Pages

Monday, October 15, 2018

ആ മാതളനാരങ്ങയുടെ മധുരം

കർണാടകയിലെ തുംകൂരിൽ പച്ചക്കറി മാർക്കറ്റിൽ പ്രിയപ്പെട്ടവളുമായി പഴങ്ങളും പച്ചക്കറികളും വാങ്ങാനായി കാലത്ത് പത്ത് മണിക്ക് ചെന്നു.

സ്കൂട്ടറിലായിരുന്നു യാത്ര
താഴെ പാർക്കിങ്ങ് ഇല്ലാത്തതിനാൽ മുകളിൽ തന്നെ സ്കൂട്ടർ പാർക്ക് ചെയ്തു ഞങ്ങൾ  താഴേക്ക് നടന്നു.

ചില ദിവസങ്ങളിൽ ചില പച്ചക്കറിക്കും പഴങ്ങൾക്കും വളരെ വില കുറവായിരിക്കും ആ മാർക്കറ്റിൽ
തക്കാളിയൊക്കെ കിലോക്ക് ഒരു രൂപ നിരക്കിലൊക്കെ ലഭിക്കും.

ഞങ്ങൾ ഒരു ഭാഗത്ത് നിന്നും ഓരോന്ന് വാങ്ങി നടത്തം ആരംഭിച്ചു,
വലിയ സഞ്ചിയും കൊണ്ടായിരുന്നു യാത്ര.

സാധനങ്ങളൊക്കെ വാങ്ങി മുകളിലെത്തി.
സ്കൂട്ടർ പാർക്ക് ചെയ്യുന്നിടത്തേക്ക് നടന്നു പോകുന്നതിനിടയിൽ, കഴിഞ്ഞയാഴ്ച ഒരു ഉന്തു വണ്ടിക്കാരന്റെ കൈയിൽ നിന്നും മാതളനാരങ്ങ വാങ്ങിച്ചിരുന്നു,
അദ്ധേഹം അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി,
ആ ഭാഗത്ത് എവിടെയും കണ്ടില്ല.

അപ്പോഴാണ് പ്രിയപ്പെട്ടവൾ റോഡിന്റെ മറു വശത്ത് അദ്ധേഹം നിൽക്കുന്നത് കാണിച്ചത്.
റോഡ് മുറിച്ചു കടന്ന് അദ്ധേഹത്തിനടുത്ത് എത്തി,
“നമസ്കാര അണ്ണാ"
എന്ന് പറഞ്ഞു.

എന്റെ ശബ്ദം കേട്ടതും‌ അറുപത് വയസ്സ് കഴിഞ്ഞ ആ പാവം, കൈയിലുണ്ടായിരുന്ന ബീഡി നിലത്തിട്ട്
ചവിട്ടി വല്ലാത്ത ഒരു ചിരി ചിരിച്ചു.

ഞാൻ അദ്ധേഹത്തോട് എന്തെങ്കിലും പറയുന്നതിന് മുമ്പ് പ്രിയപ്പെട്ടവൾ എന്റെ കൈയിൽ പിടിച്ചു,അരുത് ഒന്നും പറയരുതെന്ന,ഭാവേന എന്നെ നോക്കി.

കാരണം, കഴിഞ്ഞയാഴ്ച ഇതേ പോലെ നടന്നു പോകുമ്പോൾ മാതളനാരങ്ങ കണ്ട് ഞാൻ ഇദ്ധേഹത്തിനടുത്ത് ചെന്നു,
ബീഡി വലിക്കുകയായിരുന്ന അദ്ധേഹത്തോട്
“ആ ബീഡി വലിക്കുന്നത് നിർത്തിയേ നിങ്ങൾ” എന്ന് പറഞ്ഞു.

അദ്ധേഹം ബീഡി ചുണ്ടിൽ നിന്നെടുത്ത് കൈയിൽ വെച്ചു,
വീണ്ടും ഞാൻ,“അത് നിലത്തിട്ട് കെടുത്തൂ..”
എന്ന് പറഞ്ഞു,
അദ്ധേഹം അത് കേൾക്കാത്ത ഭാവത്തിൽ,“എത്ര കിലോ വേണം?” എന്ന് ചോദിച്ചു.

