Pages

Thursday, October 3, 2019

നന്മയിലേക്കുള്ള യാത്ര
------------------
📝Haneef Labbakka Pakyara
നാട്ടിലേക്കുള്ള യാത്രക്കായ് ട്രെയിനിൽ കയറി,
ഏസി ടു ചെയറിലായിരുന്നു ടിക്കറ്റ് കിട്ടിയിരുന്നത്.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ബോഗിയിലേക്ക് പത്തുവയസ്സുള്ള മകളും,അച്ഛനും അമ്മയും കൂടി കയറി.
അവരുടെ സംസാരത്തിൽ നിന്നും
ആ മോൾക്ക് കാൻസറാണെന്നും കീമോ കഴിഞ്ഞുള്ള വരവാണെന്നും മനസ്സിലായി.
ശരീര വേദന കൊണ്ട് കരയുന്നതും‌, ഇടയ്ക്കിടക്ക് ചർദ്ദിക്കുന്നതും കണ്ടപ്പോൾ ഏറെ വിഷമം തോന്നി.

“നാലഞ്ച് ദിവസം അവിടെ റൂമെടുത്ത് താമസിക്കാനായിരുന്നു തീരുമാനം,
പക്ഷെ;ഇവൾക്ക് ഒരേ നിർബന്ധം അവളുടെ അടുത്ത കൂട്ടുകാരിയുടെ ബർത്ത് ഡെയാണ് മൂന്ന് ദിവസം കഴിഞ്ഞിട്ട് അതിന് കൂടണമെന്ന്,
അതാണ് ഇന്ന് തന്നെ പുറപ്പെട്ടത്”

ഞാൻ ശ്രദ്ധിച്ചു ആ മോളുടെ മുടി കൊഴിയാൻ തുടങ്ങിയിരിക്കുന്നു
എന്ന് തോന്നുന്നു.
തലയിൽ കടുംനീല നിറമുള്ള ഷാൾ ഇട്ടിരുന്നു അവൾ.

അച്ഛന്റെ വാക്കുകൾ കേട്ട്
ആ മോൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അച്ഛന്റെ മടിയിൽ തല വെച്ച് കിടന്നിരുന്ന
അവളുടെ കാലുകൾ അമ്മ തടവിക്കൊടുക്കുകയായിരുന്നു.

സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ
സീറ്റ് നമ്പർ നോക്കി വിൻഡോ സൈഡിലുള്ള സീറ്റിലേക്ക് ഒരു ചെറുപ്പക്കാരൻ വന്നിരുന്നു.
പുഞ്ചിരിച്ചു അയാളോട്
പക്ഷെ;അത് കാണാത്തത് പോലെ അയാൾ പുറത്തേക്ക് നോക്കിയിരുന്നു.

സൈഡിൽ വെച്ചിരുന്ന അയാളുടെ ബാഗ് എടുത്ത് മുകളിലെ ബർത്തിൽ വെയ്ക്കുന്നതിനിടെ ശ്രദ്ധിച്ചു.
അദ്ധേഹത്തിന് എന്തോ ബാലൻസ് കിട്ടാത്തത് പോലെ.
മണം കൂടി കിട്ടിയപ്പോൾ മനസ്സിലായി
അയാൾ നന്നായി മദ്യപിച്ചിട്ടുണ്ട്.

ആ മോൾ ചർദ്ദിക്കാനായ് ശബദ്മുണ്ടാക്കുന്നതും ഇടക്ക് അമ്മയുമൊത്ത് വാഷ്ബേസിനടുത്തേക്ക് നടന്നു പോകുന്നതും സങ്കടത്തോടെ നോക്കിയിരിക്കുന്നതിനിടയിൽ
ചെറുപ്പക്കാരൻ പിറു പിറുക്കുന്നത് കേട്ടു,
“ഓരോ ശല്യങ്ങൾ...ഇതിപ്പൊ സർക്കാർ ആശുപത്രിയേക്കാൾ കഷ്ടമായല്ലൊ?”

