ ശബ്ദമല്ലെ അത്,
ഒന്ന് നോക്കിയേ..”

“നിങ്ങൾ ഒന്നു പോയി നോക്കൂ ഞാൻ ഇത് ഇട്ടിട്ട് പോയാൽ ...”

അവൾ നോമ്പ് തുറക്കുള്ള എന്തോ പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

പാരായണം ചെയ്തു കൊണ്ടിരിക്കുന്ന ഖുറാൻ മടക്കി വെച്ച് അയാൾ പുറത്തിറങ്ങി.. പുറത്ത് പരിഭ്രമിച്ചു നിൽക്കുന്ന ഉണ്ണിമായ ...

“ഉപ്പാ.. അച്ഛന്റെ സ്കൂട്ടറിൽ കാറിടിച്ചുവത്രെ,അമ്മയുടെ ഫോണിലേക്ക് ഇപ്പോൾ ആരോ വിളിച്ചു
പറഞ്ഞതാ”
അവൾ വല്ലാതെ പേടിച്ചിരുന്നു
കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ അത് പറയുമ്പോൾ.

“അമ്മയില്ലേ മോളെ വീട്ടിൽ?!”

“ഇല്ല ഉപ്പാ.. അമ്മ അമ്പലത്തിൽ പോയിട്ട് തിരിച്ചെത്തിയില്ല‌,
ഫോണും കൊണ്ട് പോയിരുന്നില്ല”

“ശരി മോള് ആ ഫോൺ  ഇങ്ങോട്ട് തന്നെ...”
ഫോൺ വാങ്ങി
ഇൻ കമിംഗ് കോളിലേക്ക് അയാളുടെ ഫോണിൽ നിന്നും വിളിച്ചു.
അങ്ങേത്തലക്കൽ ഫോണെടുത്ത ആളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു

പെട്ടെന്ന് ഡ്രസ്സ് മാറ്റി ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.
അതു കണ്ട അയാളുടെ പ്രിയപെട്ടവൾ
ഒരു കുപ്പിയിൽ വെള്ളവും,മറ്റൊരു കുപ്പിയിൽ ജ്യൂസും, കുറച്ച് ഈത്തപ്പഴവും പൊതിഞ്ഞു കൊടുത്തു
വഴിയിൽ വെച്ചോ ആശുപത്രിയിൽ വെച്ചോ ബാങ്ക് വിളിച്ചാൽ നോമ്പ് തുറക്കാനായി.

“സാവിത്രി വന്നാൽ പറഞ്ഞേക്ക് ഞങ്ങൾ ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്ന്...”
“ഇതാ ഈ ഫോൺ അവർക്ക് കൊടുത്തേക്ക്...,
ഞങ്ങൾ അവിടെ എത്തിയിട്ട് വിവരം വിളിച്ചു പറയാം.”

ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു.
നല്ല മുറിവുകൾ ഉണ്ട്.
പേടിക്കാനില്ല
രക്തം വേണ്ടി വരും എന്ന് പറഞ്ഞു
ഇടിച്ച കാറിന്റെ ആളെ കണ്ടു
അവർ എന്തും ചെയ്യാൻ തയ്യാറായിരുന്നു.

“ഉപ്പാ ബാങ്ക് വിളിച്ചു, നോമ്പ് തുറക്കണ്ടെ ഉപ്പക്ക് ”എന്നു പറഞ്ഞ്
വെള്ളവും ഈത്തപ്പഴവും എടുത്തു നൽകി ഉണ്ണിമായ
വാത്സല്യത്തോടെ അയാൾ അവളെ നോക്കി ..
“ന്റെ അച്ഛനു വേണ്ടി പ്രാർത്ഥിക്കണേ ഉപ്പാ..”എന്ന് പറഞ്ഞ് ഉണ്ണിമായ പൊട്ടി കരഞ്ഞു.
അയാൾ അവളെ തലയിൽ തലോടി സമാധാനിപ്പിച്ചു ..

അവളെ സമാധാനിപ്പിച്ചു.
സാവിത്രിയുടെ ഫോൺ വന്നു.
അവളോടും കാര്യങ്ങൾ പറഞ്ഞു
ഉടനെ ഹോസ്പിറ്റലിലേക്ക് എത്താമെന്ന് പറഞ്ഞു അവൾ.

ആശുപത്രിയിലുണ്ടായിരുന്ന
മറ്റുചിലർ പള്ളിയിലേക്ക് നമസ്കാരത്തിനായി
പോകാൻ ഒരുങ്ങി.
താടിയും തൊപ്പിയും കണ്ടിട്ടായിരിക്കാം
വരുന്നില്ലെ പള്ളിയിലേക്കെന്ന് ചോദിച്ചു

“ഇല്ല നിങ്ങൾ നടന്നോ..
ഞാൻ ഇവിടെ വെച്ച് നമസ്കരിച്ചോളാം,
ഉണ്ണി മോള് ഒറ്റയ്ക്കേ ഉള്ളൂ
അവളെ തനിച്ചാക്കാൻ ആകില്ല”

കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന  നിസ്ക്കാരപ്പായ കൊണ്ട് വന്നു‌.
അവിടെ നിന്നും നമസ്കരിച്ചു.

നമസ്കാരം കഴിഞ്ഞതേ ഉള്ളൂ
ആശുപത്രിക്ക് പുറത്ത് ഒരു കാറ് ഹോൺ മുഴക്കിക്കൊണ്ട് വേഗത്തിൽ
വന്ന് നിന്നു.

ആരെക്കെയോ ചേർന്ന് ഒരു മോളെയുമെടുത്ത് എമർജൻസിയിലേക്ക് ഓടി.

