Pages

Thursday, October 3, 2019

ദസ് റിയാൽ



"ബായ് ദസ് റിയാൽ മിലേഗാ?"

(സഹോദരാ പത്ത് റിയാൽ തരുമോ)

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.

ജോലി ചെയ്തിരുന്ന കടയിൽ നല്ല തിരക്കുണ്ടായിരുന്നു.




കസ്റ്റമറെ അറ്റൻഡ് ചെയ്യുന്നതിനിടയിലാണ് ആ മനുഷ്യൻ വന്ന് ചോദിച്ചത്.

ഒരു പഴയ അറബി കന്തൂറ ധരിച്ച താടിയുള്ള

പ്രായമുള്ള ആ മനുഷ്യനെ കണ്ടപ്പോൾ അദ്ധേഹത്തിന്റെ ഭാഷ കേട്ടപ്പോൾ ഒരു ബംഗാളിയാണെന്ന് മനസ്സിലായി.




അങ്ങോട്ട് ചോദ്യമൊന്നും ചോദിക്കാതെ പത്ത് റിയാൽ കൊടുത്തു.

മനസ്സ് പറഞ്ഞു

അങ്ങിനെ എന്തെല്ലാം പറഞ്ഞ് എത്ര പേർ അമ്പതും നൂറും വാങ്ങി പോയിട്ടുണ്ട് ഇത് പത്ത് റിയാലല്ലേ സാരമില്ല .




റിയാൽ വാങ്ങിയ അദ്ധേഹം "ബഹുത്ത് ഷുക്രിയാ ബായ്

ഇൻ ഷാ അള്ളാഹ് സിന്ദാ ഹോ തു അഗ് ലെ ഹഫ്തെ ഓപസ് കറൂങ്കാ, നഹിതു മാഫ് കർദേനാ ബായ്"

( വളരെ നന്ദിയുണ്ട് സഹോദരാ ഇൻ ഷാ അള്ളാഹ് അടുത്തയാശ്ച ജീവനോടെ ഉണ്ടെങ്കിൽ തിരിച്ചു തരാം.ഇല്ലെങ്കിൽ ക്ഷമിക്കണം).




തിരക്കിനിടയിൽ അദ്ധേഹത്തിന്റെ മുഖം പോലും നോക്കാതെ "ടീക് ഹെ,ടീക് ഹെ"

(ശരി,ശരി) എന്നു പറഞ്ഞു.




അടുത്ത വെള്ളിയാഴ്ച കടയിൽ എത്തി കുറച്ച് നേരമായതേ ഉള്ളൂ,തിരക്ക് തുടങ്ങിയിരുന്നില്ല.

ദേ ആ ബംഗാളി വീണ്ടും വരുന്നു.

മനസ്സ് പറഞ്ഞു ഇത് ഇയാളുടെ സ്ഥിരം പരിപാടിയായിരിക്കുമോ?

ഇന്നെത്രയായിരിക്കും ചോദിക്കുക?




അടുത്ത് വന്ന ഉടനെ "യെ ആപ്കാ ദസ് റിയാൽ"( ഇത് നിങ്ങളുടെ പത്ത് റിയാൽ)

അത് വാങ്ങിച്ചു

അതെടുത്ത് പേർഴ്സിൽ വെയ്ക്കുന്നതിനു മുമ്പ് വേറേ ഒരു ബാഗ് നീട്ടി "ഇത് കുറച്ച് പലഹാരമാ വീട്ടിൽ ഉണ്ടാക്കിയതാ."

"ഹേയ് അതൊന്നും വേണ്ട."




മറുപടി പറയുന്നതൊന്നും കേൾക്കാതെ

കൗണ്ടറിനു മുകളിൽ ആ ബാഗ് വെച്ചു.

അതാ വീണ്ടുമൊരു ബാഗ് "ഇത് കുറച്ച് കക്കിരിയും തക്കാളിയും ഞങ്ങളുടെ കൃഷിയിടത്തിൽ ഉണ്ടാക്കിയതാ."

വേണ്ടായിരുന്നു ബായ് എന്ന് പറയുന്നതിനു മുമ്പ് അതും വെച്ചു കൗണ്ടറിനു മുകളിൽ അദ്ധേഹം.




