Pages

Wednesday, October 17, 2018

ഡോക്ടർ

ആ സ്ത്രീയുടെ ഭർത്താവ് ഒരു കുഞ്ഞ് ഉണ്ടായതിനു ശേഷം അവരെ വിട്ട് പോയ്ക്കളഞ്ഞു.
അവരുടെ മൂന്ന് വയസ്സുകാരി‌ മകളും പ്രായമുള്ള പിതാവും മാത്രമാണ് ആ വീട്ടിലുണ്ടായിരുന്നത്. വാടക ക്വാർട്ടേർസിലായിരുന്നു അവർ കഴിഞ്ഞിരുന്നത്.


ഒരു സ്കൂളിൽ ആയയുടെ ജോലി‌ ചെയ്ത് വീട്ട് വാടകയും, വീട്ട് ചിലവും, പിതാവിന്റെ ചികിൽസയുമായി വളരെ കഷ്ടപ്പെട്ട്,കടങ്ങളുമായി കഴിയുന്നതിനിടയിലാണ് ആ സ്ത്രീയുടെ ജോലി‌യും കൂടി‌ നഷ്ടപ്പെടുന്നത്.
അതോട് കൂടി ആ കുടുംബം പലപ്പോഴും പട്ടിണിയിലായി.
ഒരു നേരം ആഹാരം കഴിച്ചാൽ മറ്റൊരു‌ നേരം കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
എങ്കിലും എല്ലാം ക്ഷമിച്ച് ആ സ്ത്രീ‌ അല്ലാഹുവിനോട് പ്രാർത്ഥിച്ച് കഴിയുകയായിരുന്നു.

അങ്ങിനെ കഴിയുന്നതിനിടയിൽ ഒരു ദിവസ്സം മകൾക്ക് പനി പിടിപ്പെട്ടു.
മകളുടെ അവസ്ഥ കണ്ട് സ്ത്രീയും പിതാവും അവരുടെ വിശപ്പ് പോലും മറന്ന് പോയിരുന്നു.
സ്ത്രീ തുണിക്കഷ്ണത്തിൽ വെള്ളം നനച്ച് മകളുടെ നെറ്റിയിൽ വെച്ചു.
വുളു ചെയ്ത് നമസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്തു.
ഇടക്കിടക്ക് കുട്ടിയുടെ നെറ്റിയിലെ തുണിയെടുത്ത് വെള്ളം നനക്കുകയും
വീണ്ടും നെറ്റിയിൽ വെക്കുകയും നമസ്കാരങ്ങളും ദുആകളും തുടർന്ന് കൊണ്ടിരുന്നു.

അതിനിടയിലാണ് വാതിലിൽ ആരോ‌ മുട്ടുന്ന ശബ്ദം കേട്ടത്.ഈ രാത്രിയിൽ ആരായിരിക്കും എന്ന ചിന്തയിൽ ഉപ്പയും സ്ത്രീയും പരസ്പരം മുഖത്തേക്ക് നോക്കി ഉപ്പ ചോദിച്ചു,“ആരാണത്?”

പുറത്ത് വന്ന ആൾ ,“ഞാനാണ് ഡോക്ടർ”എന്ന് പറഞ്ഞു.
ആരാണ് ഡോക്ടറെ വിളിച്ചതന്നറിയാതെ ഉപ്പയും മകളും ആശ്ചര്യപ്പെട്ടു.
ഉപ്പ പതുക്കെ പോയി വാതിൽ തുറന്നു.
അകത്ത് കയറിയ ഉടനെ ഡോക്ടർ ചോദിച്ചു,“ പനിയുള്ള മോള് എവിടെ? ”
മോൾ കിടക്കുന്നിടത്തേക്ക് വിരൽ ചൂണ്ടി. ഡോക്ടർ വേഗം മകളുടെ അടുത്ത് ചെന്നു.

മകൾക്ക് ഒരു ഇഞ്ചക്ഷൻ നൽകി ഒരു ചെറിയ മരുന്ന് കുപ്പിയും നൽകി.
മറ്റൊരു ഗുളികയ്ക്ക് എഴുത്തും നൽകി പറഞ്ഞു,“ഇത് വാങ്ങി മൂന്ന് നേരം രണ്ട് ദിവസ്സം കൊടുത്താൽ മതി,പനി കുറയും, ഇല്ലെങ്കിൽ ക്ലിനിക്കിലേക്ക് കൊണ്ട് വന്നോളൂ".

അതിന് ശേഷം തന്റെ ബാഗ് കൈയിലെടുത്ത ഡോക്ടർ പറഞ്ഞു, “എന്റെ ഫീസ് അഞ്ഞൂറ് രൂപ പിന്നെ ഇഞ്ചക്ഷന്റെയും മരുന്നിനും ചേർത്ത് ഇരു നൂറും ആകെ എഴുന്നൂറ്‌ രൂപ”

അത് കേട്ട സ്ത്രീ പറഞ്ഞു,“ഡോക്ടർ സർ ഞങ്ങളുടെ കൈയിൽ ഇത്ര പൈസയൊന്നും ഇല്ല,സത്യത്തിൽ ഇപ്പോൾ നിങ്ങൾക്ക് നൽകാൻ ഞങ്ങളുടെ കൈയിൽ ഒന്നുമില്ല”.

