“ഞാൻ ഒരു വർഷം മുമ്പ് ഇവിടെ വന്നിരുന്നു
എന്നെ സഹായിക്കുകയും ചെയ്തിട്ടുണ്ട്”
വന്നയാൾ പറഞ്ഞു
“എന്താണ് കാര്യം?”
“അസുഖം വല്ലതുമാണോ?”
“അതെ, തലയുടെ ഞരമ്പിന്”
“ഇതാ മരുന്നുകൾ കഴിക്കുന്നതിന്റെ കുറിപ്പ്”
“ഹേയ്... അതൊന്നും കാണണമെന്നില്ല”
“മറ്റൊന്നും തോന്നരുത് ചോദിക്കുന്നത് കൊണ്ട്,
എനിക്കറിയാത്തത് കൊണ്ട് ചോദിക്കുകയാ..,
നിങ്ങളുടെ ഈ അസുഖം കാരണം,
എന്താാണ് നിങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്?
ജോലി ചെയ്യാൻ സാധിക്കുന്നില്ലേ?”
“എന്താണ് ഞാൻ നിങ്ങളോട് പറയുക..”
“ഇടയ്ക്കിടക്ക് തല കറങ്ങി വീഴും,
കാര്യമായ് ജോലി ഒന്നും ചെയ്യാൻ പറ്റുന്നില്ല”
“കുറച്ച് സാധനങ്ങളൊക്കെ വാങ്ങി വീടുകളിൽ കൊണ്ട് ചെന്ന് വിറ്റ് ജീവിതം കഴിയുകയായിരുന്നു”
“ഇപ്പോൾ അതുമില്ല”
“ഉണ്ടായിരുന്ന വീട് പഴക്കം കൊണ്ട്
മഴ വന്നാൽ അതിനകതത് കിടന്നുറങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല”
”അത് കൊണ്ട്,
നാല് സെന്റ് സ്ഥലം ഒരാൾ സൗജന്യമായ് തന്നിരുന്നു”
”അതിൽ ചെറിയ ഒരു തറ ഉണ്ടാക്കി,
അപ്പോൾ പൈസ തികയാതതത് കൊണ്ട് ഉണ്ടായിരുന്ന സാധനങ്ങളൊക്കെ വിറ്റു”
“ഇപ്പോൾ ഒരു നിവൃത്തിയുമില്ല,
വല്ലാത്ത സങ്കടമാണ് കാര്യങ്ങൾ”
“സത്യത്തിൽ ഞാൻ ഇവിടേക്ക് വന്നതല്ല,
ഇവിടെന്ന് കുറച്ച് ദൂരെ
ഒരു സ്ഥലതത് റമദാൻ കിറ്റ് കൊടുക്കുന്നുണ്ട്”
”അതിൽ കുറേ സാധനങ്ങളൊക്കെ ഉണ്ട്,
രണ്ടായിരം രൂപക്കുള്ളതെങ്കിലും ഉണ്ടാകും,
ആരോ പറഞ്ഞറിഞ്ഞ്,
അവിടേക്ക് പോയതാ”
“പക്ഷെ;അവിടെയെതതി അവർ എല്ലാവരുടേയും
പേരും അട്രസ്സും എഴുതിയെടുക്കുന്നുണ്ടായിരുന്നു”
“ഞാൻ ആ മഹല്ലിൽ അല്ലാത്താത് കൊണ്ട്
തരാൻ പറ്റില്ല എന്ന് പറഞ്ഞു”
“നിങ്ങളുടെ മഹല്ലിൽ ഇങ്ങിനെ ഒരു സംവിധാനം ഇല്ലേ?”
“ഇല്ല”
“ഞങ്ങളുടെ മഹല്ലിലുള്ളവർ എന്നെ കുറേയധികം സഹായച്ചിട്ടുണ്ട്”
“എന്റെ ഇപ്പോഴത്തെ വീട് കഴിഞ്ഞ പ്രാവശ്യം ഓടൊക്കെ മാറ്റി ഒരു വിധം കഴിയാനുള്ളതാക്കി മാറ്റി തന്നത് അവരാണ്”
“കൂടാതെ, എനിക്ക് അസുഖം തുടങ്ങിയ സമയത്തും ചികിൽസക്കായ് അവർ നല്ല ഒരു തുക സ്വരൂപിച്ച് തന്നിരുന്നു”
“നിങ്ങളുടെ വീട് ശരിക്ക് എവിടെയായ് വരും?”
വഴിയും അടുത്തുള്ള വീടും,
അവരുടെ വീടിന്റെ അടയാളങ്ങളും,ചോദിച്ചറിഞ്ഞു.
ചെറിയ ഒരു തുക നൽകി അദ്ധേഹത്തെ യാത്രയാക്കി.
പ്രിയപ്പെട്ടവളുമായ് ആലോചിച്ച് ഒരു മാസത്തേക്ക് വീട്ടിൽ, ആവശ്യമുള്ള ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി.
വൈകിട്ട് പലചരക്ക് കടയിൽ ചെന്ന് ലിസ്റ്റ് നൽകി,
കുറച്ച് കാത്തിരുന്നു,
സാധനങ്ങൾ എല്ലാം കിട്ടി,
ആയിര ത്തി നാനൂറ് രൂപയായ്.
വീട്ടിലേക്ക് കൊണ്ട് വന്നു.
വൈകുന്നേരം നമസ്കാരം കഴിഞ്ഞു വന്നു,
നോമ്പ് തുടക്കം നാളെയാകുമോ
എന്ന കാത്തിരിപ്പിലായിരുന്നു.
രാത്രിയായപ്പോൾ വാർത്ത വന്നു,
നിലാവ് കണ്ടില്ല,
അത് കൊണ്ട് നോമ്പ് തുടക്കം മറ്റന്നാളാണെന്ന്.
രാത്രി നമസ്കാരം കഴിഞ്ഞ്,
ഭക്ഷണമെല്ലാം കഴിഞ്ഞ്,
പ്രിയപ്പെട്ടവളുമായ് ഒരുമിച്ച്
വാങ്ങി വെച്ച സാധനങ്ങളുമായ്
പുറപ്പെട്ടു.
പറഞ്ഞിരുന്ന വഴിയിലൂടെ പോയി
അവിടെ എത്തി.
വീടിനു അടുത്തുള്ള ചെറിയ റോഡിലൂടെ രണ്ടു ചെറുപ്പക്കാർ പോകുന്നുണ്ടായിരുന്നു.
അടയാളം പറഞ്ഞ് വീടന്വേഷിച്ചു,
അവിടെ നിന്നും കാണാൻ സാധിക്കുന്നത്ര അടുത്ത് തന്നെയായിരുന്നു ആ വീട്.
പരിചയമില്ലാത്തവരെ കണ്ടത് കൊണ്ടായിരിക്കണം, ചെറുപ്പക്കാർ പരസ്പരം എന്തോ പറയുന്നുണ്ടായിരുന്നു.
വീടിനു കുറച്ചകലെ പാർക്ക് ചെയ്തു.
സാധനങ്ങൾ രണ്ടു പേരുമായ് എടുത്ത്
വീടിനടുത്തേക്ക് നടന്നു.
പുറത്ത് ആരുമില്ല,
അകത്ത് നിന്ന് കുട്ടികളുടെ കരച്ചിലും,
ഏതോ ഒരു കുട്ടിയുടെ ഖുർ ആൻ പാരായണവും കേൾക്കാം.
ചെറിയ ഒരു ഓട് മേഞ്ഞ വീട്,
ഇളം പച്ച പെയിന്റടിച്ച പുറത്തെ ചുമരുകളിൽ നിന്ന് പെയിന്റൊക്കെ പോയി അകത്തെ വെളുത്ത നിറം കാണാം.
ഇടക്ക് കുട്ടികൾ പെന്നും പെൻസിലും കൊണ്ട് കുത്തി വരച്ചിട്ടുമുണ്ട്.
വാതിലിനടുത്ത് ചെറിയ ലൈറ്റുമുണ്ട്..
കോളിങ്ങ് ബെല്ലൊന്നും കണ്ടില്ല
വാതിലിൽ മുട്ടാമെന്ന് വിചാരിച്ചു
പിന്നെ വേണ്ട എന്ന് കരുതി
വാതിൽ പടിയിൽ
സാധങ്ങളൊക്കെ വെച്ചു.
അവളോട് കാറിനടുത്തേക്ക് നടക്കാൻ പറഞ്ഞു.
വാതിലിൽ മൂന്ന് പ്രാവശ്യം മുട്ടി,
ഖുർആൻ പാരായണം ചെയ്തിരുന്ന കുട്ടി പാരായണം നിർത്തി.
“ഉമ്മാ ആരോ വാതിലിൽ മുട്ടുന്നു”
എന്ന് പറയുന്നത് കേട്ടു.
വേഗം കാറ് ലക്ഷ്യമാക്കി നടന്നു,
അവൾ കാറിനടുത്ത് കാത്തിരിക്കുകയായിരുന്നു.
പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദവും
മറ്റെന്തെക്കെയോ പറയുന്നതും കേൾക്കാമായിരുന്നു.
കാറിനടുത്ത് നിന്നും നോക്കി,
പുറത്തിറങ്ങി അദ്ധേഹവും മക്കളും നോക്കുന്നുണ്ടായിരുന്നു.
പിന്നീട് മക്കളും ഭാര്യയും സാധനങ്ങൾ എടുത്ത് അകത്ത് കൊണ്ട് പോകുന്നത് കണ്ടു.
വീണ്ടും അദ്ധേഹവും ഭാര്യയും പുറത്തിറങ്ങി, നോക്കുന്നത് കണ്ടപ്പോൾ കാറിൽ കയറി ഞങ്ങൾ.
വീട്ടിലേക്കുള്ള വഴിയേ നല്ല ചൂടുണ്ടായിരുന്നിട്ടും
കാറിൽ ഏസി ആവശ്യമായ് തോന്നിയില്ല,
നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
രാത്രി നല്ല സമാധാനത്തിൽ ഉറങ്ങി.
കോളിങ്ങ് ബെൽ കേട്ട് ഞെട്ടിയുണർന്നു,
വേഗം ചെന്ന് വാതിൽ തുറന്നു,
അവളും ഉണ്ടായിരുന്നു കൂടെ..
പുറത്ത്,
കൈകളിൽ കുറേ വെളുത്ത പൂക്കളുമായി
കുറേ കുഞ്ഞുങ്ങൾ ചിരിച്ച് കൊണ്ട് നിൽക്കുന്നു.
“ആരാ മക്കളേ!?”
ചിരിക്കുന്നതല്ലാതെ മറുപടി പറഞ്ഞില്ല അവർ.
പൂക്കൾ ഞങ്ങൾ രണ്ട് പേരും വാങ്ങിക്കൊണ്ടിരുന്നു,
ഓരോ കുട്ടികളും ഗെയ്റ്റിന് പുറത്തേക്ക് ഓടിപ്പോകുന്നു.
ഞാനും പുറത്തേക്ക് നടന്നു,
റോഡ് ശൂന്യം
ആരെയും കാണാനില്ല..
ഇതെന്തൊരു അതിശയം!!...
വീണ്ടും കോളിങ്ങ് ബെൽ ശബ്ദം പോലെ തോന്നി
ഞെട്ടിയുണർന്നു.
പക്ഷെ അത് കോളിങ്ങ് ബെൽ ആയിരുന്നില്ല,
അത് മോബൈലിൽ അലാറം മുഴങ്ങുകകായിരുന്നു.
ആ കുട്ടികളും പൂക്കളും സ്വപ്നങ്ങളായിരുന്നു
എന്ന് മനസ്സിലാക്കിയപ്പൊൾ അറിയാതെ പുഞ്ചിരിച്ചു...
എന്തേ കാലത്ത് തന്നെ ഒരു ചിരി?
ആ മക്കൾ കൊണ്ട് വന്ന പൂക്കൾക്ക് എന്താ ഒരു മണം!!
“ഏത് മക്കൾ?!”
“ഏത് പൂക്കൾ!?”
അതൊക്കെ പറയാം....
കണ്ട സ്വപ്നം വിവരിച്ചപ്പോൾ എന്റെ മുഖത്തേക്ക് അവൾ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment