Pages

Thursday, October 3, 2019

കാലത്തിന്റെ സമ്മാനം
--------------
📝Haneef Labbakka Pakyara
“ഇന്ന് ടൗണിലെ വലിയ പള്ളിയിൽ
മദ്രസ്സാ ഹാളിൽ സ്ത്രീകൾക്കായി ക്ലാസ്സുണ്ടത്രെ,
ഒരു വനിതാ ഡോക്ടറാണ് ക്ലാസ്സെടുക്കുന്നത്.
എല്ലാവരും പോകുന്നുണ്ട്.
നീ എന്നെ ഒന്ന് കാറിൽ കൊണ്ട് പോയി വിടണം.”

“ശരിയുമ്മാ കൊണ്ട് വിടാം”

“മോനേ...പോകുന്ന വഴിക്ക് ആ നഫീസത്താനെയും കൂട്ടണം”

“ശരിയുമ്മാ.”

വീട്ടിൽ നിന്നും പുറപ്പെട്ടു.
നഫീസത്ത അവരുടെ വീടിനു മുമ്പിലുള്ള ഗെയ്റ്റിൽ ഞങ്ങളെയും കാത്തു നില്പുണ്ടായിരുന്നു.

കാറിൽ കയറിയ ഉടനെ നഫീസത്ത ചോദിച്ചു. “അറിഞ്ഞോ ഇന്ന് ആരാ ക്ലാസ്സെടുക്കുന്നതെന്ന് ??”

ഉമ്മ പറഞ്ഞു“ഒരു ലേഡീ ഡോക്ടറാണെന്ന് അറിഞ്ഞു അതിൽ കൂടുതൽ ഒന്നും അറിയില്ല”

“നിനക്ക് ഓർമ്മയുണ്ടോ,പണ്ട് നമ്മുടെ ചെറിയ തോടിനടുത്തുള്ള
ക്വാർട്ടേർസിൽ താമസിച്ചിരുന്ന ജമീലാനെ ??,
“ഒരു ദിവസം രണ്ട് കുട്ടികളെയും കൊണ്ട് ആരുടെയോ കൂടെ നാട് വിട്ട് പോയവളെ”

ഉമ്മ‌ ഭയത്തോട് കൂടി ചോദിച്ചു,
“ജമീലാന്റെ??”

“അവളുടെ മൂത്ത മോളാണത്രെ ഈ ക്ലാസ്സെടുക്കാൻ വരുന്ന ലേഡി ഡോക്ടർ, ഈ മകളെയും കല്ല്യാ‌ണം കഴിച്ചിരിക്കുന്നത് വലിയ ഡോക്ടറാത്രെ”

“പള്ളിക്കമ്മറ്റിയിൽ കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നുവത്രെ ഈ ഡോക്ടറെ കൊണ്ട് വരുന്നതിൽ,
നാട്ടിൽ അങ്ങനെ കാര്യമായ് ആർക്കും ഈ ഡോക്ടർ ഇന്ന ആളാണെന്ന് അറിയില്ല.അത് ഭാഗ്യം”

മദ്രസ്സാ വരെ ഉമ്മയുടേയും നഫീസത്താന്റെയും സംഭാഷണം കേട്ടതിൽ നിന്നും എനിക്ക് ആളെ
മനസ്സിലായി
സംശയം തീർക്കാൻ ഉമ്മയോടും
നഫീസത്താനോടും ചിലത് കൂടി ചോദിച്ചറിഞ്ഞു.

ഞാൻ ഓർക്കുകയായിരുന്നു.

അന്ന് പുതിയ വീട്ടിലേക്ക് താമസം മാറി
നാലു മാസം കഴിഞ്ഞു കാണും.

ഞങ്ങളുടെ ക്ലാസ്സിലെ നന്നായി പഠിക്കുന്ന കുട്ടിയാണ് സീനത്ത്.
അവരുടെ കുടുംബം ആ നാട്ടിലേക്ക് മറ്റെവിടെ നിന്നോ വന്നവരാണെന്ന്
ആരോ പറഞ്ഞറിഞ്ഞിരുന്നു.
സീനത്ത് ഇടക്ക് മദ്രസ്സയിൽ
വരില്ല ഇടക്ക് നേരം വൈകിയിട്ടും വരും.

