Pages

Thursday, October 3, 2019

(ഷെയർ ചെയ്യുക,ജീവിതത്തിൽ പരീക്ഷണങ്ങൾ കാരണം വിഷമിച്ചിരിക്കുന്നവർക്ക് ചെറിയൊരു‌ താലോടലാവട്ടെ )
✒Haneef Labbakka Pakyara
ജീവിതത്തിൽ രോഗങ്ങൾ,സാമ്പത്തിക ബുദ്ധിമുട്ടുകൾ,ബന്ധങ്ങളിൽ വിള്ളലുകൾ,തെറ്റിദ്ധാരണ മൂലം ആളുകൾ വെറുക്കൽ അങ്ങിനെ ഒത്തിരി സങ്കടങ്ങളും,പ്രയാസങ്ങളും നൽകി അല്ലാഹു അവനിഷ്ടപ്പെടുന്നവരെ പരീക്ഷിച്ചേക്കാം.

ക്ഷമയോടെ അല്ലാഹുവിൽ പൂർണ്ണമായും വിശ്വസിച്ച്,അവനോട്‌ അടുത്ത് ദുആ ചെയ്ത് ജീവിക്കുമ്പോൾ ചില സമയം വിഷമങ്ങൾ വർദ്ധിച്ചേക്കാം, പുതിയ പുതിയ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം.

ആരും ഈ ജീവിതത്തിൽ‌ പൂർണ്ണ സംതൃപ്തരല്ല,എല്ലാവർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഷമങ്ങൾ ഉണ്ടാകും.

ചിലർ അത് പുറമെ പ്രകടിപ്പിക്കുകയോ, പറയുകയോ ചെയ്യുന്നു.
മറ്റു‌ ചിലർ നാണക്കേട് കൊണ്ട് പറയുന്നില്ല,മറ്റു ചിലർ ഞാൻ പരാതി പറയേണ്ടത് എന്റെ അല്ലാഹുവിനോട് മാത്രമാണെന്ന‌് ഉറച്ച് വിശ്വസിച്ച് പറയുന്നില്ല.

നമ്മൾ പുറമെ നിന്ന് നോക്കുമ്പോൾ നമുക്കില്ലാത്ത പല അനുഗ്രഹങ്ങളും അവർക്ക് ലഭിച്ചതായ് കാണാം, അവർക്കുള്ള‌ നമ്മളറിയാത്ത വിഷമം അതവർക്കേ അറിയൂ.

ഓരോരുത്തരും ഓരോ രീതിയിലായിരിക്കാം ആഗ്രഹിക്കുന്നത്
എന്റെ രോഗം മാറിയാൽ മതിയായിരുന്നു,
എന്റെ കടങ്ങൾ‌ തീർന്നാൽ മതിയായിരുന്നു,
ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ സമാധാനം ഉണ്ടായാൽ‌ മതിയായിരുന്നു,
മകളുടെ കല്ല്യാണം,
ഒരു വീട്,
ഒരു കുഞ്ഞ്,
അങ്ങിനെ മനുഷ്യന്റെ ആവശ്യങ്ങൾ‌ പലർക്കും പലതാകാം.

സത്യമാണ് ഒന്ന് നേടിക്കഴിയുമ്പോൾ‌ ആഗ്രഹം മറ്റൊന്നിലേക്ക് വഴി‌മാറും
ഇത് വായിക്കുന്ന എനിക്കും‌ നിങ്ങൾക്കും
ഈ പറഞ്ഞ അവസ്ഥകൾ തന്നെയാണ്
എന്ന കാര്യത്തിൽ സംശയമില്ല.

എന്ത് പരീക്ഷണങ്ങൾ തന്നെ ഉണ്ടായാലും
ധൈര്യം കൈ വിടരുത്,
അല്ലാഹുവിലുള്ള‌ വിശ്വാസം‌ വർദ്ധിപ്പിച്ച്
അവനോട് കൂടുതൽ അടുത്ത് അവനോട് ദുആ ചെയ്യുക.

പെട്ടെന്ന് ഉത്തരം ലഭിക്കുന്നില്ല എന്ന് കരുതി ദുആ ചെയ്യുന്നതോ,നിങ്ങളുടെ ശ്രമമോ ഉപേക്ഷിക്കരുത്,ശ്രമം തുടരുക
അല്ലാഹു നമ്മെ കൂടുതൽ‌ കൂടുതൽ‌ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം ഓർമ്മിക്കുക.

എത്ര കഠിനമായ്‌ നിങ്ങൾ പരിശ്രമിക്കുന്നുണ്ട് എന്നും,അതിനായ് നിങ്ങൾ എന്തെല്ലാം നഷ്ടങ്ങളും‌ സുഖങ്ങളും ത്യജിച്ചാണ് നിങ്ങൾ‌ ജീവിക്കുന്നതെന്നും അവന് നന്നായി അറിയാം.

ഇനി എന്തായിരിക്കും വരാനിരിക്കുക എന്നോർത്ത് വിഷമിക്കരുത്,എന്ത് തന്നെ ആയാലും എന്റെ റബ്ബ് എനിക്ക് നല്ലതിന് വേണ്ടിയേ എന്തും നൽകൂ എന്ന പൂർണ്ണ വിശ്വാസമുണ്ടാകണം.

അവൻ നൽകിയ പരീക്ഷണങ്ങൾ കാരണം എനിക്ക് പ്രായസങ്ങളും സങ്കടങ്ങളും ഇപ്പോഴുണ്ടെങ്കിലും അത് എളുപ്പവും സന്തോഷവുമുള്ളതാക്കി മാറ്റാനും അവൻ കഴിവുള്ളവനാണെന്ന‌ പൂർണ്ണ വിശ്വാസം നമുക്ക് ഉണ്ടാകണം.

തീർച്ചയായും ദുഷ്കരമായ യാത്രയുടെ അന്ത്യം അത് വളരെ‌ മനോഹരമായിരിക്കും.
ഏലസ്സ്
-------
📝#HaneefLabbkka
സമ്പന്നയായ ഒരു സ്ത്രീ ഒരു ഗുരുവിനടുത്തു
പോയി എന്നിട്ട് പറഞ്ഞു,“എനിക്ക് അങ്ങ് ഒരു ഏലസ്സ് ഉണ്ടാക്കിത്തരണം,അത് ഞാൻ കൈയിൽ വെയ്ക്കുകയോ വീട്ടിൽ വെയ്ക്കുകയോ ചെയ്താൽ ഞാൻ പറയുന്നതെല്ലാം എന്റെ ഭർത്താവ് അനുസരിക്കുമാറാകണം”
“എന്നെ വളരെയധികം ഇഷ്ടപ്പെടുകയും,
സ്നേഹിക്കുകയും വേണം”
എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹമില്ല,മുൻ കോപിയും,വാശിക്കാരനുമാണ്".

ഗുരു ദീർഘവീക്ഷണമുള്ള ഒരു മഹാനായിരുന്നു.
ഗുരു പറഞ്ഞു,“ഇങ്ങനെ ഒന്ന് ഉണ്ടാക്കണമെങ്കിൽ പ്രധാനമായും വേണ്ടത് സിംഹത്തിന്റെ കഴുത്തിലുള്ള രോമങ്ങളാണ്”
“കൂടാതെ,ആ രോമങ്ങൾ നിങ്ങൾ സ്വയം  എങ്ങിനെയെങ്കിലുമായി ഏതെങ്കിലും സിംഹത്തിന്റെ കഴുത്തിൽ നിന്നും പിഴുതെടുക്കണം”
“എങ്കിൽ മാത്രമേ ഞാൻ ഉണ്ടാക്കി നൽകുന്ന ഏലസ്സ് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ”.

ആ സ്ത്രീ ഏറെ വിഷമത്തോടെ
തിരിച്ച് വന്നു.
അവർ തന്റെ  കൂട്ടുകാരികളോട് കാര്യം പറഞ്ഞു.
ഒരു കൂട്ടുകാരി പറഞ്ഞു,“ഈ കാര്യം ബുദ്ധിമുട്ടാണ് എങ്കിലും സാധിക്കാത്തതൊന്നുമല്ല”
“നീ ഒരു കാര്യം ചെയ്യ്,എല്ലാ ദിവസവും അഞ്ച് കിലോ ഇറച്ചിയുമായി കാട്ടിൽ പോകുക,സിംഹം വരുന്ന വഴിയിൽ ആ ഇറച്ചിയിട്ട് നീ ഒളിഞ്ഞിരിക്കുക”
“പിന്നീട് ഓരോ ദിവസം കഴിയുന്തോറും സിംഹത്തിനു മുന്നിൽ അടുത്തടുത്ത് തന്നെ ഇറച്ചിയിട്ട് കൊടുക്കുക,സിംഹം അപ്പോൾ നിന്നെ ഒന്നും ചെയ്യില്ല,നിന്നോട് സ്നേഹം കാണിക്കുകയും ചെയ്യും”
“പിന്നീട് സിംഹം നിന്നോട് അടുത്ത് കഴിഞ്ഞാൽ വാൽസല്യത്തോടെ നീ സിംഹത്തിന്റെ കഴുത്തിൽ താലോടി
പതുക്കെ രോമങ്ങൾ പിഴുതെടുക്കുക”
ആ സ്ത്രീക്ക് കൂട്ടുകാരിയുടെ വാക്കുകൾ ഇഷ്ടപ്പെട്ടു.

പിറ്റേദിവസം തന്നെ ഇറച്ചി വാങ്ങിയിട്ട്  കാട്ടിലേക്ക് പോയി.
ഇറച്ചിയിട്ട് ഒളിഞ്ഞിരുന്നു
സിംഹം വന്നു ഇറച്ചി തിന്നു തിരിച്ചു പോയി.
ആ സ്ത്രീ ഒരു മാസം വരെ ഇത് തുടർന്നു.

ഒരു മാസത്തിനു ശേഷം സിംഹത്തിനു മുന്നിൽ പോയി ഇറച്ചിയിട്ട് കൊടുക്കാൻ ആരംഭിച്ചു‌.
സ്ത്രീ ചിന്തിച്ചു സിംഹം മനസ്സിലാക്കട്ടെ, ആരാണ് തനിക്ക് ദിവസവും ഇറച്ചി നൽകുന്നതെന്ന്.

പിന്നീട്  സിംഹവും സ്ത്രീയോട് അടുപ്പം കാണിക്കാൻ തുടങ്ങി.
സ്ത്രീയും ധൈര്യത്തോടെ സിംഹത്തിന്റെ കഴുത്തിൽ താലോടിക്കൊണ്ടിരുന്നു.
ഒരു ദിവസം സന്ദർഭം നോക്കി സ്ത്രീ സിംഹത്തിന്റെ കഴുത്ത് താലോടുന്നതിനിടയിൽ കുറച്ചു രോമങ്ങൾ പിഴുതെടുത്തു.

 സന്തോഷത്തോടെ ഗുരുവിനടുത്ത് ചെന്നു പറഞ്ഞു,“
“ഇതാ ഗുരോ... ഞാൻ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്ത് കൊണ്ട് വന്നിരിക്കുന്നു”
“ഇനി അങ്ങ് ഏലസ്സ് ഉണ്ടാക്കാൻ ആരംഭിച്ചാലും”

ഗുരു ചോദിച്ചു,“എങ്ങിനെയാണ് നിങ്ങൾക്ക് ഈ രോമങ്ങൾ ലഭിച്ചത്”
സ്ത്രീ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.

ഗുരു പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു,“നിങ്ങളുടെ ഭർത്താവ് ഈ സിംഹത്തേക്കാൾ ക്രൂരനാണോ?”
“  ക്രൂരനായ   സിംഹം പോലും    നിങ്ങൾ കുറച്ചു നാൾ പരിചരിച്ചപ്പോൾ നിങ്ങളോട് സ്നേഹവും അനുസരണയും കാണിച്ചു എങ്കിൽ നിനക്ക് ആ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്തപ്പോൾ പോലും നിങ്ങളെ ഒന്നും ചെയ്തില്ലായെങ്കിൽ
പിന്നെ നിങ്ങളുടെ ഭർത്താവിന്റെ മനസ്സാണോ അലിയാത്തത്.”

