Pages

Friday, October 19, 2018

പൊതിച്ചോർ

അന്നും അവൻ നേരം വൈകിയാണ് സ്കൂളിലെത്തിയത്.
കാരണം ചോദിച്ച ക്ലാസ്സ് ടീച്ചറുടെ മുന്നിൽ തല താഴ്ത്തി നിന്ന അവനോട്
കൈ നീട്ടാൻ പറഞ്ഞു ടീച്ചർ.
ചൂരൽ കൊണ്ട് ആ കൈകളിലേക്ക്‌
പതിവു പോലെ ആഞ്ഞടിച്ചു.
അവന്റെ മുഖ ഭാവത്തിൽ ലവ ലേശം മാറ്റമുണ്ടായില്ല.
“പോയി ഇരുന്നോളു...”എന്ന്
ടീച്ചർ പറയുന്നതിനു മുമ്പേ
അവൻ ബഞ്ച് ലക്ഷ്യമാക്കി നടന്നിരുന്നു.

അവന്റെ ചിന്ത മുഴുവൻ
വീട്ടിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു.
ഉമ്മയെ ഇന്ന് കുളിമുറിയിൽ നിന്നും
കുളിപ്പിച്ച് വീൽ ചെയറിൽ ഇരുത്തി
കൊണ്ട് വരുന്നതിനിടയിലാണ്
കുഞ്ഞനിയത്തിയുടെ കാലുകൾ വീൽ
ചെയറിൽ മുട്ടി ചെറുതയൊന്ന് മുറിഞ്ഞത്.
അവളെയും കുളിപ്പിച്ച് മുറിവിന് മരുന്ന് പുരട്ടിക്കൊടുത്തു,
വൈകിട്ടത്തേക്കുള്ള കഞ്ഞി അടുപ്പിൽ നിന്നും ഇറക്കി വെച്ചു,വേഗം
ഉപ്പു മാവുണ്ടാക്കി ഉമ്മയ്ക്കും അനിയത്തിക്കുട്ടിക്കും നൽകി,
അവൻ കഴിച്ചില്ല അവനും കൂടി കഴിക്കാനിരുന്നാൽ പിന്നെയും വൈകുമെന്ന് അവനറിയാം,അത് കൊണ്ട് ഉപ്പുമാവ് അവൻ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്കൂൾ ബാഗിൽ വെച്ചു.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അനിൽ ചോദിച്ചു അവനോട് “നീ എന്തിനാ ഇങ്ങിനെ ഇടയ്ക്കിടക്ക് അടി വാങ്ങിക്കുന്നത്?”
“നിനക്ക് ടീച്ചറോട് കാര്യം പറഞ്ഞു കൂടെ?!”
“വേണ്ട, അനിൽ സാരമില്ല”
“എന്റെ ഉമ്മയ്ക്ക് വേഗം സുഖമാവും,
പിന്നെ ഞാൻ വൈകില്ല..”
“കാണിച്ചേ...നീ ഇന്ന് ഉപ്പുമാവ് കൊണ്ട് വന്നില്ലെ?”
“നിന്റെ ഉപ്പുമാവിന് നല്ല സ്വാദാ..”
“നമുക്ക് ഇന്നും എന്റെ പൊതിച്ചോറും, നിന്റെ ഉപ്പുമാവും പകുതി പകുതിയാക്കാം”...
“ഇന്ന് അമ്മ മുട്ട പൊരിച്ചത് രണ്ടെണ്ണം വെച്ചിട്ടുണ്ട് ...”
“ചോറും കൂടുതൽ വെച്ചിട്ടുണ്ട്”
“നീ എന്തിനാ അനിൽ അമ്മയെ ബുദ്ധിമുട്ടിക്കുന്നത്?”
“എന്ത് ബുദ്ധിമുട്ട്?!”...
“അമ്മ വേറെ ഒരു പൊതിച്ചോറും എടുക്കാമെന്ന് പറയും ഞാൻ സമ്മതിക്കാഞ്ഞിട്ടാ...”