ഞങ്ങളുടെ ക്ലാസ്സിൽ പുതിയ ഉസ്താദ് വന്നിട്ട് രണ്ട് മാസമേ ആയിരുന്നുള്ളൂ.

നല്ല ഉസ്താദ് തമാശയൊക്കെ പറയും.
സ്നേഹത്തോടെ  ഞങ്ങൾ എല്ലാവരും
ഉസ്താദിനെ “ഉസ്താ”എന്നാണ് വിളിച്ചിരുന്നത്.
പക്ഷെ, ദേഷ്യം വന്നാലോ
അല്ലാഹ് ....ഉസ്താദിന്റെ അടി .!!
പേടിയാണെല്ലാവർക്കും.

അന്നും സീനത്ത് വൈകിയാണ് മദ്രസ്സയിലെത്തിയത്.

ഉസ്താദ് നല്ല ദേഷ്യത്തിലായിരുന്നു.
വാതിലിന് പുറത്തും അകത്തുമായി കാലുകൾ വെച്ച് സീനത്ത് ഉസ്താദിനോട് “അസ്സലാമു അലൈകും ഉസ്താ"എന്ന് പറഞ്ഞു

“ഓ എത്തിയോ നീ??
അല്ല സീനത്തേ എന്താ നിന്റെ പ്രശ്നം??”
“ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇത് നിനക്ക് ഫർളാണല്ലൊ(നിർബന്ധം) വരാൻ വൈകുക എന്നത്???”
“നിന്നെ ക്ലാസ്സിന് പുറത്ത് നിർത്തി നോക്കി,
അടി തന്നു,
നിനക്ക് ഒരു മാറ്റവുമില്ലല്ലൊ?!!”

“ഉപ്പാനെ കൂട്ടി വരാൻ പറഞ്ഞാൽ
ഉമ്മാനെയും കൂട്ടിവരും"
“എനി വൈകില്ല ഉസ്താദെ..
ഇപ്രാവശ്യത്തേക്കും മാപ്പ്
എന്നും പറഞ്ഞ് അവർ കരയാൻ തുടങ്ങും,
എന്താ ഞാൻ പറയുക നിന്റെ ഉമ്മയോട്”

ഒന്നും മിണ്ടാതെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു സീനത്ത്.
ഞാൻ നോക്കി എന്താ ഈ പെണ്ണ്
പുറത്തേക്ക് നോക്കുന്നത്
മദ്രസ്സയിൽ നിന്ന് നോക്കിയാൽ
പള്ളി പറമ്പിന്റെ ഒരു ഭാഗം കാണാം
അവിടേക്കാണ് അവളുടെ നോട്ടം.

പിറ്റേ ദിവസ്സവും വൈകി വന്ന സീനത്തിനെ കണ്ടപ്പോൾ ഉസ്താദ് പതിവ് പോലെ ദേഷ്യത്തിൽ
“ഞാൻ എത്ര പറഞ്ഞാലും നിനക്ക് ഒരു മാറ്റവും ഇല്ല അല്ലെ സീനത്തേ??”
അത് പറഞ്ഞ് മേശയുടെ മേലെയിരുന്ന
വടിയുമായി കസേരയിൽ നിന്നും എഴുന്നേറ്റു.

“ഉം ...കൈ നീട്ട്....”
ഉസ്താദ് അത് പറഞ്ഞപ്പോൾ
ഞാൻ എന്റെ കണ്ണുകൾ അടച്ചു.
കണ്ണിനകത്തെ ഇരുട്ടിൽ സീനത്തിന്റെ
കൈക്ക് ഏൽക്കാൻ പോകുന്ന അടിയുടെ വേദന കാണുകയായിരുന്നു ഞാൻ.

പക്ഷെ അടിക്കുന്നതോ സീനത്തിന്റെ ശബ്ദമോ ഒന്നും കേട്ടില്ല.
പതുക്കെ കണ്ണ് തുറന്നു നോക്കിയ ഞാൻ അത്ഭുതപ്പെട്ടു.

അടിക്കാനോങ്ങിയ വടി പുറകിൽ പിടിച്ച് സീനത്തിനോട് ഉസ്താദ് ചോദിക്കുന്നുണ്ടായിരുന്നു
“ഇതെന്താ മോളെ കൈക്ക് പറ്റിയത്?”

“ഒന്നൂല്ലാ ഉസ്താ..”അതും പറഞ്ഞ് അവൾ വീണ്ടൂം പള്ളിപ്പറമ്പിലേക്ക് നോക്കി
ഞാൻ കണ്ടു അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നു.
തട്ടത്തിന്റെ ഒരറ്റം കൊണ്ട് അവളത് തുടച്ചു.

“പറ മോളെ ...തീ പ്പൊള്ളിയത് പോലെ ഉണ്ടല്ലൊ,എന്താ പറ്റിയത്?”

ഉസ്താദ് കസേരയിൽ ഇരുന്നു,
വടി മേശപ്പുറത്ത് വെച്ചു.

ഒരു കൈ കൊണ്ട് അവളുടെ തല താലോടിക്കൊണ്ട് വീണ്ടും ചോദിച്ചു,
“എന്റെ മോളെ കൈ അറിയാതെ
അടുക്കളയിൽ വെച്ചോ മറ്റോ പൊള്ളിപ്പോയതോ,അല്ല ആരെങ്കിലും ?”

ആ ചോദ്യം ഉസ്താദ് അവിടെ നിർത്തി

ഉസ്താദ് ചോദിച്ചു,
“സീനത്തിന്റെ വീട്ടിൽ പോയി
ഇവളെ ഉപ്പാനോട് വരാൻ പറയണം,
ആരാ പോകുക?”

“ഞാൻ പോകാം ഉസ്താദെ..”

“ആ,നീ ഒറ്റക്ക് പോകണ്ട
മൻസൂറിനെക്കൂടി വിളിച്ചോ”

അവളുടെ തല താലോടിയിരുന്ന ഉസ്താദിന്റെ കൈ അവൾ തന്റെ രണ്ടു കുഞ്ഞു കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.
“വേണ്ട ഉസ്താ ഉപ്പാനെ വിളിക്കല്ലേ ഉസ്താ...”

“പിന്നെ എങ്ങിനെയാ മോളെ,
ഇത്ര നന്നായി കുഞ്ഞിന്റെ കൈ പൊള്ളിയിട്ടും ഒന്ന് ആശുപത്രിക്ക് പോലും കൊണ്ട് പോകാൻ കൂട്ടാക്കാത്ത അയാളോട് ഒന്ന് ചോദിക്കണമല്ലൊ??”

“വേണ്ട ഉസ്താ ഞാൻ പറയാം,
എങ്ങിനെയാ കൈ പൊള്ളിയേന്ന്”

“രാത്രിയിൽ എപ്പോഴും ബോധമില്ലാതെയാ ഉസ്താ എന്റെ ഉപ്പ പുരയിലേക്ക് വരിക.”

“എന്തെങ്കിലും ചെറിയ കാര്യത്തിന് ഉപ്പ ഉമ്മാനെ വഴക്ക് പറയും.
അടിക്കും.
ഉമ്മ ഇപ്പോൾ പേടി കൊണ്ട് എന്ത് ചെയ്താലും അറിയാതെ എന്തെങ്കിലും കുറവുകൾ ആയിപ്പോകും,
അപ്പോൾ ഉപ്പാക്ക് കൂടുതൽ ദേഷ്യം വരും വഴക്ക് പറയുമ്പോൾ
ഉമ്മയും ചിലപ്പോൾ എന്തെങ്കിലും മറുപടിയും പറയും അപ്പോൾ ഉപ്പ അടിക്കും”

“വഴക്കുണ്ടാക്കുന്ന ദിവസം ഉപ്പ കറിയും മറ്റും എടുത്ത് വലിച്ചെറിയും.
പിന്നെ ആർക്കും ഒന്നും ഉണ്ടാകില്ല.
എന്റെ കുഞ്ഞനിയത്തി പേടിച്ച് കരയും.”

“ഒന്നും കഴിക്കാതെയാ വൈകി വരുന്ന ദിവസങ്ങളിലെല്ലാം ഞാൻ വരുന്നത്.”

ഉസ്താദ് വീണ്ടും ചോദിച്ചു,“ഇന്ന് എങ്ങിനെയാ മോളെ കൈ പൊള്ളിയത്, അതും ഉപ്പ ചെയ്തതാണോ?”

