Pages

Thursday, October 3, 2019

ബോബൈയിലെ അമ്മ



പത്താം ക്ലാസ് തോറ്റ 17 വയസ്സുകാരന് ബോംബെയിൽ (ഇന്നത്തെ മുംബൈ ) ചെന്നപ്പോൾ ഒരു കേന്റീനിൽ ജോലി ലഭിച്ചത് ഭാഗ്യമായി കരുതി അവൻ.




ദിവസ്സം 5 രൂപ ശമ്പളം,റൂം വാടക മാസം 20 രൂപ, കുളിക്കാൻ ബാർബർ ഷോപ്പിൽ ചെറിയ ബാത്ത് റൂമുകൾ,ഒരു ബക്കറ്റ് വെള്ളത്തിന് 60 പൈസ കൂടെ ചന്ദ്രിക സോപ്പ് പല കഷ്ണങ്ങളാക്കിയതിൽ ഒരു കഷ്ണം സോപ്പും ലഭിച്ചു.




കുളി മാത്രമേ നടക്കുകയുള്ളൂ,മറ്റു ആവശ്യങ്ങൾക്ക് പോകാൻ മുനിസിപ്പാലിറ്റിയുടെ വക സൌകര്യവും, അതിനും കൊടുക്കണം 30 പൈസ.




ജോലി ചെയ്തിരുന്ന ചെറിയ കാന്റീൻ ഒരു ഷിയാ പള്ളിക്ക് നേരെ മുമ്പിലായിരുന്നു,




എല്ലാ വ്യാഴാഴ്ചയും വൈകുന്നേരമായാൽ പള്ളിയുടെ മുമ്പിലുള്ള സ്ട്രീറ്റ് ലൈറ്റിനടിയിൽ ഒരമ്മ വന്നിരിക്കുന്നത് ശ്രദ്ധിച്ചു അവൻ




ആളുകൾ നൽകുന്ന നാണയ തുട്ടുകളുമായി രാത്രിയിൽ തിരിച്ച് പോകും,




ആദ്യമാദ്യം അമ്മയെ വെറുതെ നോക്കിയിരുന്നു, പിന്നെ എപ്പോഴോ സഹതാപം തോന്നിത്തുടങ്ങി അത് സ്നേഹമായിരുന്നോ ബഹുമാനമായിരുന്നോ ഇന്നും അറിയില്ല.




ഹിന്ദി അത്ര വശമില്ലായിരുന്നു എങ്കിലും അമ്മയുടെ അടുത്ത് ചെന്ന് "ചായ കൊണ്ട് വരട്ടെ" എന്നു ചോദിച്ചു,




"പൈസാ നഹി"അത് മനസ്സിലാക്കാൻ പത്താം ക്ലാസ്സുകാരന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല.




കേന്റീനിലെ ചായ ഉണ്ടാക്കുന്നയാളോട് അവന് കാന്റീനിൽ നിന്നും ലഭിക്കാറുള്ള വൈകുന്നേരത്തെ ചായ വേണമെന്ന് പറഞ്ഞു




അത് വാങ്ങി അമ്മയുടെ അടുത്തേക്ക് നടന്നു ചായ അമ്മയ്ക്ക് നേരെ നീട്ടി "പൈസാ നഹി" അതായത് പൈസ വേണ്ട എന്ന് പറഞ്ഞു,




സ്നേഹത്തോടെ നോക്കിയ ആ അമ്മയുടെ കണ്ണുകൾ ഇന്നും മറന്നിട്ടില്ല...




പിന്നെ എല്ലാ വ്യഴാഴ്ചയും വൈകുന്നേരത്തെ ചായ അമ്മയ്ക്കായി മാറ്റി വെച്ചു,




രാത്രി പോകുമ്പോൾ അവന്റെ വക ഒരു അമ്പത് പൈസയും അമ്മയ്ക്കായി നൽകി

അപ്പോഴും"നഹി" എന്ന് അമ്മ പറയുമായിരുന്നുവെങ്കിലും അവന്റെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് വഴങ്ങി അമ്മ.




വിരിച്ചിരുന്ന തുണിയും മറ്റും എടുക്കാൻ അമ്മയെ സഹായിച്ചു അവൻ.




അമ്മയ്ക്ക് പള്ളിയിൽ നിന്നും ലഭിക്കുന്ന മിഠായികളിൽ നിന്ന് അവന്ന് ഒരെണ്ണം നൽകും അത് പൊടിഞ്ഞു പോകുന്ന കേയ്ക്ക് പോലുള്ളതായിരുന്നു




അവിടെ അവന്റെ "നഹി"ക്കും പ്രാധാന്യമുണ്ടായിരുന്നില്ല,




അന്നത്തെ ആ വ്യാഴാഴ്ച അമ്മയെ കണ്ടില്ല.




എന്താണ് പേരെന്നറിയില്ല,എവിടെയാണ് താമസമെന്നറിയില്ല രാത്രിയായപ്പോൾ വല്ലാതെ സങ്കടം തോന്നി




സ്ട്രീറ്റ് ലൈറ്റിനടുത്തുള്ള ഓഡിയോ കാസറ്റ് കടയിൽ ചെന്നു കടക്കാരന്റെ മകനോട് അറിയാവുന്ന ഹിന്ദിയിൽ അമ്മയെക്കുറിച്ച് ചോദിച്ചു ,അവൻ പറഞ്ഞ ഉത്തരത്തിൽ ഒരു "നഹി" ഉണ്ടായിരുന്നു..




മൂന്ന് അമ്മയില്ലാത്ത വ്യാഴാഴ്ചകൾ കടന്നു പോയി നാലാമത്തെ വ്യാഴാഴ്ച അതാ അമ്മ വരുന്നു ....




അവനെ കണ്ട ഉടനെ ദേഷ്യത്തോടെ എന്തെക്കെയോ പറഞ്ഞു അതിൽ "നഹി"യുടെ കൂടെ ഒരു "പ്യാർ" കൂടി മനസ്സിലായി




അമ്മയെ കാണാതിരുന്നപ്പോൾ എന്താ അന്വേഷിക്കാത്തത് അമ്മയോട് സ്നേഹമില്ലേ എന്നായിരിക്കണം ചോദിച്ചത്..




ഒരു ദിവസ്സം ഉമ്മയെ കാണണം നാട്ടിൽ പോകണമെന്ന് മനസ്സ് വാശി പിടിച്ചു ,

പിറ്റെ ദിവസ്സം ബസ്സിന് ടികറ്റെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടു..




കാസറ്റ് കടക്കാരനോട് അമ്മയോട് പറയാൻ ഏൽപിച്ചു അമ്മയ്ക്ക് നൽകാനായി അഞ്ച് രൂപയും നൽകി .




നാട്ടിൽ ചെന്നു ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ വിദേശത്തേക്കുള്ള

വിസ ലഭിച്ചു

വീണ്ടും മെഡിക്കലിനും മറ്റുമായി ബൊംബൈയിൽ ചെന്നു




ഒരു വെള്ളിയാഴ്ചയായിരുന്നു എത്തിയത് അടുത്ത വ്യാഴാഴ്ചക്കായി കാത്തിരുന്നു

അമ്മയെ കാണാൻ,കാസറ്റ് കടക്കാരനിൽ നിന്നും അമ്മ വരാറുണ്ട് എന്ന വിവരം അറിഞ്ഞിരുന്നു .




വ്യഴാഴ്ച നേരത്തെ പോയി അമ്മയേയും കാത്തിരുന്നു , അമ്മ കണ്ട ഉടനെ അവന്റെ കൈകൾ പിടിച്ച് ചുംബിച്ചു കുറേ എന്തൊക്കെയോ ചോദിച്ചു




ആ സ്നേഹത്തിന് മുന്നിൽ ആ നിറകണ്ണുകൾക്ക് മുന്നിൽ അവൻ ഒന്നുമല്ലാതായി ,അറിയാതെ കണ്ണുകൾ നിറഞ്ഞു അവന്റേതും




വിദേശത്തേയ്ക്ക് പോകുകയാണെന്നും പ്രാർഥിക്കണമെന്നും പറഞ്ഞു ,അമ്മയ്ക്ക് പത്ത് രൂപ കൊടുത്തു ,എത്ര നിർബന്ധിച്ചിട്ടും വാങ്ങിയില്ല