അത് കേട്ട ഡോക്ടർ ദേഷ്യത്തോടെ ചോദിച്ചു,“പൈസയില്ലാതെയാണോ ഈ രാത്രിയിൽ എന്നെ ഫോൺ ചെയ്ത് വരാൻ പറഞ്ഞ് ബുദ്ധിമുട്ടിച്ചത്?”

ഫോൺ ചെയ്ത് വരാൻ പറഞ്ഞു എന്ന വാക്ക് കേട്ട സ്ത്രീ മനസ്സിലാക്കി ഡോക്ടർ മറ്റെവിടേക്കോ പോകേണ്ടത് മാറി ഇവിടേക്ക് വന്നതാണെന്ന്.

ധൈര്യത്തോടെ സ്ത്രീ ഡോക്ടറോട് പറഞ്ഞു,“ഡോക്ടർ സർ, ഇവിടെ നിന്ന് ആരും നിങ്ങൾക്ക് ഫോൺ ചെയ്തിട്ടില്ല, സത്യത്തിൽ അങ്ങോട്ട് വിളിക്കാൻ ആകെയുള്ള ഇവിടത്തെ ഫോണിൽ ബാലൻസ് തീർന്നിട്ട് നാളെറെയായി”

മറുപടി കേട്ട ഡോക്ടർ ഒരാളുടെ പേര് പറഞ്ഞ് ഇത് ഇന്ന ആളുടെ മുറിയല്ലെ എന്ന് ചോദിച്ചു. സ്ത്രീ മറുപടി പറഞ്ഞു,“അല്ല സർ അവരുടേത് അടുത്ത മുറിയാണ്” അത് കേട്ട ഡോക്ടർ ഒന്ന് തണുത്തു.

പിന്നീട് അവിടെ നിന്നുമിറങ്ങി, ക്വാർട്ടേർസിലെ അടുത്ത മുറിയിലേക്ക് പോയി. കുറച്ചു സമയങ്ങൾക്ക് ശേഷം വീണ്ടും ഡോക്ടർ ആ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നിട്ട് ചോദിച്ചു,“നിങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ഇവിടെ ജീവിക്കുന്നതെന്ന് നേരത്തെ നിങ്ങൾ സംസാരിച്ചപ്പോൾ മനസ്സിലായി,
പറയൂ എന്താണ് നിങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണം?”

സ്ത്രീയും,പിതാവും അവരുടെ കഥ മുഴുവൻ ഡോക്ടറോട് പറഞ്ഞു.
കുഞ്ഞിന് പനി കൂടുതലായതും തുണിക്കഷ്ണം വെള്ളം നനച്ച് നെറ്റിയിൽ വെച്ചതും നമസ്കരിച്ച് ദുആ ചെയ്തതും എല്ലാം.

എല്ലാം ക്ഷമയോടെ കേട്ട് കൊണ്ടിരുന്ന ഡോക്ടർ അവിടെ നിന്നും പോയി.
കുറച്ചു‌ സമയത്തിനു ശേഷം ഡോക്ടർ‌ വീണ്ടും വന്നു കൈയിൽ അവർക്ക് രാത്രിയിലേക്കുള്ള ഭക്ഷണവും,കുഞ്ഞിനുള്ള ഗുളികയും,ഭക്ഷണം ഉണ്ടാക്കാനുള്ള കുറച്ചു സാധനങ്ങളും ഉണ്ടായിരുന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ സ്ത്രീയുടെ പിതാവിന്റെ കൈയിൽ ഡോക്ടർ കുറച്ച് പണവും നൽകി,എന്നിട്ട് പറഞ്ഞു, “മോൾക്ക് എവിടെയെങ്കിലും ഒരു ജോലി‌ ശരിയാക്കാൻ പറ്റുമോ എന്ന് ഞനും ശ്രമിക്കാം, നിങ്ങൾ വിഷമിക്കരുത്,

മോൾക്ക് ഒരു ജോലി കിട്ടുന്നത് വരെ വീട്ട്  വാടകയ്ക്കുള്ളതും, ചിലവിനുള്ളതും മാസം മാസം ഞാൻ എത്തിക്കാം".
അത് കേട്ട ആ പിതാവിന്റെയും ആ സ്ത്രീയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.

അല്ലാഹുവിൽ‌ പരിപൂർണ്ണ വിശ്വാസം അർപ്പിക്കുമ്പോൾ, അവനോട് ദുആ ചെയ്യുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് ഇതിൽ‌ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു‌.

No comments:

Post a Comment