Pages

Wednesday, October 17, 2018

ഉമ്മ

ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യമാണ്
ഉപ്പയുടെ ശകാരം കേട്ടത്.
ഒരിക്കൽ അടിക്കാൻ വരെ വന്നു.
എല്ലായ്പ്പോഴും എനിക്ക് അനുകൂലമായി
ന്യായം പറഞ്ഞ് ഉപ്പയുടെ അടുത്ത്
നിന്നും എന്നെ രക്ഷപ്പെടുത്തിയത്
ഉമ്മയായിരുന്നു.


മിനിഞ്ഞാന്ന് ഉച്ച വരെ സ്കൂൾ ഉണ്ടായിരുന്നുള്ളൂ
സ്കൂൾ വിട്ട് വരുന്ന വഴി ഉപ്പയെക്കുറിച്ചും
ഉമ്മയെക്കുറിച്ചും
വീടിനെക്കുറിച്ചും ഓരോ കാര്യങ്ങൾ ചിന്തിച്ച് നടന്നു.

അപ്പോഴാണ് ഒരു‌ കാര്യം തീരുമാനിച്ചത്,
അതായത്‌ ഉപ്പ വഴക്ക് പറയുമ്പോൾ,
അടിക്കാൻ വരുമ്പോൾ ഉമ്മയാണ്
രക്ഷിക്കാറ്
ഇന്ന് ഒരു കാര്യം ചെയ്യാം
ഉമ്മ എന്ത് പറഞ്ഞാലും അനുസരിക്കാതെ
ഉമ്മയെ ദേഷ്യം പിടിപ്പിക്കണം
അങ്ങിനെ ഉമ്മ വഴക്ക് പറഞ്ഞ്
അടിക്കാൻ വരുമ്പോൾ
ഉപ്പ എന്ത് പറയുന്നു എന്ന് നോക്കാമല്ലൊ

അങ്ങനെ ഉച്ചയ്ക്ക് ഉമ്മ ഭക്ഷണം വിളമ്പിയപ്പോൾ രുചിയില്ലെന്ന് പറഞ്ഞ് പകുതി കഴിച്ചു എഴുന്നേറ്റു
"പിന്നെ നിനക്കെന്താ വേണ്ടതെന്ന് പറ മോനെ.." എന്നും പറഞ്ഞു ഉമ്മ പിന്നാലെ വന്നു
കാര്യമാക്കാതെ മുറിയിൽ കയറി‌ വാതിലടച്ചു

വൈകിട്ട് "നീ ഒന്ന് പലചരക്ക് കടയിൽ പോയി ഇതൊക്കെ ഒന്ന് വാങ്ങി വന്നേ"
അത് പറഞ്ഞ് ഉമ്മ ലിസ്റ്റ് നീട്ടി
"എനിക്ക് വയ്യ" എന്ന് പറഞ്ഞ്
ഇറങ്ങി നടന്നു
ഉമ്മ മറുപടി ഒന്നും പറഞ്ഞില്ല
വൈകിട്ട് ഇഷ്ടപ്പെട്ട പലഹാരം ഉണ്ടാക്കി വെച്ചിരുന്നു ഉമ്മ
"നീ ഉച്ചയ്ക്കേ ഒന്നും ശരിക്ക് കഴിക്കാത്തതല്ലേ,
ഇത് വന്നേ കഴിച്ചേ"
"എനിക്ക് വേണ്ട"
അതും പറഞ്ഞു നടന്നു
രാത്രിയായി ഉമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചു
മറുപടി പറയാതെ മുറിക്കകത്ത് തന്നെ ഇരുന്നു
ഉറപ്പിച്ചു
ഇപ്പോൾ ഏതായാലും ഉമ്മ‌ വരും വഴക്ക് പറയും അടിക്കാൻ വരും
നോക്കാമല്ലൊ ഉപ്പയുടെ റിയാക്ഷൻ എന്താണെന്ന്
ഉമ്മ വീണ്ടും പേര് വിളിച്ച് കൊണ്ട്
മുറിക്കരികിലേക്ക് വരികയാണ്
വെറുതെ കണ്ണുമടച്ച് കിടന്നു,
ഉമ്മ മുറിക്കകത്ത് കയറിയത് മനസ്സിലാക്കി.
ഉമ്മ കട്ടിലിൽ എന്റെ തലയുടെ ഭാഗത്ത് വന്നിരുന്നു
ആ പട്ടു പോലുള്ള കൈകൾ കൊണ്ട്
എന്റെ തലകളിൽ താലോടി
എന്റെ പൊന്നുമ്മ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു
"ന്താ ന്റെ മോന് പറ്റിയത്!?"
"സുഖമില്ലേ മോനെ...?"
കഴിഞ്ഞില്ല കേട്ടിരിക്കാൻ
കണ്ണ് തുറന്ന് ഉമ്മയുടെ കണ്ണുകളിലേക്ക്
ഒന്നേ നോക്കിയുള്ളൂ
"ന്റെ ഉമ്മാ..."
അതും പറഞ്ഞ് ഉമ്മയെ‌ കെട്ടിപ്പിടിച്ച്
പൊട്ടിക്കരഞ്ഞു
"ന്താ മോനെ.."
"ന്താ പറ്റിയെ.."
ഉമ്മ വീണ്ടും ചോദ്യമാവർത്തിച്ച്‌
മാറോട് ചേർത്ത്‌ വെച്ച് തല താലോടിക്കൊണ്ടിരുന്നു.

No comments:

Post a Comment