കുട്ടിയെ കൊണ്ട് വന്ന ആളുകളിൽ ഒരാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
വീടിനു ഗേറ്റിനടുത്ത് മൂന്ന് കുട്ടികൾ കളിക്കുകയായിരുന്നു.
ഒരു കുട്ടി പെട്ടെന്ന് റോഡിന് മറുവശത്തേക്ക് ഓടി.
വേഗത്തിൽ വരികയായിരുന്ന മോട്ടോർ സൈക്കിൾ തട്ടിത്തെറിപ്പിച്ചു.

കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പുറത്ത് വന്നു പറഞ്ഞു
“പേടിക്കാനൊന്നുമില്ല,
ഭാഗ്യത്തിന് കാണാൻ പുറമെ ചെറിയ മുറിവുകളെ ഉള്ളൂ..”
“വേണമെങ്കിൽ തലയുടെ സ്കാൻ ചെയ്തോളൂ..”

പെട്ടെന്നാണ് അലറിക്കരഞ്ഞ് കൊണ്ട് അവിടേക്ക് വന്ന സ്ത്രീയെ ശ്രദ്ധിച്ചത്
അത് അയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തി ആയിരുന്നു.

അപ്പോൾ ആ കുട്ടി !
അയാൾ മുറി തുറന്ന് അകത്തേക്ക് ഓടി

“എന്റെ മോളെ..."
അയാൾക്ക്  തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അതു അയാളുടെ മകൾ ആയിരുന്നു . ഭാഗ്യത്തിന് മകൾക്ക് കൂടുതൽ പരിക്കുകളൊന്നും ഉണ്ടായില്ല. അയാൾ സ്രഷ്ടാവിന് നന്ദി പറഞ്ഞു.

സാവിത്രി വന്നു.
രണ്ട് ബോട്ടിൽ രക്തം നൽകേണ്ടി വന്നു
ഭാസ്കരന്.
ഒരു കുപ്പി രക്തം ഭാസ്കരനു വേണ്ടി അയാൾ നൽകി
ഭാസ്കരന് മറ്റ് കാര്യമായ പ്രശ്നങ്ങളില്ല
എന്ന് പറഞ്ഞു.

പിറ്റേദിവസം മകളെ സ്കാനിംഗ് ചെയ്യാൻ കൊണ്ട് പോയി.
ഒരു കുഴപ്പവുമില്ല എന്ന റിപ്പോർട്ടും ലഭിച്ചു.

ഇപ്പോഴും റമസാൻ മാസമാകുമ്പോൾ അന്ന് നടന്ന സംഭവങ്ങൾ അയാളുടെ ഓർമ്മയിൽ വരും ..
നന്മയിലേക്കുള്ള യാത്ര
------------------
📝Haneef Labbakka Pakyara
നാട്ടിലേക്കുള്ള യാത്രക്കായ് ട്രെയിനിൽ കയറി,
ഏസി ടു ചെയറിലായിരുന്നു ടിക്കറ്റ് കിട്ടിയിരുന്നത്.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ബോഗിയിലേക്ക് പത്തുവയസ്സുള്ള മകളും,അച്ഛനും അമ്മയും കൂടി കയറി.
അവരുടെ സംസാരത്തിൽ നിന്നും
ആ മോൾക്ക് കാൻസറാണെന്നും കീമോ കഴിഞ്ഞുള്ള വരവാണെന്നും മനസ്സിലായി.
ശരീര വേദന കൊണ്ട് കരയുന്നതും‌, ഇടയ്ക്കിടക്ക് ചർദ്ദിക്കുന്നതും കണ്ടപ്പോൾ ഏറെ വിഷമം തോന്നി.

“നാലഞ്ച് ദിവസം അവിടെ റൂമെടുത്ത് താമസിക്കാനായിരുന്നു തീരുമാനം,
പക്ഷെ;ഇവൾക്ക് ഒരേ നിർബന്ധം അവളുടെ അടുത്ത കൂട്ടുകാരിയുടെ ബർത്ത് ഡെയാണ് മൂന്ന് ദിവസം കഴിഞ്ഞിട്ട് അതിന് കൂടണമെന്ന്,
അതാണ് ഇന്ന് തന്നെ പുറപ്പെട്ടത്”

ഞാൻ ശ്രദ്ധിച്ചു ആ മോളുടെ മുടി കൊഴിയാൻ തുടങ്ങിയിരിക്കുന്നു
എന്ന് തോന്നുന്നു.
തലയിൽ കടുംനീല നിറമുള്ള ഷാൾ ഇട്ടിരുന്നു അവൾ.

അച്ഛന്റെ വാക്കുകൾ കേട്ട്
ആ മോൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അച്ഛന്റെ മടിയിൽ തല വെച്ച് കിടന്നിരുന്ന
അവളുടെ കാലുകൾ അമ്മ തടവിക്കൊടുക്കുകയായിരുന്നു.

സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ
സീറ്റ് നമ്പർ നോക്കി വിൻഡോ സൈഡിലുള്ള സീറ്റിലേക്ക് ഒരു ചെറുപ്പക്കാരൻ വന്നിരുന്നു.
പുഞ്ചിരിച്ചു അയാളോട്
പക്ഷെ;അത് കാണാത്തത് പോലെ അയാൾ പുറത്തേക്ക് നോക്കിയിരുന്നു.

സൈഡിൽ വെച്ചിരുന്ന അയാളുടെ ബാഗ് എടുത്ത് മുകളിലെ ബർത്തിൽ വെയ്ക്കുന്നതിനിടെ ശ്രദ്ധിച്ചു.
അദ്ധേഹത്തിന് എന്തോ ബാലൻസ് കിട്ടാത്തത് പോലെ.
മണം കൂടി കിട്ടിയപ്പോൾ മനസ്സിലായി
അയാൾ നന്നായി മദ്യപിച്ചിട്ടുണ്ട്.

