Pages

Friday, October 26, 2018

മാതൃ ഹൃദയം

ഗൾഫിൽ നിന്ന് ആ പ്രാവശ്യം നാട്ടിലെത്തിയപ്പോൾ മുതൽ ഉമ്മയ്ക്ക് ഒരേ നിർബന്ധം, വയസ്സ് ഇരുപത്തിയഞ്ച് ആയതേയുള്ളൂ ഉമ്മാക്ക് വളരെ തിരക്കായി എന്റെ കല്ല്യാണത്തിന്.

കുറച്ച് കാശൊക്കെ സമ്പാദിച്ചു കഴിഞ്ഞു പോരെ കല്ല്യാണം എന്ന ചോദ്യത്തിന്,സമ്പാദ്യമൊക്കെ കല്ല്യാണം കഴിഞ്ഞും ആകാമല്ലൊ എന്ന മറുപടിയായിരുന്നു ഉമ്മയ്ക്ക്.


ആലോചനകൾ പലതും വന്നു,
പല കാരണങ്ങളാലും ഒന്നും നടന്നില്ല.
ആ പ്രാവശ്യവും തിരിച്ച് പോയി
ഗൾഫിലേക്ക്.
പോയി ഒരു വർഷം കഴിഞ്ഞപ്പോൾ,സാധാരണ
ആഴ്ചയിൽ ഒരു കത്ത് വീതം
കിട്ടാറുള്ള ഉമ്മയുടെ കത്ത് കൂടാതെ അന്ന്
മറ്റൊരു കത്ത് കൂടി കിട്ടി.
ഉള്ളടക്കം കല്ല്യാണക്കാര്യം തന്നെയായിരുന്നു.
കുടുംബത്തെക്കുറിച്ചും പെൺകുട്ടിയെക്കുറിച്ചും
കുറച്ചു വിശദമായിത്തന്നെ എഴുതിയിരുന്നു കത്തിൽ.
ഉമ്മ ഏതായാലും ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കത്തിലൂടെ മനസ്സിലായി.വീട്ടിൽ ഫോൺ ഉണ്ടായിരുന്നില്ല,
അടുത്തുള്ള ബന്ധു വീട്ടിലായിരുന്നു ഫോൺ സൗകര്യം ഉണ്ടായിരുന്നത്.
ഉമ്മയെ വിളിച്ച് കല്ല്യാണത്തിന്റെ സമ്മതം അറിയിച്ചു.
"എങ്കിൽ പിന്നെ ഞങ്ങൾ പോയി നോക്കട്ടെ പെണ്ണിനെ?"
ഉമ്മ ചോദിച്ചു
“ശരിയുമ്മാ...”
ഉമ്മയ്ക്ക് സമ്മതം നൽകി.
രണ്ടു ദിവസം കഴിഞ്ഞു വിളിച്ചപ്പോൾ പെണ്ണിനെ ഉമ്മയും, ഉമ്മയുടെ ഒരു കൂട്ടുകാരിയും കൂടി പോയി
കണ്ടുവെന്നും, ഉമ്മയ്ക്ക് ഇഷ്ടമായി
ഇനി നിന്റെ സമ്മതം അറിഞ്ഞാൽ മതി
എന്നും പറഞ്ഞു ഉമ്മ.
“എനിക്ക് ഇഷ്ടപ്പെട്ടതേ എന്റെ ഉമ്മ എനിക്ക് നോക്കി വെക്കുകയുള്ളൂ എന്ന് എനിക്കറിയില്ലേ?
പിന്നെ ഇനി ഞാൻ എന്ത് പറയാനാ?”
“അതെങ്ങിനെയാ നിങ്ങൾക്ക് രണ്ടാൾക്കും
ഇഷ്ടപ്പെടേണ്ടേ?!” ഉമ്മ ചോദിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് പാസ്പോർട്ട് സൈസിലുള്ള ഫോട്ടോയെത്തി കത്തിന്റെ കൂടെ,
എന്റെ ഒരു ഫോട്ടോ അയച്ചു കൊടുക്കാനും
ഉമ്മ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഫോട്ടോ കണ്ടു അങ്ങിനെ പ്രത്യേകിച്ച് ഒരാഗ്രഹമൊന്നും കെട്ടാൻ പോകുന്ന പെണ്ണിന്റെ കാര്യത്തിൽ ഞാൻ വെക്കാതിരുന്നത് കൊണ്ട്,
ഫോട്ടോ കണ്ടപ്പോൾ പരാതിയൊന്നും ഉണ്ടായില്ല.
മനസ്സ് മന്ത്രിച്ചു “നല്ല മൊഞ്ചത്തി പെണ്ണ്”
ഉമ്മയെ വിളിച്ചു,
“എനിക്കതിനെ മതി ഉമ്മാ..”
”എനിക്കിഷ്ടമായി..”
ഉമ്മയുടെ മറുപടി ചിരി ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്.
നാട്ടിലെത്തി കല്ല്യാണ നിശ്ചയം കഴിഞ്ഞു,
ഒരു മാസത്തെ കാത്തിരിപ്പ്,
അത് വല്ലാത്ത ഒരു കാത്തിരിപ്പായിരുന്നു,
ഇന്നും ഓർക്കുമ്പോൾ പേടി തോന്നും.
കല്ല്യാണം സന്തോഷത്തിൽ കഴിഞ്ഞു
അവൾ എന്റെ കൊച്ചു കൂരയിലേക്ക് കാലെടുത്ത് വെച്ചു...
പിറ്റേ ദിവസ്സം വൈകിട്ട്സം സാരത്തിനിടയിൽ ഞാൻ ഉമ്മയെക്കുറിച്ച് പറഞ്ഞു.
ഇരുപത്തിയെട്ടാമത്തെ വയസ്സിൽ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളുമായി വിധവയാകേണ്ടി വന്ന ഉമ്മയെക്കുറിച്ച്...
മറ്റൊരു കല്ല്യാണത്തിനായി കുടുംബം മുഴുവൻ നിർബന്ധിച്ചപ്പോൾ, തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിക്കുന്നത് പോലെ
മൂന്ന് മക്കളേയും ചേർത്ത് പിടിച്ച്,
“ഇനി എന്റെ ജീവിതം എന്റെ മക്കൾക്ക് വേണ്ടിയാണെന്ന്” പറഞ്ഞ എന്റെ പൊന്നുമ്മയെക്കുറിച്ച്.
എന്നിട്ട് ഞാനവളോട് പറഞ്ഞു,
“ഒരിക്കലും അറിഞ്ഞോ അറിയാതെയോ
എന്റെ ഉമ്മാക്ക് വിഷമമുണ്ടാകുന്ന ഒരു പ്രവർത്തിയോ, വാക്കോ നിന്നിൽ നിന്നും ഉണ്ടായിപ്പോകരുത്..”
“ഞാനോ നീയോ കാരണം ഉമ്മയുടെ കണ്ണു നിറയാൻ ഇട വന്നു പോകരുത്..”
“അഥവാ, എന്നിൽ നിന്ന് വല്ല തെറ്റും വന്ന് പോയാൽ നീ വേണം എന്നെ തിരുത്താൻ”..
എല്ലാം ശ്രദ്ധിച്ച് കേട്ട് സ്നേഹത്തോടെ ഇടയ്ക്ക് കണ്ണുകൾ നനഞ്ഞും സമ്മതം അറിയിക്കുന്ന അവളോട് ഞാൻ വീണ്ടും ചോദിച്ചു,
“കല്ല്യാണത്തിന്റെ ഈ ആദ്യ ദിവസ്സങ്ങളിൽ തന്നെ
ഞാൻ ഇങ്ങിനെ ഉപദേശം നൽകുന്നത് കൊണ്ട്,
നിനക്ക് വിഷമം ഉണ്ടോ? ക്ഷമിക്കണം..”
അവൾ പറഞ്ഞു,
“നിങ്ങൾ എന്തിനാണ് ക്ഷമ ചോദിക്കുന്നത്!?”...
“എനിക്ക് ഇതൊക്കെ പറഞ്ഞതിൽ കൂടുതൽ സന്തോഷമേ ഉള്ളൂ...”
“കാരണം; സ്വന്തം ഉമ്മയെ ഇത്രയധികം സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന നിങ്ങളിൽ നിന്നും നാളെ നിങ്ങളുടെ കുഞ്ഞിന്റെ ഉമ്മയാകേണ്ടവളല്ലേ ഞാൻ
ആ എനിക്കും,
വളരെയധികം സ്നേഹവും, ബഹുമാനവും
നിങ്ങളിൽ നിന്നും ലഭിക്കുമെന്നും
എനിക്ക് മനസ്സിലാക്കാൻ സാധിച്ചു"..
"അത് കൊണ്ടാണ് ഞാൻ ഇന്ന് ഏറെ സന്തോഷത്തിലാണെന്ന് പറഞ്ഞത്"...
നീണ്ട ഇരുപത്തി അഞ്ച് വർഷം പിന്നിട്ടു ആ നാളുകൾ കഴിഞ്ഞിട്ട്,
അറിയില്ല, അവളുടെ ആഗ്രഹങ്ങൾ എനിക്ക് നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടോ, എന്ന്!?
എന്റെ മക്കളുടെ ഉമ്മയ്ക്ക് അവളാഗ്രഹിച്ച സ്നേഹവും, ബഹുമാനവും നൽകാൻ കഴിഞ്ഞുവോ എന്നെനിക്കറിയില്ല...
പക്ഷെ ;അവൾ വാക്ക് പാലിച്ചിട്ടുണ്ട്,
ഇന്ന് വരെ അവൾ എന്നോട് ഒരിക്കലും ഉമ്മയുടെ കുറ്റങ്ങളോ,കുറവുകളോ പറഞ്ഞില്ല...
എന്റെ ഉമ്മയ്ക്ക് അതിനുള്ള അവസരം നൽകിയതുമില്ല....
മരണം വരെ അങ്ങിനായാകട്ടെ..
സമാധാനം,സന്തോഷം എല്ലാ കുടുംബങ്ങളിലും
ഉണ്ടാവട്ടെ...

No comments:

Post a Comment