എനിക്ക് ദേഷ്യം വന്നു,
ഞാൻ ഉറക്കെ“നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ?”
“അത് കെടുത്താനല്ലേ പറഞ്ഞത്”
“അറിയാമോ?!
മുപ്പത് ലക്ഷത്തോളം തീർന്നു ഇത് വരെ"
“നിങ്ങളെപ്പോലെത്തന്നെ ആരും പറഞ്ഞതനുസരിക്കാതെ, പുകവലിക്കുമായിരുന്നു ഞാൻ”
“കേൻസർ പിടിപെട്ടു എന്നറിയുന്നതിന്
രണ്ടു വർഷം മുമ്പാണ് നിർത്തിയത്”
“പക്ഷെ;അപ്പോഴേക്കും വൈകിപ്പോയിരുന്നു”
“നിങ്ങൾക്ക് വയസ്സായില്ലെ?”
“ഈ രോഗത്തിന്റെ പ്രയാസങ്ങളും, ബുദ്ധിമുട്ടും,വേദനയും അനുഭവിച്ചറിഞ്ഞത് കൊണ്ട് സ്നേഹം കൊണ്ടാണ് പറയുന്നത്
നിർത്തിയേക്ക് ഇനിയെങ്കിലും”

അത് ഞാൻ പറഞ്ഞു നിർത്തുന്നതിന് മുമ്പേ അദ്ധേഹം ബീഡി നിലത്തിട്ട് ചവിട്ടി കെടത്തിയിരുന്നു.

അന്ന് രണ്ട് കിലോ മാതളനാരങ്ങയും വാങ്ങിയിട്ടാണ് പോയത്
ഇന്ന് ഇതാ ഇപ്പോൾ വീണ്ടും ആള് പഴയത് പോലെ തന്നെ.

“നിങ്ങൾ ഇത് നിർത്തിയില്ല അല്ലേ അണ്ണാ?!”
“കുറേ, കുറച്ചു.. തമ്മാ ”എന്ന് പറഞ്ഞു.
തമ്മാ എന്നാൽ അനിയാ എന്നർത്ഥം.
ഞാൻ ചിരിച്ചു കൊണ്ട്
“ശരി ,ശരി ..”എന്ന് പറഞ്ഞു.

രണ്ട് കിലോ മാതളനാരങ്ങ എടുക്കാൻ പറഞ്ഞു.
മറ്റു സ്ഥലങ്ങളിൽ പറഞ്ഞ വിലയേക്കാൾ മൂന്ന് രൂപ കുറവാണ് ഇദ്ധേഹം പറഞ്ഞത്
ഞാൻ ചോദിച്ചു,“അവിടെയൊക്കെ ഈ വിലയല്ലല്ലോ! നിങ്ങൾ എന്തിനാ ഈ വിലക്ക് വിൽക്കുന്നത്?!"

അദ്ധേഹം ചോദിച്ചു
“ഞാൻ കുറവല്ലേ തമ്മാ പറഞ്ഞത്?!”

അദ്ധേഹം കരുതിയത് ഞാൻ മനസ്സിലാകാത്തത് കൊണ്ട് കൂടുതൽ വിലയാണ് പറഞ്ഞതെന്ന് കരുതി ചോദിച്ചതാണെന്നാണ്.

ഞാൻ പറഞ്ഞു,“അതെനിക്ക് മനസ്സിലായി,
എന്തിനാ..അങ്ങിനെ കുറഞ്ഞ വിലക്ക് വിൽക്കുന്നത് എന്ന് തന്നെയാ ഞാൻ ചോദിച്ചത്?”

“ഇല്ല തമ്മാ നിനക്ക് മാത്രം ഞാൻ കുറച്ച് പറഞ്ഞതാ..”

ഞാൻ ചോദിച്ചു
“അതെന്തിനാ?”