“ക്രൂരനായ  കാട്ടു രാജാവായ  സിംഹത്തിനെ പരിപാലിച്ച് ശ്രദ്ധിച്ചപ്പോൾ അവൻ നിങ്ങൾക്ക് വഴങ്ങി എങ്കിൽ പിന്നെ സാധാരണക്കാരനായ നിങ്ങളുടെ ഭർത്താവും നിങ്ങളെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യും”

“ഒരു കാര്യം ഓർക്കുക, നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ പരിചരിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം സ്രഷ്ടാവിൽ നിന്നുള്ള തൃപ്തി അഗ്രഹിച്ചു കൊണ്ട് മാത്രമായിരിക്കണം,
പിന്നീട് നിങ്ങൾ നോക്കിക്കൊള്ളുക സ്രഷ്ടാവ് എങ്ങിനെയാണ് നിങ്ങളുടെ വീട്ടിലും ജീവിതത്തിലും സന്തോഷവും സമാധാനവും നൽകുന്നതെന്ന്”

*പ്രിയപ്പെട്ടവരെ ഇത് വെറും ഒരു കഥയായിരിക്കാം.എന്നാൽ ഈ കഥയിൽ നിന്നും നമുക്ക് വലിയൊരു പാഠം ഉൾക്കൊള്ളാനുണ്ട്.
ഉമ്മയ്ക്കിഷ്ടപ്പെട്ട ഭക്ഷണം
------------------
✒#HaneefLabbakka
അവനിന്ന് നല്ല ജോലിയും സമ്പത്തുമെല്ലാം ഉണ്ട്.
ഒരു ദിവസം അവൻ
കൂട്ടുകാർ ഒരുമിച്ചിരുന്ന്
വീടിനെക്കുറിച്ചും,
മാതാപിതാക്കളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ
കൂട്ടുകാരൻ ചോദിച്ചു,
“നിന്റെ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണ്?”

അവൻ ചിന്തിക്കാൻ തുടങ്ങി
എന്താണ് എന്റെ ഉമ്മാക്ക് ഏറ്റവും
ഇഷ്ടപ്പെട്ട ഭക്ഷണം?
അവൻ ചെറുപ്പകാലത്തെ ഓർമ്മയിൽ മുഴുകി.
ഉമ്മ തനിക്ക് വേണ്ടി സന്തോഷത്തോടെ  ഉണ്ടാക്കി നൽകിയിരുന്നത് അവൻ ഓർത്തു.

അവൻ  ചെറുപ്പകാലം ഓർത്തു
അവർ വളരെ ദരിദ്രരായിരുന്നു.
ഉപ്പയ്ക്ക് കൂലിപ്പണിയായിരുന്നു.
അതും എല്ലാ ദിവസവും ജോലി ഉണ്ടായിരുന്നില്ല.
ചെറിയ വീടും വലിയ കുടുംബവുമായിരുന്നു അവരുടേത്.
വല്ല്യുപ്പയും വല്ല്യുമ്മയും എല്ലാം അവരുടെ കൂടെത്തന്നെയായിരുന്നു.

അവൻ ഓർത്തു ഉമ്മ നല്ല സമാധനത്തോടെ സന്തോഷത്തോടെ മറ്റുള്ളവരെ ഒരു വിഷമവും അറിയിക്കാത്ത രീതിയിൽ വീട്ടിലെ കാര്യങ്ങൾ ചെയ്തിരുന്നു.
ഉമ്മ ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലുള്ള ഒരോരുത്തർക്ക് ഇഷ്ടപ്പെട്ടത് ഓരോ  ആഴ്ചകളിലായി വളരെ കുറച്ചാണെങ്കിലും ഉണ്ടാക്കി നൽകുമായിരുന്നു.
അത് കൊണ്ട്
അവൻ പഴയകാലം ഓർത്തപ്പോൾ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം അവന്റെ ഓർമ്മയിൽ വന്നു.

പക്ഷെ; ഉമ്മയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്ന് മാത്രം അവന് ഓർമ്മ കിട്ടിയില്ല.
എന്താണ് ചിന്തിക്കുന്നത്?
അവന്റെ മറ്റൊരു കൂട്ടുകാരൻ ചോദിച്ചു.
അവൻ ചിന്തയിൽ നിന്നുണർന്നു.

അവന്റെ കണ്ണുകൾ നിറഞ്ഞു.
കൂട്ടുകാർ അൽഭുതത്തോടെ അവനെ നോക്കി.
അവൻ വിങ്ങലോടെ പറഞ്ഞു,
“തലേദിവസത്തെ ബാക്കിയായ കറികളോ
അപ്പങ്ങളോ ആയിരുന്നു എന്റെ ഉമ്മാക്ക്
ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം”
അത് പറഞ്ഞു പൊട്ടിക്കരഞ്ഞു പോയ
അവനെ അവന്റെ കൂട്ടുകാർ സമാധാനിപ്പിച്ചു.

*പ്രിയപ്പെട്ടവരെ ജീവിതം ഇങ്ങിനെ തീർന്നു പോകും. നമ്മൾ നമ്മുടെ ഇഷ്ടത്തിന്റേയും,അനിഷ്ടത്തിന്റേയും
കാര്യം ഏറെ ശ്രദ്ധിക്കുന്നു.
എന്നാൽ നമ്മളിൽ പലരും ശ്രദ്ധിക്കുന്നതേയില്ല നമ്മുടെ മാതാപിതക്കൾക്ക് എന്താണ് ഇഷ്ടമെന്ന്?

ആരുടെയൊക്കെ മാതാപിതാക്കൾ ഇന്ന് ജീവിച്ചിരിപ്പുണ്ടോ അവരോട് അപേക്ഷിക്കുന്നു അവരെ ശ്രദ്ധിക്കുക,സ്നേഹിക്കുക,ബഹുമാനിക്കുക. ഓർക്കുക ഇനിയും സമയം വൈകിയിട്ടില്ല.

ഇന്ന് തന്നെ അവരോട് ചോദിക്കുക
അവരുടെ ഇഷ്ടങ്ങൾ ചോദിച്ചറിയുക.
അത് ഭക്ഷണത്തിന്റെ കാര്യമായാലും,മറ്റുള്ള കാര്യങ്ങളാണെങ്കിലും അറിയുക.

എന്നിട്ട് കഴിയുന്നതും അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കാൻ തയ്യാറാവുക.
തീർച്ചയായും നിങ്ങളുടെ മനസ്സിന് ലഭിക്കുന്ന സമാധാനം അനുഭവിച്ചറിയുക.
കൂടാതെ നിങ്ങൾ ഇങ്ങിനെ ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന സന്തോഷം അത് എത്രയായിരിക്കുമെന്ന് ഒരു കണക്കുമുണ്ടാകില്ല.
വയറിലെ പാടുകൾ
-------------
#HaneefLabbakka
പ്രിയപ്പെട്ട ഭർത്താക്കന്മാരെ
നിങ്ങളുടെ ഭാര്യയുടെ വയറിലെ പാടുകളും നീളമുള്ള വരകളും  മാതൃത്വത്തിന്റെയും അതിനായ് അനുഭവിച്ച വേദനകളുടെയും അടയാളങ്ങളാണ്.
അത് സ്നേഹത്തിന്റേയും, ജീവിതത്തിന്റേയും അടയാളങ്ങളാണ്.

ഓർക്കുക അവൾ എത്ര സുന്ദരിയായിരുന്നു നിങ്ങളുടെ ജീവിതത്തിൽ അന്ന്
വിവാഹിതയായി വന്നപ്പോൾ.
നിങ്ങൾ അന്ന് പ്രണയത്തിലായ അതേ സ്ത്രീയാണ് അവൾ! 
ഇപ്പോൾ വ്യത്യാസം,അവൾ  കുട്ടികൾക്ക്
ജന്മം നൽകി, അവൾ നിങ്ങൾക്ക് പുതു ജീവിതം നൽകി,അവൾ നിങ്ങൾക്ക് ഒരു കുടുംബത്തെ നൽകി അനുഗ്രഹിച്ചു.

നിങ്ങൾ ഭാര്യയെ അവഗണിക്കരുത്, മാതൃത്വത്തിനൊപ്പം വരുന്ന എല്ലാ  അടയാളങ്ങളേയും അഭിനന്ദിക്കുക. പ്രസവ ശേഷം കുറച്ച വയറു കൂടുതലാണെന്ന കാരണം നിങ്ങളുടെ ഭാര്യയെ അവഗണിക്കരുത്. ഉപേക്ഷിക്കരുത്, മറക്കരുത് അവിടെയാണ് അവൾ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആൺ മക്കളെയും പെൺമക്കളെയും മാസങ്ങളോളം പാർപ്പിച്ചിരുന്നത്.

പാടുകളും നീളമുള്ള അടയാളങ്ങളും നിങ്ങളോട് അവൾക്കുള്ള സ്നേഹത്തെയാണ് കാണിക്കുന്നത്. പ്രസവ മുറിയിൽ അവൾ അനുഭവിച്ച വേദന നിങ്ങളോടുള്ള അവളുടെ അനന്തമായ സ്നേഹത്തിന്റെ തെളിവാണ്.

 പ്രിയപ്പെട്ട  ഭർത്താക്കന്മാരെ,
അവൾക്ക് ഇനിയും കൂടുതൽ വേദനകൾ നൽകി സങ്കടപ്പെടുത്തരുത്.
ദയവ് ചെയ്ത് മാനസീകമയോ,ശാരീരികമായോ അവളെ ഉപദ്രവിക്കരുത്.
അവളെ പരിഹസിക്കരുത്.
അവളുടെ ശരീരത്തെ അപമാനിക്കരുത്.

അവളെ അഭിനന്ദിക്കുകയും
അവളോട് കൂടുതൽ സ്നേഹം കാണിക്കുകയും ചെയ്യുക.
നന്മകളുടെ പൂക്കാലം
---------------
© #HaneefLabbakka
പഴവർഗ്ഗങ്ങൾ അടുക്കിവെച്ച ആ ഉന്തുവണ്ടിയിൽ‌ എല്ലാ പഴങ്ങളുടേയും വില എഴുതി വെച്ചിരുന്നു.
കൂടാതെ ഒരു കാർബോർഡിൽ വൃത്തിയായി‌ ഇങ്ങിനെ എഴുതിയിരുന്നു “പ്രായമുള്ള എന്റെ ഉമ്മ വീട്ടിൽ തനിച്ചാണ്,ഉമ്മയെ പരിചരിക്കാൻ എനിക് ഇടക്കിടക്ക് വീട്ടിലേക്ക് പോകേണ്ടി വരുന്നു.
നിങ്ങൾക്ക് തിരക്കുണ്ടെങ്കിൽ
ആവശ്യമുള്ളത് തൂക്കിയെടുത്ത് തുക സൈഡിലുള്ള ചെറിയ പെട്ടിയിൽ ഇട്ടേക്കുക,
നിങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ
എന്റെ വക ആവശ്യമുള്ളത് എടുത്ത് കൊള്ളുക"

അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി
തുലാസിൽ ഓറഞ്ചും നേന്ത്രപ്പഴവും
തൂക്കിയെടുത്തു.
കാശിടാൻ പറഞ്ഞ പെട്ടി തുറന്ന്
നോക്കി.
അതിൽ നൂറിന്റേയും,അമ്പതിന്റേയും
മറ്റു നോട്ടുകളും വേറെയുമുണ്ടായിരുന്നു.
അവൻ തൂക്കിയെടുത്ത സാധനങ്ങളുടെ
വില നോക്കി കണക്ക് കൂട്ടി കാശ് പെട്ടിയിലിട്ടു.

ഫ്ലാറ്റിലെത്തിയ അവൻ
അനുജനോട്,“ഞാൻ ഇപ്പോൾ വരാം"
എന്ന് പറഞ്ഞിറങ്ങി.
തിരിച്ചു വന്നപ്പോൾ അനുജൻ ചോദിച്ചു,
“എവിടെപ്പോയതാ ...”
“ഒരാൾക്ക് ഒരു സാധനം കൊടുക്കാൻ പോയതാണ്..”
പിന്നെ അവൻ പറഞ്ഞു,
“നമുക്ക് കുറച്ച് കഴിഞ്ഞ് ഒരിടം വരെ പോകണം,ഞാൻ നിനക്ക് ഒരാളെ കാണിച്ചു തരാം”.

സന്ധ്യയായപ്പോൾ അനുജനേയും കൂട്ടി മാർക്കറ്റിൽ ചെന്നു.
ആ ഉന്തുവണ്ടിയുടെ കുറച്ചു ദൂരെ കാത്തിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ
അവിടെ മദ്ധ്യവയസ്കനായ ഒരാൾ വന്നു.
താടി പകുതിയോളം നരച്ചിട്ടുണ്ട്
തുണിയും നീളം കുപ്പായവുമാണ് വേഷം.

അദ്ധേഹം വണ്ടി തള്ളി‌‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
അവർ വേഗം നടന്നു അദ്ധേഹത്തിനരികിൽ എത്തി
അവരെ കണ്ടപ്പോൾ
പുഞ്ചിരിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞു
“സർ,എല്ലാം തീർന്നു‌‌ പോയല്ലൊ”.

പുഞ്ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു
”സാരമില്ല”
“ഇക്കയുടെ പേരെന്താ?”
അദ്ധേഹം പറഞ്ഞു,“ഹുസൈൻ”
“ഇക്കയുടെ ഈ വണ്ടിയും ഈ
ബോർഡുമെല്ലാം?”
“എന്താ ഇക്കയുടെ കഥ?"