ആ മോൾ ചർദ്ദിക്കാനായ് ശബദ്മുണ്ടാക്കുന്നതും ഇടക്ക് അമ്മയുമൊത്ത് വാഷ്ബേസിനടുത്തേക്ക് നടന്നു പോകുന്നതും സങ്കടത്തോടെ നോക്കിയിരിക്കുന്നതിനിടയിൽ
ചെറുപ്പക്കാരൻ പിറു പിറുക്കുന്നത് കേട്ടു,
“ഓരോ ശല്യങ്ങൾ...ഇതിപ്പൊ സർക്കാർ ആശുപത്രിയേക്കാൾ കഷ്ടമായല്ലൊ?”

പതുക്കെ ആ ചെറുപ്പക്കാരനോട് പറഞ്ഞു,“പ്ലീസ്...നിങ്ങൾ ആ കുട്ടിയുടെ മുമ്പിൽ വെച്ച് ഒന്നും പറയരുത്,
ആ കുട്ടി ഒരു കാൻസർ രോഗിയാണ്, കീമോ കഴിഞ്ഞുള്ള വരവാണ്.”
“കീമോ കഴിഞ്ഞുള്ള ചുരുങ്ങിയത് ഒരാഴ്ചത്തെ അവസ്ഥ അത് അനുഭവിച്ചവർക്കേ അറിയൂ”

“അതിന് ഞാനെന്ത് വേണം?”
“എനിക്ക് സമാധാനത്തോടെ യാത്ര ചെയ്യാനാ ഞാൻ ഇത്ര കാശ് കൊടുത്ത് ഈ ടികറ്റെടുത്തത്..
രാത്രിയിൽ ഇതേ അവസ്ഥയാണെങ്കിൽ എന്റെ സ്വഭാവം മാറും”

“പ്ലീസ് പതുക്കെ”.. വീണ്ടും യാചിച്ചു അയാളോട്

കുട്ടിയുടെ അച്ഛന് ചെറുപ്പക്കാരൻ പറഞ്ഞത് മുഴുവൻ കേട്ടില്ല എങ്കിലും എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി,
“എന്ത് പറ്റി അയാൾക്ക്?”
എന്ന് ചോദിച്ചു

ഞാൻ പറഞ്ഞു
“ഹേയ് ഒന്നുമില്ല..”

അത് കേട്ട ചെറുപ്പക്കാരൻ പറഞ്ഞു,
“എന്റെ ചേട്ടാ... ഇയാൾ പറയുന്നത് പോലെ ഒന്നുമില്ലാതെയൊന്നും ഇല്ല,
ഉണ്ട്,പ്രശ്നമുണ്ട്..
എനിക്കാണ് പ്രശ്നം..
നിങ്ങളുടെ മോളാണ് പ്രശ്നം ..
മോളുടെ കരച്ചിലും ചർദ്ദിക്കാനോങ്ങുന്ന ശബ്ദവും എല്ലാം ഒരു ബുദ്ധിമുട്ട് തന്നെയാ”...

പാവം ആ മോളുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു,
“ക്ഷമിക്കണം സാർ..
“ഞങ്ങൾ വരാനിരുന്നതല്ല ഇന്ന്
പക്ഷെ;കഴിയുന്നത്ര ആഗ്രഹങ്ങൾ എന്റെ മോളുടേത് സാധിപ്പിച്ചു കൊടുക്കണമെന്ന് തോന്നിപ്പോയത് കൊണ്ടാണ് സാർ..
മോളോട് ശബ്ദം ഉണ്ടാക്കാതിരിക്കാൻ പറയാം സർ”

“ആ ശരി ..”
ചെറുപ്പക്കാരന്റെ മറുപടി കേട്ട്
ആ മോളുടെ അച്ഛൻ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞ് അദ്ദേഹം ആ ചെറുപ്പക്കാരനോട് ചോദിച്ചു,
“സാറ് കല്ല്യാണം കഴിച്ചതാണൊ?"

ചെറുപ്പക്കാരൻ താഴോട്ട് നോക്കിയിട്ടാണ് മറുപടി പറഞ്ഞത്
“ഇല്ല”

സത്യത്തിൽ  ആ ചെറുപ്പക്കാരന്റെ സ്വഭാവം കണ്ട് ദേഷ്യം തോന്നി എനിക്ക്
മനസ്സ് പറഞ്ഞു,
എന്തൊരു ദയയില്ലാത്ത മനുഷ്യൻ..!!

കുട്ടിയുടെ അച്ഛൻ തുടർന്ന് പറഞ്ഞു,
“കല്ല്യാണം കഴിച്ചോളൂ..
പക്ഷെ കുട്ടികൾ ഇല്ലാതിരിക്കുന്നതാ സാറെ നല്ലത്..”
“സഹിക്കാൻ വയ്യ...സാറെ
നാം കണ്മണി പോലെ വളർത്തി വലുതാക്കുന്ന മക്കൾക്ക് ,
പെട്ടെന്ന് ഇങ്ങിനെ അസുഖം വന്ന് വേദന കൊണ്ട് പിടയുന്നത് കാണുമ്പോൾ ചങ്കിലെ ആ പിടച്ചിൽ അത് അനുഭവിച്ചവർക്കേ അറിയൂ സാർ”..

മദ്യലഹരിയിലായിരുന്ന ആ ചെറുപ്പക്കാരന്റെ മനസ്സിന് ആ വാക്കുകൾ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ എന്ന് അറിഞ്ഞില്ല

കാരണം അയാൾ മറുപടി പറയാതെ അലക്ഷ്യമായ് എങ്ങോട്ടോ നോക്കിയിരിപ്പായിരുന്നു.

പക്ഷെ  ആ അച്ഛന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

മകളും അമ്മയും വന്നപ്പോൾ അച്ഛൻ പതുക്കെ അവരോട് കാര്യങ്ങൾ പറയുന്നത് കേട്ടു അമ്മയുടെ കണ്ണുകളും നിറഞ്ഞു.പക്ഷെ;ആ മോള് അത് കേട്ട് പുഞ്ചിരിക്കുകയായിരുന്നു.

