Pages

Wednesday, October 17, 2018

ബലിയറുക്കലും, കൃഷ്ണേട്ടനും പിന്നെ ഗോബി മഞ്ചൂരിയനും

രാവിലെ പ്രാതൽ കഴിച്ച് പുറപ്പെടാൻ ഒരുങ്ങുമ്പോൾ അവൾ വന്നു ചോദിച്ചു,
“എവിടേക്കാണ്?” 
“മറന്ന് പോയോ, സ്നേഹിതൻ ഷംസുവിന്റെ നിക്കാഹല്ലെ ഇന്ന്”
“ആ ഞാൻ മറന്നു”
“നിന്നേയും,ഉമ്മയേയും കൂടി കൂട്ടണമെന്ന് അവൻ പ്രത്യേകം പറഞ്ഞതായിരുന്നു”
“അടുത്തായിരുന്നെങ്കിൽ വേഗം പോയി വരാമായിരുന്നു,


ഇതിപ്പം ഇത്ര ദൂരം,ഞാനില്ല”,
ഇഷ്ടം പോലെ പണിയുണ്ട് ഇവിടെ"
“ഉമ്മയ്ക്കും ദൂരം തന്നെയാ പ്രശ്നം”
“പിന്ന,നിങ്ങൾ വൈകിട്ടാകുമ്പോഴേക്ക് തിരിച്ചെത്തുമല്ലൊ അല്ലെ?”
“പിന്നെന്താ,എത്തും എന്തേ ചോദിച്ചത്?"
“ഇന്ന് ഞായറാഴ്ചയല്ലെ കുട്ടികൾക്ക് ലീവാണല്ലൊ,
നമുക്ക് രാത്രി ഭക്ഷണം പുറത്ത് നിന്നും കഴിക്കാം”

“പിന്നെ,പോകുന്ന വഴിക്ക് ആ പോത്തിനെയൊക്കെ വിൽക്കുന്ന അഹമ്മദ്ക്കാന്റെ അവിടെ ഒന്ന് കയറണം,
നമ്മൾ സ്വന്തമായി പുതിയ വീട് വെച്ചിട്ട് ആദ്യമായി വരുന്ന ബലി പെരുന്നാളല്ലെ,

നല്ല ഒരു പോത്തിനെ അദ്ദേഹത്തോട് പറഞ്ഞു വെയ്ക്കാം,
നല്ല വലുപ്പമുള്ളത് തന്നെ പറയണം,
ബലി അറുത്ത് കുടുംബത്തിലും നാട്ടുകാർക്കും എല്ലാം ഇറച്ചി കൊടുക്കണം"

“ഒരു ആനയുടെ വലുപ്പം മതിയാവുമോ?”
അത് കേട്ട കുട്ടികൾ ചിരിച്ചു.
“മതി തമാശയാക്കിയത് ഞാൻ കാര്യമാ പറഞ്ഞത്”
“ശരി,ഞാൻ കഴിയുന്നതും നേരത്തെ വരാൻ ശ്രമിക്കാം”
വൈകിട്ട് അവൾ ഒരുങ്ങി കുട്ടികളേയും ഒരുക്കി നിർത്തി അവനേയും കാത്തിരുന്നു.
അവൻ എത്തിയില്ല,
സമയം എട്ട് മണി കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങിപ്പോയി,
അവൾ ദേഷ്യവും സങ്കടവുമായി അവനേയും കാത്തിരുന്നു.
രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു അവൻ എത്തിയപ്പോൾ,
കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്ന അവൾ ഒന്നും മിണ്ടാതെ സോഫയിൽ പോയി ഇരുന്നു.

അവൻ കുട്ടികൾ കിടന്നത് നോക്കി, “മക്കൾ ഇത്ര വേഗം ഉറങ്ങിയോ?”
“അവരെന്തെങ്കിലും കഴിച്ചോ?”
“നിങ്ങൾ എന്താ തമാശ പറയുകയാണൊ?”
“രാവിലെ എന്താ നമ്മൾ പറഞ്ഞ് ഉറപ്പിച്ചത്?"
“ചൂടാവല്ലെ..ഇതാ നിന്റെ ഇഷ്ടപ്പെട്ട ഗോബി മഞ്ചൂരിയൻ,
മോളുടെ ചിക്കൻ നഗ്ഗട്ട്സ്,
മോന്റെ ചിക്കൻ അൽ ഫഹാം,
പിന്നെ എന്റെ നവരത്ന കുറുമ”
“നീ മക്കളെ വിളിച്ചേ നമുക്ക് വേഗം കഴിക്കാം”
“അതല്ല,നിങ്ങളോട് ഇന്ന് അത്രത്തോളം
ബലിയറുക്കാനുള്ള പോത്ത് ഓർഡർ ചെയ്യാൻ പോണം എന്നൊക്കെ പറഞ്ഞിട്ട്,
നിങ്ങൾ വൈകിട്ട് എത്താമെന്നും പറഞ്ഞിട്ട് എവിടെയായിരുന്നു ഇത്രയും നേരം?”
“നിനക്കറിയോ ഞാൻ ഷംസുവിന്റെ നിക്കാഹിന് പോലും പോയില്ല”
“അതെന്തേ എന്ത് പറ്റി!?"
“ഇന്ന് രാവിലെ മുതലേ നല്ല മഴയായിരുന്നല്ലൊ?"
“ഞാൻ പുറപ്പെട്ട് ജംഗ്ഷനിൽ എത്തിയപ്പോഴാ അറിഞ്ഞെ,
നമ്മുടെ സ്കൂളിനടുത്ത് ചായക്കട നടത്തിയിരുന്ന് കൃഷ്ണേട്ടനില്ലെ...
അദ്ദേഹം അസുഖമായിട്ട് കച്ചവടം ഒക്കെ നിർത്തി വീട്ടിലാ ഇപ്പോൾ,
അദ്ദേഹത്തിന്റെ പഴയ ആ ചെറിയ വീട്
മഴയിൽ ഒരു ഭാഗം തകർന്നു”

