Pages

Thursday, October 3, 2019

കാത്തിരിപ്പിനൊടുവിൽ..!?



രണ്ട് വർഷത്തെ നീണ്ട ചികിൽസകൾക്ക് ശേഷം പെറ്റ്സ്കാൻ ചെയ്തതിന്റെ റിപ്പോർട്ട് ലഭിച്ചു

ഡോക്ടർ പറഞ്ഞു,"നല്ല റിപ്പോർട്ട് പേടിക്കാനായ് ഒന്നുമില്ല,പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല,ഇനി ആറ് മാസം കഴിഞ്ഞു ടെസ്റ്റ് ചെയ്താൽ മതി"




സന്തോഷത്തോടെ ബാംഗ്ലൂർ കാൻസർ ആശുപത്രിയിൽ നിന്നും,നാട്ടിലേക്ക് യാത്ര തിരിച്ചു.




കീമോയുടെയും,ടോമോതെറാപ്പിയുടെയും പാർശ്വഫലങ്ങൾ കാരണം, കുറേയേറെ വിഷമങ്ങൾ,എങ്കിലും ആറ് മാസത്തിനു ശേഷം സ്കാനിങ്ങിനായി വീണ്ടും ബാംഗ്ലൂരിലെത്തി.




പിറ്റെ ദിവസ്സം കാലത്ത് സ്കാനിങ്ങ്.

മൂന്ന് മണിയായപ്പോഴേക്കും റിപ്പോർട്ട് ലഭിച്ചു.

റിപ്പോർട്ടുമായി ഡോക്ടറെ കണ്ടു.

ഡോക്ട്ർമാരുടെ ടീം സന്തോഷത്തോടെ അഭിനന്ദനങ്ങൾ അർപ്പിച്ചു.പറഞ്ഞു,“ഒരു കുഴപ്പവുമില്ല”




സൈഡ് എഫക്റ്റ്സ് കുറച്ച് നാൾ കൂടി ഉണ്ടാകും, മാറിക്കോളും.

എല്ലാ ആറു മാസം കൂടുമ്പോഴും ചെക്കപ്പ് ആവശ്യമാണ് .




വീണ്ടും ആറുമാസത്തിനു ശേഷം ബാംഗ്ലൂരിൽ എത്തി,

ആദ്യം രക്ത പരിശോധന

ക്രിയാറ്റിനിന്റെ അളവ് കുറച്ച് കൂടുതലാണ്,

നന്നായി വെള്ളം കുടിക്കുക,

നാളെ ഒന്ന് കൂടി

അളവ് നോക്കി ശരിയായ അളവിൽ ആണെങ്കിൽ,

നാളെ സ്കാൻ

ചെയ്യാം.ഡോക്ടർമാർ പറഞ്ഞു.




കാലത്ത് രക്ത പരിശോധനയിൽ ക്രിയാറ്റിനിന്റെ അളവ് ശരിയായ അളവിലാണ്.

പെറ്റ് സ്കാൻ ചെയ്തു,

റിപ്പോർട്ട് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ലഭിക്കും.




സ്കാൻ കഴിഞ്ഞ് നേരെ റെയിൽവേ സ്റ്റേഷനിൽ ചെന്നു,

രാത്രി നാട്ടിലേക്ക് തിരിച്ചു പോകാനുള്ള ടികറ്റ് ബുക്ക് ചെയ്തു.




രണ്ടര മണിക്ക് ആശുപത്രിയിലെത്തി

റിപ്പോർട്ട് റെഡി.

റിപ്പോർട്ടുമായി ഡോക്ടർമാരുടെ മുറിയിലെത്തി.

ഡോക്ടർ കിരണിനോടായിരുന്നു കൂടുതൽ അടുപ്പം,

വാട്സപ്പ് ഫെയ്സ്ബുക്ക് കൂട്ടുകാരൻ കൂടി ആയിരുന്നു കിരൺ.

ചെറുപ്പക്കാരൻ കർണാടകക്കാരൻ.




റിപ്പോർട്ട് ഡോക്ടർ കിരൺ വാങ്ങി

അതുമായ് മുറിയിലുണ്ടായിരുന്ന മുതിർന്ന ഡോക്ടറുടെ അടുത്ത് ചെന്നു.