പക്ഷെ നേരം വെളുക്കുന്നത് വരെ ആ മോളും അമ്മയും അച്ഛനും ഉറങ്ങിയിരുന്നില്ല.
ഇടക്കിടക്ക് ചർദ്ദിക്കാനുള്ള പോക്കും
ഞരക്കവും,മൂളലും കേട്ടു.

ഒന്ന് രണ്ട് പ്രാവശ്യം ചെറുപ്പക്കാരന്റെ
പിറുപിറുക്കലും കേട്ടു.

രാവിലെ ഉണർന്നപ്പോൾ മോള് ചെറിയ മയക്കത്തിലായിരുന്നു.
ചെറുപ്പക്കാരനും ഉറക്കത്തിലായിരുന്നു.

ചായക്കാരന്റെ ശബ്ദം കേട്ട് ചെറുപ്പക്കാരൻ ഉണർന്നു.
ചായക്കാരനെ വിളിച്ചു,
“ഹലോ ഒരു ചായ..”

ശ്രദ്ധിച്ചു
അയാളിൽ
ലഹരി ഇറങ്ങിയ മാറ്റമുണ്ട്.

അതിനിടയിൽ മകളെ എഴുന്നേൽപ്പിച്ചു അമ്മ. “എഴുന്നേൽക്കൂ മോളെ നമുക്ക് ഇറങ്ങാൻ
എനി രണ്ട് സ്റ്റോപ്പേ ബാക്കിയുള്ളൂ..”

എഴുന്നേറ്റ് അമ്മയുടെ കൈ പിടിച്ച്
ക്ഷീണത്തോടേ പതുക്കെ നടന്നു‌ പോകുകയായിരുന്ന ആ മകളെ ആ ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അയാളുടെ നോട്ടം അത്
അത് സഹതാപത്തിന്റെയും ക്ഷമാപണത്തിന്റെയും നോട്ടം പോലെ തോന്നി എനിക്ക്.

കുട്ടിയുടെ അച്ഛനെ നോക്കി
ചെറുപ്പക്കാരൻ പറഞ്ഞു
“സോറി രാത്രി...ഞാൻ”
“ക്ഷമിക്കണം..”

“ഹേയ് കുഴപ്പമില്ല.. സർ..”

മകൾ തിരിച്ചു വരുമ്പോൾ ചെറുപ്പക്കാരൻ ആ മോളെ നോക്കി പുഞ്ചിരിച്ചു,
അവളും പുഞ്ചിരിച്ചു
ചോദിച്ചു,
“അങ്കിളിന്റെ ദേഷ്യം പോയോ?..
സോറി അങ്കിൾ,ഉറക്കം നഷ്ടപ്പെടുത്തി അല്ലെ ഞാൻ?"..

“ഹേയ് സാരമില്ല ..ഞാൻ അത് അറിയാതെ,
മോള് ഈ അങ്കിളിനോട് ക്ഷമിച്ചേക്ക്..”

അത് പറഞ്ഞ് അയാൾ എഴുന്നേറ്റ് നടന്നു
ഞാനും അദ്ദേഹത്തിനു പിന്നാലെ ചെന്ന് നോക്കി
അതെ, വാഷ്ബേസിനടുത്ത് നിറഞ്ഞ കണ്ണുകൾ കഴുകാനായിരുന്നു ആ പോക്ക്..

മുഖം കഴുകി തിരിഞ്ഞു നോക്കിയപ്പോൾ,
സഹതാപത്തോടെ ചോദിച്ചു,
“ഈ കുടി നിർത്തിക്കൂടെ?,
നല്ല മനുഷ്യത്വമുള്ള കരുണയുള്ള ഒരു മനസ്സുണ്ടെന്ന് മനസ്സിലാക്കി..
പക്ഷെ; ലഹരിയെ അതിനെ നഷ്ടപ്പെടുത്താൻ അനുവദിക്കരുത്”
അര മണിക്കൂറോളം ഞങ്ങൾ പരസ്പരം
കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ചു, അന്ന് അറിയാവുന്ന ചില കാര്യങ്ങൾ അദ്ധേഹത്തിനു പറഞ്ഞു കൊടുക്കുകയും ചെയ്തു.

മോളും കുടുംബവും അവർക്കിറങ്ങേണ്ട സ്റ്റേഷനിലിറങ്ങി.

അന്ന് പരസ്പരം ഫോൺ നമ്പർ കൈമാറി
ഞാനും,ചെറുപ്പക്കാരനും.
പിന്നീട് യാതൊരു ബന്ധവുമില്ലായിരുന്നു.

ഇന്നലെ രാത്രി വാട്സപ്പിൽ ഒരു വോയ്സ് മെസ്സേജ് കണ്ടു.
കേട്ട് നോക്കി,
“ഓർമ്മയുണ്ടോന്ന് അറിയില്ല,
ഒന്നര വർഷം മുമ്പ് ട്രെയിൻ യാത്രക്കിടയിൽ വെച്ച് നമ്മൾ പരിചയപ്പെട്ടിരുന്നു..”
“ഒരു കാൻസർ രോഗിയായ മോളുമുണ്ടായിരുന്നു ആ ബോഗിയിൽ”

“ ഇക്കാ ആ സംഭവത്തിന് ശേഷം ഞാൻ മദ്യപിച്ചിട്ടില്ല...
അതിന് ശേഷം ഞാൻ രോഗികൾക്ക് കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാറുണ്ട്..”
“പ്രത്യേകിച്ച് കാൻസർ രോഗികളായ കുട്ടികൾക്ക്...
ഞാനത് ആരെയും അറിയിക്കാറില്ല..”

“നാളെ നിങ്ങളുടെ ജില്ലയിലുള്ള ഒരു കുട്ടിക്ക് ഒരു സഹായം എത്തിക്കാനായി പോകുന്നുണ്ട്...,
സാധിക്കുമെങ്കിൽ ഒന്ന് നേരിട്ട് കാണണം...”
എന്റെ ഈ മാറ്റത്തിന് കാരണക്കാരൻ അങ്ങാണ്...”
ഞാൻ ഇന്നനുഭവിക്കുന്ന സമാധാനത്തിന്
നന്ദി നേരിട്ട്  അറിയിക്കണം എന്ന് കുറേയായി ആഗ്രഹിക്കുന്നു...
മറുപടി പ്രതീക്ഷിക്കുന്നു.."