“ഒരു പൊതിയിൽ നിന്ന് തന്നെ നമ്മൾ രണ്ടാളും ഒരുമിച്ച് കഴിക്കുന്നതല്ലെ നല്ലത്?”
അവൻ പറഞ്ഞു.
“അത് ശരി തന്നെ..”
വൈകിട്ട് സ്കൂൾ വിട്ടാൽ
പിന്നെ ഒരു ഓട്ടമാ അവൻ.
ആരെയും ശ്രദ്ധിക്കാതെ റോഡിന്റെ
ഒരു വശം ചേർന്ന് അവൻ ഓടുമ്പോൾ
മനസ്സ് നിറയെ ഉമ്മയെക്കുറിച്ചും,അനിയത്തിക്കുട്ടിയെയും കുറിച്ചുള്ള ചിന്തകളായിരിക്കും.
അവൻ ചെന്നിട്ട് വേണം ഉമ്മയ്ക്കും അനിയത്തിക്കുട്ടിക്കും കഞ്ഞി വിളമ്പിക്കൊടുക്കാൻ.
അവൻ വാതിൽ തുറന്ന് അകത്ത് കയറി,
ബാഗ് മേശയ്ക്ക് മേലെ ഇട്ടു,
“എന്തിനാ മോനെ നീ ഇങ്ങിനെ ഓടി വരുന്നത്?”..
അവൻ കിതയ്ക്കുന്നത് കണ്ട് ഉമ്മ ചോദിച്ചു
“ഉമ്മയ്ക്ക് ബാത്ത് റൂമിൽ പോകണ്ടേ?”
“നീ അവളെ ആദ്യം ഒന്ന് കുളിപ്പിച്ചേക്ക് മോനെ..”
“അവൾ ഇത് വരെ കരച്ചിലായിരുന്നു,”
“കുറച്ച് മുമ്പാ അവൾ അവിടെത്തന്നെ കിടന്നുറങ്ങിയത്”
വെറും തറയിൽ കിടന്നുറങ്ങുകയായിരുന്ന അനിയത്തിക്കുട്ടിയെ കണ്ടപ്പോൾ അവന് ഏറെ സങ്കടം തോന്നി.
അവൻ അവളെ ഉണർത്താതെ എടുത്ത് തോളിലിട്ടു
നനവ് അവൻ ശ്രദ്ധിച്ചു അനിയത്തിക്കുട്ടി മൂത്രമൊഴിച്ചിരിക്കുന്നു.
ബാത്ത് റൂമിൽ അവളെ ഇറക്കിയപ്പോഴേക്കും അവൾ ഉണർന്നിരുന്നു.
“ഇക്കാ എനിക്ക് വിശക്കുന്നു”
എന്ന് പറഞ്ഞ് അവൾ കരയാൻ തുടങ്ങി,
“നമുക്ക് കുളിച്ച ഉടനെ കഞ്ഞി കുടിക്കാം”...
അവൻ അനിയത്തി കുട്ടിയെ കുളിപ്പിച്ചു
അലക്കി വെച്ച മറ്റൊരു ഫ്രോക്ക് ഇട്ട് കൊടുത്തു‌.
അത് ശരിക്ക് ഉണങ്ങിയിരുന്നില്ല.
“എനിക്ക് തണുക്കുന്നു”... എന്ന് പറഞ്ഞു അവൾ.
“ഉമ്മാക്ക് കുളിക്കണ്ടേ ഉമ്മാ...”?
“നീ അവൾക്ക് എന്തെങ്കിലും കൊടുക്ക്,
എന്നിട്ട് മതി”...
“ഉമ്മ ഇനിയും വിശന്നിട്ട്..!?”
“സാരമില്ല മോനെ..”
അവൻ വേഗം പപ്പടം പൊരിച്ചു ചമ്മന്തിയും കൂട്ടി അവൾക്ക് കഞ്ഞി നൽകി.
അവളുടെ കൈ കഴുകിപ്പിച്ച് പതുക്കെ ഉമ്മയെ കട്ടിലിൽ നിന്നും വീൽ ചെയറിലേക്ക് ഇരുത്തി.
