Pages

Thursday, October 3, 2019

കട്ടൻ ചായയും,പുഞ്ചിരിയും



വൈകുന്നേരം സമയം നാലു‌മണിയായി

ഉറക്കമെഴുന്നേറ്റ ഉടനെ അവൻ

വുളു ചെയ്ത് അസർ നമസ്കാരം

കഴിഞ്ഞ്

ചോദിച്ചു, “ഇത് വരെ ചായ ഉണ്ടാക്കിയില്ലെ?”




അടുക്കളയിൽ നിന്നും അവൾ പറഞ്ഞു,

“ഇതാ ഇപ്പോൾ ഉണ്ടാക്കാം”

“നമസ്കാരം കഴിഞ്ഞത് അറിഞ്ഞില്ല”




അവൻ കുറച്ചുറക്കെ പറഞ്ഞു

“അതൊക്കെ ശ്രദ്ധിക്കാൻ

എവിടെയാ സമയം അല്ലേ?"




അവൾ അവിടെ നിന്ന് കൊണ്ട് തന്നെ വിളിച്ചു പറഞ്ഞു

“വെറുതെ ഓരോന്ന് പറഞ്ഞ് പിണങ്ങേണ്ട,

ചായ ഇതാ ഇപ്പോൾ ഉണ്ടാക്കി കൊണ്ട് വരാം”...




അവൾ കട്ടൻ ചായയുമായി എത്തിയപ്പോൾ അവൻ ചോദിച്ചു,

“ഇതെന്താ പാല് തീർന്നോ?”




അവൾ മറുപടി പതുക്കെയാക്കി

“ഇല്ല പാലുണ്ട് എന്താ പാൽ ചായ വേണോ?!”




അവൻ നല്ല ദേഷ്യത്തിലായിരുന്നു

“നിനക്ക് ഇതെന്തിന്റെ സുഖക്കേടാ?

ഞാൻ നിന്നോട് കട്ടൻ ചായ പറഞ്ഞോ?"




അവൾ വീണ്ടും സാവധാനത്തിൽ പറഞ്ഞു,

“അല്ല... നിങ്ങള് ഇന്നലെ വൈകിട്ട് കട്ടൻ ചായയല്ലേ കുടിച്ചത്!"

“എന്നിട്ട് പറഞ്ഞല്ലൊ?!”

“ വൈകിട്ട് കട്ടനാ നല്ലതെന്ന്”




അവൻ അവളെ ദേഷ്യത്തോടെ നോക്കി,

“അത് കൊണ്ട്?!!”




അവൾ പറഞ്ഞു,

“അത് കൊണ്ട് ഇന്നും ഞാൻ കട്ടൻ‌ ഉണ്ടാക്കി”




അവന്റെ ദേഷ്യം കുറഞ്ഞില്ല,

“അല്ല.. ഞാൻ ഒന്ന് ചോദിച്ചോട്ടെ?"

“ഞാൻ ഇവിടെത്തന്നെയല്ലെ ഉള്ളത്,

നിനക്ക് ഒരു ചോദ്യം ചോദിച്ചൂടെ എന്ത് ചായയാ വേണ്ടതെന്ന്!!"




ഇപ്രാവശ്യം അവളും ഇത്തിരി ചൂടിലായിരുന്നു

“ഈ ചായയിൽ പാൽ ഒഴിച്ച് കൊണ്ട് വന്നാൽ പോരെ?"




അവന് യാതൊരു വിത്യാസവുമില്ലായിരുന്നു

“എന്നിട്ട് വേണം തണുത്ത ആ ചായ ഞാൻ കുടിക്കാൻ അല്ലേ?"




അവൾ അതേ ചൂടിൽ തന്നെ വീണ്ടും,

“ഒരു കാര്യം ചെയ്യ് ഈ‌ ചായ ഞാൻ കുടിച്ചോളാം, നിങ്ങൾക്ക് പുതിയതായി പാലൊക്കെ ഒഴിച്ച് നല്ല ഒരു‌ചായ ഉണ്ടാക്കിത്തരാം.. എന്താ പോരെ?"




എവിടെ... അവന് ഒരു മാറ്റവുമില്ല,

“ഇനി നീ ഒന്നും ഉണ്ടാക്കണ്ട...

ഞാൻ ഇത് തന്നെ കുടിച്ചോളാം...

എന്റെ വിധി.."




അവൾ കുറച്ചു തണുത്തു,

“ബിസ്കറ്റ് കൊണ്ട് വരട്ടേ?"..




