Pages

Tuesday, October 16, 2018

പെരുന്നാൾ കുപ്പായവും, ദുരിതാശ്വാസ പ്രവർത്തകരും

അസ്മയും,മാധവിയേടത്തിയും
സംസാരിക്കുന്നതും,കരയുന്നതും കണ്ടാണ് മൂന എന്ന അസ്മയുടെ മകളും,മകനായ അക്കുവും സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് വന്ന് കയറിയത്.
മാധവിയേടത്തി പോയ ഉടനെ മൂന ചോദ്യങ്ങൾ ആരംഭിച്ചു
“എന്തിനാ ഉമ്മാ ആ അമ്മ കരയുന്നുണ്ടായിരുന്നത്?”

“അതാരാണുമ്മാ?”
“എവിടെയാ അവരുടെ വീട്?”
“ആരാ സ്കൂളിലാ ഇപ്പോൾ താമസിക്കുന്നത് എന്നൊക്കെ പറഞ്ഞത്”?!
“ന്റെ മൂനാ... നീ എത് എല്ലാം ഒരുമിച്ച് ഒറ്റ ശ്വാസത്തിൽ ചോദിക്കാതെ ..."
“പറയാം, ഞാൻ”..
“അത് ഉമ്മയുടെ തറവാടിനടുത്തുള്ള സ്ത്രീയാ മാധവിയേടത്തി..”
“അവരുടെ മകൾ ശ്രീജ കോഴിക്കോടാ താമസം”
“അവിടെ ഇപ്പോൾ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായിട്ട് ആകെ വല്ലാത്ത ദുരിതത്തിലാ ജനങ്ങൾ മുഴുവൻ”
“മകളുടേയും,മരുമകന്റേയും, പേരമക്കളുടൊയൊക്കെ കാര്യം പറഞ്ഞ് കരഞ്ഞതാ.. അവർ”
“അവിടെത്തെ ജനങ്ങൾ അത്യാവശ്യ സാധനങ്ങൾ ഒന്നും ലഭിക്കാതെ വല്ലാത്ത സങ്കടത്തിലാ..”
“നമുക്ക് എന്താ ഉമ്മാ ഇവിടെന്ന് അവിടെയുള്ളവർക്ക് വേണ്ടി ചെയ്യാൻ കഴിയുക?”
“ഇവിടെയുള്ള വീടുകളിൽ നിന്നൊക്കെ നമുക്ക് സാധിക്കുന്നത്ര സാധനങ്ങൾ സ്വരൂപിച്ച് അവിടെ എത്തിക്കാൻ ശ്രമിക്കണം..”
“പക്ഷെ; സാധനങ്ങൾ അവിടെയെത്തിക്കാൻ
കാശ് വേണം”
“എത്ര വേണ്ടി വരും ഉമ്മാ?”
“അതിപ്പം കുറേ വേണം, ഇവിടെന്ന് നൂറ്റി എഴുപതോളം കിലോ മീറ്റർ ദൂരമുണ്ട്”
“കുറേ എന്ന് വെച്ചാൽ,
വെച്ചാ എത്ര വേണം ഉമ്മാ?!”
“അതിപ്പൊ എനിക്കിപ്പം കണക്കൊന്നും അറീല്ല ന്റെ മൂനേ..”
“വേറെ അവർക്ക് സഹായമായ് എത്തിക്കാൻ എന്താണുമ്മാ‌ ഒരു മാർഗ്ഗം?!”
“പിന്നെ അവിടങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു ദുരിതാശ്വാസ നിധിയിലേക്ക്,ഇവിടെ നിന്നും ബാങ്ക് വഴി നമുക്കാവുന്നത്ര പൈസ അയച്ചു കൊടുക്കണം”
“അപ്പോൾ അതല്ലെ ഉമ്മാ നല്ലത്?”
അത് അർഹതപ്പെട്ടവർക്ക് കിട്ടുകയും ചെയ്യുമല്ലൊ?”
“ആട്ടെ,ഉമ്മ നമ്മുടെ വക എത്രയാ ഇങ്ങിനെ ഒരാവശ്യം വന്നാൽ കൊടുക്കാൻ വിചാരിച്ചിരിക്കുന്നത്?”
“അതിപ്പം ഒരു ആയിരം രൂപ കൊടുക്കും?”
“അത്രേ കൊടുക്കൂ!!?”
“അതെന്താ ഉമ്മാ കുറച്ചു കൂടുതൽ കൊടുക്കാത്തെ?!”
“ഉപ്പ ചിലവിനയച്ച പൈസയിൽ നിന്നും അങ്ങിനെ എടുത്ത് കൊടുത്താ കടമാകും,"
“പിന്നെ അത് വീടാൻ എവിടെന്നാ മൂനേ ന്റെ കൈയിൽ കാശ്?"
മറുപടി പറയാതെ അകത്തേക്ക് പോയ മൂന സഹോദരൻ അക്കുവുമായി തിരിച്ചെത്തി ഉമ്മയുടെ അടുത്ത്
“ഉമ്മാ എനിക്കും അക്കൂനും കൂടി ഇപ്രാവശ്യം പെരുന്നാളിന് ഡ്രസ്സ് എടുക്കാൻ എത്ര രൂപ മാറ്റി വെച്ചിട്ടുണ്ടുമ്മാ?”
“അതിപ്പൊ ഒരു നാലായിരം കാണും,
എന്തേ നീ ചോദിച്ചത്?!”
“ഉമ്മാ എനിക്കും അക്കൂനും ഇപ്രാവശ്യം
പെരുന്നാളിന് ഡ്രസ്സ് വേണ്ട ഉമ്മാ.."
“അതും കൂടി ചേർത്ത് ഉമ്മ അത് അവർക്ക് കൊടുക്ക്”
ഞങ്ങൾ അപ്പുറത്തെ വീട്ടിലെ കുട്ടനോടും,കുഞ്ഞാറ്റയോടും പോയി പറയും ഇപ്രാവശ്യം ഓണത്തിന് എടുക്കുന്ന ഡ്രസ്സിന്റെയും,പടക്കങ്ങളുടേയും കാശും
കൂടി ഈ ആളുകൾക്ക് അയച്ചു കൊടുക്കാൻ..
അവർ ഓടിപ്പോയി
വളരെ സന്തോഷത്തോട് കൂടിയാ തിരിച്ചു വന്നത്
“ഉമ്മാ അവരും സമ്മതിച്ചു ഉമ്മാ..
വിജയേട്ടൻ നാളെ രാവിലെത്തന്നെ കഴിയുന്നത്ര പൈസ അയക്കാമെന്ന് പറഞ്ഞു”
“ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു
അസ്കറിനേയും മൂനയേയും ചേർത്ത് പിടിച്ചു അസ്മ പറഞ്ഞു,
“ഉപ്പയുടെ മക്കൾ തന്നെ,
സങ്കടപ്പെടുന്നവരെ സഹായിക്കാൻ നിങ്ങളുടെ ഉപ്പാക്കും വല്ലത്ത ധൃതിയാണ്”

No comments:

Post a Comment