ഉമ്മയെ ബാത്ത് റൂമിലാക്കി അവൻ പുറത്ത് കാത്ത് നിന്നു
“മോനേ...”
ഉമ്മയുടെ വിളി കേട്ട് അവൻ ഓടിച്ചെന്നു,ഉമ്മയുടെ വസ്ത്രം മാറാൻ സഹായിച്ചു,ഉമ്മയെ കുളിപ്പിച്ചു.
“സോപ്പ് തീരാറായി അല്ലേ ഉമ്മാ..?”
“എണ്ണയും തീർന്നു..”
“ബാലേട്ടൻ കഴിഞ്ഞ പ്രാവശ്യം പറഞ്ഞതാ..”
“മുഴുവൻ ഇല്ലെങ്കിലും പകുതിയെങ്കിലും പറ്റ് തീർക്കണമെന്ന്..”
“കഴിഞ്ഞ ഞായറാഴ്ച സലാം ഇക്കാന്റെ കൂടെ തേങ്ങ പെറുക്കാൻ പോയപ്പോൾ‌ കിട്ടിയ ഇരു നൂറിൽ നിന്നും ഉമ്മയുടെ ഗുളിക വാങ്ങിച്ച് ബാക്കി മുപ്പത് രൂപയുണ്ട്”...
അവൻ ഉമ്മയുടെ വസ്ത്രം മാറുന്നതിനിടയിൽ പറഞ്ഞു.
“നിനക്ക് ഒന്ന് മൂത്താപ്പാന്റെ അവിടെ വരെ പോയി നോക്കാമായിരുന്നില്ലെ?”
“വേണ്ട ഉമ്മാ
എന്റെ ഉമ്മ ഈ അവസ്ഥയിലായിട്ടും അവർ ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലൊ..!!”
“ഉമ്മയെ അന്ന് അവിടെന്ന് പറഞ്ഞത് ഞാൻ മറന്നിട്ടില്ല”
അവൻ ഉമ്മയ്ക്ക് കഞ്ഞി നൽകുമ്പോൾ ഉമ്മ പറഞ്ഞു
“ഈ കൈക്ക് ഇപ്പോൾ അത്ര വേദനയില്ല,
ഞാൻ ഈ കൈ കൊണ്ട് കുടിച്ചോളാം”
“വേണ്ട, ഉമ്മ ഞാൻ തരാം എന്റെ ഉമ്മാക്ക്..”
“ഡോക്ടർ പറഞ്ഞതല്ലെ നന്നായി റെസ്റ്റ് എടുത്താൽ ഉമ്മാക്ക് വേഗം സുഖമാകുമെന്ന്..”
“നീ അവരോടൊന്നും മനസ്സിൽ ദേഷ്യം വെയ്ക്കണ്ട..”
“അവർ അതിനും എന്നെ കുറ്റം പറയും,
ഇത്ര ചെറിയ മകനെപ്പോലും അവൾ ഓരോന്ന് പറഞ്ഞ് വെറുപ്പിച്ചു എന്നേ പറയൂ..”
“തെറ്റ് എന്റെ ഭാഗത്തല്ലേ മോനേ..”
“നിന്റെ ഉപ്പ റോഡ് പണിക്കായ് ഞങ്ങളുടെ നാട്ടിൽ വന്നപ്പോൾ ഞങ്ങൾ പരസ്പരം കണ്ടു ഇഷ്ടപ്പെട്ടു,"
“ഉപ്പുപ്പയോട് കാര്യം പറഞ്ഞപ്പോൾ
ഉപ്പുപ്പ നിക്കാഹും ചെയ്ത് കൊടുത്തു,
അന്ന് ഉപ്പുപ്പാക്ക് ഉപ്പാന്റെ കുടുംബത്തെപ്പറ്റി ഒന്ന് പോയി അന്വേഷിക്കാമായിരുന്നു,”...