മെസ്സേജ് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.

ഇടറിയ ശബ്ദത്തിൽ മറുപടി മെസ്സേജ് അയച്ചു,
“മോനേ..നിന്റെ മാറ്റത്തിനു കാരണക്കാരൻ ഞാനല്ല ആ മോളായിരുന്നു...
അവൾ ഒരു വർഷം മുമ്പ് വേദനകളില്ലാത്ത ലോകത്തേക്ക് പോയി..”
“ഞാൻ ഇപ്പോൾ നാട്ടിലില്ല.
ഇനിയും കൂടുതൽ സഹായങ്ങൾ എത്തിക്കാൻ നിനക്ക് സാധിക്കട്ടെ
കൂടുതൽ സമാധാനം ഉണ്ടാവട്ടെ ജീവിതത്തിൽ...”
ഈ ചിരി ഇനി‌ ഇല്ല 😢😢 എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ഷാഫിച്ച ഈ ലോകത്തോട് വിട പറഞ്ഞു
اللهم اغفر له وارحمه... آمين

അറിഞ്ഞില്ല..ആ ഫോട്ടോ അവസാനത്തേതായിരുന്നുവെന്ന്!!

കുറച്ചു മാസങ്ങൾക്ക് മുമ്പ് ഒരു ദിവസ്സം വന്നപ്പോൾ ഞാൻ പറഞ്ഞു,“ഷാഫിച്ച എനിക്ക് നല്ല സുഖമില്ല,എനിക്ക് വേണ്ടി നിങ്ങൾ ദുആ ചെയ്യണം"
അപ്പോഴും ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
എങ്കിലും അതിനു ശേഷം  പിന്നെ എപ്പോൾ കണ്ടാലും “നിങ്ങൾക്ക് ഇപ്പോൾ സുഖമുണ്ടോ?" എന്ന് ചോദിക്കും.
ഷാഫിച്ച എന്നെ നിങ്ങൾ എന്ന് വിളിക്കണ്ട നീ എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞാൽ അപ്പോഴും ചിരിക്കും
വീണ്ടും കാണുമ്പോൾ നിങ്ങൾ വിളി തന്നെ.

എപ്പോൾ വന്നാലും ഞാൻ അടുത്തിരുത്തി വിശേഷങ്ങൾ ചോദിച്ചറിയുന്നത് എന്റെ മകൻ ശ്രദ്ധിച്ചിരുന്നു എന്ന് തോന്നുന്നു.
അന്ന് ഷാഫിച്ച കോളിങ്ങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് മകനായിരുന്നു.
ഞാൻ അകത്ത് നിന്നും,“ ആരാണ് മോനേ”എന്ന് ചോദിച്ചപ്പോൾ
അവൻ പറഞ്ഞു,
“ഉപ്പയുടെ ആ ചങ്ങാതിയില്ലെ..
“ഷാഫിച്ച” അവരാണ്".
എനിക്കേറെ സന്തോഷമായ്
അത് കേട്ടപ്പോൾ.

വരാന്തയിൽ തറയിലിരുന്ന ഷാഫിച്ചാനോട്
“എന്റെ ഷാഫിച്ചാ..നിങ്ങൾ അവിടെ ഇരിക്കല്ലെ..ഇവിടെ ഈ കസേരയിൽ ഇരുന്നൂടേ?”
അതിനും മറുപടി ചിരിയായിരുന്നു..
“വാ ഇവിടെ വന്നിരുന്നെ”
അത് പറഞ്ഞ് കസേരയിൽ അടുത്തിരുത്തി
“എന്താ കുടിക്കാൻ വേണ്ടത്?
ചായ വേണോ?
അല്ല ജ്യുസോ?”
“ഒന്നും വേണ്ട”
“അതെന്താ ഷാഫിച്ച അങ്ങനെ"
അതിനും മറുപടി ചിരിയായിരുന്നു.

ജ്യൂസ് കുടിച്ചു
കൊടുത്ത കാശ് എണ്ണി  നോക്കി ചിരിച്ചു.
“എന്തേ ഷാഫിച്ചാ..?
 ഇനിയും വേണോ?”
എന്ന് ചോദിച്ചപ്പോൾ
“തരുന്നുണ്ടെങ്കിൽ ഇനിയും തന്നേ..”
എന്ന് പറഞ്ഞു.

അകത്ത് പോയി കുറച്ച് പൈസ കൂടി കൊണ്ട് വന്ന് കൊടുത്തു
“ഇതാ.. സന്തോഷമായോ?”
സന്തോഷത്തോടെയുള്ള  ചിരി കണ്ടപ്പോൾ ഞാൻ പറഞ്ഞു
“ഷാഫിച്ചാ..ഒരു മിനിറ്റ് പോകല്ലേ
നമുക്ക് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം”

പിന്നെ മകനോട് പറഞ്ഞു,
“ഉപ്പാന്റെയും, ഉപ്പാന്റെ ചങ്ങാതിയുടേയും
ഒരു ഫോട്ടോ എടുത്തേ നീ”..
സന്തോഷത്തോടെ അവൻ എടുത്ത ഫോട്ടോയാണിത്.

അറിഞ്ഞില്ല..ആ ഫോട്ടോ അവസാനത്തേതായിരുന്നുവെന്ന്!!

Haneef Labbakka Pakyara
Haneef Labbakka Pakyara
ദാമ്പത്യ ജീവിതം
------------
1) ഇണയുടെ ന്യൂനത കണ്ടെത്താന്‍ മെനക്കെടുന്നതിന്റെ കുറഞ്ഞ സമയം എങ്കിലും ഗുണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം

2) നമ്മള്‍ ഇണയില്‍ നിന്ന് ഇങ്ങോട്ട് കിട്ടണം എന്ന് ആഗ്രഹിക്കുന്നത് അങ്ങോട്ട്‌ കൊടുക്കാം .

