Pages

Thursday, October 3, 2019

പൂച്ചക്കുട്ടികൾ



അവന് പൂച്ചക്കുട്ടികളെന്നാൽ ജീവനായിരുന്നു,അതിന്റെ പേരിൽ ഉമ്മയുടെ കൈയിൽ നിന്നും ഒത്തിരി അടിയും കിട്ടിയിട്ടുണ്ട്.




അവനു കുടിക്കാൻ കൊടുത്തിരുന്ന പാലും മീൻ പൊരിച്ചതും മറ്റും ഉമ്മയെ കാണാതെ പൂച്ചക്കുട്ടിക്ക് കൊടുത്തപ്പോൾ,

"നിനക്ക് ബാക്കിയുള്ള ഭക്ഷണം കൊടുത്താൽ പോരേ? എന്ന് ചോദിച്ചായിരുന്നു അടി.




പൂച്ചകുട്ടി വളർന്നു ,അവൾ പ്രസവിച്ചു മൂന്ന് വെളുത്ത കുഞ്ഞുങ്ങൾ, പൂച്ചകുട്ടി ഗർഭിണിയാണെന്ന് ഉമ്മ പറഞ്ഞത് മുതൽ അവൻ ദിവസ്സവും സ്കൂളിൽ നിന്നും വന്നാൽ അന്വേഷണം "അത് പ്രസവിച്ചോ" എന്നതായിരുന്നു.




അത് കേൾക്കുമ്പോൾ ഉമ്മയ്ക്ക് ദേഷ്യം ഇരട്ടിക്കും,"ഇതിന്റെ തന്നെ ഉപദ്രവം സഹിക്കാൻ കഴിയുന്നില്ല ഇനിയിപ്പോൾ കുട്ടികളുമായാൽ" ഉമ്മയ്ക്ക് പരാതിയായിരുന്നു .




ഉമ്മയുടെ പാരാതിക്കും കാര്യമുണ്ട് അത് വീട്ടിനകത്തും പുറത്തും ഒരു പേടിയുമില്ലാതെ കറങ്ങി നടന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ കാലിനിടയിലൂടെ തന്നെ ആയിരിക്കും നടത്തം.




അന്ന് രാത്രി നല്ല ഇടിയും മഴയും,എല്ലാവരും ചെറുതായൊന്നു പേടിച്ചു എല്ലാവരും ഒരു മുറിയിൽ കിടന്നു,ഉമ്മ പറഞ്ഞു

"എന്തൊരു ഇടിയാ പേടിയാകുന്നു".




അവൻ ഉടനെ പറഞ്ഞു "ആ പാവം പൂച്ചകുട്ടിയും കുഞ്ഞുങ്ങളും പുറത്ത് എത്ര പേടിച്ചിരിക്കും ,അത് വരാന്തയിൽ കിടക്കുന്നത് കണ്ടു

കാറ്റ് മഴയെ വരാന്തയിലേക്ക് അടിച്ചു കയറ്റിയാൽ അതും കുഞ്ഞുങ്ങളും ആകെ നനയും .




ഉമ്മ ഒന്ന് വാതിൽ തുറന്നെ,

അവയെ അകത്താക്കാം, ഒന്നും ചെയ്യില്ല ഉമ്മാ

അവ പാവമല്ലേ,

"അവന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ എങ്ങിനെയോ വാതിൽ തുറന്ന് അവയെ അകത്താക്കി, അമ്മപൂച്ചയും കുഞ്ഞുങ്ങളും ഒരു മൂലയിൽ കിടന്നു അവനു സന്തോഷമായി.




രാവിലെ ഉമ്മയുടെ ബഹളം കേട്ടാണ് അവനുണർന്നത് "നോക്കിയേ ആകെ മൂത്രമൊഴിച്ച് നാറിയിട്ട് വയ്യ..ഇനി ഇത് വേണ്ട, വേണമെങ്കിൽ

ആ അമ്മ പൂച്ചയെ ഇവിടെ ആയിക്കോ കുട്ടികളെ എവിടെയെങ്കിലും കൊണ്ട് പോയി വിട്ടേക്കണം” ..




"അങ്ങിനെ പറയല്ലേ ഉമ്മാ പാവമല്ലേ"

" നീ ഒരക്ഷരം പറയരുത് നീ ഇപ്പോൾ അതിനെ എവിടെയെങ്കിലും കൊണ്ട് പോയി വിടണം"

"ശരി, വൈകിട്ട് സ്കൂളിൽ നിന്നും വന്നതിനു ശേഷം കൊണ്ട് പോകാം".




വൈകുന്നേരമാകുമ്പോൾ ഉമ്മയുടെ മനം മാറിയാലോ എന്ന ചിന്തയായിരുന്നു

അന്ന് വൈകിട്ട് അവൻ പൂച്ചകളുടെ അടുത്ത് പോയതേ ഇല്ല

ഇനി ഉമ്മ അത് കണ്ടാൽ

അവയെ കൊണ്ട് പോയി വിടാനുള്ള കാര്യം പറഞ്ഞേക്കണ്ട എന്ന് വിചാരിച്ചു .




പക്ഷേ ഉമ്മ നല്ല വാശിയിലായിരുന്നു, "ചായ കുടിച്ചു കഴിഞ്ഞാൽ അതിറ്റിങ്ങളെ കൊണ്ട് പോയി വിട്ടേക്കണം"

"അതിപ്പോ ഞാൻ എവിടെ കൊണ്ട് പോകാനാ ഉമ്മാ,"




"അത് ആ വലിയ പള്ളിയുടെ അടുത്തെങ്ങാനും കൊണ്ട് വിട്ടേക്കൂ, അവിടെ അടുത്തടുത്ത് കുറെ വീടുകളുള്ളതല്ലേ ആരെങ്കിലും കൊണ്ട് പോയിക്കോളും".




അവൻ ഒരു സഞ്ചിയിലിട്ടു മൂന്നിനേയും പള്ളിയുടെ അടുത്ത് തുറന്നു വിട്ടു, അവനു കരഞ്ഞു കൊണ്ട് തിരിച്ചു വന്നു, അന്ന് കളിക്കാനൊന്നും പോയില്ല .




അമ്മ പൂച്ചയുടെ കരച്ചിൽ കേട്ട് അവന് കരച്ചിൽ വന്നു

"എന്താ ഇവിടെ ആരെങ്കിലും മരിച്ചോ ഈ മുഖവും വീർപ്പിച്ച് കരഞ്ഞോണ്ട് ഇരിക്കാൻ",

ഉമ്മയുടെ ദേഷ്യം തീർന്നിരുന്നില്ല.




ദിവസ്സം രണ്ടു കഴിഞ്ഞു മൂന്നാമത്തെ ദിവസ്സം അവൻ കാലത്ത് വാതിൽ തുറന്നു നോക്കിയപ്പോൾ അമ്മ പൂച്ചയും മക്കളും വരാന്തയിൽ കിടക്കുന്നു അവന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല,




ഉറക്കെ വിളിച്ചു പറഞ്ഞു

“ഉമ്മാ ഇത് നോക്കിയേ മൂന്നെണ്ണവും അമ്മയുടെ അടുത്ത് വന്ന് കിടക്കുന്നത്” ഉമ്മ ഓടി വന്നു തലയ്ക്ക് കൈ വെച്ച് പറഞ്ഞു

"എന്റെ റബ്ബേ ഇവറ്റിങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചേ അടങ്ങൂ".




രാത്രി ഉമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ ഉമ്മയോട് അവൻ ചോദിച്ചു, "അല്ല ഉമ്മാ ഞാൻ കളിക്കാൻ പോയാൽ തിരിച്ചു വരാൻ വൈകിയാൽ,

സ്കൂളിൽ നിന്നും വരാൻ വൈകിയാൽ ഉമ്മ വാതിലിൽ എന്നെ കാത്തു നിൽക്കുമല്ലോ,

എന്നിട്ട് ചോദിക്കാറില്ലേ, എവിടയായിരുന്നു ഇത് വരെ?

വഴി നോക്കി നിൽക്കുകയായിരുന്നു പേടിച്ചു പോയല്ലോ എന്നൊക്കെ"




"അത് പിന്നെ നിന്നെ കാണാതിരിക്കുമ്പോൾ ഉമ്മാക്ക് വിഷമമാവില്ലേ ?"




"അല്ല ഉമ്മാ, ഞാൻ ഓർക്കുകയായിരുന്നു

ആ അമ്മ പൂച്ച യുടെ കാര്യം അത് രണ്ടു ദിവസ്സം എത്ര വിഷമിച്ചിട്ടുണ്ടാകും,

അത് കരഞ്ഞു കൊണ്ടേ നടക്കുമായിരുന്നു,

ഞാൻ ശ്രദ്ധിച്ചിരുന്നു രണ്ട് ദിവസ്സമായി അത് ശരിക്കും ഭക്ഷണം പോലും കഴിച്ചിരുന്നില്ല ഉമ്മാ"




"എല്ലാ ഉമ്മമാർക്കും മക്കളോട് ഒരേ സ്നേഹമാ അല്ലേ ഉമ്മാ"




ഉമ്മ മറുപടി‌ ഒന്നും പറഞ്ഞില്ല

അവനെ ചേർത്ത് പിടിച്ച് കിടന്നു.

No comments:

Post a Comment