“റോഡ് പണി കഴിഞ്ഞതിന്ന് ശേഷം നിന്റെ ഉപ്പയുടെ വരവും പോക്കും ഇടക്കിടക്കായി”
“ഒരു പ്രാവശ്യമെങ്കിലും ഞാൻ ഒന്ന് ഉപ്പാന്റെ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞതാ..” “അവിടെ കാര്യമായ് ആരുമില്ല
അടുത്ത പെരുന്നാൾ ആവട്ടെ”...
“അങ്ങിനെ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു നിന്റെ ഉപ്പ,”
“ഇവൾക്ക് മൂന്നു മാസമുള്ളപ്പോഴാ ഉപ്പ അവസാനമായ് ഇവിടെ വന്നത്..”
“പിന്നീട് ഉപ്പ പോയി കുറേ നാൾ കാണാതായപ്പോൾ,ഉപ്പുപ്പ അന്വേഷിച്ചു പോയി.”
“അവിടെ ചെന്നപ്പോഴാ അറിഞ്ഞത്, വലിയ തറവാട്ടുകാരായിരുന്നു,
ആ നാട്ടിലെ വലിയ സമ്പന്നർ”
“അവിടെയും ഭാര്യയും മൂന്ന് കുട്ടികളും,
ഭാര്യ വീട്ടുകാരും വലിയ സമ്പന്നർ”
“അവിടെ ചെന്ന് അവിടത്തെ പള്ളിയിൽ അന്വേഷിച്ചപ്പോൾ അവിടത്തെ പള്ളിയിലെ ഉസ്താദ് കാര്യങ്ങൾ എല്ലാം കേട്ടു,”
“അസർ നമസ്കാരത്തിന്റെ സമയമായിരുന്നു അത്,
നിസ്കാരം കഴിഞ്ഞ് നമുക്ക് സംസാരിക്കാം എന്ന് പറഞ്ഞു”
“നമസ്കാരം കഴിഞ്ഞ് പള്ളിയിലുണ്ടായിരുന്ന ആളുകൾ പരിചയമില്ലാത്ത ആളെ കണ്ട് പരസ്പരം നോക്കി”
“ആരോ ഉസ്താദിനോട് ചോദിച്ചപ്പോൾ,
അത് എന്നെ കാണാൻ വന്ന ഒരാൾ ആണെന്ന് മാത്രം പറഞ്ഞു”...
“ആളുകൾ എല്ലാവരും പള്ളിയിൽ നിന്നും പോയപ്പോൾ ഉസ്താദ്
വരൂ എന്ന് പറഞ്ഞു..ഉപ്പുപ്പാനോട്”
“ഉപ്പുപ്പ ഉസ്താദിന്റെ പിന്നാലെ നടന്നു..”
“പിന്നാലെ നടന്ന ഉപ്പുപ്പായുടെ ഹൃദയം പിടയ്ക്കാൻ തുടങ്ങി...”
“ഉസ്താദെ ഇത്...?!..”
“നിങ്ങൾ ബേജാറാക്കല്ല,..ക്ഷമിക്കണം, ക്ഷമിച്ചേ മതിയാകൂ”...
“എല്ലാം അല്ലാഹുവിന്റെ വിധിയാണെന്നോർത്ത്‌, സമാധാനിക്കണം..”
“നിന്റെ ഉപ്പയുടെ ഖബറിന്നരികിൽ എത്തിയപ്പോൾ,എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു ഉപ്പുപ്പ..”
“ദുആ ചെയ്ത് അവിടെ നിന്നും ഉസ്താദ് ഉസ്താദിന്റെ റൂമിൽ കൊണ്ട് പോയി കാര്യങ്ങൾ പറഞ്ഞു, ഉപ്പയുടെ കുടുംബത്തെപ്പറ്റിയും മറ്റും പറഞ്ഞു”
“എല്ലാം കേട്ട ഉപ്പുപ്പാക്ക് പിന്നെ ആ വീട്ടിൽ പോകാനോ കുടുംബക്കാരുടെ അടുത്ത് പോകാനോ ധൈര്യമുണ്ടായിരുന്നില്ല”
“തിരിച്ചു വന്ന ഉപ്പുപ്പ എന്നോട് വ്യക്തമായി ഒന്നും പറഞ്ഞില്ല,
നാളെ ഒരിടം വരെ പോകാനുണ്ട്,
അവിടെ പോയി വന്നതിന്നു ശേഷം പറയാം എല്ലാ കാര്യങ്ങളും എന്ന് മാത്രം പറഞ്ഞു”...
“പിറ്റേ ദിവസം രാവിലെ പുറപ്പെട്ടു പള്ളിയുടെ മുന്നിൽ എത്തിയപ്പോൾ, ഞാൻ ചോദിച്ചു ,“എന്താ ഉപ്പാ ഇവിടെ?!”...
“കാര്യമുണ്ട് പറയാം..”
“ഖബർസ്ഥാനിലേക്ക് കടന്നപ്പോൾ,
എനിക്ക് പേടി തോന്നി തുടങ്ങി..”
“റബ്ബിനോട് ദുആ ചെയ്തു ..“അല്ലാഹ്,
ഒരിക്കലും അങ്ങിനെയാക്കല്ലേ അല്ലാഹ്..”
“വന്നില്ലെങ്കിലും കുഴപ്പമില്ല... എവിടെയെങ്കിലും സന്തോഷത്തിലുണ്ട് എന്നു കേട്ടാൽ മതി..”
“പക്ഷെ ;ആ ദുആയുടെ സമയം കഴിഞ്ഞിരുന്നു..”
“നിന്റെ ഉപ്പ ഈ ലോകം വിട്ടു പോയിരുന്നു എന്ന കാര്യം ഞാ‌ൻ അപ്പോഴാണ് അറിഞ്ഞത്”..
“ഖബറിനടുത്തേക്ക് എത്തിയത് മാത്രം ഓർമ്മയുണ്ട് എനിക്ക്..”
“പിന്നെ ഓർമ്മ വരുമ്പോൾ ഏതോ ക്ലിനിക്കിലായിരുന്നു,
അടുത്ത് ഉപ്പുപ്പ ഇല്ലായിരുന്നു”...
“പുറത്ത് നിന്നും ഉപ്പുപ്പായുടേയും മറ്റു പലരുടേയും ഉച്ചത്തിലുള്ള ശബ്ദം കേട്ടു,”
“ഉപ്പുപ്പ പതുക്കെ മറുപടി പറയുമ്പോഴും,
അവർ ഏറെ മോശം വാക്കുകൾ ഉപയോഗിച്ച് ,എന്നെയും ഉപ്പുപ്പാനെയും അവർക്ക് തോന്നിയതൊക്കൊ‌ പറഞ്ഞു കൊണ്ടിരുന്നു”..
തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ ഞാനും ഉപ്പുപ്പായും പരസ്പരം ഒന്നും സംസാരിച്ചില്ല.
റെയിൽ വേ സ്റ്റേഷനിൽ നിന്നും ഓട്ടോ റിക്ഷയിൽ കയറിയപ്പോൾ രാത്രിയായിരുന്നു.
“എന്റെ മോൾക്ക് ഉപ്പ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ?”...
“ഈ ഉപ്പാനോട് പൊറുക്കണം മോളേ..”“ഞാൻ ഉപ്പുപ്പാന്റെ കൈകൾ ചേർത്ത് പിടിച്ച് ,“എന്താ എന്റെ ഉപ്പ പറയുന്നേ?!”...
“എന്റെ ഉപ്പ എനിക്ക് നല്ലതേ ചെയ്തിട്ടുള്ളൂ..”
“ബാക്കിയൊക്കെ അല്ലാഹുവിന്റെ വിധിയല്ലെ ഉപ്പാ..”
“ഉപ്പുപ്പാന്റെ കൈകൾ എന്റെ കൈയിൽ തന്നെയായിരുന്നു”
“ദൈവമേ...!!..”
എന്ന വിളി ഞാൻ കേട്ടിരുന്നു
ഓട്ടോ റിക്ഷാ ഡ്രൈവറുടേതായിരുന്നു അത്”
“കൂടെ ഉപ്പുപ്പായുടെ“അല്ലാഹ്...!!”
