Pages

Thursday, October 3, 2019

ഖുർആൻ ഷരീഫ് ഹൃദയത്തിലെ കറ കളയുമോ?
------------------------
#HaneefLabbakka
ഒരു മഹാൻ  ഈ ലോക ചിന്തകളിലൊന്നും
മുഴുകാതെ പുഴക്കരികിൽ
ചെറിയ ഒരു കുടിലിൽ താമസിക്കുകയായിരുന്നു.

അദ്ധേഹത്തിനടുത്ത് ഒരു യുവാവ് ചെന്നു. യുവാവ് അറിവ് തേടിയുള്ള യാത്രയിലായിരുന്നു.
യുവാവ് മഹാനവർകളോട് ചോദിച്ചു,
“മഹാനവർകളേ എന്തു കൊണ്ടാണ്
ഖുർആൻ ഷരീഫ് പാരായണം ചെയ്യുന്നതിലൂടെ മനുഷ്യന്റെ കറ പുരണ്ട ഹൃദയം പോലും ശുദ്ധിയാകുന്നു എന്ന് പറയുന്നത്?”
“അതെങ്ങിനെയാണ് മഹാനവർകളേ സംഭവിക്കുന്നത്!?”

മഹാനവർകൾ ഏതോ ചിന്തയിലായിരുന്നു.
യുവാവ് വീണ്ടും ചോദ്യം ആവർത്തിച്ചു.
മൂന്നാമതും യുവാവ് ചോദ്യം ആവർത്തിച്ചപ്പോൾ മഹാനവർകൾ മറുപടിയായി പറഞ്ഞു,“ആ മൂലയിൽ ഒരു തൊട്ടിയിരിപ്പുണ്ട്,
അതിനകത്തുള്ള കൽക്കരി ആ മൂലയിൽ
ചൊരിഞ്ഞേക്ക്,
എന്നിട്ട്,ആ തൊട്ടിയിൽ ആ പുഴയിൽ നിന്നും വെള്ളം എടുത്ത് കൊണ്ട് വരിക”.

യുവാവിന്  ചോദിച്ച ചോദ്യത്തിന് മറുപടിയായി  മഹനവർകൾ നൽകിയ ഈ ജോലി‌യെക്കുറിച്ച് ചിന്തിച്ച് അൽഭുതപ്പെട്ടു.
എന്നാൽ മഹാനവർകളോടുള്ള ബഹുമാനം കൊണ്ട് മറുത്ത് ഒന്നും പറയാതെ തൊട്ടിയുമായി പുഴയോരത്തേക്ക് നടന്നു.

തൊട്ടിയിൽ കൽക്കരിയുണ്ടായിരുന്നത് കൊണ്ട് അകം കറുത്തിരുണ്ടിരുന്നു
പുറമെ നല്ല വൃത്തിയുമുണ്ടായിരുന്നു.

പുഴയിൽ നിന്ന് തൊട്ടിയിൽ വെള്ളമെടുത്ത് തിരിച്ച് നടക്കുന്നതിനിടയിലാണ് യുവാവ് ശ്രദ്ധിച്ചത് തൊട്ടിക്കടിയിൽ ദ്വാരമുണ്ടായിരുന്നു കുടിലിനടുത്ത് എത്തിയപ്പോഴേക്കും വെള്ളം മുഴുവൻ ഒഴുകിപ്പോയിരുന്നു‌.

യുവാവ് മഹാനവർകളുടെ അടുത്തേക്ക്ചെന്നു.
മഹാനവർകൾ നടന്ന സംഭവമെല്ലാം കേട്ടു.
മഹാനവർകൾ പറഞ്ഞു അതേ തൊട്ടിയുമായി വീണ്ടും പോയി വെള്ളം എടുത്ത് വരൂ.

യുവാവ് മനസ്സിലാക്കി മഹാനവർകളുടെ വാക്കുകളിൽ ഏതോ ഒരു പാഠം ഒളിഞ്ഞിരിപ്പുണ്ട്.
ഒന്നും മിണ്ടാതെ യുവാവ് വീണ്ടും നേരത്തെ ചെയ്തത് പോലെത്തന്നെ വെള്ളം എടുത്ത് വന്നു.
നേരത്തെ സംഭവിച്ചത് പോലെത്തന്നെ കുടിലിൽ എത്തിയപ്പോഴേക്കും വെള്ളം ഒഴുകിത്തീർന്നിരുന്നു.

വീണ്ടും മഹാനവർകൾ മുമ്പ് പറഞ്ഞത് പോലെത്തന്നെ പറഞ്ഞു.
കുറേ പ്രാവശ്യം ഇത് തുടർന്നു.
അവസാനം ക്ഷീണിതനായ യുവാവ്
ചോദിച്ച്,“അങ്ങേക്ക് നന്നായറിയാമല്ലൊ, ഈ തൊട്ടിയിൽ വെള്ളം കൊണ്ട് വന്നാൽ ഇവിടെ എത്തില്ലായെന്ന്"
“പിന്നെന്തിനാണ് എന്നെക്കൊണ്ട് ഇങ്ങിനെ ചെയ്യിപ്പിക്കുന്നത്?”

അത് കേട്ട മഹാനവർകൾ പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു,“നിങ്ങൾ ആ തൊട്ടിയുടെ അകത്ത് നോക്കൂ,
ആ തൊട്ടിയുടെ അകം നിങ്ങൾ ആദ്യം വെള്ളം എടുക്കാൻ പോയപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണോ?"

അപ്പോഴാണ് യുവാവ് തൊട്ടിയുടെ അകം ശ്രദ്ധിച്ചത്
യുവാവ് പറഞ്ഞു,“മുമ്പത്തേത് പോലെയല്ല,ഇതിനകത്ത് കുറേ പ്രാവശ്യം വെള്ളം നിറച്ചതല്ലേ,
അത് കൊണ്ട് ഇപ്പോൾ ഈ തൊട്ടിയുടെ അകത്തുണ്ടായിരുന്ന കറുത്ത കറകൾ പോയി വൃത്തിയായിരിക്കുന്നു”.

മഹാനവർകൾ വീണ്ടും പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,
“ആ തൊട്ടിയിൽ കൊണ്ട് വന്ന വെള്ളം ഇവിടെയെത്തിയില്ല."
“എന്നാൽ,ആ വെളളം ആ തൊട്ടിയെ വൃത്തിയാക്കിയിരിക്കുന്നു"
“ഇത് പോലെയാണ്,ഖുർആൻ ഷരീഫും നിങ്ങൾ പാരായണം ചെയ്ത് കൊണ്ടിരിക്കുക.
ഖുർആൻ പാരായണം വർദ്ധിപ്പിക്കുന്നതിലൂടെ ഖുർആനിന്റെ മഹത്വം കാരണം,
ഖുർആനിൽ നിന്നുള്ള സമാധാനം
നീ ആഗ്രഹിക്കുക വഴി
ആ ആഗ്രഹമെന്ന ദ്വാരത്തിലൂടെ
നിന്റെ ഹൃദയത്തിലെ കറകൾ
ഒഴുകിപ്പോകുന്നു.
ഹൃദയത്തിലെ ഈ ലോക മായക്കാഴ്ചകളിൽ നിന്നുമുള്ള  കറകളെ മായ്ച്ചു കളയുന്നു"
“അവസാനം ഹൃദയം വളരെയധികം ശുദ്ധിയുള്ളതും,
ഈ ലോകത്തോടുള്ള അതിയായ ആഗ്രഹം ഇല്ലാതാക്കുകയും,
അല്ലാഹുവുമായി എന്നെന്നേക്കുമായി നിങ്ങളെ അടുപ്പിക്കുകയും ചെയ്യും".
നിങ്ങൾ വന്നയുടനെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാണ്.

*ഖുർആൻ ഷരീഫിനെ മുറുകെപ്പിടിച്ച് സ്ഥിരം പാരായണം ചെയ്യാനും അതു വഴി അല്ലാഹുവുമായി അടുക്കുവാനും അല്ലാഹു നമ്മളെയെല്ലാവരേയും സഹായിക്കട്ടെ.ആമീൻ

No comments:

Post a Comment