വണ്ടി തള്ളി നടക്കുന്നതിനിടയിൽ
അദ്ധേഹം പറഞ്ഞു..
“സർ,കഴിഞ്ഞ ആറു വർഷമായി ഉമ്മ കിടപ്പിലാണ്"
“ഒന്നിനും കഴിയില്ല"
“ഇപ്പോൾ മാനസീകമായും ഉമ്മാക്ക്
ചില്ലറ പ്രയാസങ്ങളുണ്ട്"
“ഞാൻ ഉമ്മയുടെ ഒരേയൊരു മകനാ"
“എനിക്ക് മക്കളൊന്നുമില്ല"
“ഭാര്യ നേരത്തേ മരിച്ചു പോയി"
“ഉമ്മയ്ക്ക് വയ്യാണ്ടായപ്പോൾ എല്ലാവരും പറഞ്ഞതാ മറ്റൊരു കല്ല്യാണം കഴിക്കാൻ"
“ഞാൻ വേറെ കല്ല്യാണം കഴിച്ചില്ല,
എനിക്ക് പേടിയാ എന്റെ ഉമ്മയെ അവർ ശ്രദ്ധിച്ചില്ലെങ്കിലോ?”
“ഇപ്പോൾ ഞാനാണ് ഉമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്നത്”.

“പിന്നെ ഈ വണ്ടിയുടേയും ബോർഡിന്റേയും കഥ”
“ഉമ്മ കിടപ്പിലായി കുറച്ചു നാളുകൾക്ക് ശേഷം ഞാൻ ഒരു ദിവസം ഉമ്മയുടെ കാലുകൾ തടവി
കൊടുക്കുകയായിരുന്നു."
ഉമ്മയോട് പറഞ്ഞു,“ഉമ്മാ..
എന്തെങ്കിലും പണിക്ക് പോകണമെന്നുണ്ട്,
കൈയിൽ ഒന്നുമില്ലുമ്മാ..,
ഉമ്മയാണെങ്കിൽ എന്നെ എവിടെയും പോകാൻ സമ്മതിക്കുന്നില്ലല്ലൊ..
ഞാൻ അടുത്തില്ലെങ്കിൽ ഉമ്മയ്ക്ക് പേടിയാകുന്നു എന്നല്ലേ ഉമ്മ പറയുന്നത്?"
“ഞാൻ എന്താണുമ്മ ചെയ്യേണ്ടത്?"
“ഉമ്മ തന്നെ പറ"
“വെറുതെയിരുന്നാൽ നമ്മുടെ ചിലവിനും,
ഉമ്മയുടെ മരുന്നിനുമെല്ലാം എവിടുന്നാണുമ്മാ കാശ് കിട്ടുക?".

ഒരു ഭാഗം തളർന്നു പോയ മുഖം കൊണ്ട് ഉമ്മ പുഞ്ചിരിക്കാൻ ശ്രമിച്ചു.
ചെറുതായി ഉയർത്താൻ കഴിയുമായിരുന്ന ഒരു കൈ വിറച്ചു കൊണ്ട് മുകളിലോട്ടുയർത്തി
കണ്ണുകൾ നിറഞ്ഞു
ഉമ്മ എന്തോ പ്രാർത്ഥിക്കുന്നത് പോലെ തോന്നി
മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ലെങ്കിലും എനിക്ക് മനസ്സിലാകുമായിരുന്നു ഉമ്മയുടെ സംസാരം.

പ്രാർഥനയ്ക്ക് ശേഷം ഉമ്മ പറഞ്ഞു.
“നീ ഒരു ഉന്തുവണ്ടിയിൽ
പഴങ്ങളും മറ്റും കൊണ്ട് പോയി
വില എഴുതി അവിടെ ഒരു ബോർഡും എഴുതി രാവിലെ കവലയിൽ കൊണ്ട് പോയി വെച്ചേക്ക്
രാത്രി പോയി എടുത്ത് കൊണ്ടു വന്നോളൂ..
അല്ലാഹു നമ്മെ വിഷമിപ്പിക്കില്ല"

ഞാൻ പറഞ്ഞു,“ഉമ്മ എന്താണ് ഈ പറയുന്നത് അങ്ങിനെ അവിടെ വെച്ചാൽ  സാധനവും ഉണ്ടാകില്ല  കാശും ഉണ്ടാകില്ല”
 “അങ്ങനെ ആരാ ഉമ്മാ സാധനങ്ങൾ തൂക്കിയെടുക്കാനും പൈസ കണക്കാക്കി
പെട്ടിയിലിടാനൊക്കെ തയ്യാറാവുക?"

ഉമ്മ പറഞ്ഞു,“നീ ഞാൻ പറഞ്ഞത് അനുസരിച്ചാൽ മതി..
നിനക്ക് ഒരു നഷ്ടവും ഉണ്ടാകില്ല"

“സാർ ഉമ്മ ആ പറഞ്ഞിട്ട് ആറു വർഷത്തോളമായി..
ഉമ്മ പറഞ്ഞതനുസരിച്ച് വണ്ടിയിൽ
സാധനങ്ങൾ നിറച്ച് അതിരാവിലെ
കവലയിൽ കൊണ്ട് വെക്കുന്നു.
രാത്രിയിൽ തിരിച്ച് കൊണ്ട് വരുന്നു.
ഇതേ കച്ചവടം ചെയ്യുന്ന ഒരു കൂട്ടുകാരൻ
എല്ലാ ദിവസവും എനിക്കാവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ട് വന്ന് തരുന്നു”

“എപ്പോഴും കണക്ക് കൂട്ടി നോക്കുമ്പോൾ
കാശ് കൂടുതലാണ് എനിക്ക് ലഭിക്കുന്നത്."
ആളുകൾ സാധനത്തിന്റെ വിലയേക്കാൾ കൂടുതൽ ആ പെട്ടിയിലിടുന്നു.
പലപ്പോഴും ചെറിയ തുണ്ടു കടലാസുകളും ഉണ്ടാവാറുണ്ട്
പെട്ടിയിൽ “പ്രാർത്ഥിക്കണം,
ഉമ്മയോട് പ്രാർത്ഥിക്കാൻ പറയണം
എന്നിങ്ങനെ എഴുതിയ തുണ്ടു കടലാസുകൾ"

കുറച്ചു ദിവസം മുമ്പ് ആരോ ഭക്ഷണം ആ പെട്ടിക്കരികിൽ വെച്ചിട്ട് പോയിരുന്നു
അതിനു മുകളിൽ എഴുതി വെച്ചിരുന്നു
“പ്രിയപ്പെട്ട ഉമ്മയ്ക്കും മകനും വേണ്ടി"എന്ന്.

മറ്റൊരു ദിവസം ഒരു മോബൈൽ നമ്പർ എഴുതിയ കടലാസായിരുന്നു
അതിലെഴുതിയിരുന്നു,
“അങ്കിൾ,ഉമ്മയെ ഹോസ്പിറ്റലിലോ മറ്റോ കൊണ്ട് പോകണമെങ്കിൽ ഈ നമ്പറിൽ വിളിച്ചോളു ഞാൻ വന്ന് കൊണ്ട് പോകാം”

മറ്റൊരു ദിവസം ഒരു മെഡിക്കൽ സ്റ്റോറുകാരൻ നമ്പർ എഴുതി വെച്ചിരുന്നു.
“ഉമ്മയ്ക്ക് മരുന്നുകൾ വല്ലതും ആവശ്യമുണ്ടെങ്കിൽ വിളിക്കണം,
കാശൊന്നും വേണ്ട,ഞാൻ എത്തിച്ചോളാം"

മറ്റൊരു ദിവസം ഉമ്മയ്ക്കാണെന്ന് പറഞ്ഞ് നല്ല ഒരു സാരി ആരോ വെച്ച് പോയിരുന്നു.
അങ്ങനെ ഇടക്കിടക്കുള്ള ദിവസങ്ങളിൽ എന്തെങ്കിലുമായിട്ടുണ്ടാകും.

പറഞ്ഞു നിർത്തി
ഒരു പ്ലാസ്റ്റിക് കവർ തുറന്നു
അദ്ധേഹം പറഞ്ഞു
“ഇത് നോക്കിയേ സർ"
ഇന്ന് ആരോ കൊണ്ട് വെച്ചതാ
മുന്തിയ തരം ഈത്തപ്പഴം..
റമദാൻ മാസമല്ലെ
നോമ്പ് തുറക്കുമ്പോൾ
ഇത് കൊണ്ട് തുറന്നോട്ടേന്ന് കരുതി
ആരോ കൊണ്ട് വെച്ച് പോയതാ.."
അത് പറഞ്ഞു അദ്ധേഹം പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ
അവന് ഏറെ സന്തോഷം തോന്നി.

അദ്ധേഹത്തോട് യാത്ര പറഞ്ഞ്
തിരിച്ചു നടക്കുന്നതിനിടയിൽ
അനുജൻ ചോദിച്ചു
“ഏട്ടാ.. ആ ഈത്തപ്പഴം,ഏട്ടൻ?"
അതെ എന്നർത്ഥത്തിൽ
അവൻ അനുജനെ നോക്കി തലായാട്ടി പുഞ്ചിരിച്ചു.
“അതിന്റെ പ്രതിഫലം
മരിച്ചു പോയ നമ്മുടെ അമ്മയ്ക്ക് ലഭിക്കുമായിരിക്കും അല്ലെ ഏട്ടാ"
അത് പറയുമ്പോൾ അവന്റെ‌ കണ്ണുകൾ
നിറഞ്ഞിരുന്നു.
പിസ്സയും,പേരക്കയും
---------------
© #HaneefLabbakka
തിരക്കുപിടിച്ച നഗരത്തിലൂടെ  കുടുംബവുമായി യാത്ര ചെയ്യുന്നതിനിടയിൽ
പിസ്സാ ഷോപ്പ് കണ്ടപ്പോൾ
കൊച്ചു മകൾ പറഞ്ഞു
“എനിക്ക് പിസ്സാ വേണം ഉപ്പാ..

കാറ് കുറച്ച് മുമ്പോട്ട് പോയ്ക്കഴിഞ്ഞിരുന്നു
എങ്കിലും ഞാൻ ട്രാഫിക് സിഗ്നലിൽ നിന്നും യു ടേൺ എടുത്ത് പിസ്സാ ഷോപ്പിന് മുന്നിൽ എത്തി.
പിസ്സക്ക് ഓർഡർ കൊടുത്തു.
അത് വാങ്ങി കാറിൽ വെച്ച് തന്നെ ഞങ്ങൾ കഴിക്കാൻ തുടങ്ങി.
കുറച്ചു ദൂരം ചെന്നപ്പോഴാണ് കാറിൽ ഡീസൽ അടിക്കണമെന്ന ഓർമ്മ വന്നത്.
പമ്പിലേക്ക് പോയി.

പമ്പിന്റെ അടുത്ത് റോഡ് സൈഡിൽ
ഏതോ സെക്ഷനു വേണ്ടി കുഴിയെടുക്കുന്ന ഒരു കുടുംബത്തെ കണ്ടു.
അവരുടെ കുട്ടികൾ റോഡ് സൈഡിൽ കളിക്കുന്നുണ്ടായിരുന്നു.
ഡീസൽ അടിച്ച് പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് കുട്ടികൾ കളിച്ച് കൊണ്ടിരുന്ന സ്ഥലത്ത് വെയ്സ്റ്റ് ബക്കറ്റ് കണ്ടത്.

കാറ് അവിടെ നിർത്തി ഞാൻ പിസ്സയുടെ കവറുമായി വെയ്സ്റ്റ് ബക്കറ്റിലേക്ക് ഇടാനായി ഇറങ്ങി.
ഞാൻ അതിനടുത്ത് എത്തിയപ്പോൾ കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്ന ആൺകുട്ടി പറഞ്ഞു
“ഇവിടെ തന്നേക്ക് സർ.. ഞാൻ ഇടാം”
ഞാൻ “വേണ്ട മോനേ"...എന്ന് പറഞ്ഞെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി അവന്റെ കൈയിൽ കവർ കൊടുത്തു.

കാറിൽ കയറിയിരുന്ന് ഞാൻ ശ്രദ്ധിച്ചു,
അവർ ആ കവർ തുറന്നു അതിൽ നിന്നും
ബാക്കിയുണ്ടായിരുന്ന കെച്ചപ്പിന്റേയും
മറ്റും പായ്കറ്റുകൾ എടുത്ത് പരസ്പരം കൈമാറി അത് രുചിക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.
ഭാര്യ ചോദിച്ചു,“എന്താ നോക്കുന്നത്?,
എന്ത് പറ്റി?”
“ഹേയ് ഒന്നുമില്ല" എന്ന് പറഞ്ഞു
കാറ് എടുത്തു.

വീണ്ടും ഞങ്ങൾ കറങ്ങിത്തിരിഞ്ഞ് പിസ്സാ ഹോട്ടലിലെത്തി
ഭാര്യയും മക്കളും എന്തിനാ? ആർക്കാ? എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു
ഞാൻ പറഞ്ഞു,“എല്ലാം പറയാം"
പിസ്സയുമായി വീണ്ടും ആ കുട്ടികളുടെ അടുത്തെത്തി
അവർ മാതാപിതാക്കളുമൊന്നിച്ച്
പോകാൻ ഒരുങ്ങുകയായിരുന്നു.