എന്തോ ആ നോട്ടത്തിൽ പന്തികേട് പോലെ തോന്നി.




മുതിർന്ന ഡോക്ടറാണ് പറഞ്ഞത്,“കരളിന് ചെറിയ ഒരു പ്രശ്നം കാണുന്നു,അതിന്റെ മാത്രമായി സിടി സ്കാൻ ചെയ്യണം”




തല കറങ്ങുന്നത് പോലെ തോന്നി,

ഇരിക്കുകയാണെങ്കിലും,

വീണു പോകുമോ എന്ന് ഭയന്നു

മേശയിൽ പിടിച്ചിരുന്നു.




രണ്ട് വർഷം മുമ്പ് ഈ അസുഖമാണെന്നറിഞ്ഞപ്പോൾ, എല്ലാവരേയും സമാധാനിപ്പിച്ച്, ധൈര്യം നൽകി,ശുഭാപ്തി വിശ്വാസത്തോടെ, ധീരമായ് രോഗത്തിനെതിരെ പോരാടി,അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്

സ്നേഹമുള്ളവരുടെ പ്രാർത്ഥന കൊണ്ട് പൂർണ്ണ സുഖം പ്രാപിച്ച എനിക്കിന്ന് എന്ത് പറ്റി?!

ഒന്നും മനസ്സിലാകുന്നില്ല.




ഒരു നിമിഷം മനസ്സിനോട് പറഞ്ഞു,

ധൈര്യം കൈ വിടരുത്.

എന്താണെങ്കിലും നേരിടാൻ തയ്യാറാകണം.




അതെ....

മനസ്സിനെ,അനുസരിച്ചു ശരീരം.




പുഞ്ചിരിച്ച് കൊണ്ട് ഡോക്ടർമാരുമായി കാര്യങ്ങൾ സംസാരിച്ചു,

എവിടെയാണ് ടെസ്റ്റിനു പോകേണ്ടതെന്ന് ചോദിച്ചു,

അവർ ഡോക്ടറിനുള്ള കുറിപ്പും

ബ്ലോക് നമ്പറും മറ്റും പറഞ്ഞു.




ഡോക്ടർ കിരൺ സ്കാനിങ്ങ് ഡോക്ടറുമായി സംസാരിച്ചു.

കൂടെ മുറിക്ക് പുറത്തു വന്നു.,“പേടിക്കാനൊന്നുമില്ല,ചെറിയ ഒരു സംശയമാണ്,ഇനി ആണെങ്കിൽ തന്നെ തുടക്കമായത് കൊണ്ട് ചെറിയ ചികിൽസയിൽ മാറ്റാൻ സാധിക്കും,മുമ്പത്തെപ്പോലെ വലിയ ചികിൽസകൾ ഒന്നും വേണ്ട”




ചിരിച്ച് കൊണ്ട് മുമ്പ് പറയാറുള്ളത് പോലെ പറഞ്ഞു," അവന്റെ തീരുമാനം അവൻ നടപ്പാക്കുന്നു,ക്ഷമയോടെ സ്വീകരിക്കുക. മരുന്നിനേക്കാൾ ഏറെ ശക്തിയുണ്ട് പ്രാർത്ഥനയ്ക്ക്.രോഗം നൽകുന്നവനും ഭേദമാക്കുന്നവനും അവനാണ്.അവനിൽ ഭാരമേല്പിച്ചിരിക്കുന്നു.അവൻ കാണിച്ചു തരും വഴികൾ”




ഡോക്ടർ കിരൺ പുഞ്ചിരിച്ച് കൊണ്ട് പുറത്ത് തട്ടി,ആ കണ്ണുകളിലെ നനവ് ശ്രദ്ധിച്ചു,“നോ, ഡോക്ടർ നിങ്ങൾ എന്റെ നല്ല കൂട്ടുകാരനല്ലെ, നിങ്ങളെനിക്ക് ധൈര്യം നൽകൂ"




സി ടി ഡോക്ടറുടെ അടുത്തെത്തി

കാര്യങ്ങൾ സംസാരിച്ചു.അദ്ധേഹം പുതിയ ഒരു അഭിപ്രായം പറഞ്ഞു,“ ആദ്യം അൾട്രാസൗണ്ട് ചെയ്യാം" .




അൾട്രാ സൗണ്ടിനായ് ചെന്നു

കാത്തിരിപ്പിനിടയിൽ

നാട്ടിൽ നിന്നും പലരുടേയും

വിളികൾ വരാൻ തുടങ്ങി

എന്താണ് മറുപടി പറയേണ്ടതെന്ന് അറിയുന്നില്ല,

ഉമ്മയുടെ കോൾ അറ്റൻഡ് ചെയ്തു

,“ഒരു ടെസ്റ്റ് കൂടി വേണം ഉമ്മാ”

”അതെന്തിനാ മോനേ,നീയല്ലെ ഇന്ന് വൈകിട്ട് വരുമെന്ന് പറഞ്ഞത്?!”

“ഒന്നുമില്ല ഉമ്മാ അത് ചെറിയ ഒരു ടെസ്റ്റ്,

ഉമ്മ ദുആ ചെയ്യ്”

“എല്ലായ്പ്പോഴും ദുആ ചെയ്യുന്നുണ്ട്ന്റെ മോനേ”

“ശരിയുമ്മാ”




കൂടുതൽ സംസാരിച്ചാൽ ആരുടെ മുന്നിൽ വേണമെങ്കിലും ധൈര്യത്തോടെ നിൽകാൻ സാധിച്ചാലും, ഉമ്മയുടെ മുന്നിൽ പിടിച്ച് നിൽകാൻ സാധിക്കില്ല,

നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോകുമെന്ന്

തോന്നി.




അൾട്രാ സൗണ്ട് ചെയ്യാൻ തുടങ്ങി.

“ഒന്നും കാര്യമായിട്ട് കാണുന്നില്ലല്ലോ!?”

“ഞാൻ ഡോക്ടറെ വിളിക്കട്ടെ”

അവർ പുറത്ത് പോയി ഡോക്ടറോട് എന്തോ സംസാരിച്ച് വീണ്ടും വന്നു,

കുറച്ച് നേരം കൂടി അവർ ടെസ്റ്റ് ചെയ്തു.

”ഇല്ല ഇതിൽ ഒന്നും കാണുന്നില്ല,

നിങ്ങൾ പൊയ്ക്കോളൂ,

ഞാൻ ഡോക്ടറുമായി സംസാരിച്ചോളാം”




വീണ്ടും ഒരു പ്രതീക്ഷയുടെ തിരി നാളം തെളിഞ്ഞത് പോലെ തോന്നി,

പക്ഷെ ;അത് ഏറെ നേരം നീണ്ടു നിന്നില്ല,

ഡോക്ടറുടെ അടുത്ത് എത്തിയപ്പോൾ ,“അൾട്രാ സൗണ്ടിൽ ഒന്നും കാണുന്നില്ല എന്ന് പറയുന്നു,ഏതായാലും നാളെ സിടി സ്കാൻ തന്നെ ചെയ്യണം"

വിചാരിച്ചിരുന്നത് അൾട്രായിൽ ഒന്നും കാണുന്നില്ല എങ്കിൽ കുഴപ്പമില്ല എന്നായിരുന്നു.




വീണ്ടും കാത്തിരിപ്പിന്റെ മണിക്കൂറുകൾ,

ഒന്നും കഴിക്കണമെന്ന് തോന്നിയില്ല,

ജ്യൂസ് മാത്രം കഴിച്ച് കിടന്നു,

ഉറക്കം വന്നില്ല..

പ്രാർത്ഥനകളുമായി നേരം വെളുപ്പിച്ചു,

പകൽ മുഴുവൻ ഇളനീരും

ജ്യൂസും മറ്റുമായ് കഴിച്ചു കൂട്ടി.

സ്കാനിങ്ങ് രാത്രി എഴു മണിക്ക്




ആറുമണിക്ക് ആശുപത്രിയിലെത്തി

ഷുഗർ ചെക്ക് ചെയ്തു.

കുറച്ചു കൂടുതലായിരുന്നു

എങ്കിലും

കുഴപ്പമില്ല എന്ന് പറഞ്ഞു.

പിന്നീട് കൈകളിൽ മരുന്ന് കയറ്റാനായി ചെറിയ ഐ വി സ്റ്റിക് ഫിക്സ് ചെയ്തു.