3) ഇണയെ കുറ്റപ്പെടുത്തും മുമ്പ് സ്വയം ഒരു കുറ്റവിചാരണ നടത്താം.

4) അഭിനന്ദിക്കേണ്ട ഒരൊറ്റ അവസരവും പാഴാക്കാതിരിക്കാം

5) ഞങ്ങള്‍ ഒന്നാണ് എല്ലാ കുറ്റവും കുറവും ഞങ്ങളുടെതു മാത്രമാണ് അത് കൊണ്ട് കുറ്റവും ഞങ്ങള്‍ സഹിച്ചു ഗുണവും ഞങ്ങള്‍ പങ്കിട്ടു എന്ന് സ്വയം ആശ്വസിക്കാം

6) സൌന്ദര്യം പുറമേ കാണുന്നതല്ല അകത്താണ് എന്ന് തിരിച്ചറിയാം .

7) പരസ്പരം കളി തമാശകളില്‍ ഏര്‍പ്പെടാം . പരസ്പരം അഭിനന്ദിക്കാം

8) കുറ്റപ്പെടുത്താതെ , പഴിക്കാതെ , എന്ത് വന്നാലും അത് നീ പറഞ്ഞത് കൊണ്ടാണ് , നിങ്ങള്‍ ചെയ്തത് കൊണ്ടാണ് എന്നൊന്നും പരസ്പരം പഴിക്കാതെ ഞാന്‍ നീ എന്ന സംജ്ഞ ഒഴിവാക്കി നമ്മള്‍ എന്ന് ചിന്തിക്കാം .

എങ്കില്‍ സ്വര്‍ഗം തേടി എങ്ങും പോകേണ്ടി വരില്ല . സ്നേഹം അന്വേഷിച്ചു മറ്റൊരാളിലേക്കും മനസ്സ് ചായില്ല . ഇട്ടെറിഞ്ഞു പോയി പകരം മറ്റൊരാളെ സ്വീകരിക്കാന്‍ മനസ്സ് വരില്ല

ഓരോ ദാമ്പത്യ പരാജയവും ഭാര്യാ ഭര്‍ത്താക്കന്മാരുടെ സമീപനത്തിലൂടെ , സംസാരത്തിലൂടെ , ഇടപെടലിലൂടെയാണ് ആരംഭിക്കുന്നത് . കൊച്ചു കൊച്ചു 'കറുത്ത പുള്ളികള്‍' വലുതായി വലുതായി ആകെ ഇരുട്ട് മൂടുമ്പോഴാണ് എല്ലാം കൈവിട്ടു പോകുന്നത് !

സ്നേഹം ആഗ്രഹിക്കാത്തവരില്ല . കൊതിക്കാത്ത മനസ്സുകളില്ല . സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യാത്ത ഒരാളുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും

നാം പലപ്പോഴും തെറ്റിദ്ധരിക്കാറുള്ളതുപോലെ, പരസ്പരം സഹിക്കലല്ല വിവാഹത്തിന്റെ വിജയനിദാനം. മറിച്ച് പരസ്പരം മനസ്സിലാക്കലാണ്. രണ്ട് വ്യത്യസ്ത ഗൃഹാന്തരീക്ഷങ്ങളില്‍ നിന്ന്, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികളുടെ കൂടിച്ചേരലാണ് വിവാഹം.

 ജീവിതത്തെക്കുറിച്ചുള്ള രണ്ട് പേരുടെയും ഭാവനകള്‍ക്ക് വ്യത്യസ്ത വര്‍ണനകളായിരിക്കും. രണ്ട് വിഭിന്ന കാഴ്ചപ്പാടുകളിലൂടെയായിരിക്കും ഇരുവരും ജീവിതത്തെ നോക്കിക്കാണുന്നത്. ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് മറ്റേയാള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആണ്‍ മനസ്സ് വായിക്കാന്‍ പെണ്ണിനും പെണ്‍മനസ്സ് വായിക്കാന്‍ ആണിനും സാധിക്കണം. അപ്പോഴേ ഒരുമിച്ചുള്ള ജീവിതം സുഖകരമാകുകയുള്ളൂ. ഈ മനസ്സിലാക്കലിന്റെ അഭാവമാണ് മിക്ക ദാമ്പത്യത്തകര്‍ച്ചകളുടെയും കാരണം.

തന്നെപ്പോലെ തന്നെ ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഇണ എന്ന് രണ്ട് പേരും മനസ്സിലാക്കണം. വികാരങ്ങളും വിചാരങ്ങളും രണ്ട് പേര്‍ക്കും ഉണ്ട്. തനിക്ക് മാത്രമേ ചിന്തിക്കാന്‍ കഴിവുള്ളൂ എന്നും തനിക്ക് മാത്രമാണ് വികാരങ്ങളും വിചാരങ്ങളും ഉള്ളൂ എന്നും പങ്കാളികളില്‍ ഒരാള്‍ ചിന്തിക്കുകയും തദനുസൃതം പെരുമാറുകയും ചെയ്യുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുക സ്വാഭാവികം.

 കാര്യങ്ങള്‍ അന്യോന്യം തുറന്നു ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഉള്ളിലുള്ളത് തുറന്നുപറഞ്ഞ് ചര്‍ച്ചയിലൂടെ സമവായത്തിലെത്താനുള്ള പരിശീലനം ദമ്പതികള്‍ക്ക് ലഭിക്കണം.
പ്രകടിപ്പിക്കാത്ത സ്‌നേഹം എടുക്കാത്ത നാണയമാണെന്ന് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രകടിപ്പിക്കാത്ത സ്‌നേഹം കൊണ്ട് ഒരു പ്രയോജനവുമില്ല. ‘എല്ലാ സ്‌നേഹവും ഉള്ളിലാണ്’ എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. തന്റെ ഇണ തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് രണ്ട് പേര്‍ക്കും അനുഭവത്തിലൂടെ അറിയാന്‍ കഴിയണം.

 സ്‌നേഹത്തിന് അഞ്ച് ഭാഷകളുണ്ടെന്ന് മനഃശാസ്ത്രം പറയുന്നു. ഈ അഞ്ചില്‍ ഏതെങ്കിലുമൊരു ഭാഷയിലൂടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ദമ്പതികള്‍ തയ്യാറാകേണ്ടതുണ്ട്.

(ഒന്ന്) ജീവിത പങ്കാളിക്ക് വേണ്ടി തന്റെ ‘മികച്ച സമയം’ മാറ്റിവെക്കുക എന്നതാണ് ഒന്നാമത്തെ ഭാഷ. ദിവസവും നല്ല നേരത്തില്‍ കുറച്ച് പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ തയ്യാറാകുക.

(രണ്ട്) സ്‌നേഹ വാക്കുകള്‍ പറയുക. ഇഷ്ടം അന്വേന്യം വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭങ്ങള്‍ പാഴാക്കരുത്. ഓരോരുത്തരും ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും വേണം. മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയണം.

(മൂന്ന്) സ്പര്‍ശനം ആണ് സ്‌നേഹ പ്രകടനത്തിന്റെ മൂന്നാമത്തെ ഭാഷ. സ്‌നേഹപരിചരണങ്ങള്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു.

(നാല്) സമ്മാനങ്ങള്‍ നല്‍കല്‍. ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറാവുന്നതാണ്.

(അഞ്ച്) പരസ്പരം സേവിക്കുക. അടുക്കള ജോലിയില്‍ ഭാര്യയെ സഹായിക്കാന്‍ ഭര്‍ത്താവ് സമയം കണ്ടെത്തണം. പാചകം ഒരുമിച്ചാകാം. ഭര്‍ത്താവിന്റെ ജോലികളില്‍ ഭാര്യക്ക് തുണയാകാം. ജോലികള്‍ പരസ്പരം പങ്കിടുമ്പോള്‍ ബന്ധം ശക്തിപ്പെടും. സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രകടിത രൂപമാണീ പരസ്പര സേവന സന്നദ്ധത.

ഈ അഞ്ചില്‍ ഏത് ഭാഷയാണ് തന്റെ പങ്കാളിയുടേത് എന്ന് കണ്ടെത്തി അതിലൂടെ വേണം സ്‌നേഹവിനിമയം നടത്താന്‍. എല്ലാവര്‍ക്കും എല്ലാ ഭാഷയും അനുയോജ്യമാകുകയില്ല.
✒#HaneefLabbakka
☝🏻നമ്മുടെ മാതാപിതാക്കള്‍ക്ക് പ്രായം കൂടും തോറും അവരുടെ ക്ഷമ കുറയുകയും, ഒറ്റപ്പെടല്‍ കാരണം മനസ്സ് കുടുസ്സാവുകയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്തേക്കാം, അപ്പോള്‍ സൃഷ്ടാവായ അല്ലാഹുവിന്‍റെ വാക്ക് നാം ഓര്‍ക്കുക:

*وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُلْ لَهُمَا قَوْلًا كَرِيمًا*

*തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക.*

*وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا*

*കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.*

Qur'an , Chapter 17, Al Isra': 23-24

🚫മാതാപിതാക്കളുടെ മുന്നില്‍ വെച്ച് സഹോദരങ്ങള്‍ തമ്മില്‍ വഴക്കും തര്‍ക്കവും ഉണ്ടായാല്‍ അതവരുടെ മനസിനെ വേദനിപ്പിക്കും, അവരെയോര്‍ത്ത് നമ്മുടെ സഹോദരങ്ങള്‍ക്ക് പൊറുത്തു കൊടുത്താല്‍ അത് വലിയൊരു പുണ്യ കര്‍മ്മമായിരിക്കും...

❤ഹസനുല്‍ ബസ്വരി (റ) പറഞ്ഞു: *എന്‍റെ ഉമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്നതും, സംസാരിച്ചിരിക്കുന്നതും, അവരുടെ മനസിനെ സന്തോഷിപ്പിക്കുന്നതുമാണ് ഐഛികമായ ഒരു ഹജ്ജ് ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം.*

🚫യസീദ് ഇബ്നു അബീ ഹുബൈബ് (റ) പറഞ്ഞു: *"മാതാപിതാക്കളെ സംസാരത്തില്‍ തോല്‍പ്പിക്കാന്‍ വേണ്ടി തെളിവുകള്‍ നിരത്തല്‍ നന്ദികേടില്‍ പെട്ടതാണ്".*

🌹നമ്മുടെ മാതാപിതാക്കള്‍ നമ്മോട് വല്ലതും ആവശ്യപ്പെട്ടാല്‍ അതില്‍ സന്തോഷിക്കുക, 'എന്താ എന്നോട് മാത്രം പറയുന്നത്, എന്താ മറ്റു സഹോദരങ്ങളോട് പറയാത്തത്' എന്ന് ചിന്തിക്കാതെ  അത് നിറവേറ്റാനായി മല്‍സരിക്കുക, കാരണം *സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടങ്ങളാണത്..*

🌹ഓര്‍ക്കുക , അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്‍റെ തൃപ്തി....

رب اغفر لي ولوالدي رب ارحمهما كما ربياني صغيرا...