ഞാൻ കാറിൽ നിന്നിറങ്ങി അവർക്ക് പിസ്സ നൽകി സന്തോഷത്തോടെ ആ കുട്ടികൾ അത് വാങ്ങിച്ചു.
അവരുടെ പിതാവ് പറഞ്ഞു,
വേണ്ടായിരുന്നു സർ
“അവർക്കിതൊന്നും ശീലമില്ല,
വയറിനെന്തെങ്കിലും?"
“ഏയ് പേടിക്കണ്ട,
ഒന്നും സംഭവിക്കില്ല”
അത് പറഞ്ഞ് അദ്ദേഹത്തിന്റെ പുറം തടവി കാറിൽ കയറി
ഞങ്ങൾ മടങ്ങി.

ഭാര്യക്കും മക്കൾക്കും ഏറെ സന്തോഷമായി.
സംഭവം കഴിഞ്ഞ്
ഒരു മാസത്തോളമായിക്കാണും
ഒരു ദിവസം സർക്കാർ ആശുപത്രിയിൽ
ഒരു സുഹൃത്തിനെക്കാണാനായി പോയതായിരുന്നു
അവിടെ അന്ന് ഞാൻ എവിടെയോ കണ്ട് മറന്ന മുഖങ്ങൾ വീണ്ടും കണ്ടു.

“നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ടല്ലൊ?"
അവരുടെ കൂടെയുണ്ടായിരുന്ന
മോളാണ്  മറുപടി പറഞ്ഞത്
“പിസ്സാ അങ്കിൾ"
അവർക്കും എനിക്കും അപ്പോഴാണ് പരസ്പരം മനസ്സിലായത്.
“എവിടെ മോനും ഭാര്യയും?"
“അകത്തുണ്ട് സർ,
 ഐസിയുവിലാ”
“ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ടാന്ന് ഡോക്ടർ മാർ പറയുന്നത്”

“എന്ത് പറ്റിയതാ?"
“കേൻസറാ സാറെ..
അന്ന് നമ്മൾ കാണുമ്പോൾ ചികിൽസ നടക്കുന്നുണ്ടായിരുന്നു,
കീമോ കഴിഞ്ഞ് വന്ന സമയമായിരുന്നു അത്,
കഴിഞ്ഞയാഴ്ച വീണ്ടും തീരെ വയ്യാതായി,
മിനിഞ്ഞാന്ന് ഐസിയുവിലാക്കി"

“എനിക്കൊന്ന് കാണാൻ പറ്റുമോ?"
എന്ന് ചോദിച്ചു ഞാൻ
“വരൂ സർ”
അവരുടെ കൂടെ പോയി
അവിടെയുണ്ടായിരുന്ന സിസ്റ്ററോട് പറഞ്ഞപ്പോൾ അകത്ത് നിന്നും
കർട്ടൺ മാറ്റിത്തന്നു
പുറത്ത് നിന്നും ആ മോനെ കണ്ടു.
തിരിച്ചു നടന്നു.

എന്റെ വീടിന്റെ അഡ്രസ്സും ഫോൺ നമ്പറും നൽകി അവർക്ക്
എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞു.
അന്ന് സുഹൃത്തിനേയും കണ്ട്
വീട്ടിൽ തിരിച്ചെത്തി.
സംഭവം കഴിഞ്ഞ് ആറേഴ് മാസമായി

ഇന്നലെ വൈകിട്ട് കോളിങ്ങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ കണ്ടത്
ആ അച്ഛനും അമ്മയും മകളും
“നാട്ടിൽ പോയിരുന്നു സർ,
ഇന്നലെ വൈകിട്ടാ എത്തിയത്"
അത് പറഞ്ഞ് സഞ്ചിയിൽ നിന്നും
കുറച്ച് പേരക്ക എടുത്ത് നീട്ടി പറഞ്ഞു
“ഞങ്ങൾക്ക് ചെറിയ ഒരു വീടുണ്ട്
നാട്ടിൽ,
അതിന്റെ മുറ്റത്തുള്ള
മരത്തിൽ ഉണ്ടായതാ,
എന്റെ മോന് വല്യ ഇഷ്ടമാ പേരക്ക..
അത് പറിച്ചപ്പോൾ സാറിനെയാ ഓർത്തത്"

“സാറിനറിയോ അന്ന് സാറ് മക്കൾക്ക് പിസ്സ നൽകി പോയില്ലേ..
അതിന് ശേഷം അവൻ ഇടക്കിടക്ക് പറയുമായിരുന്നു,
“എനിക്ക് ആ സാറിനെപ്പോലെ ഒരാളാകണം എന്ന്"..

“അവന്റെ ആഗ്രഹങ്ങളൊക്കെ ബാക്കിയാക്കി അവൻ പോയി സാറേ"
അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ
കണ്ണുകൾ നിറഞ്ഞിരുന്നു.
എന്റെയും കണ്ണുകൾ നിറഞ്ഞു.
ഖുർആൻ ഷരീഫ് ഹൃദയത്തിലെ കറ കളയുമോ?
------------------------
#HaneefLabbakka
ഒരു മഹാൻ  ഈ ലോക ചിന്തകളിലൊന്നും
മുഴുകാതെ പുഴക്കരികിൽ
ചെറിയ ഒരു കുടിലിൽ താമസിക്കുകയായിരുന്നു.

അദ്ധേഹത്തിനടുത്ത് ഒരു യുവാവ് ചെന്നു. യുവാവ് അറിവ് തേടിയുള്ള യാത്രയിലായിരുന്നു.
യുവാവ് മഹാനവർകളോട് ചോദിച്ചു,
“മഹാനവർകളേ എന്തു കൊണ്ടാണ്
ഖുർആൻ ഷരീഫ് പാരായണം ചെയ്യുന്നതിലൂടെ മനുഷ്യന്റെ കറ പുരണ്ട ഹൃദയം പോലും ശുദ്ധിയാകുന്നു എന്ന് പറയുന്നത്?”
“അതെങ്ങിനെയാണ് മഹാനവർകളേ സംഭവിക്കുന്നത്!?”

മഹാനവർകൾ ഏതോ ചിന്തയിലായിരുന്നു.
യുവാവ് വീണ്ടും ചോദ്യം ആവർത്തിച്ചു.
മൂന്നാമതും യുവാവ് ചോദ്യം ആവർത്തിച്ചപ്പോൾ മഹാനവർകൾ മറുപടിയായി പറഞ്ഞു,“ആ മൂലയിൽ ഒരു തൊട്ടിയിരിപ്പുണ്ട്,
അതിനകത്തുള്ള കൽക്കരി ആ മൂലയിൽ
ചൊരിഞ്ഞേക്ക്,
എന്നിട്ട്,ആ തൊട്ടിയിൽ ആ പുഴയിൽ നിന്നും വെള്ളം എടുത്ത് കൊണ്ട് വരിക”.

യുവാവിന്  ചോദിച്ച ചോദ്യത്തിന് മറുപടിയായി  മഹനവർകൾ നൽകിയ ഈ ജോലി‌യെക്കുറിച്ച് ചിന്തിച്ച് അൽഭുതപ്പെട്ടു.
എന്നാൽ മഹാനവർകളോടുള്ള ബഹുമാനം കൊണ്ട് മറുത്ത് ഒന്നും പറയാതെ തൊട്ടിയുമായി പുഴയോരത്തേക്ക് നടന്നു.

തൊട്ടിയിൽ കൽക്കരിയുണ്ടായിരുന്നത് കൊണ്ട് അകം കറുത്തിരുണ്ടിരുന്നു
പുറമെ നല്ല വൃത്തിയുമുണ്ടായിരുന്നു.

പുഴയിൽ നിന്ന് തൊട്ടിയിൽ വെള്ളമെടുത്ത് തിരിച്ച് നടക്കുന്നതിനിടയിലാണ് യുവാവ് ശ്രദ്ധിച്ചത് തൊട്ടിക്കടിയിൽ ദ്വാരമുണ്ടായിരുന്നു കുടിലിനടുത്ത് എത്തിയപ്പോഴേക്കും വെള്ളം മുഴുവൻ ഒഴുകിപ്പോയിരുന്നു‌.

യുവാവ് മഹാനവർകളുടെ അടുത്തേക്ക്ചെന്നു.
മഹാനവർകൾ നടന്ന സംഭവമെല്ലാം കേട്ടു.
മഹാനവർകൾ പറഞ്ഞു അതേ തൊട്ടിയുമായി വീണ്ടും പോയി വെള്ളം എടുത്ത് വരൂ.

യുവാവ് മനസ്സിലാക്കി മഹാനവർകളുടെ വാക്കുകളിൽ ഏതോ ഒരു പാഠം ഒളിഞ്ഞിരിപ്പുണ്ട്.
ഒന്നും മിണ്ടാതെ യുവാവ് വീണ്ടും നേരത്തെ ചെയ്തത് പോലെത്തന്നെ വെള്ളം എടുത്ത് വന്നു.
നേരത്തെ സംഭവിച്ചത് പോലെത്തന്നെ കുടിലിൽ എത്തിയപ്പോഴേക്കും വെള്ളം ഒഴുകിത്തീർന്നിരുന്നു.

വീണ്ടും മഹാനവർകൾ മുമ്പ് പറഞ്ഞത് പോലെത്തന്നെ പറഞ്ഞു.
കുറേ പ്രാവശ്യം ഇത് തുടർന്നു.
അവസാനം ക്ഷീണിതനായ യുവാവ്
ചോദിച്ച്,“അങ്ങേക്ക് നന്നായറിയാമല്ലൊ, ഈ തൊട്ടിയിൽ വെള്ളം കൊണ്ട് വന്നാൽ ഇവിടെ എത്തില്ലായെന്ന്"
“പിന്നെന്തിനാണ് എന്നെക്കൊണ്ട് ഇങ്ങിനെ ചെയ്യിപ്പിക്കുന്നത്?”

അത് കേട്ട മഹാനവർകൾ പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു,“നിങ്ങൾ ആ തൊട്ടിയുടെ അകത്ത് നോക്കൂ,
ആ തൊട്ടിയുടെ അകം നിങ്ങൾ ആദ്യം വെള്ളം എടുക്കാൻ പോയപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥയിലാണോ?"

അപ്പോഴാണ് യുവാവ് തൊട്ടിയുടെ അകം ശ്രദ്ധിച്ചത്
യുവാവ് പറഞ്ഞു,“മുമ്പത്തേത് പോലെയല്ല,ഇതിനകത്ത് കുറേ പ്രാവശ്യം വെള്ളം നിറച്ചതല്ലേ,
അത് കൊണ്ട് ഇപ്പോൾ ഈ തൊട്ടിയുടെ അകത്തുണ്ടായിരുന്ന കറുത്ത കറകൾ പോയി വൃത്തിയായിരിക്കുന്നു”.

മഹാനവർകൾ വീണ്ടും പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു,
“ആ തൊട്ടിയിൽ കൊണ്ട് വന്ന വെള്ളം ഇവിടെയെത്തിയില്ല."
“എന്നാൽ,ആ വെളളം ആ തൊട്ടിയെ വൃത്തിയാക്കിയിരിക്കുന്നു"
“ഇത് പോലെയാണ്,ഖുർആൻ ഷരീഫും നിങ്ങൾ പാരായണം ചെയ്ത് കൊണ്ടിരിക്കുക.
ഖുർആൻ പാരായണം വർദ്ധിപ്പിക്കുന്നതിലൂടെ ഖുർആനിന്റെ മഹത്വം കാരണം,
ഖുർആനിൽ നിന്നുള്ള സമാധാനം
നീ ആഗ്രഹിക്കുക വഴി
ആ ആഗ്രഹമെന്ന ദ്വാരത്തിലൂടെ
നിന്റെ ഹൃദയത്തിലെ കറകൾ
ഒഴുകിപ്പോകുന്നു.
ഹൃദയത്തിലെ ഈ ലോക മായക്കാഴ്ചകളിൽ നിന്നുമുള്ള  കറകളെ മായ്ച്ചു കളയുന്നു"
“അവസാനം ഹൃദയം വളരെയധികം ശുദ്ധിയുള്ളതും,
ഈ ലോകത്തോടുള്ള അതിയായ ആഗ്രഹം ഇല്ലാതാക്കുകയും,
അല്ലാഹുവുമായി എന്നെന്നേക്കുമായി നിങ്ങളെ അടുപ്പിക്കുകയും ചെയ്യും".
നിങ്ങൾ വന്നയുടനെ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതാണ്.

*ഖുർആൻ ഷരീഫിനെ മുറുകെപ്പിടിച്ച് സ്ഥിരം പാരായണം ചെയ്യാനും അതു വഴി അല്ലാഹുവുമായി അടുക്കുവാനും അല്ലാഹു നമ്മളെയെല്ലാവരേയും സഹായിക്കട്ടെ.ആമീൻ
തൗബ
------------
#HaneefLabbakka

ഒരിക്കൽ മൂസാ നബി (അ) യുടെ കാലം
മഴയുണ്ടായിരുന്നില്ല.
മൂസാ നബി (അ)യും കൂട്ടരും തീരുമാനിച്ചു ഒരു മൈതാനത്ത് എല്ലാവരും ഒത്തു ചേർന്ന് നമസ്കരിച്ച് ദുആ ചെയ്യാം.
എഴുപതിനായിരം ആളുകൾ ഒത്ത് കൂടി ആ മൈതാനത്ത്.

