Pages

Saturday, October 27, 2018

ടോർച്ച് ലൈറ്റ്

“നോക്കിയേ ന്റെ കാല്..., നിങ്ങടെ നായ്ക്കളെ ഞാൻ വിഷം കൊടുത്ത് കൊല്ലും തീർച്ച...”
അല്ല,പിന്നെന്താ ചെയ്യുക?
കുറച്ചു ദിവസ്സമായ് ഞങ്ങൾ ഉമ്മയുടെ തറവാട്ടിലാ താമസം,
അവിടെ നിന്നും സ്കൂളിലേക്ക് പോകുന്ന വഴിക്ക്
റോഡിന്റെ തൊട്ടടുത്ത് തന്നെ ഉള്ള കുമാരേട്ടന്റെ വീട്ടിൽ മൂന്ന് നായ്ക്കളാ..
എപ്പോൾ സ്കൂളിലേക്ക് പോകുമ്പോഴും ഓടിക്കും,
വരുമ്പോഴും ഓടിക്കും...

അല്ലെങ്കിൽ തന്നെ ചെറുപ്പം തൊട്ടേ നായ എന്ന് കേൾക്കുമ്പോഴേ പേടിയാ..
സത്യത്തിൽ പേടിച്ച് ഓടി ഓടി തളർന്നു...
ഇന്ന് അവറ്റകൾ ഓടിച്ചപ്പോൾ എന്റെ ജീവനും കൊണ്ടുള്ള ഓട്ടത്തിനിടയിൽ,
കാൽ വിരൽ കല്ലിന് കൊണ്ട് മുറിവ് ഉണ്ടാായി.
അപ്പോഴാ,കുമാരേട്ടന്റെ മോൻ വിജയനെ
കണ്ടത്,എന്റെ അതേ പ്രായമാ അവനും,
ഒരേ സ്കൂളിലും,ക്ലാസ്സ് മാത്രം വേറെ..
സങ്കടം കൊണ്ടാ അങ്ങിനെ പറഞ്ഞത്,
നായ്ക്കളെ വിഷം കൊടുത്ത് കൊല്ലുമെന്ന്.
എത്ര സൂക്ഷിച്ച്, പതുക്കെ നായ്ക്കൾ കാണുന്നില്ലാന്ന് ഉറപ്പാക്കി
റോഡിന്റെ മറു വശത്ത് കൂടി നടന്നാലും,
ഹൊ.. എന്തൊരു ശക്തിയാ,
നായകളുടെ കണ്ണിനും, കാതിനും ...
ഏതെങ്കിലും
ഒരെണ്ണം മൂളിക്കൊണ്ട് മെല്ലെ എഴുന്നേൽക്കും,
അത് കാണുമ്പോൾ എന്റെ നെഞ്ച് പിടക്കാൻ തുടങ്ങും...
പിന്നെ രണ്ടും കല്പിച്ച് ഓട്ടം തുടങ്ങുമ്പോഴേക്ക്
നായ്ക്കളും എന്റെ പിന്നാലെ ഓടാൻ തുടങ്ങും.
വിജയനോട് നായ്ക്കളെ വിഷം കൊടുത്ത് കൊല്ലുമെന്ന് പറഞ്ഞതിന്റെ മൂന്നാമത്തെ ദിവസ്സം,
സ്കൂളിൽ നിന്ന് വന്ന്,
ഉമ്മൂമ്മ ഉണ്ടാക്കിത്തന്ന മധുരക്കിഴങ്ങ് പുഴുങ്ങിയതും, കട്ടൻ കാപിയും കുടിച്ച് കൊണ്ടിരിക്കെയാണ്
കുമാരേട്ടന്റെ ഉച്ചത്തിലുള്ള ശബദ്ം കേട്ടത്.
ഉപ്പുപ്പയും, ഉമ്മുമ്മയുമൊക്കെ എന്തൊക്കൊയോ മറുപടിയും പറയുന്നുണ്ട്.
