Pages

Thursday, October 3, 2019

പെൺ മക്കൾ
————————
✒Haneef Labbakka Pakyara
പെൺകുട്ടികൾ‌ പഠിക്കുന്ന സ്കൂളിലെ ടീച്ചർ സുന്ദരിയും,പഠിപ്പിക്കാൻ ഏറെ കഴിവുള്ള ടീച്ചറുമായിരുന്നു.
കല്ല്യാണം കഴിഞ്ഞിരുന്നില്ല അവരുടെ.

ഒരു ദിവസ്സം പെൺകുട്ടികൾ ടീച്ചറോട് ചോദിച്ചു,
“മിസ്സ്,നിങ്ങൾ‌ ഇത് വരെ എന്ത് കൊണ്ടാണ് കല്ല്യാണം കഴിക്കാത്തത്?”
ടീച്ചർ പറഞ്ഞു,
“ഞാൻ ഒരു കഥ പറയാം,
എല്ലാവരും ശ്രദ്ധിച്ച് കേൾക്കണം”

“ഒരു വീട്ടിലെ മാതാപിതാക്കൾക്ക് നാല് പെൺ മക്കൾ ഉണ്ടായിരുന്നു,
അഞ്ചാമതും ആ സ്ത്രീ ഗർഭിണിയായി,
പ്രസവത്തിന്റെ ദിവസ്സം അടുക്കുന്തോറും
ഭർത്താവ് ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു,
ഭർത്താവ് പറഞ്ഞു,“ഈ പ്രാവശ്യവും പെൺകുഞ്ഞ് ആണെങ്കിൽ എവിടെയെങ്കിലും കൊണ്ട് പോയി കളയും ഞാൻ അതിനെ”

എന്നാൽ‌ വിധിയെ മാറ്റാൻ ആർക്കും സാധ്യമല്ലല്ലൊ
ഈ പ്രാവശ്യവും‌ പെൺകുഞ്ഞിന് തന്നെയാണ് ആ മാതാവ് ജന്മം നൽകിയത്.

“രാത്രി ഭർത്താവ് കുഞ്ഞിനെയുമെടുത്ത്  പോയി കവലയിലെ സ്ട്രീറ്റ് ലൈറ്റിന് താഴെ വെച്ചു.
പാവം മാതാവ് രാത്രി മുഴുവൻ ആ പിഞ്ചു പൈതലിനു വേണ്ടി‌
പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
പിറ്റേ ദിവസം അതിരാവിലെ പിതാവ് കവലയിൽ ചെന്ന് നോക്കിയപ്പോൾ കുഞ്ഞ് അവിടെത്തന്നെ ഉണ്ടായിരുന്നു,
ആരും കുഞ്ഞിനെ കൊണ്ട് പോയിരുന്നില്ല.
പിതാവ് കുഞ്ഞിനെയുമെടുത്ത് തിരിച്ച് വീട്ടിലേക്ക് വന്നു”

“പിറ്റേ ദിവസ്സം രാത്രിയും കുഞ്ഞിനെക്കൊണ്ട്‌ പോയി കവലയിൽ വെച്ചു,
പക്ഷെ;അതിന്റെ പിറ്റേ ദിവസ്സം അതിരാവിലെ പോയി നോക്കുമ്പോൾ കുഞ്ഞ് അവിടെ തന്നെ ഉണ്ടായിരുന്നു
ആരും കൊണ്ട് പോയിരുന്നില്ല.
ഇതേ പോലെ മൂന്ന് ദിവസ്സം തുടർന്നു,
അവസാനം ആ പിതാവ് സൃഷ്ടാവിന്റെ വിധിയിൽ വിശ്വസിച്ച് കുഞ്ഞിനെ കൊണ്ട് പോയി കളയാനുള്ള ശ്രമം ഉപേക്ഷിച്ചു”

“ഒന്നര വർഷത്തിനു ശേഷം ആ മാതാവ് വീണ്ടും ഒരു കുഞ്ഞിന് കൂടി ജന്മം നൽകി.
അത് ആൺകുട്ടിയായിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് പെണ്മക്കളിൽ ഒരു പെൺ കുഞ്ഞ് രോഗം വന്ന് മരണപ്പെട്ട് പോയി”