“മണ്ണ് കൊണ്ടുണ്ടാക്കിയ പഴയ വീടാ അത്,
ഞാൻ അശോകനെയും വിളിച്ച് അവിടെ എത്തിയപ്പോഴേക്കും പാവം‌ ആ വീടും അവിടത്തെ ആളുകളെയും കണ്ടപ്പോൾ സങ്കടം തോന്നി..”
അവർ പഴയ സാരി വലിച്ച് കെട്ടി മറ തീർത്തിരിക്കായായിരുന്നു”
“അപ്പോൾ തന്നെ ഇസ്മായിൽക്കാനെ വിളിച്ച് ആ വീട് നന്നാക്കാൻ ഏല്പിച്ചു,
ഞങ്ങൾ മാർക്കറ്റിൽ പോയി സാധനങ്ങളൊക്കെ വാങ്ങി, വന്നപ്പോഴേക്കും ഇത്രയും വൈകി”

“അതിന് എന്നെ ഒന്ന് വിളിച്ച് കൂടെ?
അല്ലെങ്കിൽ വാട്സപ്പിൽ ഒരു മെസ്സേജ് എങ്കിലും,
ഞാൻ എത്ര മെസ്സേജ് അയച്ചു,
നോക്കിയത് പോലും ഇല്ല,
രണ്ട് പ്രാവശ്യം വിളിച്ചപ്പോൾ ഫോൺ കട്ടും ചെയ്തു”
“സോറി തിരക്കിനിടയിൽ പറ്റിയതാ..”

മക്കളെ എഴുന്നേല്പിച്ച് എല്ലാവരും കഴിക്കാനിരുന്നു,
“നീ ഒന്ന് ആ പിണക്കമെല്ലാം മാറ്റി ആ‌ ഗോബി‌ മഞ്ചൂരിയന്റെ ടേസ്റ്റ് നോക്കിയേ.."
അവൾ കഴിക്കാൻ തുടങ്ങിയപ്പോൾ
അവൻ പറഞ്ഞു,
“പിന്നെ നീ പറഞ്ഞ പോലെ നമുക്ക് ഈ ബലി പെരുന്നാളിന് ബലി അറുക്കണം,
പക്ഷെ;വലിയ പോത്തൊന്നും പറ്റില്ല,
നമുക്ക് ഒരു ആട്ടിൻകുട്ടിയെ വാങ്ങി അറുക്കാം”
“ഞാൻ പറഞ്ഞേല്പിച്ചിട്ടുണ്ട്,
നാളെയോ,മറ്റന്നാളോ കൊണ്ട് വരും..”
“കുറച്ച് ദിവസ്സം നമുക്ക് തീറ്റയും വെള്ളവും എല്ലാം കൊടുത്ത് വളർത്താം അതിനെ"

അവൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,
“കൃഷ്ണേട്ടന്റെ വീട് നന്നാക്കാൻ സഹായിച്ചത് നന്നായി"
“പോത്തൊന്നും വേണ്ട ആട് മതി"
“ആ പിന്നെ മഞ്ചൂരിയൻ നല്ല ടേസ്റ്റുണ്ട്”
അവൾ അത് പറയുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.
മകനാ ചോദിച്ചത് “അതിനെന്തിനാ ഉമ്മയുടെ കണ്ണ് നിറഞ്ഞത്
എരിവുണ്ടോ ഉമ്മാ?”
“നീ മിണ്ടാതിരുന്ന് കഴിച്ചെ"..

അടുത്തിരുന്നഅവൻ അവളെ ഒരു കൈ‌കൊണ്ട് ചേർത്തു പിടിച്ചു.
അവൾ ചിരിച്ചു ,അതിൽ കണ്ണീരും കലർന്നിരുന്നു .
സന്തോഷത്തിന്റെ കണ്ണുനീർ ..

No comments:

Post a Comment