പതുക്കെ ആ ചെറുപ്പക്കാരനോട് പറഞ്ഞു,“പ്ലീസ്...നിങ്ങൾ ആ കുട്ടിയുടെ മുമ്പിൽ വെച്ച് ഒന്നും പറയരുത്,
ആ കുട്ടി ഒരു കാൻസർ രോഗിയാണ്, കീമോ കഴിഞ്ഞുള്ള വരവാണ്.”
“കീമോ കഴിഞ്ഞുള്ള ചുരുങ്ങിയത് ഒരാഴ്ചത്തെ അവസ്ഥ അത് അനുഭവിച്ചവർക്കേ അറിയൂ”

“അതിന് ഞാനെന്ത് വേണം?”
“എനിക്ക് സമാധാനത്തോടെ യാത്ര ചെയ്യാനാ ഞാൻ ഇത്ര കാശ് കൊടുത്ത് ഈ ടികറ്റെടുത്തത്..
രാത്രിയിൽ ഇതേ അവസ്ഥയാണെങ്കിൽ എന്റെ സ്വഭാവം മാറും”

“പ്ലീസ് പതുക്കെ”.. വീണ്ടും യാചിച്ചു അയാളോട്

കുട്ടിയുടെ അച്ഛന് ചെറുപ്പക്കാരൻ പറഞ്ഞത് മുഴുവൻ കേട്ടില്ല എങ്കിലും എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി,
“എന്ത് പറ്റി അയാൾക്ക്?”
എന്ന് ചോദിച്ചു

ഞാൻ പറഞ്ഞു
“ഹേയ് ഒന്നുമില്ല..”

അത് കേട്ട ചെറുപ്പക്കാരൻ പറഞ്ഞു,
“എന്റെ ചേട്ടാ... ഇയാൾ പറയുന്നത് പോലെ ഒന്നുമില്ലാതെയൊന്നും ഇല്ല,
ഉണ്ട്,പ്രശ്നമുണ്ട്..
എനിക്കാണ് പ്രശ്നം..
നിങ്ങളുടെ മോളാണ് പ്രശ്നം ..
മോളുടെ കരച്ചിലും ചർദ്ദിക്കാനോങ്ങുന്ന ശബ്ദവും എല്ലാം ഒരു ബുദ്ധിമുട്ട് തന്നെയാ”...

പാവം ആ മോളുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു,
“ക്ഷമിക്കണം സാർ..
“ഞങ്ങൾ വരാനിരുന്നതല്ല ഇന്ന്
പക്ഷെ;കഴിയുന്നത്ര ആഗ്രഹങ്ങൾ എന്റെ മോളുടേത് സാധിപ്പിച്ചു കൊടുക്കണമെന്ന് തോന്നിപ്പോയത് കൊണ്ടാണ് സാർ..
മോളോട് ശബ്ദം ഉണ്ടാക്കാതിരിക്കാൻ പറയാം സർ”

“ആ ശരി ..”
ചെറുപ്പക്കാരന്റെ മറുപടി കേട്ട്
ആ മോളുടെ അച്ഛൻ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

കുറച്ചു കഴിഞ്ഞ് അദ്ദേഹം ആ ചെറുപ്പക്കാരനോട് ചോദിച്ചു,
“സാറ് കല്ല്യാണം കഴിച്ചതാണൊ?"

ചെറുപ്പക്കാരൻ താഴോട്ട് നോക്കിയിട്ടാണ് മറുപടി പറഞ്ഞത്
“ഇല്ല”

സത്യത്തിൽ  ആ ചെറുപ്പക്കാരന്റെ സ്വഭാവം കണ്ട് ദേഷ്യം തോന്നി എനിക്ക്
മനസ്സ് പറഞ്ഞു,
എന്തൊരു ദയയില്ലാത്ത മനുഷ്യൻ..!!

കുട്ടിയുടെ അച്ഛൻ തുടർന്ന് പറഞ്ഞു,
“കല്ല്യാണം കഴിച്ചോളൂ..
പക്ഷെ കുട്ടികൾ ഇല്ലാതിരിക്കുന്നതാ സാറെ നല്ലത്..”
“സഹിക്കാൻ വയ്യ...സാറെ
നാം കണ്മണി പോലെ വളർത്തി വലുതാക്കുന്ന മക്കൾക്ക് ,
പെട്ടെന്ന് ഇങ്ങിനെ അസുഖം വന്ന് വേദന കൊണ്ട് പിടയുന്നത് കാണുമ്പോൾ ചങ്കിലെ ആ പിടച്ചിൽ അത് അനുഭവിച്ചവർക്കേ അറിയൂ സാർ”..