അവൻ വീണ്ടും തുടങ്ങി

“ഇനി എല്ലാം ഞാൻ പറഞ്ഞിട്ട് വേണമല്ലേ?!"




അവൾ അത്ഭുതത്തോടെ,

“നിങ്ങള് പറഞ്ഞാലല്ലേ എനിക്ക് അറിയൂ"...

“ബിസ്കറ്റ് കൊണ്ട് വന്നാൽ എന്തിനാ അത് കൊണ്ട് വന്നേന്ന് ചോദിച്ചാൽ?, ഞാൻ എന്താ പറയുക?"



അവൾ തുടർന്നു

“സത്യം പറഞ്ഞേ നിങ്ങൾക്ക് എന്നെ കാണുമ്പോൾ എന്താ ?"..

“ഒരാവശ്യമില്ലാതെ എന്തിനാ.. ഇങ്ങിനെ ചൂടാവുന്നേ?!"




അവൻ പാതി കുടിച്ച ചായയുടെ ഗ്ലാസ്സ് മേശപ്പുറത്ത് ചെറുതയൊരു‌ ശബ്ദത്തോടെ വെച്ചു

“ഇല്ല ഞാൻ ഒന്നും പറയുന്നില്ല...,

ഇനി വായ്ക്ക് ടേപ് ഒട്ടിച്ച് കഴിയാം.."




അവൾ കരഞ്ഞില്ല എന്നേ ഉള്ളൂ,

“എന്തൊരു വിധിയാ റബ്ബേ...ഇത്"

“സത്യം പറ..

നിങ്ങൾക്ക് സത്യത്തിൽ എന്നോട് എന്തിനാ ഈ ദേഷ്യം?.."

“ഞാൻ ഇവിടെന്ന് പോയാൽ നിങ്ങൾക്ക് സമാധാനം കിട്ടുമോ?”

“സത്യം പറ..."




“പിന്നെ നീ പോയാൽ... ഹൊ,.. ഞാൻ മരിച്ചു പോകും.."

“ഒന്ന് മിണ്ടാതിരിക്കടീ...

നീ പോയാൽ,

"നിന്നെപ്പോലുള്ള" ആയിരം കിട്ടും... എനിക്ക്.."




ഇപ്രാവശ്യം അവൾ ജേതാവിനെപ്പോലെ

ചെറിയ ഒരു പുഞ്ചിരിയോടെയാ മറുപടി പറഞ്ഞത്..

“ഹൊ..അപ്പൊഴും ഇഷ്ടം, “എന്നെപ്പോലെയുള്ളതിനെ” തന്നെയാണല്ലേ..."




അവൻ ഒരു നിമിഷം‌ പകച്ചു‌ പോയി

“എടീ ..അത് അങ്ങിനെയല്ല”




അവൾ ചിരിച്ചു കൊണ്ട് അവനടുത്തെത്തി ചായയുടെ ഗ്ലാസ്സെടുത്തു

“ന്റെ ഇക്കോയ്... എനിക്കറിഞ്ഞൂടെ?" “ഇതൊക്കെ വലിയ ആളാകാനുള്ള

ഒരു അഭിനയമാണെന്നൊക്കെ..."

“നമ്മള് കാണാൻ തുടങ്ങീറ്റ് കാലം കുറച്ചായില്ലെ...?"




അവൻ അവളുടെ മുഖത്തേക്ക് നോക്കി

ചിരിക്കാതിരിക്കാൻ ശ്രമിച്ചു

അവൾ അവൻ കുടിച്ച‌‌ പാതി ചായ കുടിക്കുന്നത് നോക്കി

“എടീ നിന്നോടാരാ എന്റെ ചായ കുടിക്കാൻ പറഞ്ഞെ?"




അവൾ ചിരിച്ചു കൊണ്ട് തന്നെയിരുന്നു

“പിന്നെ ...ഇപ്പൊ സമ്മതം ചോദിച്ചിട്ടല്ലേ..

ചായ കുടിക്കുന്നെ?"

“ഒന്ന് തണുക്കെന്റെ പൊന്നേ..."

പുറകിൽ നിന്നും അവന്റെ കഴുത്തിൽ കൈയിട്ട് അവനെ ചേർത്ത് പിടിച്ച് അവൾ അത് പറഞ്ഞപ്പോൾ




അവളുടെ സ്നേഹത്തിനു മുന്നിൽ

അവന് തോൽവി സമ്മതിക്കേണ്ടി‌ വന്നു..

അവനും അറിയാതെ ചിരിച്ചു‌ പോയി

No comments:

Post a Comment