അദ്ധേഹം പറഞ്ഞു
“ഒന്നാമത്, ഒരു പരിചയവും ഇല്ലാത്ത എന്നെ ഞാ‌ൻ രോഗിയായിപ്പോകരുതെന്ന്  കരുതി ഒരു അണ്ണനെപ്പോലെ ഉപദേശിച്ചില്ലെ അതിന്”

“പിന്നെ ഒരു കാര്യമുണ്ട്
നിങ്ങളെ എപ്പോഴെങ്കിലും നേരിട്ട് കാണണേ എന്ന് ആഗ്രഹിച്ചിരുന്നു ഞാൻ”
“പിന്നെ കഴിഞ്ഞ പ്രാവശ്യം, ഞാൻ പറഞ്ഞതിനേക്കാൾ അമ്പത് രൂപ കൂടുതൽ തന്നിട്ടാണ് നിങ്ങൾ പോയത്”
“അന്ന് നിങ്ങൾ വഴക്ക് പറഞ്ഞ ദേഷ്യത്തിൽ ഞാൻ മനപ്പൂർവ്വം തിരിച്ചു തരാതിരുന്നതാ”

അതും പറഞ്ഞ് അദ്ധേഹം അദ്ധേഹത്തിന്റെ സ്റ്റൈലിൽ ഒരു ചിരി പാസാക്കി.

ഞാൻ പറഞ്ഞു“ ഞാനത് നിങ്ങൾക്ക് അറിഞ്ഞു തന്നതാ..”

“അയ്യോ അത് വേണ്ട തമ്മാ..”
“ഇതാ ആ കാശ്...”

“സാരമില്ല വെച്ചോളൂ..
എന്റെ സന്തോഷത്തിന്”
അദ്ധേഹം മനസ്സില്ലാ മനസ്സോടെ അത് കീശയിൽ വെച്ചു.

രണ്ട് കിലോ മാതള നാരങ്ങ തൂക്കി സഞ്ചിയിലിട്ടു കാശും കൊടുത്ത് ഞങ്ങൾ സ്ക്കൂട്ടർ ലക്ഷ്യമാക്കി നടന്നു,

പിന്നിൽ നിന്നും“ തമ്മാ ”എന്ന് വിളി കേട്ട് തിരിഞ്ഞു നോക്കി
ആ പാവം വേഗത്തിൽ നടന്നു വരുന്നു,
കൈയിൽ ഒരു മാതള നാരങ്ങയുമുണ്ട്,
“ഇത് എന്റെ വക തമ്മക്ക്..എന്റെ സന്തോഷത്തിന്”

ഞാൻ സന്തോഷത്തോടെ അത് വാങ്ങി
ഞാൻ പറഞ്ഞു “നിങ്ങളെപ്പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളത് കൊണ്ടാണ്  അണ്ണാ ഈ ഭൂമി ഇന്നും നില നിൽക്കുന്നത്..”

ഞാൻ പറഞ്ഞത് മനസ്സിലാവിഞ്ഞിട്ടോ എന്തോ അദ്ധേഹത്തിന്റെ  പതിവ്  ചിരി അദ്ധേഹം ചിരിച്ചു.
എന്നിട്ട് പറഞ്ഞു,
“അടുത്തയാഴ്ച തമ്മ വരുമ്പോഴേക്ക് ഞാൻ ബീഡി വലി പൂർണ്ണമായും നിർത്തും..”

ഇന്നലെ കടയിൽ നിന്നും മാതളനാരങ്ങ കൊണ്ട് വന്ന് മുറിക്കുമ്പോൾ
അറിയാതെ ആ അണ്ണനെ ഓർത്ത് പോയി‌.

ഞാൻ പ്രിയപ്പെട്ടവളോട് പറഞ്ഞു,
“നമ്മുടെ ആ അണ്ണൻ എന്തായോ ആവോ?”

അവൾ ചോദിച്ചു
“ഏതണ്ണൻ?!”
“നിനക്ക് ഓർമ്മയില്ലേ തുംകൂരിലെ
ആ ബീഡി വലിച്ചിരുന്ന അണ്ണൻ...”

അവൾ അൽഭുതത്തോടെ എന്നോട് ചോദിച്ചു “അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?!”

“പിന്നല്ലാതെ.. അദ്ധേഹം അന്ന് ഓടി വന്ന് തന്ന ആ മാതള നാരങ്ങയുടെ രുചി എനിക്ക് അതിന് ശേഷമോ അതിന് മുമ്പോ ലഭിച്ചിട്ടില്ല”

No comments:

Post a Comment