മൂസാ നബി (അ) കൈകളുയർത്തി‌ ദുആ ചെയ്യാൻ ആരംഭിച്ചു
കൂടെ എല്ലാ ജനങ്ങളും കണ്ണുനീരുമായി‌ ദുആ ചെയ്തു.
ഒരു തുള്ളി വെള്ളം ഇല്ലായിരുന്നു എങ്ങും
ആളുകൾ‌ ദാഹം കൊണ്ട് വലഞ്ഞു.
എന്നാൽ മഴ പെയ്തില്ല.
കൂടാതെ നല്ല വെയിലും ഉണ്ടായി.

മൂസാ നബി (അ) അല്ലാഹുവിനോട് ചോദിച്ചു,“യാ അല്ലാഹ് എന്താണ് അല്ലാഹ് കാരണം ഞങ്ങൾ എഴുപതിനായിരം ആളുകൾ ഒരുമിച്ച് ദുആ ചെയ്തിട്ടും മഴ പെയ്യുന്നില്ലല്ലൊ അല്ലാഹ് ...”
അപ്പോൾ ഒരശരീരി കേട്ടു
“യാ മൂസാ നിങ്ങളുടെ കൂട്ടത്തിൽ ഒരാളുണ്ട്
നാൽപത് വർഷമായി എന്നെ അനുസരിക്കാതെ ജീവിക്കുന്ന ഒരാൾ,
എല്ലാ ദിവസ്സവും എന്നെ പിണക്കുന്ന ഒരാൾ,
ആ ആൾ നിങ്ങളുടെ കൂട്ടത്തിൽ നിന്നും പോകുന്നത് വരെ മഴ പെയ്യില്ല മൂസാ..”

മൂസാ നബി (അ) പറഞ്ഞു,“യാ അല്ലാഹ്
ഈ ജനകൂട്ടം വളരെ വലുതാണല്ലൊ അല്ലാഹ്..
എങ്ങിനെയാണ് അല്ലാഹ് എല്ലവരിലേക്കും എന്റെ ശബ്ദം എത്തുക?”

വീണ്ടും അശരീരി വന്നു,“യാ മൂസാ നിന്റെ ജോലി പറയുക എന്നതാണ്
അത് അവരിലേക്ക് എത്തിക്കുക എന്നത് എന്റെ ജോലിയാണ് ”
മൂസാ നബി (അ) ജങ്ങളിലേക്ക് തിരിഞ്ഞ് നിന്ന് പറഞ്ഞു,
“ആരാണത്?
അല്ലാഹുവിനെ നാൽപത് വർഷമായി അനുസരിക്കാതെ ജീവിക്കുന്ന ആൾ? ഇപ്പോൾ ഈ കൂട്ടത്തിൽ  നിന്നും ആ ആൾ ഇറങ്ങിപ്പോകണം..
നിങ്ങൾ കാരണമാണ്,
ഞങ്ങൾക്ക് ഇവിടെ മഴ ലഭിക്കാത്തത്”

തെറ്റുകാരനായ ആ മനുഷ്യൻ ഭയന്നു വിറച്ചു.
ഇടതും വലതും നോക്കി മറ്റാരെങ്കിലും എഴുന്നേൽക്കുന്നുണ്ടോ എന്ന്
എന്നാൽ ആരും എഴുന്നേറ്റില്ല.
അദ്ദേഹത്തിന് മനസ്സിലായി ഇത് എന്നെക്കുറിച്ച് തന്നെയാണ് പറയുന്നതെന്ന്.
എന്നാൽ അദ്ദേഹം ചിന്തിച്ചു ഇപ്പോൾ ഞാൻ എഴുന്നേൽക്കുകയാണെങ്കിൽ ഈ ജനങ്ങൾക്ക് മുഴുവൻ മനസ്സിലാകും
നാല്പത് വർഷമായി അല്ലാഹുവിനെ അനുസരിക്കാതെ ജീവിക്കുന്ന വ്യക്തി ഞാനാണെന്ന്.

അദ്ദേഹത്തിന്റെ മനസ്സിൽ പെട്ടെന്ന്  അല്ലാഹുവിന് തൗബ വളരെയധികം ഇഷ്ടപ്പെടുന്നു കാര്യം ഓർമ്മ വന്നു.
അദ്ദേഹം തന്റെ മുഖം പുതപ്പ് കൊണ്ട് മറച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്തു,
“യാ അല്ലാഹ്....
 നീ എന്നെ ഇന്ന് രക്ഷിക്കണേ അല്ലാഹ് ”
“യാ അല്ലാഹ്.. ഇന്ന് ഞാൻ എഴുന്നേറ്റ് നിന്നാൽ ഈ ജനങ്ങളുടെ മുന്നിൽ‌ ഞാൻ നാണം കെട്ടവനായിപ്പോകും,
നാല്പത് വർഷമായി‌ നിന്നെ അനുസരിക്കാത്തവനാണ് ഞാനെന്ന് ജനങ്ങൾ അറിയും”
“യാ അല്ലാഹ്... ഞാൻ വാഗ്ദാനം ചെയ്യുന്നു അല്ലാഹ് ഇനി ഒരിക്കലും നിന്നെ ഞാൻ അനുസരിക്കാതിരിക്കില്ല അല്ലാഹ്..”
“യാ അല്ലാഹ് നാണക്കേടിൽ നിന്നും
ഇന്ന് രക്ഷിക്കണേ അല്ലാഹ്”
മനസ്സറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് അദ്ദേഹം ദുആ ചെയ്തു.

പെട്ടെന്ന് ആകാശത്ത് നാലു ഭാഗത്ത് നിന്നും കാർമേഘങ്ങൾ  ഇരുണ്ടു കൂടി.
നല്ല മഴ പെയ്യാൻ തുടങ്ങി.
മൂസാ നബി (അ) ചോദിച്ചു,
“യാ അല്ലാഹ്.... മഴ എങ്ങിനെയാണല്ലാഹ് പെയ്തത് !!?
ഇത് വരെ ആ ആൾ ഈ കൂട്ടത്തിൽ നിന്നും‌ പോയിട്ടില്ലല്ലൊ‌ അല്ലാഹ്..”

അപ്പോൾ അശരീരി വന്നു,
“യാ മൂസാ.. ഇപ്പോൾ ആ വ്യക്തി‌ എന്നോട്  അടുത്തിരിക്കുന്നു‌ മൂസാ..
ആ വ്യക്തിക്ക് വേണ്ടിയാണ് മൂസാ ഞാനീ മഴ പെയ്യിച്ചത്!!”

മൂസാ നബി (അ) പറഞ്ഞു,“യാ അല്ലാഹ്
ഇപ്പോൾ ആ വ്യക്തി‌ നിന്നോട് അടുത്ത ആളായില്ലെ ഇനിയെങ്കിലും ആ വ്യക്തിയെ ഈ മഴ പെയ്യാൻ കാരണക്കാരനായ ആ വ്യക്തിയെ എനിക്കൊന്ന് കാണിച്ചാലും”

റഹ്മാനായ അല്ലാഹുവിന്റെ അശരീരി‌ വന്നു,
“യാ മൂസാ ആ വ്യക്തി എന്നെ അനുസരിക്കാതെ തെറ്റുകൾ ചെയ്ത് ജീവിക്കുമ്പോൾ പോലും ആളുകളുടെ മുന്നിൽ ആ വ്യക്തിയെ  ഞാൻ‌ കാണിച്ചില്ല”
ഇപ്പോഴാണെങ്കിൽ ആ വ്യക്തി എന്നോട് അടുത്ത് കഴിഞ്ഞിരിക്കുന്നു, ഇനിയാണോ ഞാൻ നിനക്ക് ആ വ്യക്തിയെ കാണിച്ചു തരിക!”

പ്രിയപ്പെട്ടവരെ എത്ര തെറ്റുകൾ ഞാനും നിങ്ങളും ചെയ്തിരിക്കാം,
ഒന്നാലോചിച്ച് നോക്കൂ‌ നമ്മുടെ അകം എന്താണെന്ന് നമ്മുടെ തെറ്റുകുറ്റങ്ങൾ ആളുകൾ അറിയുകയാണെങ്കിൽ
നമ്മുടെ അടുത്ത് ഇരിക്കാൻ പോലും ആരും തയ്യാറാകുമായിരുന്നില്ല.

എന്നാൽ അല്ലാഹ് അവൻ എത്ര കാരുണ്യവാനാണ് അവൻ നമ്മുടെ എത്ര അടുത്ത് ഉണ്ട്
അവൻ നമ്മെ എത്ര സ്നേഹിക്കുന്നു എന്തെല്ലാം അനുഗ്രഹങ്ങൾ നൽകുന്നു.
ജനങ്ങളുടെ മുന്നിൽ എത്ര മാത്രം വിലയും നിലയും നൽകുന്നു.
എന്നിട്ട് നമ്മളോ ആ അല്ലാഹുവിനെ അനുസരിക്കാതെ ജീവിക്കുന്നു.

മനസ്സറിഞ്ഞ് തൗബ ചെയ്ത് അല്ലാഹുവിനോടടുത്ത് അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച് ഈമാനോട് കൂടി മരിക്കാൻ അല്ലാഹു സഹായിക്കുമാറാകട്ടെ..

ഫക്കീർ



ബഗ്ദാദ് പട്ടണം

സമയം അതി രാവിലെ,

ഒരു ഹൽവ വിൽക്കുന്ന കടക്കാരൻ

കട തുറന്നതേ ഉള്ളൂ,

കടക്ക് മുന്നിലൂടെ ഒരു ഫകീർ

നടന്നു പോവുന്നത് കണ്ടു




കടക്കാരൻ ഫകീറിനെ വിളിച്ചു സലാം പറഞ്ഞു,

“വരൂ, ഇരിക്കൂ ബാബ” എന്ന് പറഞ്ഞു

ഒരു ഗ്ലാസ്സ് ചൂട് പാൽ നൽകി

ഫകീർ പാൽ കുടിച്ചു

അല്ലാഹുവിനെ സ്തുതിച്ചു

കടക്കാരനും നന്ദി പറഞ്ഞ് ഇറങ്ങി




കുറച്ച് ദൂരം നടന്നു

ഒരു കൊട്ടാരത്തിനു പുറത്തുള്ള

കോണിപ്പടിയിൽ

ഒരു സമ്പന്നൻ തന്റെ അടുത്ത

കൂട്ടുകാരനുമൊന്നിച്ച്‌ ഇരുന്ന്

പുറത്തെ കാഴ്ചകൾ കാണുകായായിരുന്നു




നല്ല കാലാവസ്ഥയായിരുന്നു

വളരെ ചെറുതായിട്ട് മഴ‌ പൊടിയുന്നുണ്ടായിരുന്നു




ഫകീർ മറ്റൊന്നും ശ്രദ്ധിക്കാതെ തന്റേതായ ലോകത്ത് എന്തോ ആലോചിച്ച് അവരുടെ മുന്നിലൂടെ നടന്നു നീങ്ങുമ്പോൾ ചെറിയ ഒരു മരത്തിന്റെ കഷ്ണത്തിൽ ചവിട്ടി,




ആ കഷ്ണം നേരെ പോയി‌ വീണത്‌ സമ്പന്നന്റെ വസ്ത്രത്തിലായിരുന്നു.




സമ്പന്നന്റെ കൂട്ടുകാരന് ദേഷ്യം വന്നു

ഫകീർന്റെ അടുത്തു വന്ന് നടക്കാൻ അറിഞ്ഞൂടെ‌ നിനക്ക് എന്ന്‌ ചോദിച്ച്

മുഖത്ത് അടിച്ചു.




ഫകീർ വേദനയോടെ മുകളിലേക്ക്

കൈകൾ ഉയർത്തി പറഞ്ഞു

"യാ അല്ലാഹ് നീ ഒരിടത്ത് നിന്ന് പാല് കുടിപ്പിക്കുന്നു മറ്റൊരിടത്ത് നിന്ന് അടിയും‌ നൽകുന്നു".




ഇത് പറഞ്ഞ് ഫകീർ നടന്നു‌ നീങ്ങി

സമ്പന്നനും കൂട്ടുകാരനും കോണിപ്പടി‌ കയറി തന്റെ കൊട്ടാരത്തിലേക്ക്‌ നടന്നു നീങ്ങവേ

കോണിപ്പടിയിൽ നിന്നും തെന്നി‌ വീണ് പരുക്ക്‌ പറ്റിയ സമ്പന്നന്റെ കൂട്ടുകാരൻ തൽക്ഷണം മരിച്ചു




കൂടി നിന്നവർ പറഞ്ഞു

ആ ഫകീർ ആകാശത്തേക്ക് കൈകളുയർത്തി എന്തോ ശപിച്ചിട്ടാണ് പോയത് അതാണ് ഇങ്ങിനെ സംഭവിച്ചത്




ആളുകൾ‌ ഫകീർ പോയ വഴിയെ പിന്തുടർന്നു

ഫകീറിനെ പിടിച്ചു കൊണ്ട് വന്നു




നിന്റെ ശാ‌പം കൊണ്ടാണ് ഇത്‌ സംഭവിച്ചതെന്ന് പറഞ്ഞ് ഉപദ്രവിക്കാനൊരുങ്ങി




ഫകീർ പറഞ്ഞു എന്തെങ്കിലും ചെയ്യുന്നതിന്ന്‌‌ മുമ്പ് നിങ്ങൾ എന്റെ വാക്കൊന്ന് കേൾക്കണം




സത്യമായിട്ടും ഞാൻ ശപിച്ചിട്ടില്ല

ശരിയാണ് ഞാൻ പറഞ്ഞിരുന്നു

അല്ലാഹ് നീ‌ ഒരിടത്ത് ‌നിന്ന് പാലും

മറ്റൊരിടത്ത് നിന്ന് അടിയുമാണല്ലൊ‌ നൽകുന്നതെന്ന്.




പിന്നെ ഇപ്പോൾ‌ ഇവിടെ സംഭവിച്ചത്‌ കൂട്ടുകാർ തമ്മിലുള്ള‌ ഒരു കാര്യമാണ്




അതായത് സമ്പന്നനായ അങ്ങയുടെ കൂട്ടുകാരന് അങ്ങയുടെ‌ വസ്ത്രം അഴുക്കായിപ്പോയത്‌ ഇഷ്ടപ്പെട്ടില്ല

അത് കൊണ്ട് അതിന് കാരണക്കാരനായ എന്നെ അടിച്ചു




അത് പോലെ എന്റെ കൂട്ടുകാരനായ അല്ലാഹുവിന് എന്നെ അടിച്ചത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല‌ അത് കൊണ്ട് അല്ലാഹു അദ്ധേഹത്തിനു ശിക്ഷ‌ നൽകി.




നിങ്ങൾ പറഞ്ഞിട്ടല്ല നിങ്ങളുടെ സ്നേഹിതൻ‌ എന്നെ അടിച്ചത് മറിച്ച്‌ നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്




അതേ പോലെ ഞാൻ പറഞ്ഞിട്ടല്ല അല്ലാഹ്‌ അങ്ങയുടെ സ്നേഹിതന് ആപത്ത് നൽകിയത് അത്‌ എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കാം.




അറിയുക.ആരുടേയും‌ വില‌‌ കുറച്ച് കാണരുത്. നമുക്ക് അറിയില്ല‌ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവർ ആരാണെന്ന്




എല്ലാവരോടും ദയ കാണിക്കുക.

അല്ലാഹുവേ ഞങ്ങളെ നീ കരുണയുള്ളവരാക്കേണമേ

ബന്ധുവീട്ടിലെ പാലുകാച്ചൽ



"ബന്ധു വീട്ടിൽ പാലുകാച്ചലിന് ക്ഷണിക്കാൻ വന്നിരുന്നു,"

അവളത് പറഞ്ഞപ്പോൾ തന്നെ അവൻ പറഞ്ഞു,"എല്ലാ മാസവും ഓരോ ചിലവ് തന്നെയാണല്ലേ ?"

അവളും പറഞ്ഞു, "എന്താ ചെയ്ക, എല്ലാവരും എന്തെങ്കിലും കൊണ്ട് പോകുമ്പോൾ ഞാൻ മാത്രമായിട്ട് കൈയും വീശിയിട്ട് എങ്ങിനെയാ കയറി ചെല്ലുക ?"




"സാരമില്ല ചിലവിനയക്കുമ്പോൾകൂട്ടത്തിൽ അയക്കാം ആലോചിച്ച് പറയുക എന്താ കൊണ്ട് പോകേണ്ടതെന്നും എത്രയാകുമെന്നും"




മൂന്നോ നാലോ ദിവസ്സത്തിനു ശേഷം അവൾ വീണ്ടും ആ കാര്യം ഓർമ്മിപ്പിച്ചു, കൊണ്ട് പോകേണ്ട സാധനത്തിന്റെ പേരും തുകയും പറഞ്ഞു,

ചിലവിനയച്ച കൂട്ടത്തിൽ അവൾ പറഞ്ഞ പൈസയും അയച്ചു കൊടുത്തു.




പാലു കാച്ചലിന്റെ തലേ ദിവസ്സം അവൻ വിളിച്ചപ്പോൾ

"നാളെയല്ലേ പരിപാടി എത്ര മണിക്കാ പോകുന്നത്?"

"ഇല്ല ഞാൻ പോകുന്നില്ല"




"എന്ത് പറ്റി?

"അപ്പോൾ ആ സാധനമൊക്കെ വാങ്ങിയത് ?"

"ഞാൻ അത് വാങ്ങിയിട്ടില്ല "

"ഇതെന്ത് പറ്റി നിനക്ക് ? നീ കാര്യം പറ"




"അത് ഞാൻ മിനിഞ്ഞാന്ന് സാധനം വാങ്ങിക്കാൻ എന്റെ അനുജനോട് വരാൻ പറഞ്ഞു അവനും ഞാനും കൂടി ടൌണിൽ പോയി വാങ്ങിക്കാനിരുന്നതാ,

അപ്പോഴാണ്‌ നമ്മുടെ പഴയ വീടിനടുത്തുള്ള മാധവിയേട്ടി ഇവിടെ വന്നത്,




അവരുടെ അമ്മയ്ക്ക് തീരെ സുഖമില്ല ഓപറേഷൻ ചെയ്യാൻ തന്നെ മൂന്ന് ലക്ഷത്തോളം ചിലവുണ്ടത്രേ?




നിങ്ങൾ വിളിക്കുമ്പോൾ ഒന്ന് ഓർമ്മിപ്പിക്കണം

എന്നു പറയാൻ വന്നതാ,




ഞാൻ അവരോട് ഓപറേഷൻ എപ്പോഴാ എന്നു ചോദിച്ചപ്പോൾ, ഡോക്ടർ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട് പൈസയുടെ ബുദ്ധിമുട്ട് കൊണ്ട് തീരുമാനിച്ചിട്ടില്ല എന്നും പറഞ്ഞു,




നിങ്ങളെ വിളിച്ച് നിങ്ങൾക്ക് ശമ്പളമൊക്കെ കിട്ടി എന്തെങ്കിലും അയക്കുമ്പോഴേക്കും ഇനിയും വൈകുമല്ലോ അതോർത്ത് നിങ്ങൾ ആ വീട്ടിൽ പാലു കാച്ചലിന് കൊണ്ട് പോകാൻ പറഞ്ഞ സാധനത്തിന്റെ പൈസ മുഴുവൻ അവർക്ക് എടുത്ത് കൊടുത്തു"




"മുഴുവനുമോ?'

"അതെ, ഇക്കാ മധവിയേട്ടിയുടെ കണ്ണ് നിറഞ്ഞിരുന്നു,

"എന്റെ മക്കളെ ദൈവം കൈ വിടില്ല എന്നു പറഞ്ഞ്,എന്റെ കൈ പിടിച്ച് ചുംബിച്ചാ അവർ പോയത്"




കുറച്ചു നേരം എന്താ മറുപടി പറ യേണ്ടതെന്ന് അറിഞ്ഞില്ല അവന്

പിന്നെ അവൻ പറഞ്ഞു

"അവർ ഇത്രയ്ക്ക് നമ്മുടെ വീട്ടിൽ വന്ന് വിളിച്ചിട്ട് നീ പാലു കാച്ചലിന് പോയില്ലെങ്കിൽ അവർക്ക് വിഷമമാവില്ലേ ?"




"നീ ഒന്നും കൊണ്ട് പോകുന്നില്ല എന്ന ചിന്തയൊന്നും വേണ്ട ,നീ പോകുക

നീ എറ്റവും വലിയ സമ്മാനവുമായാണ് അവിടെ ചെല്ലുന്നത്

ആരും കാണാത്ത നിന്റെ നല്ല മനസ്സ് ,ആ ഹൃദയം കൊണ്ടുള്ള പ്രാർത്ഥന അതാണ്‌ ആ പുതിയ വീടിനും വീട്ടിലുള്ളവർക്കും നീ നൽകുന്ന സമ്മാനം .."

പൂച്ചക്കുട്ടികൾ



അവന് പൂച്ചക്കുട്ടികളെന്നാൽ ജീവനായിരുന്നു,അതിന്റെ പേരിൽ ഉമ്മയുടെ കൈയിൽ നിന്നും ഒത്തിരി അടിയും കിട്ടിയിട്ടുണ്ട്.




അവനു കുടിക്കാൻ കൊടുത്തിരുന്ന പാലും മീൻ പൊരിച്ചതും മറ്റും ഉമ്മയെ കാണാതെ പൂച്ചക്കുട്ടിക്ക് കൊടുത്തപ്പോൾ,

"നിനക്ക് ബാക്കിയുള്ള ഭക്ഷണം കൊടുത്താൽ പോരേ? എന്ന് ചോദിച്ചായിരുന്നു അടി.




പൂച്ചകുട്ടി വളർന്നു ,അവൾ പ്രസവിച്ചു മൂന്ന് വെളുത്ത കുഞ്ഞുങ്ങൾ, പൂച്ചകുട്ടി ഗർഭിണിയാണെന്ന് ഉമ്മ പറഞ്ഞത് മുതൽ അവൻ ദിവസ്സവും സ്കൂളിൽ നിന്നും വന്നാൽ അന്വേഷണം "അത് പ്രസവിച്ചോ" എന്നതായിരുന്നു.




അത് കേൾക്കുമ്പോൾ ഉമ്മയ്ക്ക് ദേഷ്യം ഇരട്ടിക്കും,"ഇതിന്റെ തന്നെ ഉപദ്രവം സഹിക്കാൻ കഴിയുന്നില്ല ഇനിയിപ്പോൾ കുട്ടികളുമായാൽ" ഉമ്മയ്ക്ക് പരാതിയായിരുന്നു .




ഉമ്മയുടെ പാരാതിക്കും കാര്യമുണ്ട് അത് വീട്ടിനകത്തും പുറത്തും ഒരു പേടിയുമില്ലാതെ കറങ്ങി നടന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ കാലിനിടയിലൂടെ തന്നെ ആയിരിക്കും നടത്തം.




അന്ന് രാത്രി നല്ല ഇടിയും മഴയും,എല്ലാവരും ചെറുതായൊന്നു പേടിച്ചു എല്ലാവരും ഒരു മുറിയിൽ കിടന്നു,ഉമ്മ പറഞ്ഞു

"എന്തൊരു ഇടിയാ പേടിയാകുന്നു".




അവൻ ഉടനെ പറഞ്ഞു "ആ പാവം പൂച്ചകുട്ടിയും കുഞ്ഞുങ്ങളും പുറത്ത് എത്ര പേടിച്ചിരിക്കും ,അത് വരാന്തയിൽ കിടക്കുന്നത് കണ്ടു

കാറ്റ് മഴയെ വരാന്തയിലേക്ക് അടിച്ചു കയറ്റിയാൽ അതും കുഞ്ഞുങ്ങളും ആകെ നനയും .




ഉമ്മ ഒന്ന് വാതിൽ തുറന്നെ,

അവയെ അകത്താക്കാം, ഒന്നും ചെയ്യില്ല ഉമ്മാ

അവ പാവമല്ലേ,

"അവന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ എങ്ങിനെയോ വാതിൽ തുറന്ന് അവയെ അകത്താക്കി, അമ്മപൂച്ചയും കുഞ്ഞുങ്ങളും ഒരു മൂലയിൽ കിടന്നു അവനു സന്തോഷമായി.




രാവിലെ ഉമ്മയുടെ ബഹളം കേട്ടാണ് അവനുണർന്നത് "നോക്കിയേ ആകെ മൂത്രമൊഴിച്ച് നാറിയിട്ട് വയ്യ..ഇനി ഇത് വേണ്ട, വേണമെങ്കിൽ

ആ അമ്മ പൂച്ചയെ ഇവിടെ ആയിക്കോ കുട്ടികളെ എവിടെയെങ്കിലും കൊണ്ട് പോയി വിട്ടേക്കണം” ..




"അങ്ങിനെ പറയല്ലേ ഉമ്മാ പാവമല്ലേ"

" നീ ഒരക്ഷരം പറയരുത് നീ ഇപ്പോൾ അതിനെ എവിടെയെങ്കിലും കൊണ്ട് പോയി വിടണം"

"ശരി, വൈകിട്ട് സ്കൂളിൽ നിന്നും വന്നതിനു ശേഷം കൊണ്ട് പോകാം".




വൈകുന്നേരമാകുമ്പോൾ ഉമ്മയുടെ മനം മാറിയാലോ എന്ന ചിന്തയായിരുന്നു

അന്ന് വൈകിട്ട് അവൻ പൂച്ചകളുടെ അടുത്ത് പോയതേ ഇല്ല

ഇനി ഉമ്മ അത് കണ്ടാൽ

അവയെ കൊണ്ട് പോയി വിടാനുള്ള കാര്യം പറഞ്ഞേക്കണ്ട എന്ന് വിചാരിച്ചു .