“അത് ഉസ്താ...
ഉമ്മ ഇന്ന് ദോശയ്ക്കുണ്ടാക്കിയ ചട്ണിയിൽ ഉപ്പ് കൂടി പോയി അതിന് ഉപ്പ ഉമ്മയെ വഴക്ക് പറഞ്ഞ് അടിക്കാൻ
പോയി.ഉമ്മ പറഞ്ഞു,
കുറച്ച് ഉപ്പ് കൂടിയാൽ ഒന്നും ആയിപ്പോകില്ല
വേണമെങ്കിൽ കുറച്ച് കാത്തിരിക്ക്
വേറെ ഉണ്ടാക്കിത്തരാം എന്ന് ”

“മനുഷ്യന് തിന്നാൻ പറ്റാത്തത് ഉണ്ടാക്കി വെച്ചിട്ട് തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ച് ഉമ്മാനെ ചവിട്ടി,
പാത്രമെല്ലാം വലിച്ചെറിഞ്ഞു.
എന്നിട്ട് ചട്ടുകം ചൂടാക്കി ഉപ്പ ഉമ്മയുടെ നേരെ പോയപ്പോൾ ഞാൻ ചൂട് ചട്ടുകം എന്റെ കൈ കൊണ്ട് പിടിച്ചു ഉസ്താദെ.
എന്റെ ഉമ്മാനെ ചെയ്യുന്നത് എനിക്ക് സഹിക്കാനായില്ല ഉസ്താ”

അത് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ടവൾ വീണ്ടും മദ്രസ്സാ ജനാലയിൽ കൂടി പള്ളിപ്പറമ്പ് നോക്കി.

ഉസ്താദ് സ്വയം പറയുന്നുണ്ടായിരുന്നു.
“ഇങ്ങിനെയുമുണ്ടോ ഉപ്പമാർ
സ്വന്തം മക്കളോട് ഈ ക്രൂരത കാണിക്കാൻ എങ്ങനെ മനസ്സ് വരുന്നു??”

അപ്പോഴാണ് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സീനത്ത് അത് പറഞ്ഞത്
“ഉസ്താദെ അതെന്റെ സ്വന്തം ഉപ്പയല്ല,
എന്റെ ഉപ്പ മരിച്ചു പോയി ഉസ്താ”
പള്ളിപ്പറമ്പ് ചൂണ്ടിക്കാണിച്ച് കൊണ്ട്
അവൾ തുടർന്നു എന്റെ ഉപ്പ ആ ഖബർസ്ഥാനിലുണ്ട് ഉസ്താ”,
“ഈ ഉപ്പ എന്റെ ഉമ്മയെ രണ്ടാമത് കെട്ടിയ ആളാ..”

ഇപ്രാവശ്യം അത് കേട്ട ഉസ്താദിന്റെയും കണ്ണുകൾ നിറഞ്ഞു

സീനത്ത് ഇടക്കിടക്ക് പള്ളിപ്പറമ്പ് നോക്കിയിരുന്നത് എന്താണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.

“മറ്റന്നാൾ വെള്ളിയാഴ്ച കമ്മറ്റിക്കാരോട് പറഞ്ഞ്
ഒരു മീറ്റിങ്ങ് വിളിപ്പിക്കുന്നുണ്ട്.
അന്ന് നിന്റെ ഉപ്പ എന്ന് പറയുന്ന ആ മനുഷ്യനെ വിളിപ്പിക്കുന്നുണ്ട്.”

“മോള് പോയി ഇരുന്നോ”

എന്നാൽ പിറ്റേ ദിവസ്സം സീനത്ത് ക്ലാസ്സിൽ വന്നില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ആളുകൾ പറയുന്നത് കേട്ട് മനസ്സിലായത്.

സീനത്തിന്റെ ഉമ്മ സീനത്തിനെയും അനുജത്തിയേയും കൂട്ടി ഭർത്താവിനെ വിട്ട് ഒളിച്ചോടി പോയി എന്ന്.
എന്നാൽ ആരുടെ കൂടെയാണ് പോയതെന്ന് ആർക്കും അറിയില്ലായിരുന്നു.

ഞാൻ പഴയ ഓർമ്മകളിൽ നിന്നും ഉണർന്നു

ഉമ്മ പറഞ്ഞതിനേക്കാൾ കുറച്ചു നേരത്തെ തിരിച്ചെത്തി.
കാരണം ക്ലാസ്സെടുക്കാൻ വന്ന ഡോക്ടറെ
ഒന്ന് കാണണമെന്നുണ്ടായിരുന്നു.

