Pages

Thursday, October 18, 2018

എസ്കർഷൻ

ഞാൻ ഉമ്മയെപ്പോലെ സ്നേഹിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്ന വളരെ അടുത്ത ബന്ധുവായ സ്ത്രീയും,അവരുടെ മകളുടെ മകനും ഒരു ദിവസ്സം വീട്ടിലേക്ക് വന്നു.

അവരുടെ വീട് എന്റെ വീടിനടുത്ത് തന്നെയായിരുന്നു.
ആ മകന്റെ മാതാപിതാക്കൾ വിവാഹ മോചിതരായിരുന്നു.
അത് കൊണ്ട് തന്നെ അവന്റെ കാര്യങ്ങളൊക്കെ നോകിയിരുന്നത് അവന്റെ ഈ ഉമ്മുമ്മയായിരുന്നു.


സ്ത്രീയും,മകനും വന്നു,
സ്ത്രീ പറഞ്ഞു,“ഇവന്റെ സ്കൂളിൽ നിന്നും,
എസ്കർഷൻ പോകുന്നുണ്ടത്രെ,
അതിന് ആയിരത്തി അഞ്ഞൂറ് രൂപ വേണം,
അത് നീ കൊടുക്കുകയാണെങ്കിൽ
സ്കൂൾ പൂട്ടുമ്പോൾ അവൻ പണിക്ക് പോകാറുണ്ട്,
അപ്പോൾ അവൻ തിരിച്ചു തരുമത്രെ,
അവന് തനിയെ വന്ന് ചോദിക്കാൻ ഒരു നാണം”

അവൻ ചിരിച്ച് കൊണ്ട് ഉമ്മുമ്മ പറയുന്നതൊക്കെ കേട്ട് എന്നെ നോക്കിയിരിക്കുകയായിരുന്നു.

