സ്വന്തമായ് വീടുണ്ടക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചു,“എന്തിനാ മോനേ ഇത്ര വേഗം!?”
“ഉമ്മാ ഇപ്പോൾ അനുജനും അവന്റെ കുടുംബവും, എന്റെ കുടുംബവുമെല്ലാം വളരെ സന്തോഷത്തിലും സമാധാനത്തിലുമാണ്,
കുട്ടികളൊക്കെ വളർന്ന്, ഇനിയെങ്ങാാനും, ചെറിയ പിണക്കങ്ങളും മറ്റുമായി വീട് മാറുന്നതിനേക്കാൾ, ഇപ്പോൾ നല്ല സന്തോഷത്തിൽ തന്നെ മാറിയാൽ ആ ബന്ധം എന്നെന്നും നല്ല നിലയിൽ നിൽകുമല്ലൊ?”
“പിന്നെ ഉമ്മാക്ക് എവിടെയാണോ ഇഷ്ടം അവിടെ കഴിയാം.
ഉമ്മാനെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല ഒരിക്കലും ഇന്നിടത്ത് നിൽകണമെന്നോ,അല്ലെങ്കിൽ നിൽകരുത് എന്നോ..”
വീടുണ്ടക്കാനുള്ള സ്ഥലം വാങ്ങിക്കാനായി കുറേ അന്വേഷിച്ചു.
തറവാട് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ തന്നെയാകണം പുതിയ വീടുണ്ടാക്കുന്നതും എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു.
ആ ലീവ് കഴിഞ്ഞ് തിരിച്ച് പോകേണ്ട സമയമയിട്ടും
യോജിച്ച ഒരു സ്ഥലം കണ്ടു കിട്ടിയില്ല.
തിരിച്ച് വിദേശത്ത് എത്തി.
മൂന്ന് മാസം കഴിഞ്ഞു കാണും
സ്റ്റോറിൽ സ്റ്റോക് ചെക്ക് ചെയ്യുകയായിരുന്നു,
സ്റ്റോറിൽ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു.
അപ്പോൾ വെറുതെ ഫോണിൽ പുതിയ ഒരു റിങ്ങ് ടോൺ സെറ്റ് ചെയ്തു.
അപ്പോൾ കാണാം
ഉമ്മയുടെ മിസ് കോൾ
നല്ല സന്തോഷം തോന്നി കാരണം;
പുതിയ റിങ്ങ് ടോൺ സെറ്റ് ചെയ്തപ്പോൾ
ആദ്യം വന്ന കോൾ ഉമ്മാന്റെതാണല്ലൊ!?
എന്ന് ഓർത്താണ് സന്തോഷിച്ചത്.
അങ്ങോട്ട് ഉമ്മാനെ വിളിച്ചു
“അസ്സലാമു അലൈകും”
“വ അലൈകുമുസ്സലാം”
“ഉമ്മാക്ക് സുഖമാണോ?”
“അൽ ഹംദുലില്ലാഹ്”
“എന്റെ മോന് സുഖമാണോ?”
“അൽ ഹംദുലില്ലാ നല്ല സുഖമാണുമ്മാ”
“പിന്നെ എന്താണുമ്മാ വിശേഷങ്ങൾ?”
“മോനേ അത് പിന്നെ നമ്മുടെ ഇളയമ്മാന്റെ
വീടിനടുത്തുള്ള, ഒരാൾ അയാളുടെ
സ്ഥലം വിൽക്കുന്നുവത്രെ,
അത് നീ പറയാറുള്ളത് പോലെ നമ്മുടെ ഗ്രാമത്തിൽ പെടുന്ന സ്ഥലമാണല്ലൊ..”
“അതിൽ ചെറിയ കൂരയുണ്ട്,
അത് പൊളിച്ചു കളയണം,
സെന്റിന് 16000 ചോദിക്കുന്നു,
16 സെന്റ് സ്ഥലം ഉണ്ട്.”
“ഉമ്മാക്ക് ഇഷ്ടമാണോ ആ സ്ഥലം?”