പുഞ്ചിരിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞു

"അടുത്ത തിങ്കളാഴ്ച ഉമ്രക്ക് പോകുകയാണ് ദുആ ചെയ്യണം."




മനസ്സിൽ എന്തോ ഒരു കുറ്റ ബോധം തോന്നി പാവം ഇയാളെയാണല്ലൊ തെറ്റിദ്ധരിച്ചത്

"ബായ് നിങ്ങളും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം."




"ഇൻ ഷാ അള്ളാഹ് തീർച്ചയായും

സൗദിയിൽ നിന്നും നിങ്ങൾക്ക് വല്ലതും ആവശ്യമുണ്ടോ?"

"വേണ്ട ഒന്നും വേണ്ട ദുആ ചെയ്താൽ മതി."

"എന്താ ബായിയുടെ പേര് ?"

ഞാൻ പേര് പറഞ്ഞ ഉടനെ അദ്ധേഹം പറഞ്ഞു "എന്റെ പേര് റഹീമുള്ളാഹ്, ഞാൻ ബംഗ്ലാദേശിയാണ്."




സലാം പറഞ്ഞു പോയി അദ്ധേഹം

ഒരു മാസം കഴിഞ്ഞു കാണും വീണ്ടുമൊരു വെള്ളിയാഴ്ച വൈകിട്ട് നല്ല തിരക്കിലായിരുന്നു

ഫർദ ധരിച്ച ഒരു പെൺകുട്ടി വന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളോട് എന്റെ പേര് ചോദിച്ചു അന്വേഷിക്കുന്നു.




ഞാൻ ചോദിച്ചു "എന്ത് വേണം?"

"ഞാൻ റഹീമുള്ളാന്റെ മകൾ,

അബ്ബൂന് പാർക്കിങ്ങ് കിട്ടുന്നില്ല കുറേ നേരമായി കറങ്ങുന്നു ,നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് പുറത്തേക്ക് വരുമോ?"




വേഗം പുറത്തിറങ്ങി ആ പെൺകുട്ടിയുടെ പിറകെ നടന്നു

ലാൻഡ്ക്രൂസർ വെള്ള കാറിൽ അതാ ഇരിക്കുന്നു റഹീമുള്ളാഹ്

"വാ വാ ഇരിക്ക് "എന്ന് പറഞ്ഞ് വണ്ടിക്കകത്തേക്ക് ക്ഷണിച്ചു എന്നെ.




പിൻ സീറ്റിൽ വേറെയും പർദ്ദയിട്ട നാലു പേരുണ്ടായിരുന്നു

"ഇത് എന്റെ ഭാര്യയും മക്കളും

എനിക്ക് നാല് പെണ്മക്കളാ ആൺ കുട്ടി ഇല്ല"

"എനിക്ക് പെൺകുട്ടികളെയാ ഇഷ്ടം

പക്ഷെ ഇവർക്ക് സഹോദരനില്ലാത്ത വിഷമമാ"

ഞാൻ ഇവരോട് പറയും ,"നമ്മുടെ കമ്പനിയിലും ഷോപ്പിലും ഫാമിലുമൊക്കെയായി മുന്നൂറോളം പേർ ജോലി ചെയ്യുന്നു, അവരെയൊക്കെ ഞാൻ എന്റെ മക്കളെപ്പോലെ സ്നേഹിക്കുന്നു അപ്പോൾ ഇവർക്ക് സഹോദർന്മാരായില്ലേ"?




ആദ്യം ഞാൻ ആ കാറ് കണ്ടപ്പോൾ അന്തം വിട്ടതാ..പിന്നെ വിചാരിച്ചു അറബി വീട്ടിലെ ഡ്രൈവറായിരിക്കും.




ഇതിപ്പോ സത്യത്തിൽ എനിക്ക് മറുപടി പറയാൻ വാക്കുകളില്ലാതായി .

പിന്നിലോട്ട് നോക്കി അദ്ധേഹം പറഞ്ഞു,"ആ ബാഗ് ഇങ്ങോട്ടെടുത്തേ,"

"ഇത് എന്റെ സഹോദരനുള്ളതാ"

അത് പറഞ്ഞ് അദ്ധേഹം എന്റെ നേരെ നീട്ടി

വേണ്ട എന്ന് പറയാൻ കഴിഞ്ഞില്ല എനിക്ക്.




"എത്ര മണിക്കാണ് വെള്ളിയാഴ്ച ഡ്യൂട്ടി ?"

ഞാൻ പറഞ്ഞു ,"കാലത്ത് ജോലി ഇല്ല, ഉച്ചക്ക് മൂന്ന് മണി മുതലാണ് ഡ്യൂട്ടി തുടങ്ങുക"

"പറ്റില്ല എന്നൊന്നും പറയരുത് അടുത്ത വെള്ളിയാഴ്ച പത്ത് മണിക്ക് ഞാൻ വരും ,എന്റെ വീട്ടിൽ നിന്നും ഭക്ഷണം_

അവിടെ പള്ളിക്ക് കൂടാം".




ആ വാക്കിനു മുന്നിൽ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അന്ന് റൂമിലെത്തി അദ്ദേഹം നൽകിയ ഗിഫ്റ്റ് ബാഗ് തുറന്നു നോക്കി

സംസം വെള്ളം ,മൂന്ന് തരം ഈന്തപ്പഴം,

തസ്ബീഹ് ,മുസല്ല ,രണ്ട് തരം അത്തർ,

ഒരു വാച്ച് എല്ലാം വില കൂടിയതും നല്ല ക്വാളിറ്റിയുമായിരുന്നു.




വെള്ളിയാഴ്ച പത്ത് മണിയായപ്പോൾ അദ്ധേഹം റൂമിൽ വന്നു.

ഞാൻ റെഡിയായിരുന്നു.റൂമിലുള്ള മറ്റ് രണ്ട് പേർ ഉറക്കിലായിരുന്നു.

"ഹൊ ഞാൻ മറന്നു പോയി നിങ്ങളെ കൂട്ടുകാരെ കൂടി വിളിക്കാൻ , ക്ഷമിക്കണം".

"ഇനിയിപ്പോൾ ഉറങ്ങുന്ന അവരെ എങ്ങിനെയാ ബുദ്ധിമുട്ടിക്കുക?"

"സാരമില്ല ബായ് "എന്നു പറഞ്ഞു സമാധാനിപ്പിച്ചു.




വീട്ടിലെത്തി വീട് വലിയ ഒരു മാളിക.

മൂന്നോ‌ നാലോ ജോലിക്കാരുണ്ട് .

എല്ലാരും ബംഗാളിയാണെന്ന് തോന്നുന്നു.

എല്ലാരൊടും കുശലാന്വേഷണങ്ങൾ ചോദിച്ച് "ഇത് എന്റെ ബായ് "എന്ന് പറഞ്ഞു പരിചയപ്പെടുത്തി എന്നെ.




അകത്തേക്ക് കൂട്ടി കൊണ്ട് പോയി

ശരിക്കും ചെറിയ ഒരു ഷെയ്ഖിന്റെ വീട് പോലെ തന്നെ ഉണ്ടായിരുന്നു

ഉച്ചയ്ക്ക് ഭക്ഷണവും ഗംഭീരമായിരുന്നു.

പിന്നീട് പല തവണ ആ വീട്ടിൽ പോയിട്ടുണ്ട്.




എന്നും അദ്ധേഹം പറയും

"എന്നെ സ്വന്തം സഹോദരനെപ്പോലെ കാണണം എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം,"




ഇന്നും ആ നല്ല ബന്ധം തുടരുന്നു

ഇന്ന് വരെ ഒന്നും അദ്ധേഹത്തോട് ചോദിച്ചില്ല

ഇന്നും മനസ്സിൽ ആ ചോദ്യവും ബാക്കിയായി കിടക്കുന്നു

അദ്ധേഹമായി ഇന്നും പറഞ്ഞിട്ടുമില്ല

" എന്തായിരിക്കാം കാരണം ഇത്രയും സമ്പന്നനായ ആ മനുഷ്യൻ എന്നോട് പത്ത് റിയാൽ വാങ്ങാൻ?"

No comments:

Post a Comment