Pages

Thursday, October 3, 2019

Haneef Labbakka Pakyara
ദാമ്പത്യ ജീവിതം
------------
1) ഇണയുടെ ന്യൂനത കണ്ടെത്താന്‍ മെനക്കെടുന്നതിന്റെ കുറഞ്ഞ സമയം എങ്കിലും ഗുണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം

2) നമ്മള്‍ ഇണയില്‍ നിന്ന് ഇങ്ങോട്ട് കിട്ടണം എന്ന് ആഗ്രഹിക്കുന്നത് അങ്ങോട്ട്‌ കൊടുക്കാം .

3) ഇണയെ കുറ്റപ്പെടുത്തും മുമ്പ് സ്വയം ഒരു കുറ്റവിചാരണ നടത്താം.

4) അഭിനന്ദിക്കേണ്ട ഒരൊറ്റ അവസരവും പാഴാക്കാതിരിക്കാം

5) ഞങ്ങള്‍ ഒന്നാണ് എല്ലാ കുറ്റവും കുറവും ഞങ്ങളുടെതു മാത്രമാണ് അത് കൊണ്ട് കുറ്റവും ഞങ്ങള്‍ സഹിച്ചു ഗുണവും ഞങ്ങള്‍ പങ്കിട്ടു എന്ന് സ്വയം ആശ്വസിക്കാം

6) സൌന്ദര്യം പുറമേ കാണുന്നതല്ല അകത്താണ് എന്ന് തിരിച്ചറിയാം .

7) പരസ്പരം കളി തമാശകളില്‍ ഏര്‍പ്പെടാം . പരസ്പരം അഭിനന്ദിക്കാം

8) കുറ്റപ്പെടുത്താതെ , പഴിക്കാതെ , എന്ത് വന്നാലും അത് നീ പറഞ്ഞത് കൊണ്ടാണ് , നിങ്ങള്‍ ചെയ്തത് കൊണ്ടാണ് എന്നൊന്നും പരസ്പരം പഴിക്കാതെ ഞാന്‍ നീ എന്ന സംജ്ഞ ഒഴിവാക്കി നമ്മള്‍ എന്ന് ചിന്തിക്കാം .

എങ്കില്‍ സ്വര്‍ഗം തേടി എങ്ങും പോകേണ്ടി വരില്ല . സ്നേഹം അന്വേഷിച്ചു മറ്റൊരാളിലേക്കും മനസ്സ് ചായില്ല . ഇട്ടെറിഞ്ഞു പോയി പകരം മറ്റൊരാളെ സ്വീകരിക്കാന്‍ മനസ്സ് വരില്ല

ഓരോ ദാമ്പത്യ പരാജയവും ഭാര്യാ ഭര്‍ത്താക്കന്മാരുടെ സമീപനത്തിലൂടെ , സംസാരത്തിലൂടെ , ഇടപെടലിലൂടെയാണ് ആരംഭിക്കുന്നത് . കൊച്ചു കൊച്ചു 'കറുത്ത പുള്ളികള്‍' വലുതായി വലുതായി ആകെ ഇരുട്ട് മൂടുമ്പോഴാണ് എല്ലാം കൈവിട്ടു പോകുന്നത് !

സ്നേഹം ആഗ്രഹിക്കാത്തവരില്ല . കൊതിക്കാത്ത മനസ്സുകളില്ല . സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യാത്ത ഒരാളുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും

നാം പലപ്പോഴും തെറ്റിദ്ധരിക്കാറുള്ളതുപോലെ, പരസ്പരം സഹിക്കലല്ല വിവാഹത്തിന്റെ വിജയനിദാനം. മറിച്ച് പരസ്പരം മനസ്സിലാക്കലാണ്. രണ്ട് വ്യത്യസ്ത ഗൃഹാന്തരീക്ഷങ്ങളില്‍ നിന്ന്, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള രണ്ട് വ്യക്തികളുടെ കൂടിച്ചേരലാണ് വിവാഹം.

 ജീവിതത്തെക്കുറിച്ചുള്ള രണ്ട് പേരുടെയും ഭാവനകള്‍ക്ക് വ്യത്യസ്ത വര്‍ണനകളായിരിക്കും. രണ്ട് വിഭിന്ന കാഴ്ചപ്പാടുകളിലൂടെയായിരിക്കും ഇരുവരും ജീവിതത്തെ നോക്കിക്കാണുന്നത്. ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് മറ്റേയാള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആണ്‍ മനസ്സ് വായിക്കാന്‍ പെണ്ണിനും പെണ്‍മനസ്സ് വായിക്കാന്‍ ആണിനും സാധിക്കണം. അപ്പോഴേ ഒരുമിച്ചുള്ള ജീവിതം സുഖകരമാകുകയുള്ളൂ. ഈ മനസ്സിലാക്കലിന്റെ അഭാവമാണ് മിക്ക ദാമ്പത്യത്തകര്‍ച്ചകളുടെയും കാരണം.