അത് ചെയ്ത ആശുപത്രി ജീവനക്കാരനായ സഹോദരൻ മറ്റൊരിടത്ത് ഇരിക്കാൻ

മിനുസമുള്ള കറുത്ത സോഫ കാണിച്ചു തന്നു.

ഇരുന്നതേയുള്ളൂ,

പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി...

കണ്ണുകളിൽ ഇരുട്ട് കയറുന്നു...

പറഞ്ഞു,

“ക്ഷീണം തോന്നുന്നു”

“ബോധം നഷ്ടപ്പെടുന്നത് പോലെ”

“കൂടെ വന്ന ആള് പുറത്തുണ്ട്, അയാളെ വിളിക്കൂ”




നാവുകൾ കുഴയാൻ തുടങ്ങിയിരുന്നു,

തിരിച്ചു വന്നു

“ആൾ അവിടെ ഇല്ല ബില്ല് പേ ചെയ്യാൻ പോയിരിക്കുന്നു”




“എന്തോ എനിക്ക് തീരെ വയ്യ,എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഉമ്മയോട് അറിയാതെ എപ്പോഴെങ്കിലും മനസ്സ് വേദനിപ്പിച്ചു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് പറയണം, പ്രാർത്ഥിക്കാൻ പറയണം”

കുഴഞ്ഞ നാവ് കൊണ്ട് ഇംഗ്ലീഷിലും,കന്നടയിലുമായി ഒരു വിധം പറഞ്ഞൊപ്പിച്ചു.




“ഇല്ല സാർ,നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല,

അത് ഡിപ്രഷൻ കാരണം തോന്നുന്നതാ,

ഡോക്ടറെ വിളിച്ചിട്ടുണ്ട് ഇപ്പോഴെത്തും”




ഒരു മുസ്ലിം അവസാനം ചൊല്ലേണ്ട ശഹാദത്ത് കലിമ,“അശ് ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്,വ ഹ്ദ ഉ ലാ ശരീക ലഹു ,വ അശ് ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ് ” ചൊല്ലി.




അദ്ധേഹം അത് മനസ്സിലാകാതെ,“ എന്താണ്, എന്താണ്” എന്ന് ചോദിക്കുമ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു.

ബോധം തിരിച്ചു ലഭിച്ചപ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു.




ഡോക്ടർമാരും,നേഴ്സുമാരും, ഉണ്ടായിരുന്നു അടുത്ത്.

ഭയം,ഡിപ്രഷൻ, പിന്നെ ഭക്ഷണം ശരിക്ക് കഴിക്കാതിരുന്നത് കൊണ്ടുള്ള ക്ഷീണം,

ഇതൊക്കെ കാരണമാണ് ക്ഷീണമുണ്ടായതെന്ന് പറഞ്ഞു.




രണ്ടു മണിക്കൂറിനു ശേഷം

ക്ഷീണം മാറിയപ്പോൾ

സ്കാനിങ്ങിനായി കൊണ്ട് പോയി.




അവിടെ മലയാളി ഉണ്ടായിരുന്നു, കാര്യങ്ങൾ സംസാരിച്ചു

സമാധാനിപ്പിച്ചു,കൂടുതൽ ശുഭാപ്തി വിശ്വാസം നൽകി.




സ്കാനിങ്ങ് കഴിഞ്ഞു,

റിപ്പോർട്ട് പിറ്റേന്ന് കാലത്തേ കിട്ടുകയുള്ളൂ .




മലയാളി

പറഞ്ഞു," പേടിക്കാനൊന്നുമില്ല പെറ്റ് സ്കാനിങ്ങിലെപ്പോലെ ഇതിൽ ഒന്നുമില്ല.

നാളെ ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയാൽ

മുതിർന്ന ഡോക്ടറെ കാണിച്ച് നാട്ടിലേക്ക് പോകാൻ സാധിക്കും.




സമാധാനമായി റൂമിൽ പോയി,

ഭക്ഷണം കഴിച്ചു ഉറങ്ങി.




കാലത്ത് സ്കാനിങ്ങ് റിപ്പോർട്ട് വാങ്ങി മുതിർന്ന ഡോക്ടറെ കാണാൻ ചെന്നു.

