Pages

Thursday, October 3, 2019

മറക്കില്ല ഈ ആയുസ്സുള്ളവരേക്കും
-------------------------
✒Haneef Labbakka Pakyara
“എന്റെ മോൻ എന്നോട് നേര് പറഞ്ഞേ,
കളവ് പറയല്ലേ മോനേ..
എന്താ ന്റെ മോനോട് ഡോക്ടർ പറഞ്ഞത്?”
തലമുടിയിൽ തടവിക്കൊണ്ടാണ്
എന്റെ ഈ ലോകത്തിലെ സ്വർഗ്ഗം
എന്റെ പൊന്നുമ്മ എന്നോട് ചോദിച്ചത്.

പിടിച്ചു നിൽക്കുകയായിരുന്നു,
ഞാനെന്ന ധൈര്യശാലി.
പക്ഷെ ആ സ്നേഹത്തിനു മുന്നിൽ
ആ താലോടലിനു മുന്നിൽ
തോറ്റു പോയി..

ചുണ്ടുകൾ വിറച്ചു
ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്ക് വരാൻ പാടു പെട്ടു

“ഉമ്മാ ന്റെ ഉമ്മ പേടിക്കരുത്..”
“എനിക്ക് കേൻസറാണത്രെ ഉമ്മ..
ഒപറേഷനും മറ്റും പെട്ടെന്ന് ചെയ്യണം
പക്ഷേ...”

“പിന്നെന്താണ് ന്റെ മോനെ പക്ഷെ;?!!”

ഉമ്മാ ഡോക്ടർ പറയുന്നത്,
“എനിക്കിനി ഏറിയാൽ ആറ് മാസമേ ഉള്ളുവത്രെ ഉമ്മാ..”

“യാ അല്ലാഹ്...”
ചേർത്ത് പിടിച്ചു
എന്റെ മുഖം പൊട്ടിക്കരഞ്ഞു ഉമ്മ.

“എനിക്ക് എന്റെ മോനെ കണ്ടിട്ട്
കൊതി തീർന്നിട്ടില്ലല്ലോ അല്ലാഹ്..”
“പതിനേഴാമത്തെ വയസ്സിൽ‌ കടൽ കടന്ന് പോയതല്ലെ,
മുപ്പത് വർഷമായില്ലെ നാട് വിട്ടിട്ട്..
ഇന്നിപ്പോൾ ഞാനെങ്ങിനെ സഹിക്കും
അല്ലാഹ്”

“ഉമ്മാ ഇനി ഒരു ടെസ്റ്റ് കൂടി കിട്ടാനുണ്ട്,
നാളെ ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേക്ക് കിട്ടുമെന്നാ ഡോക്ടർ പറഞ്ഞത്”

“ഇല്ല മോന് ഒന്നും ഉണ്ടാകില്ല,
നാളെ അല്ലാഹ് നമുക്ക് നല്ലതേ കേൾപ്പിക്കൂ..
നമുക്ക് ദുആ ചെയ്യാം അല്ലാഹുവിനോട്”

രാത്രിയിൽ ഭക്ഷണം ഇറങ്ങുന്നില്ല,
തൊണ്ടയ്ക്ക് താഴെ ഇറങ്ങുന്നില്ല,
ഉമ്മ അടിത്തിരുന്ന് പത്തിരി കഷ്ണങ്ങളാക്കി പ്ലൈറ്റിലിട്ട് കറി ഒഴിച്ച്
“കഴിക്ക് മോനേ.."എന്ന് പറഞ്ഞ് കൊണ്ടേയിരുന്നു

രാത്രി ഉറക്കം വരുന്നില്ല
തിരിഞ്ഞും മറിഞ്ഞും
കിടന്നു
അല്ലാഹുവിനോട് ദുആ ചെയ്ത് കൊണ്ടിരുന്നു.

ഇടയ്ക്കിടക്ക് ഉമ്മയുടെ മുറിയുടെ വാതിൽക്കൽ ചെന്ന് നോക്കി
കട്ടിലിൽ ഇരുന്ന് ദുആ ചെയ്ത് കൊണ്ടിരിക്കുന്ന ഉമ്മയെ കണ്ടു

അകത്തേക്ക് ചെന്നു,
ഉമ്മയുടെ അരികിൽ ഇരുന്നു.
ഒരു കൈയിൽ ഖുർആൻ പിടിച്ച്
മറു കൈ കൊണ്ട് എന്റെ തല തടവിക്കൊണ്ട് ഉമ്മ ചോദിച്ചു,
“ഉറക്കം വരുന്നില്ലേ മോനേ..”
“ഇല്ല ഉമ്മാ...”.
തലയെ ഉമ്മയോട് ചേർത്ത് വെച്ചു.
“എന്റെ ഉമ്മ എനിക്ക് മാപ്പാക്കണം
അറിയാതെ ഞാൻ ഉമ്മാനെ
ബേജാറാക്കിപ്പോയിട്ടുണ്ടെങ്കിൽ”