പക്ഷേ ഉമ്മ നല്ല വാശിയിലായിരുന്നു, "ചായ കുടിച്ചു കഴിഞ്ഞാൽ അതിറ്റിങ്ങളെ കൊണ്ട് പോയി വിട്ടേക്കണം"

"അതിപ്പോ ഞാൻ എവിടെ കൊണ്ട് പോകാനാ ഉമ്മാ,"




"അത് ആ വലിയ പള്ളിയുടെ അടുത്തെങ്ങാനും കൊണ്ട് വിട്ടേക്കൂ, അവിടെ അടുത്തടുത്ത് കുറെ വീടുകളുള്ളതല്ലേ ആരെങ്കിലും കൊണ്ട് പോയിക്കോളും".




അവൻ ഒരു സഞ്ചിയിലിട്ടു മൂന്നിനേയും പള്ളിയുടെ അടുത്ത് തുറന്നു വിട്ടു, അവനു കരഞ്ഞു കൊണ്ട് തിരിച്ചു വന്നു, അന്ന് കളിക്കാനൊന്നും പോയില്ല .




അമ്മ പൂച്ചയുടെ കരച്ചിൽ കേട്ട് അവന് കരച്ചിൽ വന്നു

"എന്താ ഇവിടെ ആരെങ്കിലും മരിച്ചോ ഈ മുഖവും വീർപ്പിച്ച് കരഞ്ഞോണ്ട് ഇരിക്കാൻ",

ഉമ്മയുടെ ദേഷ്യം തീർന്നിരുന്നില്ല.




ദിവസ്സം രണ്ടു കഴിഞ്ഞു മൂന്നാമത്തെ ദിവസ്സം അവൻ കാലത്ത് വാതിൽ തുറന്നു നോക്കിയപ്പോൾ അമ്മ പൂച്ചയും മക്കളും വരാന്തയിൽ കിടക്കുന്നു അവന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല,




ഉറക്കെ വിളിച്ചു പറഞ്ഞു

“ഉമ്മാ ഇത് നോക്കിയേ മൂന്നെണ്ണവും അമ്മയുടെ അടുത്ത് വന്ന് കിടക്കുന്നത്” ഉമ്മ ഓടി വന്നു തലയ്ക്ക് കൈ വെച്ച് പറഞ്ഞു

"എന്റെ റബ്ബേ ഇവറ്റിങ്ങൾ എന്നെ ബുദ്ധിമുട്ടിച്ചേ അടങ്ങൂ".




രാത്രി ഉമ്മയെ കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ ഉമ്മയോട് അവൻ ചോദിച്ചു, "അല്ല ഉമ്മാ ഞാൻ കളിക്കാൻ പോയാൽ തിരിച്ചു വരാൻ വൈകിയാൽ,

സ്കൂളിൽ നിന്നും വരാൻ വൈകിയാൽ ഉമ്മ വാതിലിൽ എന്നെ കാത്തു നിൽക്കുമല്ലോ,

എന്നിട്ട് ചോദിക്കാറില്ലേ, എവിടയായിരുന്നു ഇത് വരെ?

വഴി നോക്കി നിൽക്കുകയായിരുന്നു പേടിച്ചു പോയല്ലോ എന്നൊക്കെ"




"അത് പിന്നെ നിന്നെ കാണാതിരിക്കുമ്പോൾ ഉമ്മാക്ക് വിഷമമാവില്ലേ ?"




"അല്ല ഉമ്മാ, ഞാൻ ഓർക്കുകയായിരുന്നു

ആ അമ്മ പൂച്ച യുടെ കാര്യം അത് രണ്ടു ദിവസ്സം എത്ര വിഷമിച്ചിട്ടുണ്ടാകും,

അത് കരഞ്ഞു കൊണ്ടേ നടക്കുമായിരുന്നു,

ഞാൻ ശ്രദ്ധിച്ചിരുന്നു രണ്ട് ദിവസ്സമായി അത് ശരിക്കും ഭക്ഷണം പോലും കഴിച്ചിരുന്നില്ല ഉമ്മാ"




"എല്ലാ ഉമ്മമാർക്കും മക്കളോട് ഒരേ സ്നേഹമാ അല്ലേ ഉമ്മാ"




ഉമ്മ മറുപടി‌ ഒന്നും പറഞ്ഞില്ല

അവനെ ചേർത്ത് പിടിച്ച് കിടന്നു.

ദസ് റിയാൽ



"ബായ് ദസ് റിയാൽ മിലേഗാ?"

(സഹോദരാ പത്ത് റിയാൽ തരുമോ)

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.

ജോലി ചെയ്തിരുന്ന കടയിൽ നല്ല തിരക്കുണ്ടായിരുന്നു.




കസ്റ്റമറെ അറ്റൻഡ് ചെയ്യുന്നതിനിടയിലാണ് ആ മനുഷ്യൻ വന്ന് ചോദിച്ചത്.

ഒരു പഴയ അറബി കന്തൂറ ധരിച്ച താടിയുള്ള

പ്രായമുള്ള ആ മനുഷ്യനെ കണ്ടപ്പോൾ അദ്ധേഹത്തിന്റെ ഭാഷ കേട്ടപ്പോൾ ഒരു ബംഗാളിയാണെന്ന് മനസ്സിലായി.




അങ്ങോട്ട് ചോദ്യമൊന്നും ചോദിക്കാതെ പത്ത് റിയാൽ കൊടുത്തു.

മനസ്സ് പറഞ്ഞു

അങ്ങിനെ എന്തെല്ലാം പറഞ്ഞ് എത്ര പേർ അമ്പതും നൂറും വാങ്ങി പോയിട്ടുണ്ട് ഇത് പത്ത് റിയാലല്ലേ സാരമില്ല .




റിയാൽ വാങ്ങിയ അദ്ധേഹം "ബഹുത്ത് ഷുക്രിയാ ബായ്

ഇൻ ഷാ അള്ളാഹ് സിന്ദാ ഹോ തു അഗ് ലെ ഹഫ്തെ ഓപസ് കറൂങ്കാ, നഹിതു മാഫ് കർദേനാ ബായ്"

( വളരെ നന്ദിയുണ്ട് സഹോദരാ ഇൻ ഷാ അള്ളാഹ് അടുത്തയാശ്ച ജീവനോടെ ഉണ്ടെങ്കിൽ തിരിച്ചു തരാം.ഇല്ലെങ്കിൽ ക്ഷമിക്കണം).




തിരക്കിനിടയിൽ അദ്ധേഹത്തിന്റെ മുഖം പോലും നോക്കാതെ "ടീക് ഹെ,ടീക് ഹെ"

(ശരി,ശരി) എന്നു പറഞ്ഞു.




അടുത്ത വെള്ളിയാഴ്ച കടയിൽ എത്തി കുറച്ച് നേരമായതേ ഉള്ളൂ,തിരക്ക് തുടങ്ങിയിരുന്നില്ല.

ദേ ആ ബംഗാളി വീണ്ടും വരുന്നു.

മനസ്സ് പറഞ്ഞു ഇത് ഇയാളുടെ സ്ഥിരം പരിപാടിയായിരിക്കുമോ?

ഇന്നെത്രയായിരിക്കും ചോദിക്കുക?




അടുത്ത് വന്ന ഉടനെ "യെ ആപ്കാ ദസ് റിയാൽ"( ഇത് നിങ്ങളുടെ പത്ത് റിയാൽ)

അത് വാങ്ങിച്ചു

അതെടുത്ത് പേർഴ്സിൽ വെയ്ക്കുന്നതിനു മുമ്പ് വേറേ ഒരു ബാഗ് നീട്ടി "ഇത് കുറച്ച് പലഹാരമാ വീട്ടിൽ ഉണ്ടാക്കിയതാ."

"ഹേയ് അതൊന്നും വേണ്ട."




മറുപടി പറയുന്നതൊന്നും കേൾക്കാതെ

കൗണ്ടറിനു മുകളിൽ ആ ബാഗ് വെച്ചു.

അതാ വീണ്ടുമൊരു ബാഗ് "ഇത് കുറച്ച് കക്കിരിയും തക്കാളിയും ഞങ്ങളുടെ കൃഷിയിടത്തിൽ ഉണ്ടാക്കിയതാ."

വേണ്ടായിരുന്നു ബായ് എന്ന് പറയുന്നതിനു മുമ്പ് അതും വെച്ചു കൗണ്ടറിനു മുകളിൽ അദ്ധേഹം.




പുഞ്ചിരിച്ച് കൊണ്ട് അദ്ധേഹം പറഞ്ഞു

"അടുത്ത തിങ്കളാഴ്ച ഉമ്രക്ക് പോകുകയാണ് ദുആ ചെയ്യണം."




മനസ്സിൽ എന്തോ ഒരു കുറ്റ ബോധം തോന്നി പാവം ഇയാളെയാണല്ലൊ തെറ്റിദ്ധരിച്ചത്

"ബായ് നിങ്ങളും എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം."




"ഇൻ ഷാ അള്ളാഹ് തീർച്ചയായും

സൗദിയിൽ നിന്നും നിങ്ങൾക്ക് വല്ലതും ആവശ്യമുണ്ടോ?"

"വേണ്ട ഒന്നും വേണ്ട ദുആ ചെയ്താൽ മതി."

"എന്താ ബായിയുടെ പേര് ?"

ഞാൻ പേര് പറഞ്ഞ ഉടനെ അദ്ധേഹം പറഞ്ഞു "എന്റെ പേര് റഹീമുള്ളാഹ്, ഞാൻ ബംഗ്ലാദേശിയാണ്."




സലാം പറഞ്ഞു പോയി അദ്ധേഹം

ഒരു മാസം കഴിഞ്ഞു കാണും വീണ്ടുമൊരു വെള്ളിയാഴ്ച വൈകിട്ട് നല്ല തിരക്കിലായിരുന്നു

ഫർദ ധരിച്ച ഒരു പെൺകുട്ടി വന്ന് കൂടെ ജോലി ചെയ്യുന്ന ഒരാളോട് എന്റെ പേര് ചോദിച്ചു അന്വേഷിക്കുന്നു.




ഞാൻ ചോദിച്ചു "എന്ത് വേണം?"

"ഞാൻ റഹീമുള്ളാന്റെ മകൾ,

അബ്ബൂന് പാർക്കിങ്ങ് കിട്ടുന്നില്ല കുറേ നേരമായി കറങ്ങുന്നു ,നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്ന് പുറത്തേക്ക് വരുമോ?"




വേഗം പുറത്തിറങ്ങി ആ പെൺകുട്ടിയുടെ പിറകെ നടന്നു

ലാൻഡ്ക്രൂസർ വെള്ള കാറിൽ അതാ ഇരിക്കുന്നു റഹീമുള്ളാഹ്

"വാ വാ ഇരിക്ക് "എന്ന് പറഞ്ഞ് വണ്ടിക്കകത്തേക്ക് ക്ഷണിച്ചു എന്നെ.




പിൻ സീറ്റിൽ വേറെയും പർദ്ദയിട്ട നാലു പേരുണ്ടായിരുന്നു

"ഇത് എന്റെ ഭാര്യയും മക്കളും

എനിക്ക് നാല് പെണ്മക്കളാ ആൺ കുട്ടി ഇല്ല"

"എനിക്ക് പെൺകുട്ടികളെയാ ഇഷ്ടം

പക്ഷെ ഇവർക്ക് സഹോദരനില്ലാത്ത വിഷമമാ"

ഞാൻ ഇവരോട് പറയും ,"നമ്മുടെ കമ്പനിയിലും ഷോപ്പിലും ഫാമിലുമൊക്കെയായി മുന്നൂറോളം പേർ ജോലി ചെയ്യുന്നു, അവരെയൊക്കെ ഞാൻ എന്റെ മക്കളെപ്പോലെ സ്നേഹിക്കുന്നു അപ്പോൾ ഇവർക്ക് സഹോദർന്മാരായില്ലേ"?




ആദ്യം ഞാൻ ആ കാറ് കണ്ടപ്പോൾ അന്തം വിട്ടതാ..പിന്നെ വിചാരിച്ചു അറബി വീട്ടിലെ ഡ്രൈവറായിരിക്കും.




ഇതിപ്പോ സത്യത്തിൽ എനിക്ക് മറുപടി പറയാൻ വാക്കുകളില്ലാതായി .

പിന്നിലോട്ട് നോക്കി അദ്ധേഹം പറഞ്ഞു,"ആ ബാഗ് ഇങ്ങോട്ടെടുത്തേ,"

"ഇത് എന്റെ സഹോദരനുള്ളതാ"

അത് പറഞ്ഞ് അദ്ധേഹം എന്റെ നേരെ നീട്ടി

വേണ്ട എന്ന് പറയാൻ കഴിഞ്ഞില്ല എനിക്ക്.




"എത്ര മണിക്കാണ് വെള്ളിയാഴ്ച ഡ്യൂട്ടി ?"

