Pages

Wednesday, October 17, 2018

പെൺ മക്കളുടെ സ്വന്തം വീട്

അടുത്ത കൂട്ടുകാരൻ ഇബ്രാഹിമിന്റെ
വീട്ടിൽ അസീസ് മകളുടെ കല്ല്യാണം ക്ഷണിക്കാനായ് എത്തി.

വിവരങ്ങൾ പറഞ്ഞു കല്ല്യാണക്കത്തും നൽകി.
കത്ത് വായിച്ച ഇബ്രാഹിം പറഞ്ഞു,
“ഏപ്രിൽ മാസം എത്രയാ കല്ല്യാണം!?”
“ഇതേ ഡെയ്റ്റിന് തന്നെയുണ്ട് മൂന്ന് കല്ല്യാണം!”


“എത്രയുണ്ടായാലും നീയും കുടുംബവും കാലത്തേ എത്തിയേക്കണം” എന്റെ വീട്ടിലേക്ക് അസീസ്
ഇബ്രാഹിമിനോട് പറഞ്ഞു


ഇബ്രാഹിം ടേബിൾ ചൂണ്ടിക്കാണിച്ച് പറഞ്ഞു,
“അസീസെ,നീ കണ്ടോ.. അത് അതിനു മേലെ ഏഴോ എട്ടോ കല്ല്യാണ കത്തുകൾ ഉണ്ട്,
എന്നാൽ നിന്റെ മകളുടെ കല്ല്യാണക്കത്തും അതുമായി വലിയ ഒരു വിത്യാസമുണ്ട്!"
“അത് മറ്റൊന്നുമല്ല,എല്ലാ കത്തുകളിലും ചെറുക്കന്റെയും,പെണ്ണിന്റെയും രക്ഷിതാക്കളുടേയും പേരുകൾ എഴുതിയിട്ടുണ്ട്"
“എന്നാൽ,നിന്റെ മകളുടെ കല്ല്യാണക്കത്തിൽ മകളുടെ പേരിന് മുകളിൽ “ എന്റെ പ്രിയപ്പെട്ട മകൾ” എന്നാണ് നീ എഴുതിയിരിക്കുന്നത്"

അസീസിന് സന്തോഷമായി പ്രത്യേകം പറഞ്ഞെഴുതിച്ചതാാണ് കല്ല്യാണക്കത്തിൽ അങ്ങിനെ അത് ഒരാളെങ്കിലും പ്രത്യേകം ശ്രദ്ധിച്ച് പറഞ്ഞല്ലൊ..

മകളുടെ കല്ല്യാണം നന്നായി കഴിഞ്ഞു.
സൽകാരങ്ങളും തിരക്കുകളും കഴിഞ്ഞു.
മൂന്ന് മാസം കഴിഞ്ഞപ്പോൾ അസീസിന്റെ മകളുടെ ഭർത്താവ് ഗൾഫിലേക്കും പറന്നു.

ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലുമായ് മകൾ താമസിച്ചു.
കൂടുതലും ഭർത്താവിന്റെ വീട്ടിലായിരുന്നു.

വീട്ടിൽ വന്നാൽ ഭാര്യ ഇടയ്ക്കിടക്ക് മകളെ എന്തെങ്കിലും വഴക്ക് പറയുന്നത് അസീസ് കേൾക്കുമെങ്കിലും,
അസീസ് ഒന്നും പറയില്ല  ജമീലാക്ക്  ചെറിയ ദേഷ്യം വരുമെങ്കിലും അത് ആ പറയുമ്പോൾ മാത്രമേ ഉള്ളൂ,
ഉള്ളിൽ ജമീലാക്ക് മകളോട് നല്ല സ്നേഹമാണെന്ന് അസീസിനറിയാം.

ജമീലായും,മകളും തമ്മിലുള്ള പ്രശ്നം തീർക്കുമ്പോൾ എന്നും മകളുടെ സൈഡാണ് അസീസെന്ന് ജമീലാക്ക് പരാതിയുണ്ടെങ്കിലും
ഉപ്പയ്ക്ക് മകളോടുള്ള സ്നേഹം കാണുമ്പോൾ ജമീലാക്കും ഏറെ സന്തോഷമാകും.

ഉപ്പയും മകളും എപ്പോഴും നല്ല കൂട്ടുകാരായിരുന്നു.

മകൾക്ക് ഒന്നും അറിയില്ല എന്നല്ല എല്ലാം അറിയാം എന്ന ബോധത്തോടെയാണ് അസീസ് അവളെ വളർത്തിയത്.

ഉപാധികളില്ലാതെ അസീസ് മകളെ സ്നേഹിച്ചു,അവൾ കൊച്ചു തെറ്റുകൾ വരുത്തിയാലും സ്നേഹത്തോടെ ഉപദേശിച്ചതല്ലാതെ ചെറുപ്പം മുതലേ അവളെ ഒരിക്കലും  ശിക്ഷിച്ചിട്ടില്ല,
അത് കൊണ്ട് തന്നെ
മകൾക്കും ഏറെ സ്നേഹമായിരുന്നു ഉപ്പയോട്.