കാറിന് പുറത്ത് ഉമ്മയെ കാത്തിരിക്കുമ്പോൾ ഉമ്മയുടെ കൈപിടിച്ച് ചിരിച്ച് സംസാരിച്ച് കൊണ്ട് പർദ്ദ ധരിച്ച തടിച്ച സ്ത്രീയെയും
കൂട്ടി എന്റെ അടുത്തേക്ക് വന്നു
ഉമ്മ  ചോദിച്ചു
“നിനക്ക് ഓർമ്മയുണ്ടോ സീനത്തിനെ?”
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത്രക്ക് മാറ്റമുണ്ടായിരുന്നു അവൾക്ക്.

ഞാൻ കുറച്ച് മാറി നിന്ന് ഉമ്മയുടെയും‌,സീനത്തിന്റെയും സംഭാഷണം കേൾക്കുകയായിരുന്നു.

കുശലാന്വേഷണങ്ങൾക്ക് ശേഷം പോകാൻ ഒരുങ്ങിയ സീനത്ത് ഉമ്മയെ കെട്ടിപ്പിടിച്ച് ഉമ്മയുടെ നെറ്റിയിൽ
ചുംബിച്ചു.
അവൾ തന്റെ കൈയിൽ നിന്നും ഒരു വള ഊരി ഉമ്മയുടെ കൈയിൽ വള അണിയിക്കാൻ ശ്രമിച്ചപ്പോൾ
ഉമ്മ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു “വേണ്ട മോളെ എന്റെ മോള് സന്തോഷത്തിലുണ്ടായിരുന്നാ മതി.”
പക്ഷെ; അവൾ സ്നേഹത്തോടെ അത് ഉമ്മാക്ക് അണിയിച്ചു.

സീനത്ത് പറയുന്നുണ്ടായിരുന്നു.
“ഞാൻ ഈ തിരക്കിനിടയിൽ ഇവിടെ വന്നത് തന്നെ ഉമ്മയെ കാണാനാ.”
തിരക്കിനിടയിൽ ഉമ്മയ്ക്ക് ഒന്നും വാങ്ങിക്കാൻ പറ്റിയില്ല.”

“എന്റെ ഉമ്മ മരിക്കുന്നത് വരെ പറയുമായിരുന്നു
ഉമ്മയെ സ്വന്തം സഹോദരിയെപ്പോലേ കണക്കാക്കി അന്ന് കാശെടുത്ത് തന്ന്
ഞങ്ങളെ സഹായിച്ചത്,
ഞങ്ങളുടെ മൂന്ന് ജീവനെ രക്ഷിച്ചത്,
എവിടെയെങ്കിലും പോയി ജീവിച്ചോളാൻ പറഞ്ഞത് നിങ്ങളാണെന്ന്,
നീ നല്ല നിലയിലാകുമ്പോൾ സന്തോഷത്തോടെ പോയി കാണണം
എന്നും പറഞ്ഞിരുന്നു.”

“നാട്ടിൽ എന്റെ ഉമ്മയെക്കുറിച്ച്  നല്ല ഒരു അഭിപ്രായമല്ല ആർക്കും എന്ന് എനിക്കറിയാം,
അത് അറിയുന്ന ആൾ എന്റെ ഉമ്മയും
നിങ്ങളും ഞാനും എന്റെ അനുജത്തിയും മാത്രമാണ്”.

“നിങ്ങൾ അന്ന് കൊടുത്ത കാശ് കൊണ്ട്  ഞങ്ങളെയും കൊണ്ട്  ബാംഗ്ലൂരിലെത്തിയ ഉമ്മ ഉമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു ബന്ധു വീട്ടിൽ പോയി.അവർ എല്ലാ സഹായങ്ങളും ചെയ്തു നൽകി ചെറിയ ഒരു ഹോട്ടൽ തുടങ്ങി,അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മക്കളെ നന്നായി പഠിപ്പിച്ചു,ഞങ്ങൾ നന്നായി പഠിച്ചു.
അനുജത്തി ഇന്ന് ഒരു സ്കൂളിൽ ടീച്ചറാണ് ”

“ഇപ്പോൾ ഈ കമ്മറ്റിക്കാർ തന്നെ വിളിച്ചപ്പോൾ എനിക്ക് നല്ല ധൈര്യം കിട്ടി ഇവിടെ വരാൻ.
അത് കൊണ്ടാ വന്നത്,
എപ്പോഴും യാത്രയും തിരക്കുമാണ് എനിക്കും എന്റെ ഭർത്താവിനും.
ഒരു ദിവസ്സം തീർച്ചയായും ഞങ്ങൾ വരുന്നുണ്ട് വീട്ടിലേക്ക്.”

