Pages

Thursday, October 3, 2019

പിസ്സയും,പേരക്കയും
---------------
© #HaneefLabbakka
തിരക്കുപിടിച്ച നഗരത്തിലൂടെ  കുടുംബവുമായി യാത്ര ചെയ്യുന്നതിനിടയിൽ
പിസ്സാ ഷോപ്പ് കണ്ടപ്പോൾ
കൊച്ചു മകൾ പറഞ്ഞു
“എനിക്ക് പിസ്സാ വേണം ഉപ്പാ..

കാറ് കുറച്ച് മുമ്പോട്ട് പോയ്ക്കഴിഞ്ഞിരുന്നു
എങ്കിലും ഞാൻ ട്രാഫിക് സിഗ്നലിൽ നിന്നും യു ടേൺ എടുത്ത് പിസ്സാ ഷോപ്പിന് മുന്നിൽ എത്തി.
പിസ്സക്ക് ഓർഡർ കൊടുത്തു.
അത് വാങ്ങി കാറിൽ വെച്ച് തന്നെ ഞങ്ങൾ കഴിക്കാൻ തുടങ്ങി.
കുറച്ചു ദൂരം ചെന്നപ്പോഴാണ് കാറിൽ ഡീസൽ അടിക്കണമെന്ന ഓർമ്മ വന്നത്.
പമ്പിലേക്ക് പോയി.

പമ്പിന്റെ അടുത്ത് റോഡ് സൈഡിൽ
ഏതോ സെക്ഷനു വേണ്ടി കുഴിയെടുക്കുന്ന ഒരു കുടുംബത്തെ കണ്ടു.
അവരുടെ കുട്ടികൾ റോഡ് സൈഡിൽ കളിക്കുന്നുണ്ടായിരുന്നു.
ഡീസൽ അടിച്ച് പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് കുട്ടികൾ കളിച്ച് കൊണ്ടിരുന്ന സ്ഥലത്ത് വെയ്സ്റ്റ് ബക്കറ്റ് കണ്ടത്.

കാറ് അവിടെ നിർത്തി ഞാൻ പിസ്സയുടെ കവറുമായി വെയ്സ്റ്റ് ബക്കറ്റിലേക്ക് ഇടാനായി ഇറങ്ങി.
ഞാൻ അതിനടുത്ത് എത്തിയപ്പോൾ കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്ന ആൺകുട്ടി പറഞ്ഞു
“ഇവിടെ തന്നേക്ക് സർ.. ഞാൻ ഇടാം”
ഞാൻ “വേണ്ട മോനേ"...എന്ന് പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി അവന്റെ കൈയിൽ കവർ കൊടുത്തു.

കാറിൽ കയറിയിരുന്ന് ഞാൻ ശ്രദ്ധിച്ചു,
അവർ ആ കവർ തുറന്നു അതിൽ നിന്നും
ബാക്കിയുണ്ടായിരുന്ന കെച്ചപ്പിന്റേയും
മറ്റും പായ്കറ്റുകൾ എടുത്ത് പരസ്പരം കൈമാറി അത് രുചിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.
ഭാര്യ ചോദിച്ചു,“എന്താ നോക്കുന്നത്?,
എന്ത് പറ്റി?”
“ഹേയ് ഒന്നുമില്ല" എന്ന് പറഞ്ഞു
കാറ് എടുത്തു.

വീണ്ടും ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് പിസ്സാ ഹോട്ടലിലെത്തി
ഭാര്യയും മക്കളും എന്തിനാ? ആർക്കാ? എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു
ഞാൻ പറഞ്ഞു,“എല്ലാം പറയാം"
പിസ്സയുമായി വീണ്ടും ആ കുട്ടികളുടെ അടുത്തെത്തി
അവർ മാതാപിതാക്കളുമൊന്നിച്ച്
പോകാൻ ഒരുങ്ങുകയായിരുന്നു.

ഞാൻ കാറിൽ നിന്നിറങ്ങി അവർക്ക് പിസ്സ നൽകി സന്തോഷത്തോടെ ആ കുട്ടികൾ അത് വാങ്ങിച്ചു.
അവരുടെ പിതാവ് പറഞ്ഞു,
വേണ്ടായിരുന്നു സർ
“അവർക്കിതൊന്നും ശീലമില്ല,
വയറിനെന്തെങ്കിലും?"
“ഏയ് പേടിക്കണ്ട,
ഒന്നും സംഭവിക്കില്ല”
അത് പറഞ്ഞ് അദ്ദേഹത്തിന്റെ പുറം തടവി കാറിൽ കയറി
ഞങ്ങൾ മടങ്ങി.

ഭാര്യക്കും മക്കൾക്കും ഏറെ സന്തോഷമായി.
സംഭവം കഴിഞ്ഞ്
ഒരു മാസത്തോളമായിക്കാണും
ഒരു ദിവസം സർക്കാർ ആശുപത്രിയിൽ
ഒരു സുഹൃത്തിനെക്കാണാനായി പോയതായിരുന്നു
അവിടെ അന്ന് ഞാൻ എവിടെയോ കണ്ട് മറന്ന മുഖങ്ങൾ വീണ്ടും കണ്ടു.

“നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ടല്ലൊ?"
അവരുടെ കൂടെയുണ്ടായിരുന്ന
മോളാണ്  മറുപടി പറഞ്ഞത്
“പിസ്സാ അങ്കിൾ"
അവർക്കും എനിക്കും അപ്പോഴാണ് പരസ്പരം മനസ്സിലായത്.
“എവിടെ മോനും ഭാര്യയും?"
“അകത്തുണ്ട് സർ,
 ഐസിയുവിലാ”
“ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ടാന്ന് ഡോക്ടർ മാർ പറയുന്നത്”

“എന്ത് പറ്റിയതാ?"
“കേൻസറാ സാറെ..
അന്ന് നമ്മൾ കാണുമ്പോൾ ചികിൽസ നടക്കുന്നുണ്ടായിരുന്നു,
കീമോ കഴിഞ്ഞ് വന്ന സമയമായിരുന്നു അത്,
കഴിഞ്ഞയാഴ്ച വീണ്ടും തീരെ വയ്യാതായി,
മിനിഞ്ഞാന്ന് ഐസിയുവിലാക്കി"

“എനിക്കൊന്ന് കാണാൻ പറ്റുമോ?"
എന്ന് ചോദിച്ചു ഞാൻ
“വരൂ സർ”
അവരുടെ കൂടെ പോയി
അവിടെയുണ്ടായിരുന്ന സിസ്റ്ററോട് പറഞ്ഞപ്പോൾ അകത്ത് നിന്നും
കർട്ടൺ മാറ്റിത്തന്നു
പുറത്ത് നിന്നും ആ മോനെ കണ്ടു.
തിരിച്ചു നടന്നു.

എന്റെ വീടിന്റെ അഡ്രസ്സും ഫോൺ നമ്പറും നൽകി അവർക്ക്
എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞു.
അന്ന് സുഹൃത്തിനേയും കണ്ട്
വീട്ടിൽ തിരിച്ചെത്തി.
സംഭവം കഴിഞ്ഞ് ആറേഴ് മാസമായി

ഇന്നലെ വൈകിട്ട് കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ കണ്ടത്
ആ അച്ഛനും അമ്മയും മകളും
“നാട്ടിൽ പോയിരുന്നു സർ,
ഇന്നലെ വൈകിട്ടാ എത്തിയത്"
അത് പറഞ്ഞ് സഞ്ചിയിൽ നിന്നും
കുറച്ച് പേരക്ക എടുത്ത് നീട്ടി പറഞ്ഞു
“ഞങ്ങൾക്ക് ചെറിയ ഒരു വീടുണ്ട്
നാട്ടിൽ,
അതിന്റെ മുറ്റത്തുള്ള
മരത്തിൽ ഉണ്ടായതാ,
എന്റെ മോന് വല്യ ഇഷ്ടമാ പേരക്ക..
അത് പറിച്ചപ്പോൾ സാറിനെയാ ഓർത്തത്"

“സാറിനറിയോ അന്ന് സാറ് മക്കൾക്ക് പിസ്സ നൽകി പോയില്ലേ..
അതിന് ശേഷം അവൻ ഇടക്കിടക്ക് പറയുമായിരുന്നു,
“എനിക്ക് ആ സാറിനെപ്പോലെ ഒരാളാകണം എന്ന്"..

“അവന്റെ ആഗ്രഹങ്ങളൊക്കെ ബാക്കിയാക്കി അവൻ പോയി സാറേ"
അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ
കണ്ണുകൾ നിറഞ്ഞിരുന്നു.
എന്റെയും കണ്ണുകൾ നിറഞ്ഞു.

No comments:

Post a Comment