കുമാരേട്ടൻ വൈകിട്ട് ഇത്തിരി അകത്താക്കുന്ന ആളാ...
അത് കൊണ്ട് തന്നെ സംസാരത്തിലൊക്കെ കുറച്ച് വഴു വഴുപ്പൊക്കെ ഉണ്ട്.
ഈ കുടിയന്മാരെയും വലിയ പേടിയായിരുന്നു പണ്ടേ എനിക്ക്...
അവർക്കുണ്ടോ വല്ല ബോധവും?...
അത് കൊണ്ട് തന്നെ കുമാരേട്ടന്റെ ശബ്ദം കേട്ടപ്പോൾ, മിണ്ടാതെ അകത്ത് തന്നെ ഇരുന്നു.
ഉമ്മുമ്മ വന്ന് പറഞ്ഞപ്പോഴാ വിവരം അറിഞ്ഞത്,
കുമാരേട്ടന്റെ വീട്ടിലെ ഒരു പൂച്ച മിനിഞ്ഞാന്നും,
ഒരു കോഴി ഇന്നലെയും ചത്തുവത്രെ..!!
“എവിടെയാ നിങ്ങളെ ആ കുരുത്തം കെട്ടവൻ?” “വിഷം വെച്ചിട്ടുള്ളത് അത് വന്ന് വേഗം എടുത്ത് കൊണ്ട് പോകാൻ പറയണം,
ഇല്ലെങ്കിൽ അരിയും ഞാനവനെ”...
ഇതായിരുന്നു കുമാരേട്ടന്റെ ഡയലോഗ്
“അവൻ കൊച്ചു കുഞ്ഞല്ലേ..
അവനെവിടെന്നാ കുമാരാ വിഷമൊക്കെ കിട്ടുക?!”
“മറ്റാരെങ്കിലും അടുത്ത വീട്ടിലോ മറ്റോ,
എലിക്കോ, പെരുച്ചാഴിക്കോ മറ്റോ വിഷം വെച്ച് കാണും ..
അത് തിന്നിട്ടുണ്ടാകും നിന്റെ പൂച്ചയും, കോഴിയും”
ഉപ്പുപ്പ സമാധാാനിപ്പിക്കാൻ നോക്കി കുമാരേട്ടനെ.
എവിടെ കേൾക്കാൻ അതൊക്കെ?!
“ഹോ.. ഒരു കൊച്ച് കുഞ്ഞ്”..
“വെറുതെ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..”
അല്ലെങ്കിലും, ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന
എനിക്ക് പതിനഞ്ച് വയസ്സുമായി...
പിന്നെ ഈ ഉപ്പുപ്പ എന്തിനാ കൊച്ച് കുഞ്ഞ് എന്ന് പറയുന്നെ?!...
“നീ ഇപ്പം പോ കുമാരാ..
നമുക്ക് വഴിയുണ്ടാക്കാം..”
“ഇന്ന് ഞാൻ പോകുന്നു...
ഇനി എന്റെ വീട്ടിൽ എന്തെങ്കിലും ചത്താൽ
ഹും...”
ആ മൂളലിന്റെ അർത്ഥം
എനിക്ക് പിടി കിട്ടിയില്ല.
ഉമ്മുമ്മയും ഉപ്പുപ്പയും അടുത്ത് വന്ന് എന്നെ നോക്കിയതേ ഉള്ളൂ പക്ഷെ ചോദ്യം എനിക്ക് മനസ്സിലായി...
“അല്ലാഹുവിൽ സത്യം ഞാൻ വിഷമൊന്നും വെച്ചിട്ടില്ല..
സത്യമാ, ഞാൻ ബേജാറ് കൊണ്ട് വെറുതെ
വിജയനോട് പറഞ്ഞ് പോയിട്ടുണ്ട്...
വിഷം കൊടുത്ത് കൊല്ലും നിങ്ങളെ നായ്ക്കളേന്ന്...