മലയാളി പറഞ്ഞത് പോലെയല്ല റിപ്പോർട്ടിൽ,

അദ്ധേഹം സമാധാനിപ്പിക്കാൻ പറഞ്ഞതായിരുന്നു എന്ന് തോന്നുന്നു.




ഡോക്ടർമാർ വീണ്ടും ചർച്ച ചെയ്തു.

പറഞ്ഞു, “സിടിയിലും വളരെ ചെറിയ ഒരു പ്രശ്നം കാണുന്നു”

“ബയോപ്സി ചെയ്താലെ അതെന്താണെന്ന് മനസ്സിലാകുകയുള്ളൂ.."

അത് രാത്രി ചെയ്യാമെന്ന് തീരുമാനിച്ചു




ബയോപ്സിക്കായ്

മോണിട്ടറിൽ യഥാസ്ഥാനം കണ്ട് പിടിച്ച്

നെഞ്ചിന്റെ വലതു ഭാഗത്ത് വാരിയെല്ലിന് അടുത്ത്

സിറിഞ്ച് താഴ്ത്തി എടുത്തു.




റിപ്പോർട്ടിന് വീണ്ടും മൂന്ന് ദിവസ്സം വേണം

നാട്ടിൽ നിന്നും എന്റെ പ്രിയപ്പെട്ടവൾ വന്നു.

റിപ്പോർട്ടിനായുള്ള കാത്തിരിപ്പ്

പ്രാർത്ഥനകളുമായി..




ഉച്ചക്ക് രണ്ട് മണിയായപ്പോൾ ആശുപത്രിയിൽ നിന്നും കോൾ വന്നു,

റിപ്പോർട്ട് റെഡിയുണ്ട്.




റിപ്പോർട്ടുമായ് ഡോക്ടറുടെ അടുത്തെത്തി

അവർ പറഞ്ഞു,“ താങ്ക് ഗോഡ്"

പേടിക്കാനൊന്നുമില്ല,

പെറ്റ് സ്കാനിങ്ങിലും,

സിടിയിലും വളരെ ചെറുതായ അടയാളങ്ങളും

കാണാൻ സാധിക്കും

അത് ബയോപ്സിയിലൂടെ മാത്രമേ എന്താണെന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളൂ..




ഇപ്പോൾ പേടിക്കാനൊന്നുമില്ല

മൂന്ന് മാസത്തിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യണം.




ആശുപത്രി ഹാളിൽ തന്നെ ഇരുന്ന് ഉമ്മയെ വിളിച്ചു

“ ഉമ്മാ...”

“എന്തായി എന്റെ പൊന്നു മോനേ!?

കരയുകയായിരുന്നു.

"ഉമ്മാ... എന്റെ ഉമ്മാ... എന്റെ പൊന്നുമ്മാ ..." കണ്ണുനീർ ധാരയായി ഒഴുകിക്കൊണ്ടിരുന്നു. കരച്ചിലടക്കാൻ കഴിയുന്നില്ല. എല്ലാ സങ്കടങ്ങളും ഭാരങ്ങളും ഇറക്കി വെക്കുന്ന അത്താണി കിട്ടിയപ്പോൾ പൊട്ടിപ്പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ...

അതു വരെ പുറം തടവിത്തന്നു കൊണ്ടിരുന്ന പ്രിയപ്പെട്ടവൾ ഫോൺ വാങ്ങിക്കൊണ്ടു പറഞ്ഞു,

“ഇങ്ങനെ സങ്കടപ്പെടല്ലേ...സന്തോഷിക്കുകയല്ലേ

വേണ്ടത്”

അവൾ ഉമ്മയോട് കാര്യങ്ങൾ പറഞ്ഞു

“റിപ്പോർട്ടിൽ ഒന്നും പേടിക്കാനില്ലാ ഉമ്മാ”




“അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ്”

ആ തേങ്ങൽ

കൂടുതൽ തേങ്ങലുകളായ് മാറി..




ആശുപത്രിക്ക് വെളിയിലേക്ക് നടക്കുമ്പോൾ

പുഞ്ചിരിയും ഒരു ധർമ്മമാണെന്ന അറിവ് ഓർത്ത്

കാണുന്നവരോട് എല്ലാം പുഞ്ചിരിച്ച് കൊണ്ട് നടന്നു.

No comments:

Post a Comment