“അതെ മോനേ നല്ല സ്ഥലമാ”
“അത് അവരുടെ ഒരു മകൻ അവന്റെ അവകാശം വിൽകുന്നതാ,”
“ശരി ഉമ്മാ”
“ഉമ്മ ഒരു കാര്യം ചെയ്യണം”
“ആ സ്ഥലം വിൽകുന്ന ആളുടെ അമ്മ ആ സ്ഥലത്തിനടുത്ത് തന്നെയല്ലെ താമസം,
ആ അമ്മയോട് ചോദിക്കണം,
“അവരുടെ മകന്റെ ആ സ്ഥലം വാങ്ങിക്കുന്നത്
അവർക്ക് സമ്മതമാണോ എന്ന്?”
ഉമ്മ പിറ്റേന്ന് മറുപടി നൽകി,
അവർ പറഞ്ഞു അവൻ എങ്ങിനെയും വിൽകും
അപ്പോൾ നിങ്ങൾ തന്നെയാകുമ്പോൾ ഞങ്ങൾക്ക് അറിയുന്നവർ തന്നെയാകുമ്പോൾ നല്ലതാണല്ലൊ
എന്ന്.
സ്ഥലം കച്ചവടമായി,
ചെറിയ കൂരയൊക്കെ പൊളിച്ചു,
സ്ഥലം എല്ലാം നന്നാക്കി,
ഉമ്മാനോട് വിളിച്ചു പറഞ്ഞു,
ആദ്യം അതിൽ ഒരു കിണർ കുഴിക്കണം,
കുഴൽ കിണർ വേണമെങ്കിൽ പിന്നീട് കുഴിക്കാം,
എന്നാൽ തുറന്ന കിണർ എങ്ങിനെയും വേണം.
കിണർ കുഴിച്ചു ഇടയിൽ കുറേ മണ്ണിടിച്ചിലൊക്കെ
ഉണ്ടായി,
കല്ല് വെച്ച് അകം കെട്ടേണ്ടതായ് വന്നു ,
നല്ല ഒരു തുക ചിലവായ് കിണറിന്.
കിണറിൽ വെള്ളം കിട്ടി,
ഏറെ സന്തോഷിച്ചു,
വീട് പണി ആരംഭിച്ചു,
പകുതിയായപ്പോൾ വിദേശത്ത് നിന്നും നാട്ടിലേക്കെത്തി.
പെട്ടെന്ന് തന്നെ പണി മുഴുവൻ തീർത്തു,
നാലു ഭാഗത്തും ചുറ്റു മതിൽ ഉണ്ടാക്കി,
മുൻ വശത്ത് ഗെയ്റ്റും വെച്ചു.
പുതിയ വീട്ടിൽ താമസം ആരംഭിച്ചു
ഒരു മാസം കഴിഞ്ഞ് വീണ്ടും വിദേശത്തേക്ക് പോയി.
പതിനൊന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും നാട്ടിലേക്കെത്തി.
വീടിനു നാലു ഭാഗത്തും അയൽ വാസികൾ ഉണ്ട്
ഒത്തിരി വീടുകൾ അടുത്തടുത്തായി ഉണ്ട്.
എല്ലാ വീട്ടിലും കുഴൽകിണറുകൾ ഉണ്ടെങ്കിലും,
തുറന്ന കിണർ വളരെ കുറവായിരുന്നു
അത് കൊണ്ട് തന്നെ അയൽവാസികൾ പലരും
വീട്ടിലെ തുറന്ന കിണറിൽ നിന്നും വെള്ളം കോരി കൊണ്ട് പോകുന്നത് ശ്രദ്ധിച്ചു
കുടിക്കാനായാണ് കൂടുതൽ പേരും ഈ വെള്ളം ഉപയോഗിച്ചിരുന്നത്.
മറ്റാവശ്യങ്ങൾക്ക് അവർ കുഴൽ കിണറിലെ വെള്ളം തന്നെയാണ് ഉപയോഗിച്ചിരുന്നത്.
ഒന്നോ രണ്ടോ വീട്ടുകാർ മാത്രം കുഴൽ കിണറും ഇല്ലാത്തവർ എല്ലാ ആവശ്യത്തിനും ഇതേ വെള്ളം ഉപയോഗിച്ചിരുന്നു.
ഇപ്പോൾ വെള്ളം കണക്ഷൻ ലഭിച്ച് എല്ലായിടത്തും വെള്ളം ഉണ്ടെങ്കിലും,
എല്ലാവർക്കും കുടിക്കാനിഷ്ടം ഈ തുറന്ന കിണറിലേത് തന്നെയാ.