ഞാൻ പറഞ്ഞു ,"കാലത്ത് ജോലി ഇല്ല, ഉച്ചക്ക് മൂന്ന് മണി മുതലാണ് ഡ്യൂട്ടി തുടങ്ങുക"

"പറ്റില്ല എന്നൊന്നും പറയരുത് അടുത്ത വെള്ളിയാഴ്ച പത്ത് മണിക്ക് ഞാൻ വരും ,എന്റെ വീട്ടിൽ നിന്നും ഭക്ഷണം_

അവിടെ പള്ളിക്ക് കൂടാം".




ആ വാക്കിനു മുന്നിൽ സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അന്ന് റൂമിലെത്തി അദ്ദേഹം നൽകിയ ഗിഫ്റ്റ് ബാഗ് തുറന്നു നോക്കി

സംസം വെള്ളം ,മൂന്ന് തരം ഈന്തപ്പഴം,

തസ്ബീഹ് ,മുസല്ല ,രണ്ട് തരം അത്തർ,

ഒരു വാച്ച് എല്ലാം വില കൂടിയതും നല്ല ക്വാളിറ്റിയുമായിരുന്നു.




വെള്ളിയാഴ്ച പത്ത് മണിയായപ്പോൾ അദ്ധേഹം റൂമിൽ വന്നു.

ഞാൻ റെഡിയായിരുന്നു.റൂമിലുള്ള മറ്റ് രണ്ട് പേർ ഉറക്കിലായിരുന്നു.

"ഹൊ ഞാൻ മറന്നു പോയി നിങ്ങളെ കൂട്ടുകാരെ കൂടി വിളിക്കാൻ , ക്ഷമിക്കണം".

"ഇനിയിപ്പോൾ ഉറങ്ങുന്ന അവരെ എങ്ങിനെയാ ബുദ്ധിമുട്ടിക്കുക?"

"സാരമില്ല ബായ് "എന്നു പറഞ്ഞു സമാധാനിപ്പിച്ചു.




വീട്ടിലെത്തി വീട് വലിയ ഒരു മാളിക.

മൂന്നോ‌ നാലോ ജോലിക്കാരുണ്ട് .

എല്ലാരും ബംഗാളിയാണെന്ന് തോന്നുന്നു.

എല്ലാരൊടും കുശലാന്വേഷണങ്ങൾ ചോദിച്ച് "ഇത് എന്റെ ബായ് "എന്ന് പറഞ്ഞു പരിചയപ്പെടുത്തി എന്നെ.




അകത്തേക്ക് കൂട്ടി കൊണ്ട് പോയി

ശരിക്കും ചെറിയ ഒരു ഷെയ്ഖിന്റെ വീട് പോലെ തന്നെ ഉണ്ടായിരുന്നു

ഉച്ചയ്ക്ക് ഭക്ഷണവും ഗംഭീരമായിരുന്നു.

പിന്നീട് പല തവണ ആ വീട്ടിൽ പോയിട്ടുണ്ട്.




എന്നും അദ്ധേഹം പറയും

"എന്നെ സ്വന്തം സഹോദരനെപ്പോലെ കാണണം എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം,"




ഇന്നും ആ നല്ല ബന്ധം തുടരുന്നു

ഇന്ന് വരെ ഒന്നും അദ്ധേഹത്തോട് ചോദിച്ചില്ല

ഇന്നും മനസ്സിൽ ആ ചോദ്യവും ബാക്കിയായി കിടക്കുന്നു

അദ്ധേഹമായി ഇന്നും പറഞ്ഞിട്ടുമില്ല

" എന്തായിരിക്കാം കാരണം ഇത്രയും സമ്പന്നനായ ആ മനുഷ്യൻ എന്നോട് പത്ത് റിയാൽ വാങ്ങാൻ?"

ഉമ്മയ്ക്കുള്ള ചെരുപ്പ്



“ഉമ്മാക്ക് ഈ ചെരുപ്പുകൾ ഇഷ്ടപ്പെട്ടോ?”

ഉമ്മയ്ക്കായി ഗൾഫിൽ‌ നിന്നും കൊണ്ട്‌ വന്ന സാധങ്ങൾക്ക് നൽകുന്നതിനിടയിൽ കൊണ്ട് വന്ന ഉമ്മയുടെ മൂന്ന് ജോഡി‌ ചെരുപ്പുകളും നൽകി അവൻ ചോദിച്ചു.




“നല്ല ഭംഗിയുണ്ട് കനവും കുറവാണ്”

ഉമ്മയുടെ സന്തോഷം കണ്ടപ്പോൾ അവന് സമാധാനമായി.




ഇടയ്ക്ക് മറ്റുള്ളവർക്കെല്ലാം സാധങ്ങൾ അവരവരുടേത് നൽകുന്നതിനിടയിൽ, ഭാര്യക്ക് നൽകിയതോരോന്നും അവൾ ഉമ്മയ്ക്കും കാണിക്കുന്നുണ്ടായിരുന്നു.




ഉമ്മയും അവളും അഭിപ്രായങ്ങൾ പറയുന്നു ചിരിക്കുകയും ചെയ്യുന്നു,

ഇടയ്ക്ക് അവളെ ചെരുപ്പ് അവൾ കാണിച്ചപ്പോൾ‌ ഉമ്മ പറയുന്നത് കേട്ടു,

“നല്ല നിറം”




അപ്പോൾ അത് അത്ര കാര്യമാക്കിയില്ല

പിന്നീട് ചിന്തിച്ചു,

ഉമ്മാക്ക് കൊണ്ട് വന്ന‌ ചെരുപ്പുകൾ ഉമ്മാക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലെ?

ഞാൻ വിഷമിക്കേണ്ട എന്ന് കരുതി

പറഞ്ഞതായിരിക്കുമോ?




കാലത്ത് അത്യാവശ്യം ടൗൺ വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങി,

പല കടകളും കയറിയിറങ്ങി

ഉമ്മയുടെ അളവിലുള്ള ഉമ്മ ഉഷ്ടപ്പെടുന്ന കനമില്ലാത്ത ഇന്നലെ ഉമ്മ നല്ല ഭംഗിയുള്ള നിറമെന്ന് പറഞ്ഞ നിറമുള്ള ചെരുപ്പിനായ്,




നിറം കിട്ടുമ്പോൾ, കനം കൂടുതൽ രണ്ടും കിട്ടുമ്പോൾ, സൈസ് ഇല്ല

കുറച്ച് കറങ്ങേണ്ടി വന്നു

അവസാനം ലഭിച്ചു.




വീട്ടിലെത്തി

“ഉമ്മാ ഇതൊന്ന് നോക്കിയേ”

“ഇതെന്താ?"

“ചെരുപ്പോ!?”

“എന്ത് പറ്റി എന്റെ മോനെ നിനക്ക്!?

ഇന്നലെ നീയല്ലെ മൂന്ന് ജോഡി കൊണ്ട് വന്ന് തന്നത്?”




“അതല്ല ഉമ്മാ, ഈ കളർ എങ്ങിനെ?”

"ഇത് ഇന്നലെ ഇവൾക്ക് കൊണ്ട് വന്നത് പോലെത്തേത്"

"അല്ലേ, മോളേ നോക്കിയേ?"

"ശരിയാണല്ലൊ,അതേ കളർ"




“അല്ലാ ഉമ്മ ഇന്നലെ ഇവളെ ചെരുപ്പ് കണ്ടപ്പോൾ നല്ല നിറമെന്ന് പറയുന്ന കേട്ടു,ഉമ്മാക്ക് കൊണ്ട് വന്ന ചെരുപ്പുകളിൽ ആ നിറം ഉണ്ടായിട്ടുമില്ല,

അത് കൊണ്ട്..."




“അത് കൊണ്ട്, നീ കാലത്ത് ഇതിനായ് ഈ നേരം വരെ...

എന്റെ മോനെ നിന്റെ ഒരു കാര്യം.."




"ഇക്കാ ഉമ്മ അത് നല്ല നിറമായത് കൊണ്ട് പറഞ്ഞു അതിന് നിങ്ങൾ!?.."




"ശരി വിട്ടേക്ക്.."




"ഇപ്പോൾ എനിക്ക് സന്തോഷമായ്,

ഉമ്മാക്ക് സന്തോഷമായില്ലെ ഉമ്മാ?"




"യാ അല്ലാഹ് ഇവന്റെ ഒരു കാര്യം"




"ശരി നീ ഇവിടെ വന്നെ.."

"ഞാൻ ചെറിയൊരു കഥ പറയാം"




അവനും ഉമ്മയും ഇരിക്കുന്നിടത്ത് അവളും വന്ന് നിന്നു,




"പണ്ട് ഒരു പന്ത്രണ്ട് വയസ്സായ് കാണുമെനിക്ക്,

ഉപ്പ മരിച്ച് ഒരു വർഷം കഴിഞ്ഞിരുന്നു,

വീട്ടിൽ ചെറുതായി സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്ന കാലം"




"ഒരു വേനൽ അവധി നാൾ

വൈകിട്ട് കുറച്ച് ബന്ധുക്കൾ വീട്ടിൽ വന്നു,

കൂട്ടത്തിൽ എന്റെ ഒരു പ്രായക്കാരനുമുണ്ടായിരുന്നു"




"അവർ പോയതിനു ശേഷം,

രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ

അവരുടെ കാര്യങ്ങൾ സംസാരിച്ചപ്പോൾ"




"ഞാൻ പറഞ്ഞു,

ആ ചെറുക്കൻ ഇട്ടിരുന്ന ഷൂ നല്ല ഭംഗിയുണ്ടായിരുന്നു അല്ലെ ഉമ്മാ?,

നല്ല വെളുത്ത ഷൂ"




"എന്റെ മോന് അത് ഇഷ്ടപ്പെട്ടോ?,

മോന് വേണോ, അത് പോലെത്തേത്?"




“വേണ്ട ഉമ്മാ, ഞാൻ വെറുതെ പറഞ്ഞതാ.."




പിറ്റേ ദിവസം ഉമ്മ,

“വാ നമുക്ക് ടൗണിൽ പോയ് വരാം"




ഉമ്മയുടെ കൂടെ പോകാനൊരുങ്ങി,

ടൗണിൽ എത്തിയപ്പോൾ ഉമ്മ ആദ്യം ചെന്നത് ഒരു ചെറിയ സ്വർണ്ണക്കടയിലായിരുന്നു.




ഉമ്മ കടക്കാരനോട് സംസാരിച്ച്

ഒരു ഉറുമാൽ പൊതി തുറന്ന്

രണ്ട് കമ്മലുകൾ എടുത്തു കൊടുത്തു




ഞാൻ ശ്രദ്ധിച്ചു

ഉമ്മയുടെ അടുത്ത് സ്വർണ്ണമായി ആകെ ഉണ്ടായിരുന്ന ഉമ്മയുടെ കമ്മലുകൾ!!




"ഉമ്മാ ഇതെന്തിനാ കൊടുക്കുന്നേ!?"

പതുക്കെ ചോദിച്ചു ഉമ്മയോട്




"അത് പഴയാതായില്ലെ,കാത് വേദനിക്കുന്നു, ഉമ്മ പുതിയത് പിന്നീട് വാങ്ങിച്ചോളാം.."




"കമ്മൽ വിറ്റ് പൈസയുമായി ഉമ്മ എന്നെ കൂട്ടിക്കൊണ്ട് പോയത്

ചെരുപ്പ് കടയിലേക്കായിരുന്നു,

വെളുത്ത ഞാൻ ഏറെ ആഗ്രഹിച്ചു പോയ ഷൂ...

അന്ന് ആ പന്ത്രണ്ട് വയസ്സുകാരന്റെ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്.."




"തുണിക്കടയിൽ ചെന്ന് രണ്ട് ഷർട്ടിനുള്ള തുണി വാങ്ങിച്ചു,അത് ടൈലറിന്റെ അടുത്ത് കൊടുത്തു

പിന്നെ കുറച്ച് ഫ്രൂട്സും, ബിസ്കറ്റുമൊക്കെ വാങ്ങിയാ ഉമ്മയും ഞാനും തിരിച്ച് വന്നത്"...




“രാത്രി ഉമ്മ പറഞ്ഞു,

“നീ ആ ഷൂ ഒന്നിട്ടേ ഉമ്മ നോക്കട്ടെ?..”




"അതിട്ട് വന്ന എന്നെ

ചേർത്ത്‌ പിടിച്ച് ചോദിച്ച

ഒരു ചോദ്യമുണ്ട്..."




"എന്റെ മോന് സന്തോഷാമായോ?"..




പറഞ്ഞു തീർന്നപ്പോൾ

അവളുടെയും ഉമ്മയുടെയും കണ്ണുകൾ

നിറഞ്ഞിരുന്നു.




ഉമ്മയെ ചേർത്തു പിടിച്ച്

അവൻ ചോദിച്ചു

"എന്റെ ഉമ്മാക്ക് വിഷമമായോ?"




അവന്റെ തലയിൽ താലോടിയതല്ലാതെ

ഉമ്മ മറുപടി ഒന്നും പറഞ്ഞില്ല‌.