ചികിൽസയുടെ ഭാഗമായി ഹോസ്പിറ്റലിൽ അഡ്മിറ്റായ ആദ്യ ദിവസ്സം അടുത്ത ബെഡ്ഡിൽ ആരും ഉണ്ടായിരുന്നില്ല.
മൂന്ന് രോഗികൾക്ക് ഇടയിൽ കർട്ടൺ ഇട്ട് വേർതിരിച്ചുള്ള മുറിയായിരുന്നു അത്.
അഡ്മിറ്റായതിന്റെ അടുത്ത ദിവസ്സം ഒരു രോഗി കൂടി വന്നു ആ മുറിയിലേക്ക്
സംസാരം കേട്ട് അവർ കർണാടകക്കാരാണെന്ന് മനസ്സിലായി.
രോഗി ഏകദേശം ഇരുപത് വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു,കൂടെ
അമ്മയുണ്ട് അച്ചനുണ്ട് സഹോദരനുണ്ട്.
ആ മോളെ വീൽ ചെയറിൽ കൊണ്ട് വന്ന് കിടത്തുകയായിരുന്നു.
വന്നതല്ലെ ഉള്ളൂ പിന്നീട് സംസാരിക്കാമെന്ന് വിചാരിച്ചു സംസാരിക്കാൻ പോയില്ല.
കുറച്ച് നേരം കഴിഞ്ഞപ്പോൾ വെറുതെ മുറിയിൽ നടക്കുന്ന സമയത്ത് കർട്ടൺ തുറന്ന് വെച്ചത് കൊണ്ട് കാണാനിടയായി,
ആ മകൾ വളരെ ക്ഷീണിച്ച് കിടക്കുകയാണ് അച്ചൻ മകളുടെ കാലുകൾ തടവി കൊടുക്കുന്നു.
നിറ കണ്ണുകളുമായി അമ്മയുമുണ്ട് അടുത്ത് ,
സഹോദരൻ അരികിലിരിക്കുന്നു.
ആ മകൾക്ക് ഭക്ഷണം നൽകുന്നത് ട്യൂബ് വഴിയാണ്.
ഗ്ലൂകോസോ മരുന്നോ ട്രിപ്പ് കൊടുക്കുന്നുണ്ട്.
സ്വയം എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയുന്നില്ല.
വല്ലാതെ സങ്കടം തോന്നി.
അല്ലാഹുവിനെ സ്തുതിച്ചു അല്ലാഹു ചെറിയ ഒരു പരീക്ഷണം തന്നു എങ്കിലും ആ മകളെക്കുറിച്ച് ഓർത്തപ്പോൾ അവൻ തനിക്ക് നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് കണ്ണുകൾ നിറഞ്ഞു പറഞ്ഞു" അൽ ഹംദുലില്ലാഹ് " ..യാ അല്ലാഹ് നിനക്കാണ് സർവ്വ സ്തുതിയും.
ആ മകൾ ചെറിയ മയക്കത്തിലായിരുന്നത് കൊണ്ട് ഞാൻ സംസാരിച്ചില്ല.
വൈകിട്ട് അവരുടെ എല്ലാവരുടേയും സംസാരം കേട്ട് അവരുടെ അടുത്ത് ചെന്നു.
സ്വയം പേരും മറ്റും പറഞ്ഞു പരിചയപ്പെടുത്തി.
അവർ ആർക്കാണ് അസുഖമെന്ന് ചോദിച്ചു, പുഞ്ചിരിച്ച്
കൊണ്ട് ,"എനിക്ക് തന്നെ "എന്ന് പറഞ്ഞു.
ആ കുട്ടി നന്നായി ചിരിച്ച് കൊണ്ട് "ഇരിക്കൂ അങ്കിൾ" എന്ന് പറഞ്ഞു.
അവരോട് രോഗ വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞു ആ മകൾ തന്നെയാണ് കൂടുതൽ ഉത്തരവും നൽകിയത്.
അവർ മൈസൂരിൽ നിന്നുള്ളവരായിരുന്നു.
സംസാരത്തിനിടയ്ക്ക് ആ മകൾ നന്നായി പേടിച്ചിരിക്കുകയാണെന്ന് മനസ്സിലായി.
ഇടയ്ക്ക് കണ്ണുകൾ നിറയുന്നുണ്ടോ എന്നും സംശയിച്ചു .