ഞാൻ വേഗം അകത്ത് ചെന്ന് ആയിരത്തി അഞ്ഞൂറ് രൂപ എടുത്ത് കൊണ്ട് വന്ന് അവർക്ക് നൽകി
“ഇതാ ആയിരത്തി അഞ്ഞൂറ് രൂപ,
യാത്രയിൽ സൂക്ഷിക്കണം”
“പിന്നെ കാശ് തിരിച്ച് തരണമെന്നുണ്ടെങ്കിൽ നീ അത് ഉമ്മുമ്മാക്ക് നൽകിയാൽ മതി”
ഉമ്മമ്മയുടേയും,കൊച്ചു മകന്റേയും സന്തോഷം കണ്ട് മനസ്സിന് നല്ല സന്തോഷം തോന്നി.
പോകാൻ നേരത്ത് ഉമ്മുമ്മയോട് പറഞ്ഞു,“അവൻ പൈസ തിരിച്ച് തന്നാൽ നിങ്ങൾ വാങ്ങിച്ചോളൂ,എനിക്ക് തരേണ്ട,
എപ്പോഴെങ്കിലും ഇത് പോലെ അവന് വല്ല ആവശ്യവും വന്നാൽ കൊടുക്കാമല്ലൊ”
അവർ ശരിയെന്ന് പറഞ്ഞു
രണ്ട് പേരും പോയി.
ഞാൻ വരാന്തയിൽ ഇരുന്ന് വെറുതെ ഒരോന്ന് ആലോചിച്ചു,
ഇടക്ക് മനസ്സ് പറയാറുള്ള മന്ത്രം മനസ്സിലേക്ക് ഓടി വന്നു,
“നാം കാരണം മറ്റുള്ളവർ സന്തോഷിക്കുക,
അവരുടെ ചുണ്ടിൽ പുഞ്ചിരി കാണുക”
അതാണ് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം.
പിന്നീട് മനസ്സിലേക്ക് ഒരു ഫ്ലാഷ് ബാക്ക് പോലെ പണ്ടത്തെ ഒരു എസ്കർഷൻ യാത്ര മനസ്സിൽ വന്നു.
”മൈസൂരിലേക്ക് എസ്കർഷൻ പോകുന്നുണ്ട്,
ഒരാൾക്ക് ഇരുനൂറ് രൂപയാകും,
പോകുന്നവർ ഈ മാസം തന്നെ പേര് ബുക്ക് ചെയ്ത്, പൈസ അടക്കണം.”
ക്ലാസ്സ് ടീച്ചർ പറഞ്ഞത് കേട്ടു,പക്ഷെ കൂടുതൽ ശ്രദ്ധിച്ചില്ല.
കാരണം; ഉപ്പ മരിച്ച്,ഉപ്പുപ്പയും,ഉമ്മയുടെ ആങ്ങിളമാരും, നൽകുന്നത് കൊണ്ട് ചിലവ് കഴിച്ച് ജീവിക്കുന്ന ഉമ്മയും ഞങ്ങളും.
ഉമ്മയുടെ കഷ്ടപ്പാടുകൾ ശരിക്കും അറിയാവുന്നത് കൊണ്ട് ഉമ്മയെ വിഷമിപ്പിക്കാറില്ല ഒരു കാര്യത്തിനും.
അത് കൊണ്ട് എസ്കർഷനൊക്കെ വെറും ഒരു സ്വപ്നം മാത്രമായിരുന്നു,
ഒമ്പതാം ക്ലാസ്സുകാരന്.
അന്ന് രാത്രി ഹോംവർക്കൊക്കെ കഴിഞ്ഞിരിക്കുമ്പോൾ ഉമ്മ വന്ന് പറഞ്ഞു,
“വലിയ ഇച്ചാക്ക് ഒരു കത്തെഴുതണം,
കത്ത് വന്നിട്ട് നാല് ദിവസ്സമായില്ലെ?”
“മറുപടി അയച്ചില്ലല്ലൊ ഇത്വരെ,”
ഉമ്മയുടെ സഹോദരനെ ഞങ്ങൾ ഇച്ചാ എന്നാാണ് വിളിച്ചിരുന്നത്.
വിഷയങ്ങൾ ഉമ്മ പറഞ്ഞു തരും.
കത്തെഴുതുക, കത്ത് വന്നാൽ വായിക്കുക, എന്നതൊക്കെ എന്റെ ജോലിയായിരുന്നു.
ഉമ്മ പറഞ്ഞു തന്ന കാര്യങ്ങളൊക്കെ എഴുതി
കത്ത് പൂർത്തിയായി.
അപ്പോഴാണ് പെട്ടെന്ന് ക്ലാസ്സ് ടീച്ചറും,
എസ്കർഷനും ഓടി വന്നത്.
കത്തിന്റെ അവസാന ഭാഗം ഇങ്ങിനെ എഴുതി.
“ഇത് എഴുതുന്നത് ഞാനാണ്,
ഉമ്മ പറഞ്ഞിട്ട് എഴുതുകയല്ല,
ഉമ്മ അറിയാതെ എഴുതുകയാ,
തെറ്റാണെങ്കിൽ മാപ്പാക്കണം,
ഉമ്മാനെ കുറ്റം പറയല്ലെ...
എന്നെ വഴക്ക് പറഞ്ഞോളൂ...
കാര്യം സ്കൂളിൽ നിന്ന് മൈസൂരേക്ക് ഒരു എസ്കർഷൻ പോകുന്നുണ്ട്,