മദ്യലഹരിയിലായിരുന്ന ആ ചെറുപ്പക്കാരന്റെ മനസ്സിന് ആ വാക്കുകൾ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയോ എന്ന് അറിഞ്ഞില്ല

കാരണം അയാൾ മറുപടി പറയാതെ അലക്ഷ്യമായ് എങ്ങോട്ടോ നോക്കിയിരിപ്പായിരുന്നു.

പക്ഷെ  ആ അച്ഛന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

മകളും അമ്മയും വന്നപ്പോൾ അച്ഛൻ പതുക്കെ അവരോട് കാര്യങ്ങൾ പറയുന്നത് കേട്ടു അമ്മയുടെ കണ്ണുകളും നിറഞ്ഞു.പക്ഷെ;ആ മോള് അത് കേട്ട് പുഞ്ചിരിക്കുകയായിരുന്നു.

പക്ഷെ നേരം വെളുക്കുന്നത് വരെ ആ മോളും അമ്മയും അച്ഛനും ഉറങ്ങിയിരുന്നില്ല.
ഇടക്കിടക്ക് ചർദ്ദിക്കാനുള്ള പോക്കും
ഞരക്കവും,മൂളലും കേട്ടു.

ഒന്ന് രണ്ട് പ്രാവശ്യം ചെറുപ്പക്കാരന്റെ
പിറുപിറുക്കലും കേട്ടു.

രാവിലെ ഉണർന്നപ്പോൾ മോള് ചെറിയ മയക്കത്തിലായിരുന്നു.
ചെറുപ്പക്കാരനും ഉറക്കത്തിലായിരുന്നു.

ചായക്കാരന്റെ ശബ്ദം കേട്ട് ചെറുപ്പക്കാരൻ ഉണർന്നു.
ചായക്കാരനെ വിളിച്ചു,
“ഹലോ ഒരു ചായ..”

ശ്രദ്ധിച്ചു
അയാളിൽ
ലഹരി ഇറങ്ങിയ മാറ്റമുണ്ട്.

അതിനിടയിൽ മകളെ എഴുന്നേൽപ്പിച്ചു അമ്മ. “എഴുന്നേൽക്കൂ മോളെ നമുക്ക് ഇറങ്ങാൻ
എനി രണ്ട് സ്റ്റോപ്പേ ബാക്കിയുള്ളൂ..”

എഴുന്നേറ്റ് അമ്മയുടെ കൈ പിടിച്ച്
ക്ഷീണത്തോടേ പതുക്കെ നടന്നു‌ പോകുകയായിരുന്ന ആ മകളെ ആ ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അയാളുടെ നോട്ടം അത്
അത് സഹതാപത്തിന്റെയും ക്ഷമാപണത്തിന്റെയും നോട്ടം പോലെ തോന്നി എനിക്ക്.

കുട്ടിയുടെ അച്ഛനെ നോക്കി
ചെറുപ്പക്കാരൻ പറഞ്ഞു
“സോറി രാത്രി...ഞാൻ”
“ക്ഷമിക്കണം..”

“ഹേയ് കുഴപ്പമില്ല.. സർ..”

മകൾ തിരിച്ചു വരുമ്പോൾ ചെറുപ്പക്കാരൻ ആ മോളെ നോക്കി പുഞ്ചിരിച്ചു,
അവളും പുഞ്ചിരിച്ചു
ചോദിച്ചു,
“അങ്കിളിന്റെ ദേഷ്യം പോയോ?..
സോറി അങ്കിൾ,ഉറക്കം നഷ്ടപ്പെടുത്തി അല്ലെ ഞാൻ?"..

“ഹേയ് സാരമില്ല ..ഞാൻ അത് അറിയാതെ,
മോള് ഈ അങ്കിളിനോട് ക്ഷമിച്ചേക്ക്..”