“എന്തിന് മോനെ ഇങ്ങിനെ സങ്കടപ്പെടുന്നത്?”
എന്റെ മോനെ ഞാനല്ലെ ബേജാറാക്കിട്ടുണ്ടാകൂ..”
“ന്റെ മോന് ഒന്നും ഉണ്ടാകില്ല
ഇൻ ഷാ അല്ലാഹ് നാളെ
ഡോക്ടർ വിളിച്ച് ഒന്നൂല്ലാന്ന് പറയും”

എപ്പോഴോ അറിയാതെ കണ്ണടച്ചു

സുബ് ഹി ബാങ്ക് കേട്ടാണ് ഉണർന്നത്
വേഗം പള്ളിയിലേക്ക് പോകാൻ റെഡിയായി
വാതിൽ തുറന്ന് വാതിലനടുത്ത് നിന്നിരുന്ന ഉമ്മയുടെ
നെറ്റിയിൽ മുത്തം നൽകി
“ഞാൻ നിസ്കരിച്ചിട്ട് വരാം ഉമ്മാ
ദുആ ചെയ്യ് ഉമ്മാ..”

കഴിയുന്നില്ല സങ്കടം
ഒരു ദിവസം കൊണ്ട്
ജീവിതം ആകെ മാറി മറിഞ്ഞത്
പോലെ

ഇന്നലെ രാവിലെ എത്ര സന്തോഷത്തോടെയാണ്
എല്ലാവരും ഹോസ്പിറ്റലിലേക്ക് ടെസ്റ്റിനും മറ്റും പോയത്
ചിന്തിച്ചിട്ട് പോലുമില്ല
ഇങ്ങിനെ ഒരു റിസൾട്ട് ആയിരിക്കുമെന്ന്
ഒന്നുമുണ്ടാകില്ല എന്ന പൂർണ്ണ വിശ്വാസമായിരുന്നു.

പള്ളിയിൽ നിന്നും വന്നു
ഉച്ച വരെ എല്ലാവരും ദുആകളുമായി
കഴിഞ്ഞു
അർക്കും വിശപ്പ് തോന്നിയില്ല
പേരിന് എന്തൊക്കെയോ കഴിച്ചെ‌ന്ന് വരുത്തി.

സമയം പന്ത്രണ്ട് കഴിഞ്ഞ്
നെഞ്ചിടിപ്പ് കൂടി
ഉമ്മായുടെ അടുത്ത് പോയിരുന്നു
ഒരു മണിയായി

ഡോക്ടറുടെ കോൾ വന്നില്ല
ഒന്നേ കാൽ ആയി
അങ്ങോട്ടേക്ക് വിളിച്ചു
ബിസിയായിരുന്നു
അഞ്ചു മിനിറ്റ് കഴിഞ്ഞു
ഡോക്ടറുടെ കോൾ വന്നു,
“സർ പറയൂ..”
“പേടിക്കരുത് ഞാൻ സംശയിച്ചതും
ഇന്നലത്തെ റിപ്പോർട്ടും പോലെത്തന്നെ
ഇന്നത്തെ റിപ്പോർട്ടും,
ഇന്ന് തന്നെ നിങ്ങൾ വരണം”

ഫോൺ കട്ട് ചെയ്തു
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി
എന്നാൽ
മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ
ഉറക്കെ വിളിച്ചു പറഞ്ഞു
തളരരുത്
ധൈര്യം കൈ വിടരുത്
ഉമ്മയ്ക്ക് ധൈര്യവും സമാധാനവും
സന്തോഷവും നൽകണം.

എവിടെ നിന്നോ ശക്തി ലഭിച്ചത് പോലെ
ഉമ്മയെ നോക്കി
പറഞ്ഞു
“ഉമ്മാ ഇല്ല ഉമ്മാ
റിപ്പോർട്ട് എന്തായിക്കോട്ടെ,
അല്ലാഹ് നമ്മളെ കൈവിടില്ല ഉമ്മാ”
“എന്റെ ഉമ്മാന്റെ ദുആ അല്ലാഹ്
കേൾക്കാതിരിക്കില്ല
നമുക്ക് ഇന്ന് തന്നെ ഡോക്ടറെ കാണാം”

പല ആശുപത്രികൾ
പല ഡോക്ടർമാർ
വർഷങ്ങൾ കഴിഞ്ഞു
ധൈര്യവും സമാധാനവും നൽകി
കൂടെ നിന്ന കൂട്ടുകാർ
ബന്ധുക്കൾ
എത്രയെത്ര പേർ
മറക്കില്ല
ഈ ആയുസ്സുള്ളവരേക്കും

നന്ദിയുണ്ട് പ്രിയരേ
ഏറെ നന്ദിയുണ്ട്

No comments:

Post a Comment