ഇരുനൂറ് രൂപയാ ചാർജ്,
ഈ മാസവസാനം പൈസ കൊടുത്ത് പേര് ബുക്ക് ചെയ്യണം,
പൈസക്ക് ബുദ്ധിമുട്ടാണെങ്കിൽ സാരമില്ല
അത്ര നിർബന്ധാമൊന്നുമില്ല.”
എഴുത്ത് പിറ്റേ ദിവസം സ്കൂളിൽ പോകുന്ന വഴിക്ക് പോസ്റ്റ് ചെയ്തു.
പിന്നെ ആ കാര്യം ഓർത്തതേ ഇല്ല.
കുട്ടികൾ പലരും
എസ്കർഷനുള്ള പേരും പൈസയും നൽകി.
ക്ലാസ്സിൽ പരസ്പരം മൈസൂരിനെക്കുറിച്ചും മറ്റും, ചർച്ചകളും നടക്കുന്നുണ്ടായിരുന്നു.
പേരും,പൈസയും നൽകണമെന്ന് പറഞ്ഞ സമയം തീരാൻ രണ്ടോ മൂന്നോ ദിവസ്സം ബാക്കി കാണും.
അന്ന് വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തി
ചായ കുടിക്കാൻ നേരത്ത് ഉമ്മ ഒരു കത്തുമായി വന്ന് പറഞ്ഞു,“ ഇതൊന്ന് വായിച്ചേ”
കത്ത് തുറന്നു,നല്ല മണമായിരുന്നു അന്നത്തെ കത്തുകൾക്ക്,
കവറിനകത്ത് നിന്നും മൂന്ന് മടക്കാക്കി വെച്ചിരുന്ന എഴുതിയ കടലാസ് എടുത്തു.
മടക്കുകൾ തുറന്നപ്പോൾ അതിനകത്ത് ഒരു ചെക്ക്,
സിണ്ടിക്കേറ്റ് ബാങ്കിലേക്കുള്ള ഇരുനൂറ് രൂപയ്ക്കുള്ള ചെക്ക്,
കണ്ണുകൾ നിറഞ്ഞു,കത്ത് വായിക്കാൻ പറ്റിയില്ല.
“എന്തെ മോനെ?”
“എന്തായി”
ഉമ്മ അടുത്ത് വന്ന് ചേർത്ത് പിടിച്ച് ചോദിച്ചു.
“ഉമ്മാ ഞാൻ ഒരു തെറ്റ് ചെയ്തു,
ഇച്ചാക്ക് കത്തെഴുതിയപ്പോൾ,
ഉമ്മാനോട് പറയാതെ,
എസ്കർഷന് സ്കൂളിൽ നിന്നും പോകാൻ,
ഇരു നൂറ് രൂപ അയച്ചു തരുമോ എന്ന്,
ചോദിച്ചിരുന്നു,
നോക്കിയേ ഉമ്മാ
ഇച്ച ഇന്ന് അതയച്ചു തന്നു.”
“അതിനെന്റെ മോനെന്തിനാ കരയുന്നെ?!”
“ഉമ്മ അത് ആദ്യം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ..,
പിന്നീട്, ഞാൻ ഉമ്മാനോട് പറയാതെ,
പൈസ ആവശ്യപ്പെട്ടത് തെറ്റല്ലേ,
എന്ന് ആലോചിച്ച് കരഞ്ഞു പോയതാ”
“സാരമില്ല, ഇനി എന്റെ മോൻ അങ്ങിനെ ചെയ്യാണ്ടിരുന്നാൽ മതി”
“നീ കത്ത് വായിക്ക്”
സുഖവിവരങ്ങളും,അന്വേഷണങ്ങൾക്കും ശേഷം
ഇങ്ങിനെ എഴുതിയിരുന്നു,
“എസ്കർഷന് പോകാനുള്ള ഇരുനൂറ് രൂപയുടെ ചെക്ക് ഇതിന്റെ കൂടെ ഉണ്ട്,
യാത്രയിൽ സൂക്ഷിക്കണം,
മാഷിന്റെയും,കൂട്ടുകാരുടേയും ഒപ്പം തന്നെ നടക്കണം,
എവിടെയും തനിച്ചായിപ്പോകരുത്,
തിരക്കുള്ള നഗരമാണ് മൈസൂർ,
റോഡും മറ്റും മുറിച്ച് കടക്കുമ്പോൾ സൂക്ഷിക്കണം”
കത്ത് വായിച്ച് കഴിഞ്ഞ്, ഞാൻ ഉമ്മയുടെ മുഖത്തേക്ക് നോക്കി
ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇന്ന് ആ ഉമ്മുമ്മയും മകനും പൈസ വാങ്ങിപ്പോകുമ്പോൾ എന്റെ കണ്ണുകളും
സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

No comments:

Post a Comment