രാത്രി  ഉമ്മയുടെ അടുത്ത് ചെന്നു.
ഉമ്മ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.

“എന്തു പറ്റി ഉമ്മാ?”

“ മോൻ ചോദിക്കാറില്ലെ
നമ്മുടെ കുടുംബത്തിലെ മറ്റുള്ളവർക്കെല്ലാം ഇഷ്ടം പോലെ സ്വത്തുണ്ടല്ലൊ എന്താ നമുക്ക് മാത്രം ഇല്ലാത്തതെന്ന്??”

“അതെ .”

“അതിന് കാരണം
നിന്റെ ഉപ്പുപ്പ ഒരു പ്രാവശ്യം കുറച്ച് സ്ഥലം വിറ്റിരുന്നു.
ആ കാശ് എന്റെ അടുത്ത് സൂക്ഷിച്ച് വെക്കാൻ പറഞ്ഞു.”

“ഒരു ദിവസ്സം സുബ് ഹിക്ക് ഈ ഡോക്ടർ മോളുടെ ഉമ്മയും അവളും അനുജത്തിയും കൂടി വന്നിട്ട് ഭർത്താവിന്റെ ഉപദ്രവവും,എപ്പോൾ വേണമെങ്കിലും അയാൾ അവരുടെ ജീവൻ അപകടത്തിലാക്കിയേക്കാം എന്നും പറഞ്ഞ്  കരഞ്ഞു 
അത് കേട്ട ഞാൻ മറ്റൊന്നും ആലോചിക്കാതെ ഉപ്പുപ്പ സൂക്ഷിക്കാൻ ഏല്പിച്ച മുഴുവൻ തുകയും അവർക്ക് എടുത്തു കൊടുത്തു ഞാൻ പറഞ്ഞു,
എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ എന്ന്.”

“നാട്ടിൽ മുഴുവൻ പാട്ടായത്
ഇവൾ ഭർത്താവിനെ ഉപേക്ഷിച്ച്
മറ്റാരുടെയോ കൂടെ ഒളിച്ചോടി എന്നായിരുന്നു,
അതറിഞ്ഞ് ഞാൻ പൈസ കൊടുത്ത വിവരം ഉപ്പുപ്പയും നിന്റെ ഉപ്പയും ആരോടും പറഞ്ഞില്ല.”

“പക്ഷേ; ഉപ്പുപ്പ എന്നോടുള്ള വാശിക്ക് ഉള്ള സ്വത്തെല്ലാം മറ്റുള്ളവർക്കെല്ലാം വീതിച്ച് നൽകി”

അന്ന് നിന്റെ ഉപ്പ പറഞ്ഞു
“എനിക്കറിയാം നിന്നെ ,
നീ നന്മയ്ക്കല്ലാതെ മറ്റൊന്നും ചെയ്യില്ല
എന്നും അറിയാം,
അതിനുള്ള പ്രതിഫലം
നിനക്ക് ഇന്നല്ലെങ്കിൽ നാളെ ലഭിക്കും.”
നിനക്ക് സന്തോഷമുള്ള സമാധാനം നൽകുന്ന കാര്യങ്ങൾ തീർച്ചയായും ഉണ്ടാകും ജീവിതത്തിൽ”

“ഞാനിന്ന്  ആ മോളെ കണ്ടത് മുതൽ
മരിച്ചു പോയ നിന്റെ ഉപ്പാന്റെ വാക്കുകൾ ഓർത്ത് പോയി മോനേ”

ഡോക്ടർ ഇട്ടു നൽകിയ
വളയിൽ
തലോടിക്കൊണ്ട്
ഉമ്മ പറഞ്ഞു നിർത്തി.

No comments:

Post a Comment