Pages

Thursday, October 3, 2019

ഉണ്ണിമായയുടെ ഉപ്പ
-----------------
✒Haneef Labbakka Pakyara
ആധാർ കാർഡിൽ അഡ്രസ്സ് മാറ്റണമെങ്കിൽ ഏതെങ്കിലും ഗസറ്റഡ് ഓഫീസറുടെ ഒപ്പും സീലും വേണമായിരുന്നുവെന്ന് പറഞ്ഞപ്പോൾ അടുത്ത വീട്ടിലെ സാവിത്രിഏടത്തി പറഞ്ഞു അവരുടെ മകൾക്ക് ഗവർമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറേ പരിചയമുണ്ടെന്ന്.

പിറ്റേന്ന് രാവിലെ സാവിത്രിയേടത്തിയുടെ മകൾ ഉണ്ണിമായ വീട്ടിൽ വന്നു. ക്ഷേത്രത്തിൽ നിന്നും നേരെ വരുന്ന വരവാണ് .
നെറ്റിയിൽ ചന്ദനകുറി,മുടിയിൽ തുളസിപൂചൂടി സാരിയുടുത്തു പ്രസന്നതയോടെ വന്ന ഉണ്ണിമായ അയാളേയും കൂട്ടി ആശുപത്രിയിലെത്തി.

ഡോക്ടർ അവളെ കണ്ടു വിശേഷങ്ങൾ ചോദിച്ചു.
നേരത്തെ അവൾക്ക്‌ ഈ ഡോക്ടറെ പരിചയമുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.
വിശേഷങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അടുത്തു നിൽക്കുന്ന ആളെ കണ്ട് “ഇതാരാണ്,അച്ഛനാണോ”? “എന്താ വന്നത്”എന്നു ചോദിച്ചു.

“ഇത് എന്റെ ഉപ്പയാണ് മാഡം” എന്ന് പറഞ്ഞ് അവൾ അയാളുടെ  മുഖത്തേക്കു നോക്കി പുഞ്ചിരിച്ചു.
ഇതു കേട്ടപ്പോൾ അഭിമാനത്തോടെ അയാളും തല ഉയർത്തി നിന്നു.

ഒപ്പ് വാങ്ങി വീട്ടിൽ തിരിച്ചെത്തി

ഉണ്ണിമായ അവളുടെ വീട്ടിലേക്ക് പോയി
അവൾ പോകുന്നതും നോക്കി
വരാന്തയിൽ കസേരയിൽ ഇരിക്കുമ്പോൾ  പഴയ കഥകൾ മനസ്സിലേക്ക് ഫ്ലാഷ് ബാക്കായി വന്നു.

അത് റമസാൻ നോമ്പ് കാലമായിരുന്നു.
കുട്ടികൾ രണ്ട് പേരും ഭാര്യയുടെ ജേഷ്ടത്തിയുടെ വീട്ടിലേക്ക് നോമ്പ് തുറക്കായി പോയിരുന്നു.
ജേഷ്ടത്തിയുടെ ഭർത്താവ് വിദേശത്തായിരുന്നു അവരും രണ്ട് ചെറിയ കുട്ടികളും മാത്രമേ വീട്ടിലുള്ളൂ

നോമ്പ് തുറക്ക് അവരെ എല്ലാവരേയും  വിളിച്ചതായിരുന്നു.
അയാൾ പറഞ്ഞു നോമ്പ് തുറ വീട്ടിൽ നിന്ന് തന്നെയാകണം.
നമസ്കാരം ഞങ്ങളുടെ ചെറിയ പള്ളിയിൽ നിന്നും ഇല്ലെങ്കിൽ
ഒരു സമാധാനവും ഇല്ല.
അത് കൊണ്ട് ഞാനില്ല.
ഇവരെ കൊണ്ട് പോയ്ക്കോളൂ.
അങ്ങനെ  അന്ന് വീട്ടിൽ നോമ്പ് തുറക്കാൻ അയാളും ഭാര്യയുമായി മാത്രമായി.

അന്ന് വൈകിട്ട്
“ഉപ്പാ.. ഉപ്പാ”  എന്ന്
പുറത്തു നിന്നുള്ള ശബ്ദം കേട്ട്
അവളോട് പറഞ്ഞു,
“ഉണ്ണിമായയുടെ ശബ്ദമല്ലെ അത്,
ഒന്ന് നോക്കിയേ..”

“നിങ്ങൾ ഒന്നു പോയി നോക്കൂ ഞാൻ ഇത് ഇട്ടിട്ട് പോയാൽ ...”

അവൾ നോമ്പ് തുറക്കുള്ള എന്തോ പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

പാരായണം ചെയ്തു കൊണ്ടിരിക്കുന്ന ഖുറാൻ മടക്കി വെച്ച് അയാൾ പുറത്തിറങ്ങി.. പുറത്ത് പരിഭ്രമിച്ചു നിൽക്കുന്ന ഉണ്ണിമായ ...

“ഉപ്പാ.. അച്ഛന്റെ സ്കൂട്ടറിൽ കാറിടിച്ചുവത്രെ,അമ്മയുടെ ഫോണിലേക്ക് ഇപ്പോൾ ആരോ വിളിച്ചു
പറഞ്ഞതാ”
അവൾ വല്ലാതെ പേടിച്ചിരുന്നു
കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ അത് പറയുമ്പോൾ.

“അമ്മയില്ലേ മോളെ വീട്ടിൽ?!”

“ഇല്ല ഉപ്പാ.. അമ്മ അമ്പലത്തിൽ പോയിട്ട് തിരിച്ചെത്തിയില്ല‌,
ഫോണും കൊണ്ട് പോയിരുന്നില്ല”

“ശരി മോള് ആ ഫോൺ  ഇങ്ങോട്ട് തന്നെ...”
ഫോൺ വാങ്ങി
ഇൻ കമിംഗ് കോളിലേക്ക് അയാളുടെ ഫോണിൽ നിന്നും വിളിച്ചു.
അങ്ങേത്തലക്കൽ ഫോണെടുത്ത ആളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു

പെട്ടെന്ന് ഡ്രസ്സ് മാറ്റി ആശുപത്രിയിലേക്ക് പോകാനൊരുങ്ങി.
അതു കണ്ട അയാളുടെ പ്രിയപെട്ടവൾ
ഒരു കുപ്പിയിൽ വെള്ളവും,മറ്റൊരു കുപ്പിയിൽ ജ്യൂസും, കുറച്ച് ഈത്തപ്പഴവും പൊതിഞ്ഞു കൊടുത്തു
വഴിയിൽ വെച്ചോ ആശുപത്രിയിൽ വെച്ചോ ബാങ്ക് വിളിച്ചാൽ നോമ്പ് തുറക്കാനായി.

“സാവിത്രി വന്നാൽ പറഞ്ഞേക്ക് ഞങ്ങൾ ആശുപത്രിയിലേക്ക് പോയിട്ടുണ്ടെന്ന്...”
“ഇതാ ഈ ഫോൺ അവർക്ക് കൊടുത്തേക്ക്...,
ഞങ്ങൾ അവിടെ എത്തിയിട്ട് വിവരം വിളിച്ചു പറയാം.”

ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു.
നല്ല മുറിവുകൾ ഉണ്ട്.
പേടിക്കാനില്ല
രക്തം വേണ്ടി വരും എന്ന് പറഞ്ഞു
ഇടിച്ച കാറിന്റെ ആളെ കണ്ടു
അവർ എന്തും ചെയ്യാൻ തയ്യാറായിരുന്നു.

“ഉപ്പാ ബാങ്ക് വിളിച്ചു, നോമ്പ് തുറക്കണ്ടെ ഉപ്പക്ക് ”എന്നു പറഞ്ഞ്
വെള്ളവും ഈത്തപ്പഴവും എടുത്തു നൽകി ഉണ്ണിമായ
വാത്സല്യത്തോടെ അയാൾ അവളെ നോക്കി ..
“ന്റെ അച്ഛനു വേണ്ടി പ്രാർത്ഥിക്കണേ ഉപ്പാ..”എന്ന് പറഞ്ഞ് ഉണ്ണിമായ പൊട്ടി കരഞ്ഞു.
അയാൾ അവളെ തലയിൽ തലോടി സമാധാനിപ്പിച്ചു ..

