Pages

Thursday, October 3, 2019

ഉമ്മയ്ക്കുള്ള ചെരുപ്പ്



“ഉമ്മാക്ക് ഈ ചെരുപ്പുകൾ ഇഷ്ടപ്പെട്ടോ?”

ഉമ്മയ്ക്കായി ഗൾഫിൽ‌ നിന്നും കൊണ്ട്‌ വന്ന സാധങ്ങൾക്ക് നൽകുന്നതിനിടയിൽ കൊണ്ട് വന്ന ഉമ്മയുടെ മൂന്ന് ജോഡി‌ ചെരുപ്പുകളും നൽകി അവൻ ചോദിച്ചു.




“നല്ല ഭംഗിയുണ്ട് കനവും കുറവാണ്”

ഉമ്മയുടെ സന്തോഷം കണ്ടപ്പോൾ അവന് സമാധാനമായി.




ഇടയ്ക്ക് മറ്റുള്ളവർക്കെല്ലാം സാധങ്ങൾ അവരവരുടേത് നൽകുന്നതിനിടയിൽ, ഭാര്യക്ക് നൽകിയതോരോന്നും അവൾ ഉമ്മയ്ക്കും കാണിക്കുന്നുണ്ടായിരുന്നു.




ഉമ്മയും അവളും അഭിപ്രായങ്ങൾ പറയുന്നു ചിരിക്കുകയും ചെയ്യുന്നു,

ഇടയ്ക്ക് അവളെ ചെരുപ്പ് അവൾ കാണിച്ചപ്പോൾ‌ ഉമ്മ പറയുന്നത് കേട്ടു,

“നല്ല നിറം”




അപ്പോൾ അത് അത്ര കാര്യമാക്കിയില്ല

പിന്നീട് ചിന്തിച്ചു,

ഉമ്മാക്ക് കൊണ്ട് വന്ന‌ ചെരുപ്പുകൾ ഉമ്മാക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെ?

ഞാൻ വിഷമിക്കേണ്ട എന്ന് കരുതി

പറഞ്ഞതായിരിക്കുമോ?




കാലത്ത് അത്യാവശ്യം ടൗൺ വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങി,

പല കടകളും കയറിയിറങ്ങി

ഉമ്മയുടെ അളവിലുള്ള ഉമ്മ ഉഷ്ടപ്പെടുന്ന കനമില്ലാത്ത ഇന്നലെ ഉമ്മ നല്ല ഭംഗിയുള്ള നിറമെന്ന് പറഞ്ഞ നിറമുള്ള ചെരുപ്പിനായ്,




നിറം കിട്ടുമ്പോൾ, കനം കൂടുതൽ രണ്ടും കിട്ടുമ്പോൾ, സൈസ് ഇല്ല

കുറച്ച് കറങ്ങേണ്ടി വന്നു

അവസാനം ലഭിച്ചു.




വീട്ടിലെത്തി

“ഉമ്മാ ഇതൊന്ന് നോക്കിയേ”

“ഇതെന്താ?"

“ചെരുപ്പോ!?”

“എന്ത് പറ്റി എന്റെ മോനെ നിനക്ക്!?

ഇന്നലെ നീയല്ലെ മൂന്ന് ജോഡി കൊണ്ട് വന്ന് തന്നത്?”




“അതല്ല ഉമ്മാ, ഈ കളർ എങ്ങിനെ?”

"ഇത് ഇന്നലെ ഇവൾക്ക് കൊണ്ട് വന്നത് പോലെത്തേത്"

"അല്ലേ, മോളേ നോക്കിയേ?"

"ശരിയാണല്ലൊ,അതേ കളർ"




“അല്ലാ ഉമ്മ ഇന്നലെ ഇവളെ ചെരുപ്പ് കണ്ടപ്പോൾ നല്ല നിറമെന്ന് പറയുന്ന കേട്ടു,ഉമ്മാക്ക് കൊണ്ട് വന്ന ചെരുപ്പുകളിൽ ആ നിറം ഉണ്ടായിട്ടുമില്ല,

അത് കൊണ്ട്..."




“അത് കൊണ്ട്, നീ കാലത്ത് ഇതിനായ് ഈ നേരം വരെ...

എന്റെ മോനെ നിന്റെ ഒരു കാര്യം.."




"ഇക്കാ ഉമ്മ അത് നല്ല നിറമായത് കൊണ്ട് പറഞ്ഞു അതിന് നിങ്ങൾ!?.."




"ശരി വിട്ടേക്ക്.."




"ഇപ്പോൾ എനിക്ക് സന്തോഷമായ്,

ഉമ്മാക്ക് സന്തോഷമായില്ലെ ഉമ്മാ?"




"യാ അല്ലാഹ് ഇവന്റെ ഒരു കാര്യം"




"ശരി നീ ഇവിടെ വന്നെ.."

"ഞാൻ ചെറിയൊരു കഥ പറയാം"




അവനും ഉമ്മയും ഇരിക്കുന്നിടത്ത് അവളും വന്ന് നിന്നു,




"പണ്ട് ഒരു പന്ത്രണ്ട് വയസ്സായ് കാണുമെനിക്ക്,

ഉപ്പ മരിച്ച് ഒരു വർഷം കഴിഞ്ഞിരുന്നു,

വീട്ടിൽ ചെറുതായി സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്ന കാലം"




"ഒരു വേനൽ അവധി നാൾ

വൈകിട്ട് കുറച്ച് ബന്ധുക്കൾ വീട്ടിൽ വന്നു,

കൂട്ടത്തിൽ എന്റെ ഒരു പ്രായക്കാരനുമുണ്ടായിരുന്നു"




"അവർ പോയതിനു ശേഷം,

രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ

അവരുടെ കാര്യങ്ങൾ സംസാരിച്ചപ്പോൾ"




"ഞാൻ പറഞ്ഞു,

ആ ചെറുക്കൻ ഇട്ടിരുന്ന ഷൂ നല്ല ഭംഗിയുണ്ടായിരുന്നു അല്ലെ ഉമ്മാ?,

നല്ല വെളുത്ത ഷൂ"




"എന്റെ മോന് അത് ഇഷ്ടപ്പെട്ടോ?,

മോന് വേണോ, അത് പോലെത്തേത്?"




“വേണ്ട ഉമ്മാ, ഞാൻ വെറുതെ പറഞ്ഞതാ.."




പിറ്റേ ദിവസം ഉമ്മ,

“വാ നമുക്ക് ടൗണിൽ പോയ് വരാം"




ഉമ്മയുടെ കൂടെ പോകാനൊരുങ്ങി,

ടൗണിൽ എത്തിയപ്പോൾ ഉമ്മ ആദ്യം ചെന്നത് ഒരു ചെറിയ സ്വർണ്ണക്കടയിലായിരുന്നു.




ഉമ്മ കടക്കാരനോട് സംസാരിച്ച്

ഒരു ഉറുമാൽ പൊതി തുറന്ന്

രണ്ട് കമ്മലുകൾ എടുത്തു കൊടുത്തു




ഞാൻ ശ്രദ്ധിച്ചു

ഉമ്മയുടെ അടുത്ത് സ്വർണ്ണമായി ആകെ ഉണ്ടായിരുന്ന ഉമ്മയുടെ കമ്മലുകൾ!!




"ഉമ്മാ ഇതെന്തിനാ കൊടുക്കുന്നേ!?"

പതുക്കെ ചോദിച്ചു ഉമ്മയോട്




"അത് പഴയാതായില്ലെ,കാത് വേദനിക്കുന്നു, ഉമ്മ പുതിയത് പിന്നീട് വാങ്ങിച്ചോളാം.."




"കമ്മൽ വിറ്റ് പൈസയുമായി ഉമ്മ എന്നെ കൂട്ടിക്കൊണ്ട് പോയത്

ചെരുപ്പ് കടയിലേക്കായിരുന്നു,

വെളുത്ത ഞാൻ ഏറെ ആഗ്രഹിച്ചു പോയ ഷൂ...

അന്ന് ആ പന്ത്രണ്ട് വയസ്സുകാരന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്.."




"തുണിക്കടയിൽ ചെന്ന് രണ്ട് ഷർട്ടിനുള്ള തുണി വാങ്ങിച്ചു,അത് ടൈലറിന്റെ അടുത്ത് കൊടുത്തു

പിന്നെ കുറച്ച് ഫ്രൂട്സും, ബിസ്കറ്റുമൊക്കെ വാങ്ങിയാ ഉമ്മയും ഞാനും തിരിച്ച് വന്നത്"...




“രാത്രി ഉമ്മ പറഞ്ഞു,

“നീ ആ ഷൂ ഒന്നിട്ടേ ഉമ്മ നോക്കട്ടെ?..”




"അതിട്ട് വന്ന എന്നെ

ചേർത്ത്‌ പിടിച്ച് ചോദിച്ച

ഒരു ചോദ്യമുണ്ട്..."




"എന്റെ മോന് സന്തോഷാമായോ?"..




പറഞ്ഞു തീർന്നപ്പോൾ

അവളുടെയും ഉമ്മയുടെയും കണ്ണുകൾ

നിറഞ്ഞിരുന്നു.




ഉമ്മയെ ചേർത്തു പിടിച്ച്

അവൻ ചോദിച്ചു

"എന്റെ ഉമ്മാക്ക് വിഷമമായോ?"




അവന്റെ തലയിൽ താലോടിയതല്ലാതെ

ഉമ്മ മറുപടി ഒന്നും പറഞ്ഞില്ല‌.

No comments:

Post a Comment