അന്ന് കാലത്തും
ജമീലയുടെ ഉറക്കെയുള്ള ശബ്ദം കേട്ട് അസീസ് ശ്രദ്ധിച്ചു,
അസീസ് അടുക്കളയിലേക്ക് ചെന്നു.
ജമീല നല്ല ദേഷ്യത്തിലായിരുന്നു,

“അവിടെ നിന്ന് രാവിലെ നിസ്കാരം കഴിഞ്ഞാൽ ഉറക്കമൊന്നുമില്ലല്ലൊ..”
“എല്ലാ ജോലിയും എടുത്ത് തീർക്കും,
ഇവിടെ എത്തിയാൽ നിസ്കരിക്കും,
എന്നിട്ട് അതേ പായയിൽ കിടന്നുറങ്ങും"...

“ഞാൻ ഒരുത്തി എല്ലാം തനിയെ ചെയ്തോളണം.."
“എത്ര നേരമായി അവളെ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട്, എന്നിട്ട് കേട്ട ഭാവം പോലുമില്ല അവൾക്ക്..”

ഒന്നും മിണ്ടാതെ ജമീലാ പറയുന്നത് മുഴുവൻ കേട്ട്  അടുക്കളയിൽ  കസേരയിൽ പുഞ്ചിരിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു  അസീസ്.

“നിങ്ങളാണ് അവളെ ഇങ്ങിനെ മോശമാക്കുന്നത്,
നിങ്ങൾക്ക് എന്താ അവളോടെന്തെങ്കിലും പറഞ്ഞാൽ?;"...

“കല്ല്യാണം കഴിഞ്ഞതാണൊന്നും ഞാൻ നോക്കില്ല, നോക്കിക്കൊ...
നല്ല ചുട്ട അടി വെച്ച് കൊടുക്കും ഞാൻ”...

“എന്റെ ജമീല നമ്മുടെ മോൾ നമ്മുടെ വീട്ടിൽ വന്നാൽ ചില്ലറ കുസൃതികളും, അനുസരണക്കേടും ഒക്കെ കാണിച്ചെന്നിരിക്കും..”

“അത് നമ്മളോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല,
അവൾ നമ്മളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാ അത് ..”

“അത് നമ്മൾ മനസ്സിലാക്കണം..”
“മക്കൾ സ്വന്തം വീട്ടിലേക്ക് വരികയെന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാന്തന്ത്ര്യം കിട്ടിയത് പോലെയാ..”

അപ്പോഴാണ് ഇതൊക്കെ കേട്ട് അസീസിന്റെ മകൻ എത്തിയത്..“അത് ശരി തന്നെ ഉപ്പാ..

ഞാൻ അവളോട് നീ എപ്പോഴാ ഇത്താത്ത തിരിച്ച് പോകുന്നേ എന്ന് ചോദിച്ചാൽ ,എന്റെ അല്ലാഹ്...
എന്തൊരു ദേഷ്യമാ ഇത്താത്താക്ക്...
വന്ന് കേറിയില്ല പുരയിലേക്ക് ...
അതിന് മുമ്പ് അവന്റെ ഒരു ചോദ്യം
ഞാൻ തിരിച്ചു പോകുന്നില്ല....
നീ വേണമെങ്കിൽ പോയ്ക്കോ എവിടേങ്കിലും എന്നാ മിനിഞ്ഞാന്ന് പറഞ്ഞത്”....

അവൻ പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.

കോളിങ്ങ് ബെൽ കേട്ട്..
“ആരാന്ന് നോക്കിയേ മോളേ..”

കോളേജിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന ചെറിയ മകളോട് അസീസ് പറഞ്ഞു.

“എനിക്കറിയില്ല ഉപ്പ പരിചയമില്ലാത്ത
ആരോ ആണ്”

“ശരി ഞാൻ വന്ന് നോക്കാം”

“മനസ്സിലായില്ലല്ലൊ ആരാ”...?

വന്ന ആളോട് അസീസ് ചോദിച്ചു.
“ഞാൻ ബഷീർ, കടവത്ത് നിന്ന് വരുകയാ..”

“വരൂ.. അകത്ത് ഇരിക്കാം”

അസീസ് ബഷീറിനെ അകത്തേക്ക് ക്ഷണിച്ചു.

രണ്ട് പേരും സോഫയിൽ ഇരുന്നു.

”എന്താ കുടിക്കാൻ എടുക്കേണ്ടത്?”..

“ഒന്നും വേണ്ട ..ഇപ്പോൾ ചായ കുടിച്ചിട്ടിറങ്ങിയതാ, വീട്ടിൽ നിന്നും"...

“എന്നാൽ ജ്യൂസ് എടുക്കാം..”
“പഞ്ചസാര എങ്ങിനെ?”