അത് പറഞ്ഞ് അയാൾ എഴുന്നേറ്റ് നടന്നു
ഞാനും അദ്ദേഹത്തിനു പിന്നാലെ ചെന്ന് നോക്കി
അതെ, വാഷ്ബേസിനടുത്ത് നിറഞ്ഞ കണ്ണുകൾ കഴുകാനായിരുന്നു ആ പോക്ക്..

മുഖം കഴുകി തിരിഞ്ഞു നോക്കിയപ്പോൾ,
സഹതാപത്തോടെ ചോദിച്ചു,
“ഈ കുടി നിർത്തിക്കൂടെ?,
നല്ല മനുഷ്യത്വമുള്ള കരുണയുള്ള ഒരു മനസ്സുണ്ടെന്ന് മനസ്സിലാക്കി..
പക്ഷെ; ലഹരിയെ അതിനെ നഷ്ടപ്പെടുത്താൻ അനുവദിക്കരുത്”
അര മണിക്കൂറോളം ഞങ്ങൾ പരസ്പരം
കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ചു, അന്ന് അറിയാവുന്ന ചില കാര്യങ്ങൾ അദ്ധേഹത്തിനു പറഞ്ഞു കൊടുക്കുകയും ചെയ്തു.

മോളും കുടുംബവും അവർക്കിറങ്ങേണ്ട സ്റ്റേഷനിലിറങ്ങി.

അന്ന് പരസ്പരം ഫോൺ നമ്പർ കൈമാറി
ഞാനും,ചെറുപ്പക്കാരനും.
പിന്നീട് യാതൊരു ബന്ധവുമില്ലായിരുന്നു.

ഇന്നലെ രാത്രി വാട്സപ്പിൽ ഒരു വോയ്സ് മെസ്സേജ് കണ്ടു.
കേട്ട് നോക്കി,
“ഓർമ്മയുണ്ടോന്ന് അറിയില്ല,
ഒന്നര വർഷം മുമ്പ് ട്രെയിൻ യാത്രക്കിടയിൽ വെച്ച് നമ്മൾ പരിചയപ്പെട്ടിരുന്നു..”
“ഒരു കാൻസർ രോഗിയായ മോളുമുണ്ടായിരുന്നു ആ ബോഗിയിൽ”

“ ഇക്കാ ആ സംഭവത്തിന് ശേഷം ഞാൻ മദ്യപിച്ചിട്ടില്ല...
അതിന് ശേഷം ഞാൻ രോഗികൾക്ക് കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാറുണ്ട്..”
“പ്രത്യേകിച്ച് കാൻസർ രോഗികളായ കുട്ടികൾക്ക്...
ഞാനത് ആരെയും അറിയിക്കാറില്ല..”

“നാളെ നിങ്ങളുടെ ജില്ലയിലുള്ള ഒരു കുട്ടിക്ക് ഒരു സഹായം എത്തിക്കാനായി പോകുന്നുണ്ട്...,
സാധിക്കുമെങ്കിൽ ഒന്ന് നേരിട്ട് കാണണം...”
എന്റെ ഈ മാറ്റത്തിന് കാരണക്കാരൻ അങ്ങാണ്...”
ഞാൻ ഇന്നനുഭവിക്കുന്ന സമാധാനത്തിന്
നന്ദി നേരിട്ട്  അറിയിക്കണം എന്ന് കുറേയായി ആഗ്രഹിക്കുന്നു...
മറുപടി പ്രതീക്ഷിക്കുന്നു.."

മെസ്സേജ് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.

ഇടറിയ ശബ്ദത്തിൽ മറുപടി മെസ്സേജ് അയച്ചു,
“മോനേ..നിന്റെ മാറ്റത്തിനു കാരണക്കാരൻ ഞാനല്ല ആ മോളായിരുന്നു...
അവൾ ഒരു വർഷം മുമ്പ് വേദനകളില്ലാത്ത ലോകത്തേക്ക് പോയി..”
“ഞാൻ ഇപ്പോൾ നാട്ടിലില്ല.
ഇനിയും കൂടുതൽ സഹായങ്ങൾ എത്തിക്കാൻ നിനക്ക് സാധിക്കട്ടെ
കൂടുതൽ സമാധാനം ഉണ്ടാവട്ടെ ജീവിതത്തിൽ...”

No comments:

Post a Comment