പറഞ്ഞു,"നമ്മൾ ഭാഗ്യവാന്മാരാണ് ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നവരെയാണ് ഇത് പോലെ രോഗങ്ങളും മറ്റും തന്ന് പരീക്ഷിക്കുക,
അങ്ങിനെ നോക്കുമ്പോൾ നമ്മൾ ഇവരെക്കാളൊക്കെ ഭാഗ്യവാന്മാരല്ലെ?"
അടുത്തിരുന്ന അവളുടെ അച്ചനേയും അമ്മയേയും സഹോദരനേയും കാണിച്ച് കൊണ്ട് പറഞ്ഞു.
അത് കേട്ട് അവൾ ചിരിച്ചു.
ചോദിച്ചു, "മോൾ എന്തിനാണ് പേടിക്കുന്നത് ?
"ഈ രോഗം സാധാരണ എല്ലാ രോഗത്തേയും പോലെ ഒരു രോഗം മാത്രമാണ് പനിയിൽ തന്നെ പല തരം പനികളില്ലെ അത് പോലെ ഈ രോഗത്തിൽ ഒരു രോഗം"
"കൂടാതെ ഈ രോഗത്തിന് ഇന്ന് എല്ലാ ചികിൽസയും മരുന്നും ഉണ്ട്.
മനസ്സിന്റെ ധൈര്യം അതാണ് പ്രധാനം."
അവൾ പറയുന്നത് ശ്രദ്ധിക്കുന്നതായി മനസ്സിലാക്കി.
ചോദിച്ചു,"നമ്മൾ എന്തിനാണ് രോഗത്തെ പേടിക്കുന്നത് മരണത്തെ ഓർത്താണോ?"
" എങ്കിൽ പറയൂ നാളെ ഈ കാണുന്ന നമ്മളിൽ ആരാണ് ജീവനോടെ ഉണ്ടാകുക എന്ന് പറയാൻ സാധിക്കുമോ?"
"അസുഖമുള്ള ഞാനോ, നീയോ അല്ലെങ്കിൽ അസുഖമൊന്നുമില്ലാത്ത എന്റെ ഭാര്യയോ, നിന്റെ അച്ചനോ, അമ്മയോ, സഹോദരനോ ആരാണ് ഉണ്ടാകുക എന്ന് ആർക്കും പറയാൻ സാധിക്കില്ല."
"ഒരു അസുഖവുമില്ലാത്തവരും, ചെറിയ പനി വന്നിട്ടോ, നിന്നിടത്ത് നിന്ന് വീണിട്ടൊ, ആക്സിഡന്റ് ഉണ്ടായി മറ്റു അപകടങ്ങൾ വഴി എത്ര പേർ ചെറുപ്പക്കാർ, കുട്ടികൾ അങ്ങിനെ എത്ര പേർ ദിവസ്സവും ഈ ലോകത്തോട് വിട പറയുന്നു,"
"നമ്മൾ തന്നെ എപ്പോഴാണ് ഈ രോഗത്തിലോ, അല്ല രോഗം പൂർണമായും ഭേദമായതിനു ശേഷമോ, വർഷങ്ങൾക്കു ശേഷമോ അതൊക്കെ ദൈവത്തിനു മാത്രം അറിയുന്ന കാര്യങ്ങൾ."
"ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്നവർക്ക് പോലും പറയാൻ സാധിക്കുന്നില്ല മരണം എപ്പോഴെന്ന്."
"അത് കൊണ്ട് മനസ്സിന് നല്ല ധൈര്യം നൽകുക."
"ഈ ലോകത്ത് നിന്ന് ഇന്നല്ലെങ്കിൽ നാളെ നാമെല്ലാവരും പോകേണ്ടവരാണ്."
"പോകുന്നതിന്ന് മുമ്പ് ഇവിടെയുള്ള കാലം ,നാം കാരണം മറ്റുള്ളവർ സന്തോഷിക്കണം, നാം കാരണം മറ്റുള്ളവരുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടാകണം എന്ന ചിന്തയിലായിരിക്കണം നമ്മുടെ ജീവിതം."
"രോഗം നൽകിയ ദൈവം തന്നെ ഭേദമാക്കുകയും ചെയ്യും",
"ചികിൽസകൾ നടത്തണം ,മരുന്നുകൾ കഴിക്കണം ,ഡോക്ടേർസ് പറയുന്ന നിബന്ധനകൾ അനുസരിക്കണം".