എന്ന വിളിയും”
“പിന്നെ എനിക്ക് ബോധം വരുമ്പോഴേക്കും,
ഉപ്പുപ്പായുടെ ഖബറടക്കവും മറ്റും കഴിഞ്ഞിരുന്നു..”
“ഭാഗ്യത്തിന് നിങ്ങൾ രണ്ടു പേരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു”
“പക്ഷെ; എന്റെ രണ്ട് കൈകളും,
കാലുകളും,തലയും,പല്ലുകളും
ഏറെ സാരമുള്ള പരിക്കുകളായിരുന്നു എന്റേത് ..”
“ഞാൻ നിന്റെ ഉപ്പാനെ ഇന്നും സ്നേഹിക്കുന്നുണ്ട് മോനെ..”
“ഉപ്പ ഇടക്കിടക്കേ ഇവിടെ വരാറുണ്ടായിരുന്നു എങ്കിലും, ഏറെ സ്നേഹം എനിക്കും നിങ്ങൾക്കും ഉപ്പ നൽകിയിരുന്നു..”
“നിന്നോട് ഏറെ ഇഷ്ടമായിരുന്നു
ഉപ്പാക്ക് ,“ഇവനെ പഠിപ്പിച്ച് വലിയ ആളാക്കണം”...
എന്ന് പറയുമായിരുന്നു”..
“അതിനൊക്കെ കുറേ കാശ് വേണ്ടേ?!” എന്ന ചോദ്യത്തിന്,
“അതൊക്കൊ ഞാൻ ശരിയാക്കും..” എന്ന് പറയുമായിരുന്നു”
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട്
അവൻ ചെന്ന് വാതിൽ തുറന്നു.
അവന്റെ ഉപ്പയുടെ പേര് ചോദിച്ച് ഒരു സ്ത്രീയും ഒരു ചെറുപ്പക്കാരനും നിൽക്കുന്നു.
“അതെ..., അകത്തേക്ക് വരൂ..”
അകത്തേക്ക് വന്ന സ്ത്രീ ഉമ്മയുടെ അടുത്ത് ഇരുന്നു കെട്ടിപ്പിടിച്ച്
പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു,
“കുറെ സഹിച്ചു അല്ലെ എന്റെ അനിയത്തി...”
ഒന്നും മനസ്സിലാകാതെ അവൻ മുഖം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ,
കൂടെയുണ്ടായിരുന്ന ഇരുപത്തിരണ്ടുകാരനെ ചൂണ്ടിക്കാണിച്ച്
ആ സ്ത്രീ തന്നെയാ പറഞ്ഞത്,
“ഇത് മോന്റെ ഇക്കയാ...”
“ഞാൻ മോന്റെ മൂത്തുമ്മായും”
അപ്പോഴും അവന് കാര്യങ്ങൾ മനസ്സിലായില്ല,
പിന്നീട് ഉമ്മയും ,മൂത്തുമ്മായും, ഇക്കയും കാര്യങ്ങൾ സംസാരിക്കുന്നത് കേട്ട് അവൻ മനസ്സിലാക്കി,
അത് ഉപ്പയുടെ ആദ്യ ഭാര്യയും
മക്കളിൽ മൂത്തയാളുമാണെന്ന്.
പിറ്റേ ദിവസം ആമ്പുലൻസിൽ ഉമ്മയെ ആസ്പത്രിയിൽ കൊണ്ട് പോകുമ്പോഴും,
പുതിയ സ്കൂളിലേക്ക് ടിസി വാങ്ങിക്കാനും മറ്റും ഇക്ക അവന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.
അനിലിനോട്പു തിയ സ്ഥലത്തേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി കെട്ടിപ്പിടിച്ച്അ നിലോട് പറഞ്ഞു..
"ഞാൻ ഇടക്ക് വരും പൊതിച്ചോറിന്റെ എന്റെ വിഹിതം നീ മറക്കല്ലേ അന്ന്.."
അനിലും തേങ്ങിക്കരയുന്നുണ്ടായിരുന്നു.

No comments:

Post a Comment