അല്ലാഹു നമ്മുടെ മാതാപിതാക്കള്‍ക്ക് ദീര്‍ഘായുസ്സും ആഫിയത്തും നല്‍ക്കട്ടേ, അവരോട് നന്മചെയ്യാനും അത് വഴി അല്ലാഹുവിന്‍റെ തൃപ്തി നേടാനും അവന്‍ നമുക്ക് തൗഫീഖ് നല്‍കട്ടേ, നമ്മില്‍ നിന്ന് സംഭവിച്ച വീഴ്ച്ചകള്‍ അവന്‍ നമുക്ക് പൊറുത്ത് തരട്ടേ...
മാതാപിതാക്കളില്‍  മരണപ്പെട്ടവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടേ, നമ്മെയും അവരെയും അവന്‍ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടട്ടേ..

ആമീന്‍...
Haneef Labbakka Pakyara
ഒരിക്കൽ ഒരു വിദ്യാർത്ഥി അറിവ് തേടിയുള്ള യാത്ര ആരംഭിച്ചു.
അദ്ധേഹം ഒരു പണ്ഡിതന്റെ കൂടെ കുറച്ച് നാൾ താമസിച്ച് അറിവ് നേടാൻ തീരുമാനിച്ചു.

ആദ്യമായ് ഒരു പണ്ഡിതന്റെ അടുത്ത് ചെന്ന് കാര്യം ബോധിപ്പിച്ചു.

പണ്ഡിതൻ സമ്മതിച്ചു താമസം ആരംഭിച്ച ഉടനെ വിദ്യാർത്ഥി പണ്ഡിതന്റെ ഒരു കുറവ് മനസ്സിലാക്കി
അവിടെ നിന്നും ഒഴിഞ്ഞ് പോന്നു.

വിദ്യാർത്ഥി അത് പോലെ ചുരുങ്ങിയത് തൊണ്ണൂറ്റൊമ്പത് പണ്ഡിതന്റെ അടുത്ത് ചെന്നു എല്ലായിടത്ത്‌ നിന്നും എന്തെങ്കിലുമായി ഒരു കുറവ് കണ്ട് പിടിക്കുകയും അവിടെ നിന്നും ഒഴിഞ്ഞ് വരികയും ചെയ്തു.

അവസാനം നൂറാമത്തെ പണ്ഡിതന്റെ അടുത്ത് ചെന്നു‌,വിദ്യാർത്ഥി ആദ്യമേ പറഞ്ഞു, ഞാൻ ഇതിന് മുമ്പ് തൊണ്ണൂറ്റൊമ്പത് പേരുടെ അടുത്ത്‌ ചെന്നുവെന്നും എല്ലായിടത്ത് നിന്നും എനിക്ക് ഓരോ കുറവുകൾ കാണാനിടയായ് എന്നും അവസാനം തങ്കളുടെ അടുത്ത് എത്തിയതാണെന്നും പറഞ്ഞു,

പണ്ഡിതൻ പറഞ്ഞു,"അവരിൽ നിന്നെല്ലാം നിങ്ങൾക്ക് ഓരോ കുറവല്ലെ ലഭിച്ചുള്ളൂ, ഞാൻ വളരെ അറിവ് കുറഞ്ഞയാളാണ് എന്നിൽ നിന്ന് നിങ്ങൾക്ക് കുറേയധികം കുറവുകൾ‌ ലഭിച്ചേക്കാം,
സമ്മതമാണെങ്കിൽ താമസം തുടരാം"

"പിന്നെ എനിക്ക് പ്രത്യേകമായ് ഒരു കാര്യം പറയാനുള്ളത് നിങ്ങൾക്ക് ഇതിന് മുമ്പ് തൊണ്ണൂറ്റൊമ്പത് പണ്ഡിതരുടെ അടുത്ത് താമസിക്കാനുള്ള‌ അറിവ് നേടാനുള്ള ഭാഗ്യം ലഭിച്ചു നിങ്ങൾ‌ അവിടെ നിന്നെല്ലാം അവരുടെ ഓരോ കുറവുകൾ‌ മനസ്സിലാക്കിയാണ്  വന്നത്,

എന്നാൽ പകരം നിങ്ങൾ അവരിൽ‌ നിന്നും ഓരോ നന്മകളാണ് മനസ്സിലാക്കി‌ വന്നിരുന്നതെങ്കിൽ നിങ്ങൾ ഇപ്പോൾ‌ അത്രയും അറിവ് നേടിയ ആളാകുമായിരുന്നു."

വിദ്യാർത്ഥി കുറ്റ ബോധത്തോടെ തല താഴ്ത്തിയിരുന്നു.

(നമ്മൾ‌ മറ്റുള്ളവരുടെ കുറ്റങ്ങളും‌ കുറവുകളും കണ്ട് പിടിക്കുന്നതിന് പകരം അവരിലെ നന്മയെ കണ്ടെത്തി‌ അത് ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക)
Haneef Labbakka Pakyara
നിങ്ങളോട് ദയ കാണിക്കാത്തവരോട്
അങ്ങോട്ട് ദയ കാണിക്കേണ്ട ഒരു സന്ദർഭം ഉണ്ടാകുക എന്നത്
തീർച്ചയായും അല്ലാഹുവിന്റെ ഒരു‌ പരീക്ഷണം തന്നെയാണ്.
പ്രതികാരം എന്നത്‌  അത് നിമിഷ നേരത്തേക്ക്
ഒരു വിജയമായ് നിങ്ങൾക്ക് തോന്നിയേക്കാം എങ്കിലും അത്
നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്
ആ വിജയം ഒരിക്കലും‌ നില നിൽക്കില്ല.
അത് കൊണ്ട് ക്ഷമിക്കുക,നല്ലത്‌ ചെയ്യുക.
കരുണ കാണിക്കുക
ആരാണോ നിങ്ങളെ വീഴ്ത്താൻ ശ്രമിച്ചത് അവരെ നിങ്ങൾ എഴുന്നേൽക്കാൻ സഹായിക്കുക.
തീർച്ചയായും
സർവ്വശക്തനായ അല്ലാഹു നിങ്ങൾക്കായി നല്ല പ്രതിഫലമായിരിക്കും ഒരുക്കി നൽകുക.