“കുഴപ്പമില്ല ..”ബഷീർ പറഞ്ഞു


“മോനേ എന്തെങ്കിലും ജ്യൂസ് കൊണ്ട് വന്നേ..”അസീസ് മകനോട് വിളിച്ചു പറഞ്ഞു

“അസീസ്ക്കാ.. ഞാൻ വന്ന കാര്യം പറയാം"
“ഞാൻ ഒരു ആലോചനയുമായ് വന്നതാ
നിങ്ങളുടെ ഇളയ മകൾക്ക് റഹ്മാൻ ഹാജിക്കാന്റെ മകനു വേണ്ടി സംസാരിക്കാൻ അദ്ധേഹം
പറഞ്ഞു എന്നോട്"...

അത് കേട്ട മകൻ അടുക്കളയിൽ ചെന്ന് വന്ന ആൾ കല്ല്യാണാലോചനയുമായ് വന്നതാണെന്ന് പറഞ്ഞപ്പോൾ ജമീലയും വന്ന് ബഷീർ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.

“അവർ നിങ്ങളുടെ മകളെ ഒരു കല്ല്യാണ വീട്ടിൽ വെച്ച് കണ്ടിരുന്നുവത്രെ അവർക്ക്
ഇഷ്ടപ്പെട്ടു”

“അത് കൂടാതെ നിങ്ങളുടെ മൂത്ത മകളെ കല്ല്യാണം കഴിച്ചയച്ച വീട്ടിലും അവർ അന്വേഷിച്ചിരുന്നു,
അവരും നിങ്ങളേയും ഭാര്യയേയും മക്കളേയും കുറിച്ച് നല്ല അഭിപ്രയമാ പറഞ്ഞത്”

“റഹ്മാൻ ഹാജിക്കാന്റെ ഭാര്യ നിങ്ങളുടെ മൂത്ത മകളുടെ ഭർത്താവിന്റെ ഉമ്മയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവരും പറഞ്ഞുവത്രെ..”

“എന്റെ മരുമകൾ കാലത്ത് ഉണർന്ന് വീട്ടിലെ ജോലികളെല്ലാം ചെയ്യും"
“എന്നെയും അവന്റെ ഉപ്പാനെയുമൊക്കെ സ്വന്തം ഉമ്മാനെയും ഉപ്പാനെയും പോലെ തന്നെയാ ശ്രദ്ധിക്കുന്നത്”

“സത്യം പറയാല്ലോ,എന്റെ സ്വന്തം  പെണ്മക്കളെക്കാൾ ഏറെ സ്നേഹവും മറ്റും ലഭിച്ചത് ഞങ്ങൾക്ക് ഈ മകളിൽ നിന്നുമാ..”

“എന്ത് പറഞ്ഞാലും അവൾ പറയും,“ “എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട് ഭർത്താവിന്റെ ഉമ്മാനെയും, ഉപ്പാനെയും സ്വന്തം ഉപ്പാനെയും ഉമ്മാനെയും പോലെ കാണണം കുറ്റം പറയാൻ ഇടവരുത്തരുത്”
അങ്ങനെ വല്ലതും  ഉണ്ടായാൽ അവർ പറയും,
“വളർത്തു ഗുണമാണ് ഉമ്മ ഒന്നും പറഞ്ഞ് കൊടുത്തിട്ടില്ല എന്ന് ...
അത് കൊണ്ട് ഉമ്മാനെ പറയിപ്പിക്കരുതെന്ന്”

ബഷീർ പറഞ്ഞു നിർത്തിയപ്പോൾ

അസീസ് പറഞ്ഞു,
‘നോക്കട്ടെ, ഞാൻ എന്റെ മകളോടും,
മറ്റു കുടുംബത്തിലെ മുതിർന്നവരോടും ആലോചിച്ച് ബഷീറിനെ വിളിക്കാം"..

അത് പറഞ്ഞ് അസീസ് അകത്തെ മുറിയിൽ വന്നപ്പോൾ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ജമീലയെയാണ് കണ്ടത്.

“ഇതെന്ത് പറ്റി നിനക്ക്!?”
“എന്റെ മോള്...”
ജമീല വിതുമ്പി

“അത് തന്നെയല്ലെ ഞാൻ പറഞ്ഞത്,
ഇവിടെ വരുമ്പോൾ അവൾ കാണിക്കുന്ന ചെറിയ അനുസരണക്കേടും, കുസൃതിയും കാര്യമാക്കണ്ട എന്ന്”

അതൊക്കെ കേട്ട് കൊണ്ടിരുന്ന  അസീസ്ക്കാന്റെ മകൻ പറഞ്ഞു,
“ഉമ്മാ നേരം
എത്രയായി എന്ന് നോക്കിയേ...
ഈ ഇത്താത്ത എന്തൊരു ഉറക്കമാ..
ഞാൻ മേലെ പോയി വിളിക്കട്ടെ?"...


ജമീല പറഞ്ഞു, "നീ ഒന്ന് മിണ്ടാതിരുന്നേ..
അവൾ കുറച്ച് ഉറങ്ങിക്കോട്ടെ.."

അത് കേട്ട അസീസും മകനും പരസ്പരം നോക്കി ചിരിച്ചു.

No comments:

Post a Comment