Pages

Monday, October 22, 2018

ആ മോളുടെ കത്ത്

അസ്സലാമു അലൈകും അങ്കിൾ.
എന്റെ പേര് അനീസ എന്നാണ്,
ഞാൻ നിങ്ങളുടെ ഓഫീസുള്ള അതേ ഗ്രാമത്തിലാണ് താമസിക്കുന്നത്.
കുറച്ചു ദിവസം മുമ്പ് നിങ്ങൾ ഞങ്ങളുടെ
വീട്ടിലേക്ക് വന്നിരുന്നു.
അന്ന് ഞങ്ങൾക്ക് സഹായം നൽകുന്നതിനായി ഞങ്ങൾ പാവങ്ങൾ തന്നെയാണൊ,നിങ്ങൾ നൽകുന്ന സഹായത്തിന് അർഹരാണോ എന്നറിയാൻ കുറേ കാര്യങ്ങളും ഞങ്ങളോട് ചോദിച്ചിരുന്നു.

അതിനു ശേഷം ഒരു ദിവസ്സം നിങ്ങളും മറ്റു നാലു പേരും കൂടി ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങൾക്കുള്ള ഭക്ഷണ സാധനങ്ങളും പിന്നെ എനിക്കും ഉമ്മയ്ക്കും എന്റെ അനുജനുമുള്ള‌ പെരുന്നാളിനുള്ള ഡ്രസ്സും നൽകുകയും
ഞങ്ങൾക്ക് അത് നൽകുന്നതിന്റെ ഫോട്ടോയും എടുത്തിരുന്നു.
അങ്കിളിനറിയാമോ എനിക്ക് നാല് വയസ്സുള്ളപ്പോൾ എന്റെ ഉപ്പ മരണപ്പെട്ടു.
ഉപ്പ മരണപ്പെട്ടതോട് കൂടി ഉപ്പയുടെ കുടുംബക്കാർ ഞങ്ങളെ തറവാട്ടിൽ നിന്നും പല കാരണങ്ങൾ പറഞ്ഞ് പുറത്താക്കി.
അന്ന് എന്റെ അനുജൻ ഉമ്മയുടെ വയറ്റിലായിരുന്നു.
അന്ന് ഞങ്ങളെ സഹായിക്കാൻ ഒരു കുടുംബക്കാരും ഉണ്ടായിരുന്നില്ല.
ഉമ്മ അടുക്കളപ്പണിയും വീട് വൃത്തിയാക്കുന്ന പണിയുമെടുത്ത് അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഞങ്ങൾ ജീവിക്കുകയായിരുന്നു
ഉമ്മ എന്നും എനിക്ക് മുന്നിൽ പുഞ്ചിരിക്കുമായിരുന്നു എന്നാൽ എനിക്കറിയാമായിരുന്നു ഉമ്മ രാത്രിയിൽ തനിച്ചിരുന്ന് കരയുകയാണെന്ന്.
ഇന്നലെ ഉമ്മ അതേ പോലെ കുറേ നേരം കരയുന്നത് ഞാൻ കണ്ടു.
പിന്നീട് എന്റെ ഉമ്മ എപ്പോഴോ ഉറങ്ങിപ്പോയി.
ഞാൻ പതുക്കെ എഴുന്നേറ്റ് ഉമ്മയുടെ കാലുകൾ തടവിക്കൊടുത്തു.
കാലുകൾ തടവുന്നതിനിടയിൽ‌ ഞാൻ ഉമ്മയുടെ കൈകൾക്ക് സമീപം ഉണ്ടായിരുന്ന ഒരു പത്രം‌ ശ്രദ്ധിച്ചു.
ഞാൻ അതെടുത്ത് നോക്കി അതിൽ ഉമ്മയും ഞാനും അനുജനും നിങ്ങളിൽ നിന്നും‌ സാധനങ്ങളും വസ്ത്രവും വാങ്ങിക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു.
എനിക്ക് മനസ്സിലായി ഉമ്മ എന്തിനാണിങ്ങനെ ഇന്ന് കരഞ്ഞതെന്ന്.
കഴിഞ്ഞ വർഷവും ഇതേ പോലെ ആയിരുന്നു അയൽവാസികളും മറ്റും ഞങ്ങളെ കുറേ പരിഹസിച്ച് ചിരിച്ചു.
പെരുന്നാൾ ദിവസ്സം നിങ്ങൾ നൽകിയ ഉടുപ്പിട്ട് ഞങ്ങൾ പോകുമ്പോൾ ഇത്‌ ആ കമ്മറ്റിക്കാർ തന്നതാണല്ലെ എന്ന് ചോദിച്ച് കളിയാക്കി.
അതറിഞ്ഞ ഉമ്മ പെരുന്നാൾ‌ ദിവസ്സമായിട്ട് കൂടി കരയേണ്ട അവസ്ഥ ഉണ്ടായി.
അങ്കിൾ നിങ്ങൾ ഒരു ഉപകാരം ചെയ്യണം നിങ്ങൾ തന്ന ഭക്ഷണ സാധനങ്ങളുടെ കിറ്റും ഉടുപ്പുകളും തിരിച്ച് കൊണ്ട് പോയ്ക്കോളൂ കാരണം ഞാൻ എന്റെ ഉമ്മയെ വളരെയധികം സ്നേഹിക്കുന്നു അങ്കിൾ,
ഇനിയും എനിക്കെന്റെ ഉമ്മയുടെ സങ്കടം കാണാൻ വയ്യ അങ്കിൾ,
ഞങ്ങൾ പാവങ്ങൾ പുതിയ ഉടുപ്പ് ധരിച്ചെങ്കിലും‌ ഇല്ലെങ്കിലും പെരുന്നാളിന് ഒരു മാറ്റവും ഉണ്ടാകില്ല അങ്കിൾ....

No comments:

Post a Comment