അതിപ്പോ ഇങ്ങിനെയൊക്കെ ആകുമെന്ന് ഞാനറിഞ്ഞോ?!”...
ഉമ്മുമ്മാക്കും ഉപ്പുപ്പാക്കും വല്യ ഇഷ്ടാ എന്നെ
അപ്പോൾ പിന്നെ ഞാൻ പറഞ്ഞു തീരും മുമ്പേ, അവരെന്നെ വിശ്വസിച്ചു.
പിറ്റേ ദിവസം കുമാരേട്ടന്റെ പൂച്ചയും, നായയും, കോഴിയും ഒന്നും ചത്തില്ല
അത് കൊണ്ട് സമാധാനമായി...
മൂന്നാമത്തെ ദിവസ്സം രാത്രി ഇളയുമ്മാന്റെ
മകനും ഞാനും
പള്ളീന്ന് വരികയായിരുന്നു,
ദാ മുമ്പിലൂടെ വരുന്നു കുമാരേട്ടൻ!!..
“അല്ലാഹ് കുമാരേട്ടൻ..!!”
ഇളയുമ്മാന്റെ മകൻ അത് പറഞ്ഞതും
ഞാൻ ഒരൊറ്റ ഓട്ടം,
അത് കണ്ട അവനും ഓടി,
“എടാ നിക്കടാ അവിടെ”...
അതും പറഞ്ഞ് കുമാരേട്ടൻ എന്തൊക്കെയോ
പറയുന്നതും പിന്നെ എന്തോ ശബ്ദവും കേട്ടു
എന്തായിരുന്നുവെന്ന് ഒരു പിടിത്തവും കിട്ടിയില്ല.
ഒരാഴ്ച കഴിഞ്ഞ് ഉപ്പുപ്പാന്റെ കൂടെ
പനിയായാത് കൊണ്ട്,
ആശുപത്രിയിൽ പോയി വരുമ്പോഴാണ്,
പിന്നെ കുമാരേട്ടനെ കാണുന്നത്.
ഞാൻ പേടിച്ച് ഉപ്പുപ്പാന്റെ പിന്നിലേക്ക് വലിഞ്ഞു.
ആശുപത്രിയിൽ പോയതാ,
പനിയാ, എന്നൊക്കെ പറഞ്ഞപ്പോൾ,
എന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി
കുമാരേട്ടൻ പറഞ്ഞു,
“എന്തെങ്കിലും കഞ്ഞിയോ മറ്റോ കൊടുക്ക്,
തല കുളിപ്പിക്കാൻ നിക്കണ്ട”..
“ആ പിന്നെ കഥ അറിഞ്ഞാ?..,
ഇവനും, ആ നിന്റെ മറ്റേ ചെക്കനും
ഒരാഴ്ച മുമ്പ് ആ പള്ളിന്റെ അടുത്തുള്ള
റോഡിന്ന് എന്നെ കണ്ടപ്പം ഒരൊറ്റ ഓട്ടം!!...,
ഇവരെ കൈയിൽ വിളക്കും ഉണ്ടായിരുന്നില്ല
”എടാ വീണു പോകും..,
നിക്കടാ എന്ന് പറഞ്ഞു”
“എവിടെ കേൾക്കാൻ?”
“അവസാനം ഒരു കല്ലിൽ തട്ടി
ഞാൻ വീണു..
എന്റെ ടോർച്ച് ലൈറ്റും പൊട്ടി”..
“ഒരോരോ കുരുത്തക്കേട്”
ഉപ്പുപ്പ എന്നെ നോക്കി പറഞ്ഞു.
“പോട്ടെ സാരമില്ല”
കുമാരേട്ടൻ സമാധാനിപ്പിച്ചു
മനസ്സ് പറഞ്ഞു,
“വൈകിട്ടേ കുമാരേട്ടന് ദേഷ്യം വരൂന്ന് തോന്നുന്നു,
അല്ലെങ്കിൽ എത്ര നല്ല മനുഷ്യനാ നോക്കിയേ”...
