Pages

Wednesday, October 17, 2018

ഉമ്മയുടെ ഹൃദയം

നാട്ടിലെത്തിയിട്ട് രണ്ടാം ദിവസ്സം, വൈകുന്നേരം മുറിക്കകത്തെ ജനാലയിൽ
കൂടി നോക്കുമ്പോൾ, ഉമ്മ നട്ടു വളർത്തിയ മഞ്ഞൾ ചെടിയിൽ നിന്നും ഇലകൾ അരിഞ്ഞെടുക്കുന്നു, മനസ്സിലായിഉമ്മ എനിക്കിഷ്ടപ്പെട്ട ഇല അട ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്.


ശർക്കരയും,തേങ്ങയും,ഇത്തിരി ഏലക്ക പൊടിയുമൊക്കെ ചേർത്ത് അരി മാവിനകത്ത് വെച്ച് അത് മഞ്ഞൾ ഇലയിൽ കൂടി ആകുമ്പോഴുള്ള ഒരു സ്വാദ് അത് വേറെത്തന്നെയാ.പിന്നെ ഉമ്മയുടെ കൈകൊണ്ടാകുമ്പോൾ സ്വാദ് ഇരട്ടിക്കും. അട ഉണ്ടാക്കി മാധവിയേടത്തിയുടെ വീട്ടിലും, സാവിത്രിയേടത്തിയുടെ വീട്ടിലും,സൈനബ ഇത്തയുടെ വീട്ടിലും
കൊടുത്തയക്കാനുള്ള തിരക്കിലായിരുന്നു ഉമ്മ.
അടയുടെ മണം മൂക്കിലേക്ക് തുളച്ചു കയറിയപ്പഴേ
നാവിൽ വെള്ളമൂറി
“ഉമ്മാ.. അട റെഡിയായോ?”
“നീ എഴുന്നേറ്റോ?”
“ഞാൻ അതിന് ഉറങ്ങിയില്ല ഉമ്മാ”..
“നീ ചായ ഉണ്ടാക്കിയോ മോളേ അവന്”
“ഇതാ ഉമ്മാ ഇപ്പൊ കൊണ്ട് വരാം”
“നീ ഇവിടെത്തന്നെ ഇരുന്നോ”
ഉമ്മ അടുക്കളയിൽ കസേര നീക്കി വെച്ചു,
ഉമ്മാക്ക് അടുക്കളയിൽ പണി കാണും,
ഉമ്മാക്ക് ഞാൻ അട തിന്നുന്നത് കാണണം..
അതിനാ അവിടെ തന്നെ ഇരുത്തിയത്.
അവൾ ചായ ഉണ്ടാക്കി കൊണ്ട് വെച്ചു,
ഇച്ചിരി കുടിച്ചു,
“ഇതിൽ പഞ്ചസാര കുറവാ..”
“അത് നിങ്ങൾക്ക് അടയുടെ മധുരത്തിൽ തോന്നുന്നതാ...”
“വെറുതെ മധുരം ഇങ്ങിനെ കഴിക്കാൻ നിക്കണ്ട”
പറഞ്ഞു തീരുമ്പോഴേക്കും ഉമ്മ സ്പൂണിൽ പഞ്ചസാരയുമായ് എത്തി ചായയിൽ ഇട്ട് ഇളക്കുന്നുണ്ടായിരുന്നു.
“അവന് മധുരം എന്ന് വെച്ചാ ജീവനാ..
നമ്മളായിട്ട് മുടക്കാൻ നിക്കണ്ട”
“ഏറിയാൽ മൂന്ന് മാസം കാണും അവനിവിടെ”
“പിന്നെ പോയാൽ ഒരു വർഷം കഴിയണ്ടേ വരാൻ,
ഇവിടുള്ളപ്പോൾ ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാം”
“നാളെ വൈകിട്ട് ഉണ്ണിയപ്പം ആയിക്കോട്ടെ
ഉമ്മാ..”
“ശരി നാളെ ഉണ്ടാക്കാം..”
ഉണ്ണിയപ്പം, ചക്കയപ്പം, അങ്ങിനെ ഒരാഴ്ചയോളം ദിവസ്സവും ഓരോ മധുരപലഹാരങ്ങളായിരുന്നു വീട്ടിൽ.
ഒരു ദിവസ്സം ഉമ്മാക്ക് വല്ലാത്ത ക്ഷീണം പോലെ തോന്നി
“എന്തേ ഉമ്മാ ഒരു ക്ഷീണം പോലെ!!”..
“അറിയില്ല മോനെ..”
“രണ്ട് ദിവസ്സമായി നല്ല ക്ഷീണം തോന്നുന്നു..”
“കിടന്നോളാൻ തന്നെ ഒരു തോന്നൽ
വായയും ഒട്ടുന്നു”
“നമുക്ക് ഒന്ന് ഡോക്ടറെ പോയി കണ്ടാലോ
ഉമ്മാ..”
“അത് സാരമില്ല ചിലപ്പോൾ ഉറക്കം കുറവിന്റേതായിരിക്കും..”
“ക്ഷീണം കുറവില്ല എങ്കിൽ നാളെ പോകാം..”
പിറ്റേ ദിവസ്സവും ഉമ്മാക്ക് ക്ഷീണത്തിന് ഒരു കുറവുമില്ല. ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു, ബുദ്ധിമുട്ടുകളൊക്കെ ഉമ്മ തന്നെ പറഞ്ഞു.
“പേടിക്കാനൊന്നുമില്ല നമുക്ക് ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്തേക്കാം”..

ബ്ലഡ് ടെസ്റ്റിന് കൊടുത്തു. ബ്ലഡ് എടുക്കുമ്പോൾ മുറിക്ക് പുറത്ത് നിന്നു
ഉമ്മാനെ കുത്തുന്നത് കാണാനുള്ള ശക്തിയില്ലായിരുന്നു.
അരമണിക്കൂർ കഴിഞ്ഞ് ബ്ലഡ് ടെസ്റ്റ് ചെയ്ത റിപ്പോർട്ടുമായി ഡോക്ടറുടെ അടുത്ത് വീണ്ടും ചെന്നു

“ഞാൻ പറഞ്ഞതല്ലേ,
പേടിക്കാനൊന്നുമില്ലാന്ന്”
“ ആ പിന്നെ ചെറുതായി ഷുഗർ തുടങ്ങീട്ടുണ്ട്,
ഒരു ഗുളിക ദിവസ്സം കഴിച്ചാ മതി”
“ പിന്നെ ഭക്ഷണം കുറച്ച് കണ്ട്രോൾ ചെയ്യണം”.

ഡോക്ടറുടെ അടുത്ത് നിന്നും പ്രമേഹത്തെക്കുറിച്ച് കുറേ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംശയങ്ങൾക്കൊക്കെ നല്ല രീതിയിൽ ഡോക്ടർ മറുപടിയും നൽകി. ഉമ്മയും എല്ലാം ശ്രദ്ധിച്ച് കേൾക്കുന്നുണ്ടായിരുന്നു.
ഗുളികകളും മറ്റും വാങ്ങിച്ച് തിരിച്ച് വരുമ്പോൾ ശ്രദ്ധിച്ചു ഉമ്മയുടെ മൗനം

“എന്തേ ഉമ്മാ എന്ത് പറ്റി!?”
“ഏയ് ഒന്നൂല്ല..”
“ഉമ്മാക്ക് കുടിക്കാൻ എന്തെങ്കിലും വേണോ?”
”ഒന്നും വേണ്ട നമുക്ക് വീട്ടിലേക്ക് പോകാം”
കൂടുതൽ ഒന്നും ചോദിച്ച് ഉമ്മാനെ ബുദ്ധിമുട്ടിച്ചില്ല
വീട്ടിലെത്തി, ഉമ്മ ആരോടും ഒന്നും മിണ്ടാതെ
തലയും താഴ്ത്തി ഉമ്മയുടെ മുറിയിൽ
കയറിപ്പോകുന്നത് ശ്രദ്ധിച്ചു.

“ഉമ്മാക്ക് ഇതെന്ത് പറ്റി!?”..
“ഡോക്ടർ എന്താ പറഞ്ഞേ?!”
“ഏയ്, ഒന്നൂല്ല ചെറുതായിട്ട് ഷുഗറുണ്ട്”
“ഒരു ഗുളിക കഴിക്കാൻ പറഞ്ഞിട്ടുണ്ട്,
പിന്നെ ഫുഡ് ഒന്ന് കൻട്രോൾ ചെയ്യാനും പറഞ്ഞു”
“പക്ഷെ; എന്താന്നറിയില്ല, ഉമ്മ ആശുപത്രീന്ന് ഇറങ്ങിയത് മുതൽ ഭയങ്കരം മൂഡ് ഓഫ്ഫിലാ..”
ഉമ്മയുടെ മുറിയുടെ വാതിൽ അടച്ചിരുന്നില്ല
അകത്ത് കയറി,
ഉമ്മ കട്ടിലിൽ ഇരുന്ന് എന്തോ ആലോചനയിലായിരുന്നു.
അടുത്തിരുന്നു ഉമ്മയുടെ കൈകൾ പിടിച്ചു,
ആ കൈകൾ പതുക്കെ താലോടി,
ഉമ്മയുടെ മുഖത്തേക്ക് നോക്കി,
ഉമ്മ എന്നെയും നോക്കി.
ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു,
“ഉമ്മാ.. എന്തേ ഉമ്മാ?!..”
“ന്റെ ഉമ്മാക്ക് എന്താ പറ്റിയത്?!..”
“സുഖക്കേടിനെ കുറിച്ചാണോ ബേജാറ്?”
“ഡോക്ടർ പറഞ്ഞതല്ലെ ഉമ്മാ,
പേടിക്കാനില്ല ഒരു ഗുളിക മതി”..
“പിന്നെ കുറച്ച് ഭക്ഷണം സൂക്ഷിക്കണമെന്നും..”
ഉമ്മയുടെ ഒരിറ്റ് കണ്ണു നീർ
കൈയിലേക്ക് വീണു.
സഹിക്കാവുന്നതിൽ ഏറെയായിരുന്നു അത്..
“ന്റെ ഉമ്മാ...”
അവൻ ഉമ്മയെ കെട്ടിപ്പിടിച്ചു,
“നമുക്ക് വേറെ ഡോക്ടറെ കാണാം,
കൂടുതൽ ചെക്കപ്പ് ചെയ്യാം”
“ന്റെ ഉമ്മ ഇങ്ങിനെ ബേജാറാക്കല്ല...
എനിക്ക് കാണാൻ കഴിയുന്നില്ല ഉമ്മാ”..
“ന്റെ മോനെ.. എനിക്ക് ഈ സൂക്കേട് വന്നതിലല്ല,
എനിക്ക് സങ്കടം"..
“നീ ആ ഡോക്ടർ പറഞ്ഞത് ശ്രദ്ധിച്ചില്ലെ..!?”
“ഈ അസുഖം മാതാപിതാക്കളിൽ ആർക്കെങ്കിലും
ഉണ്ടെങ്കിൽ, അത് മക്കൾക്കും ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന്..”
“ന്റെ മോന് ഈ അസുഖം വന്ന് പോയാൽ?!”...
“ന്റെ മോന് മധുരം എന്ന് വെച്ചാൽ ജീവനല്ലേ?!”..
“അതൊന്നും കഴിക്കാൻ കഴിയാതെ ന്റെ മോന്, വിഷമമായിപ്പോകുമോ എന്നോർക്കുമ്പോൾ!”..
പതുക്കെ ഉമ്മയുടെ പുറം തടവി
“എനിക്ക് അതുണ്ടാകില്ല ഉമ്മാ..
എനിക്കുറപ്പാ..”
“എന്താ കാരണോന്ന് അറിയോ ന്റെ ഉമ്മാക്ക്..?”
“ന്റെ ഉമ്മാന്റെ ദുആ ഉള്ളിടത്തോളം..
എനിക്ക് ഒന്നുണ്ടാവില്ല...”
കൊച്ചു കുഞ്ഞിനെപ്പോലെ ഉമ്മയുടെ മടിയിൽ
തല വെച്ച് കിടന്നു.
ഉമ്മ പതുക്കെ തലമുടിക്കിടയിലൂടെ വിരലുകൾ കൊണ്ട് താലോടിക്കൊണ്ടിരുന്നു.

No comments:

Post a Comment