“വീണ്ടും മാതാവ് ഗർഭിണിയാകുകയും
ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു,
എന്നാൽ വിധി ആ മാതാവിനെ പരീക്ഷിച്ച് കൊണ്ടിരുന്നു,
ഓരോ ആൺകുഞ്ഞ് ജനിച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും ഒരു പെൺകുഞ്ഞ് എന്തെങ്കിലും രോഗമോ അപകടമോ കാരണം മരണപ്പെട്ട് പോകുമായിരുന്നു”

“അവസാനം ആ വീട്ടിൽ നാല് ആൺ കുട്ടികൾ ഉണ്ടാകുകയും എന്നാൽ പെൺകുട്ടികളിൽ ഒരാൾ ഒഴികെ എല്ലാവരും മരണപ്പെട്ട് പോകുകയും ചെയ്തു.
ബാക്കി ഉണ്ടായിരുന്നത് പിതാവ് അന്ന് കൊണ്ട് പോയി കളയാൻ ശ്രമിച്ച പെൺകുട്ടി ആയിരുന്നു”

“ഒരു ദിവസ്സം ആ മാതാവും മരണപ്പെട്ടു.
നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും പിതാവും ആ വീട്ടിൽ ജീവിച്ചു.
കുട്ടികൾ എല്ലാവരും വലിയ കുട്ടികളായി”

ടീച്ചർ തുടർന്നു,
“ആ വീട്ടിലെ പിതാവ് കൊണ്ട് പോയി കളയാൻ ശ്രമിച്ച ആ പെൺകുട്ടിയാണ്
ഈ ഞാൻ”

“ ഞാൻ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം,
എന്റെ പിതാവിന് പ്രായമേറെയായി
സ്വയം ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല,
എന്റെ സഹോദരന്മാരെല്ലാം കല്ല്യാണം കഴിച്ച് താമസവും മാറി,
ഇപ്പോൾ പിതാവിനെ പരിചരിക്കാനും ശ്രദ്ധിക്കാനും ഞാനല്ലാതെ മറ്റാരുമില്ല”

“സഹോദരന്മാർ ഇടക്ക് വന്ന് സുഖവിവരങ്ങൾ അന്വേഷിക്കും,
എന്റെ പിതാവ് ഇടക്കിടയ്ക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് പറയും,
“ചെറുപ്പത്തിൽ ഞാൻ നിന്നോട് ചെയ്ത് പോയ തെറ്റിന് നീ എനിക്ക് മാപ്പ് നൽകണേ മോളേ..”

ടീച്ചർ തുടർന്നു,
“ഞാൻ ഒരു കഥ വായിച്ചിരുന്നു,
ഒരു പിതാവും മകനും ഫുട്ബോൾ കളിച്ച് കൊണ്ടിരിക്കെ മകന് പ്രോൽസാഹനം ലഭിക്കട്ടെ എന്ന് കരുതി പിതാവ് എപ്പോഴും കളിക്കിടെ തോറ്റ് കൊടുക്കുമായിരുന്നു”

“ഇത് ആ പിതാവിന്റെ മകൾ എന്നും കാണുമായിരുന്നു,
മകൾക്ക് പിതാവ് എന്നും പരാജയപ്പെടുന്നത് കണ്ട് സഹിച്ചില്ല,
ഒരു ദിവസ്സം പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് മകൾ പറഞ്ഞു,
“ഉപ്പയുടെ കൂടെ ഞാൻ കളിച്ചോട്ടെ ഉപ്പാ.,
ഉപ്പ ഇങ്ങിനെ തോൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നില്ല..
ഉപ്പാക്ക് വേണ്ടി ഞാൻ തോൽക്കാം ഉപ്പാ.”
ടീച്ചർ പറഞ്ഞു നിർത്തി.

ഓർക്കുക പെൺമക്കൾ പിതാവിന് സൃഷ്ടാവിൽ നിന്നും ലഭിക്കുന്ന ഏറ്റവും‌ വലിയ അനുഗ്രഹങ്ങളിലൊന്നാണ്.
അവൾ കാരുണ്യമാണ്..

No comments:

Post a Comment