അവളെ സമാധാനിപ്പിച്ചു.
സാവിത്രിയുടെ ഫോൺ വന്നു.
അവളോടും കാര്യങ്ങൾ പറഞ്ഞു
ഉടനെ ഹോസ്പിറ്റലിലേക്ക് എത്താമെന്ന് പറഞ്ഞു അവൾ.

ആശുപത്രിയിലുണ്ടായിരുന്ന
മറ്റുചിലർ പള്ളിയിലേക്ക് നമസ്കാരത്തിനായി
പോകാൻ ഒരുങ്ങി.
താടിയും തൊപ്പിയും കണ്ടിട്ടായിരിക്കാം
വരുന്നില്ലെ പള്ളിയിലേക്കെന്ന് ചോദിച്ചു

“ഇല്ല നിങ്ങൾ നടന്നോ..
ഞാൻ ഇവിടെ വെച്ച് നമസ്കരിച്ചോളാം,
ഉണ്ണി മോള് ഒറ്റയ്ക്കേ ഉള്ളൂ
അവളെ തനിച്ചാക്കാൻ ആകില്ല”

കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന  നിസ്ക്കാരപ്പായ കൊണ്ട് വന്നു‌.
അവിടെ നിന്നും നമസ്കരിച്ചു.

നമസ്കാരം കഴിഞ്ഞതേ ഉള്ളൂ
ആശുപത്രിക്ക് പുറത്ത് ഒരു കാറ് ഹോൺ മുഴക്കിക്കൊണ്ട് വേഗത്തിൽ
വന്ന് നിന്നു.

ആരെക്കെയോ ചേർന്ന് ഒരു മോളെയുമെടുത്ത് എമർജൻസിയിലേക്ക് ഓടി.

കുട്ടിയെ കൊണ്ട് വന്ന ആളുകളിൽ ഒരാളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
വീടിനു ഗേറ്റിനടുത്ത് മൂന്ന് കുട്ടികൾ കളിക്കുകയായിരുന്നു.
ഒരു കുട്ടി പെട്ടെന്ന് റോഡിന് മറുവശത്തേക്ക് ഓടി.
വേഗത്തിൽ വരികയായിരുന്ന മോട്ടോർ സൈക്കിൾ തട്ടിത്തെറിപ്പിച്ചു.

കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ പുറത്ത് വന്നു പറഞ്ഞു
“പേടിക്കാനൊന്നുമില്ല,
ഭാഗ്യത്തിന് കാണാൻ പുറമെ ചെറിയ മുറിവുകളെ ഉള്ളൂ..”
“വേണമെങ്കിൽ തലയുടെ സ്കാൻ ചെയ്തോളൂ..”

പെട്ടെന്നാണ് അലറിക്കരഞ്ഞ് കൊണ്ട് അവിടേക്ക് വന്ന സ്ത്രീയെ ശ്രദ്ധിച്ചത്
അത് അയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തി ആയിരുന്നു.

അപ്പോൾ ആ കുട്ടി !
അയാൾ മുറി തുറന്ന് അകത്തേക്ക് ഓടി

“എന്റെ മോളെ..."
അയാൾക്ക്  തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അതു അയാളുടെ മകൾ ആയിരുന്നു . ഭാഗ്യത്തിന് മകൾക്ക് കൂടുതൽ പരിക്കുകളൊന്നും ഉണ്ടായില്ല. അയാൾ സ്രഷ്ടാവിന് നന്ദി പറഞ്ഞു.

സാവിത്രി വന്നു.
രണ്ട് ബോട്ടിൽ രക്തം നൽകേണ്ടി വന്നു
ഭാസ്കരന്.
ഒരു കുപ്പി രക്തം ഭാസ്കരനു വേണ്ടി അയാൾ നൽകി
ഭാസ്കരന് മറ്റ് കാര്യമായ പ്രശ്നങ്ങളില്ല
എന്ന് പറഞ്ഞു.

പിറ്റേദിവസം മകളെ സ്കാനിംഗ് ചെയ്യാൻ കൊണ്ട് പോയി.
ഒരു കുഴപ്പവുമില്ല എന്ന റിപ്പോർട്ടും ലഭിച്ചു.

ഇപ്പോഴും റമസാൻ മാസമാകുമ്പോൾ അന്ന് നടന്ന സംഭവങ്ങൾ അയാളുടെ ഓർമ്മയിൽ വരും ..

No comments:

Post a Comment