അന്ന്,യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ തേങ്ങലോടെയുള്ള അമ്മയുടെ “ബേട്ടാ..” എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി അഞ്ച് രൂപയുടെ ഒരു നോട്ട് ചുരുട്ടിപ്പിടിച്ച് അമ്മ അവനു നേരെ നീട്ടി എത്ര വേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല ,

അമ്മ സ്വയം അത് അവന്റെ കീശയിലേക്കിട്ടു




അതിരാവിലെ ടാക്സിയിൽ ഏർപോട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഡ്രൈവർ ഒരു ദർഗയ്ക്ക് മുന്നിൽ കാർ നിർത്തി

അവിടെ ഭണ്ഡാരത്തിൽ

പൈസ ഇടുന്നത് കണ്ടു , അവനും വേഗം ഇറങ്ങി കീശയിൽ നോക്കിയപ്പോൾ അമ്മ നൽകിയ അഞ്ച് രൂപ,അത് പെട്ടിയിലിട്ടു, അന്ന് അവൻ അമ്മയ്ക്ക് വേണ്ടിയായിരുന്നു പ്രാർത്ഥിച്ചത്




വിദേശത്തു നിന്നും ഒന്നര വർഷം കഴിഞ്ഞുള്ള ആദ്യത്തെ നാട്ടിലേക്കുള്ള വരവ് ബോംബയിൽ എത്തിയ ഉടനെ അമ്മയ്ക്കായി വാങ്ങിയ സാരിയും കുറച്ച് മിഠായികളുമായി അമ്മയെ കാണാനായി ചെന്നു,




കാസറ്റ് കടക്കാരനോട് അമ്മയെക്കുറിച്ച് അന്വേഷിച്ചു

“ആ അമ്മ ഇപ്പോൾ വരാറില്ലല്ലോ?”

“അവർ മരിച്ചു പോയത് നിനക്കറിയില്ലേ?!”

മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല

കണ്ണുകൾ നിറഞ്ഞു

“ഇല്ല ഞാൻ അറിഞ്ഞില്ല

വിദേശത്തായിരുന്നു ഞാൻ”




ഭാഷ ഒരു വിധം കൈകാര്യം ചെയ്യാൻ പഠിച്ചിരുന്നത് കൊണ്ട് കാസാറ്റ് കടക്കാരനോട് ആ അമ്മയെക്കുറിച്ച് ചോദിച്ചറിഞ്ഞു.




അദ്ധേഹത്തിനറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തന്നു, അമ്മ ഒരു ദർഗയ്ക്ക്

വെളിയിലായിരുന്നു കിടന്നുറങ്ങിയിരുന്നതെന്നും

തനിക്ക് ലഭിച്ചിരുന്ന പൈസയും ഭക്ഷണവും പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നുവെന്നും പറഞ്ഞു




അദ്ധേഹം പറഞ്ഞ

അമ്മ കിടന്നുറങ്ങിയിരുന്ന ആ ദർഗയ്ക്ക് പുറത്ത് പോയി വെറുതെയിരുന്നു ..




രാത്രിയായപ്പോൾ അവിടെ കുറെ പ്രായമുള്ള സ്ത്രീ പുരുഷന്മാരേയും കുട്ടികളേയും കൊണ്ട് നിറഞ്ഞു.

കൈയിലുണ്ടായിരുന്ന സാരി മറ്റൊരു അമ്മയ്ക്ക് നൽകി

ആ അമ്മ അൽഭുതത്തോടെ അത് മറ്റുള്ളവരെ വിളിച്ച് കാണിച്ചു




അപ്പോഴേയ്ക്കും എല്ലാവരും അടുത്തെത്തി കൈയിലുണ്ടായിരുന്ന മിഠായിയും കുറച്ച് കാശും എല്ലാവർക്കും വീതിച്ച് നൽകി...




തിരിച്ചു നടക്കുമ്പോൾ അറിയാതെ അമ്മയുടെ "ബേട്ടാ" എന്ന വിളി കേൾക്കാനായി ആശിച്ചു.....

No comments:

Post a Comment