"രോഗം ഭേദമാകുമെന്ന ഉറച്ച വിശ്വാസത്തിൽ കഴിയണം"
"കട്ടിലിൽ നിന്ന് സ്വയം എഴുന്നേൽക്കാൻ ശ്രമിക്കണം"
എല്ലാത്തിനും ചിരിച്ച് കൊണ്ട് ഇടയ്ക്ക് മറുപടി പറഞ്ഞും സംശയങ്ങൾ ചോദിച്ചും അവളിരുന്നു.
അടുത്ത ദിവസ്സം രാവിലെ അവൾ കണ്ടപ്പോൾ, "അങ്കിൾ ഒന്നിങ്ങ് വന്നേ" എന്ന് പറഞ്ഞു.
അവളുടെ അടുത്ത് ചെന്നു
ശ്രദ്ധിച്ചു അവൾ ഇന്നലത്തിനേക്കാൾ ഏറെ ഉഷാറായിരിക്കുന്നു.
അവൾ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു.
നെറ്റിയിൽ വെളുത്ത കുറി ഉണ്ട്.
അവൾ പറഞ്ഞു ,"അങ്കിൾ പറഞ്ഞത് പോലെ ഞാൻ സ്വയം എണീച്ചിരുന്നതാണിത് "
അത് പറയുമ്പോൾ ആ കണ്ണുകളിലെ ആത്മവിശ്വാസം ശ്രദ്ധിച്ചു.
അച്ചൻ ഇന്ന് അമ്പലത്തിൽ പോയി കൊണ്ട് വന്ന കുറിയാണിതെന്നും പറഞ്ഞു.
അവൾ ഏറെ സന്തോഷവതിയായി കണ്ടു , നല്ല സമാധനമായി.
അടുത്ത ദിവസ്സം ഡിസ്ചാർജായി പോകുമ്പോൾ ആ മോളുടെ അടുത്ത് ചെന്നു പറഞ്ഞു, "പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും ഇവിടെ അഡ്മിറ്റാകും, അന്ന് മോളെ കാണുകയാണെങ്കിൽ നല്ല വിത്യാസമുണ്ടാകും തീർച്ച ഈ ധൈര്യം കൈ വിടരുത് ഒരിക്കലും.."
"ശരി അങ്കിൾ" എന്നും പറഞ്ഞു
അവൾ ചിരിച്ചു.
അതിന് ശേഷം എന്തോ ആ മകളെ കാണാൻ സാധിച്ചില്ല
വാർഡ് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയത് കൊണ്ടായിരിക്കാം.
മൊബൈൽ നമ്പറും ഞങ്ങൾ പരസ്പരം കൈ മാറിയിരുന്നില്ല.
ഇന്നലെ അതായത് ഒന്നര മാസത്തിനു ശേഷം ഹൊസ്പിറ്റലിൽ ഡോക്ടറെ കണ്ട് പുറത്തിറങ്ങുമ്പോൾ
"അങ്കിൾ"... എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി ,
കുറേ ആളുകൾ ഇരിക്കുന്നിടത്ത് നിന്ന് വളരെ വേഗത്തിൽ അവൾ നടന്നു വരുന്നു
"അങ്കിൾ എന്നെ മനസ്സിലായോ?"
കണ്ണുകളെ വിശ്വസിക്കാനായില്ല
അത്രയ്ക്ക് മാറ്റമുണ്ടായിരുന്നു അവൾക്ക്.
"അങ്കിൾ ഡോക്ടർ പറഞ്ഞു,"അമ്പത് ശതമാനം എന്റെ രോഗത്തിൽ മാറ്റമുണ്ടെന്ന്"..
എനിക്കും നല്ല മാറ്റം അനുഭവപ്പെടുന്നുണ്ട്"..
ഇടയ്ക്ക് അച്ചനും അമ്മയും അടുത്ത് വന്നു
"വളരെ നന്ദിയുണ്ട് സഹോദരാ...
നിങ്ങളുടെ വാക്കുകൾ അവളിലും ഞങ്ങൾക്കും വലിയ മാറ്റമാണ് വരുത്തിയത്..."
യാത്ര പറഞ്ഞു നടക്കുമ്പോൾ
മനസ്സ് പറഞ്ഞു, "നാം കാരണം മറ്റുള്ളവർ സന്തോഷിക്കണം നാം കാരണം മറ്റുള്ളവരുടെ ചുണ്ടിൽ പുഞ്ചിരി കാണണം"
അതിലേറെ നന്മ മറ്റെന്തുണ്ട്.??
No comments:
Post a Comment