മാസങ്ങൾ കഴിഞ്ഞു,
താമസം തറവാട്ടിൽ നിന്ന് മാറി സ്വന്തം വീട്ടിൽ
തന്നെയായ്.
വല്ല്യ അമ്മാവൻ ദുബായീന്ന് വന്നപ്പോൾ
സൈകിളൊക്കെ വാങ്ങിച്ചു തന്നു,
ഇടക്ക് തറവാട്ടിൽ പോകുമ്പോൾ
സൈകിളിലാ യാത്ര...
കുമാരേട്ടന്റെ വീടിനടുതത് എത്തുമ്പോൾ സൈകിളിന് വേഗത ഇരട്ടിയോ, അതിലധികമോ ആകും.
അപ്പോഴും രണ്ട് നായ്ക്കൾ ഉണ്ടായിരുന്നു അവിടെ.
ഒരെണ്ണം ചത്തോ അല്ല മറ്റാർക്കെങ്കിലും കൊടുത്തോ എന്നറിയില്ല..
വർഷങ്ങൾക്ക് ശേഷം വിദേശത്തേക്ക് പോകാനുള്ള വിസ ലഭിച്ചു
യാത്ര പറയാനായ് കുമാരേട്ടന്റെ വീട്ടിലും
പോയി.
അപ്പോഴും ഒരു നായ ഉണ്ടായിരുന്നു
അവിടെ,
പക്ഷെ ചങ്ങലയിലായിരുന്നു.
“നീ വാടാ, ധൈര്യത്തോടെ അതിനെ കെട്ടിയിട്ടിട്ടുണ്ട്..”
കുമാരേട്ടൻ അത് പറഞ്ഞെങ്കിലും
അത് എന്നെ നോക്കി മൂളലും ഞരക്കങ്ങളും ഒക്കെ ഉണ്ടാക്കി.
ഗൾഫിൽ നിന്ന് ആദ്യമായ് നാട്ടിലെത്തി
തറവാട്ടിലേക്ക് പോകുമ്പോൾ
ആദ്യം കുമാരേട്ടനെ കാണാൻ പോയി.
അന്നുമുണ്ട് ചങ്ങലയിൽ ഒരു നായ.
എന്നെ കണ്ടതും പതിവ് പോലെ ശബ്ദമുണ്ടാക്കി..
എന്റെ പതുങ്ങി പതുങ്ങിയുള്ള നടത്തം കണ്ട്
കുമാരേട്ടൻ പറഞ്ഞു,
“നീ ദുബായ്ക്കാരനായിട്ടും നായിനെ പേടി മാറിയില്ലല്ലോടാ!?”...
അത് കേട്ട് കുമാരേട്ടന്റെ ഭാര്യ മാധവിയേടത്തിയും
മകൾ സാവിത്രിയുമൊക്കെ ചിരിച്ചു.
കുമാരേട്ടനായി കൊണ്ട് പോയിരുന്ന
പ്ലസ്റ്റിക് ബാഗ് കൈയിൽ കൊടുത്തപ്പോൾ
“ഇതെല്ലാം എന്താടാ..?”
എന്ന് ചോദിച്ച് തുറന്ന് നോക്കി,
മറ്റു കുറച്ചു സാധനങ്ങൾക്കിടയിൽ നിന്നും
അതെടുത്തു കുമാരേട്ടൻ..
“ടോർച്ച് ലൈറ്റ്”..
എന്റെ തോളിൽ പിടിച്ചു ചേർത്തു നിർത്തി
കുമാരേട്ടൻ
“നീ ഒന്നും മറന്നിട്ടില്ല അല്ലേടാ...?!”
എന്റെയും കുമാരേട്ടന്റെയും കണ്ണുകൾ നിറഞ്ഞിരുന്നോ എന്നൊരു സംശയം.

No comments:

Post a Comment