നാട്ടിൽ വന്ന് ഒരാഴ്ച കഴിഞ്ഞു കാണും,
അയ ൽ വീട്ടിലെ ഒരു മകൾ
വെള്ളം എടുത്ത് കുടവുമായി തെക്ക് ഭാഗത്ത്
മതിലിൻ മേൽ വെച്ച് മുമ്പിലുള്ള ഗെയ്റ്റ് വഴി നടന്നു പോകുന്നത് കണ്ടു.
ചോദിച്ചു,“മോളുടെ കുടവും വെള്ളവും എവിടെ?”
“അത് മതിലിൻ മേൽ ഉണ്ട്”
“പിന്നിലൂടെ പോയി അവിടെന്ന് എടുക്കും”
“അത് കുറച്ച് ബുദ്ധിമുട്ടാണല്ലൊ”
വീട്ടിൽ സംസാരിച്ചു തെക്ക് ഭാഗത്ത് കൂടി
നമുക്ക് ചെറിയ ഒരു ഗെയ്റ്റ് ഉണ്ടാക്കാം.
അപ്പോൾ ആ കുട്ടികൾക്ക് ചുറ്റിത്തിരിഞ്ഞ് പോകാതെ ഈ വഴി തന്നെ വെള്ളം കൊണ്ട് പോകാമല്ലൊ..
അപ്പോൾ തന്നെ ചെറിയ പള്ളിയുടെ അടുത്തുണ്ടായിരുന്ന മൂന്ന് ചെറുപ്പക്കാരെ വിളിച്ചു
കൊണ്ട് വന്നു,
മതിൽ പൊളിച്ച് വഴി ഉണ്ടാക്കി,
ആ മക്കളുടെ സന്തോഷം കണ്ടപ്പോൾ
ഏറെ സന്തോഷിച്ചു.
വൈകുന്നേരമായപ്പോൾ ആദ്യം ഒരാൾ വന്ന് ചോദിച്ചു,
“നിങ്ങൾ എന്ത് പണിയാ എടുത്തേ..?!”
“തെക്ക് ഭാഗത്ത് കൂടി വഴി ഉണ്ടാക്കിയത്,
തീരെ ശരിയല്ല, അത് തീരെ നല്ലതല്ല”
ഞാൻ ചിരിച്ച് കൊണ്ട് ശരി ഞാൻ നോക്കട്ടെ
എന്ന് പറഞ്ഞ് അവരെ ഒഴിവാക്കി.
രാത്രി ആയപ്പോൾ മറ്റൊരു പാർട്ടിയും
ഇതേ കാര്യം പറയാനായ് വന്നു,
“ഒരിക്കലും പാടില്ല,
നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയുകയാ” എന്നും പറഞ്ഞു
സത്യമായിരുന്നു അവർ ഞങ്ങളെ ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.
അവരുടെ വിശ്വാസം അറിവ് എന്നിവ വെച്ച് ആ സ്നേഹം കാരണം അവർ ഉപദേശിക്കുകയായിരുന്നു.
വീട്ടിൽ രാത്രി എല്ലാവരും കൂടി
ഒരു ചർച്ചയായി,
“വെള്ളവും വഴിയും ഒരിക്കലും ആരേയും മുടക്കരുത്.”
“ആ മക്കൾക്ക് വെള്ളം കൊണ്ട് പോകാൻ,
അവരുടെ ബുദ്ധിമുട്ട് തീർക്കാനാ അവിടെ വഴി ഉണ്ടാക്കിയത്”
“അത് കാരണം, ജീവിതത്തിൽ നന്മയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല”
എല്ലാവരും തീരുമാനത്തോട് യോജിച്ചു.
പത്ത് വർഷത്തിലേറെയായി ആ വഴി തുറന്നിട്ട്.
ഇന്ന് ജോലിക്കാരെ വിളിച്ച് കിണർ വൃത്തിയാക്കി.
ഇപ്പോൾ കിണറിൽ ചെറിയ ഉറവയിൽ നിന്നും
വെള്ളം കിണറിലേക്ക് വരുന്ന കാഴ്ച കണ്ടപ്പോൾ
മനസ്സ് പറഞ്ഞു,
“ആ നീരുറവ പോലെ എല്ലാ മനസ്സുകളിലും, നന്മയുടെ നീരുറവ ഉണ്ടാകട്ടെ...”
No comments:
Post a Comment