തന്നെപ്പോലെ തന്നെ ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് ഇണ എന്ന് രണ്ട് പേരും മനസ്സിലാക്കണം. വികാരങ്ങളും വിചാരങ്ങളും രണ്ട് പേര്‍ക്കും ഉണ്ട്. തനിക്ക് മാത്രമേ ചിന്തിക്കാന്‍ കഴിവുള്ളൂ എന്നും തനിക്ക് മാത്രമാണ് വികാരങ്ങളും വിചാരങ്ങളും ഉള്ളൂ എന്നും പങ്കാളികളില്‍ ഒരാള്‍ ചിന്തിക്കുകയും തദനുസൃതം പെരുമാറുകയും ചെയ്യുമ്പോള്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുക സ്വാഭാവികം.

 കാര്യങ്ങള്‍ അന്യോന്യം തുറന്നു ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഉള്ളിലുള്ളത് തുറന്നുപറഞ്ഞ് ചര്‍ച്ചയിലൂടെ സമവായത്തിലെത്താനുള്ള പരിശീലനം ദമ്പതികള്‍ക്ക് ലഭിക്കണം.
പ്രകടിപ്പിക്കാത്ത സ്‌നേഹം എടുക്കാത്ത നാണയമാണെന്ന് വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രകടിപ്പിക്കാത്ത സ്‌നേഹം കൊണ്ട് ഒരു പ്രയോജനവുമില്ല. ‘എല്ലാ സ്‌നേഹവും ഉള്ളിലാണ്’ എന്ന് പറയുന്നത് കൊണ്ട് കാര്യമില്ല. തന്റെ ഇണ തന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് രണ്ട് പേര്‍ക്കും അനുഭവത്തിലൂടെ അറിയാന്‍ കഴിയണം.

 സ്‌നേഹത്തിന് അഞ്ച് ഭാഷകളുണ്ടെന്ന് മനഃശാസ്ത്രം പറയുന്നു. ഈ അഞ്ചില്‍ ഏതെങ്കിലുമൊരു ഭാഷയിലൂടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ദമ്പതികള്‍ തയ്യാറാകേണ്ടതുണ്ട്.

(ഒന്ന്) ജീവിത പങ്കാളിക്ക് വേണ്ടി തന്റെ ‘മികച്ച സമയം’ മാറ്റിവെക്കുക എന്നതാണ് ഒന്നാമത്തെ ഭാഷ. ദിവസവും നല്ല നേരത്തില്‍ കുറച്ച് പങ്കാളിയോടൊപ്പം ചെലവഴിക്കാന്‍ തയ്യാറാകുക.

(രണ്ട്) സ്‌നേഹ വാക്കുകള്‍ പറയുക. ഇഷ്ടം അന്വേന്യം വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭങ്ങള്‍ പാഴാക്കരുത്. ഓരോരുത്തരും ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും അനുമോദിക്കുകയും വേണം. മനസ്സിന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയണം.

(മൂന്ന്) സ്പര്‍ശനം ആണ് സ്‌നേഹ പ്രകടനത്തിന്റെ മൂന്നാമത്തെ ഭാഷ. സ്‌നേഹപരിചരണങ്ങള്‍ ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കുന്നു.

(നാല്) സമ്മാനങ്ങള്‍ നല്‍കല്‍. ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങിയ വിശേഷാവസരങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറാവുന്നതാണ്.

(അഞ്ച്) പരസ്പരം സേവിക്കുക. അടുക്കള ജോലിയില്‍ ഭാര്യയെ സഹായിക്കാന്‍ ഭര്‍ത്താവ് സമയം കണ്ടെത്തണം. പാചകം ഒരുമിച്ചാകാം. ഭര്‍ത്താവിന്റെ ജോലികളില്‍ ഭാര്യക്ക് തുണയാകാം. ജോലികള്‍ പരസ്പരം പങ്കിടുമ്പോള്‍ ബന്ധം ശക്തിപ്പെടും. സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രകടിത രൂപമാണീ പരസ്പര സേവന സന്നദ്ധത.

ഈ അഞ്ചില്‍ ഏത് ഭാഷയാണ് തന്റെ പങ്കാളിയുടേത് എന്ന് കണ്ടെത്തി അതിലൂടെ വേണം സ്‌നേഹവിനിമയം നടത്താന്‍. എല്ലാവര്‍ക്കും എല്ലാ ഭാഷയും അനുയോജ്യമാകുകയില്ല.

1 comment: